Advertisement
Kerala News
തിരക്കഥ കണ്ടില്ലെന്നത് അവിശ്വസനീയം; ഖേദം പ്രകടിപ്പിച്ചിട്ടും മോഹന്‍ലാലിനെതിരെ വീണ്ടും ആര്‍.എസ്.എസ് മുഖപത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 30, 11:55 am
Sunday, 30th March 2025, 5:25 pm

തിരുവനന്തപുരം: ഖേദം പ്രകടിപ്പിച്ചിട്ടും മോഹന്‍ലാലിനെതിരെ ആര്‍.എസ്.എസ് മുഖപത്രം ഓര്‍ഗനൈസര്‍. എമ്പുരാനെതിരെയും മോഹന്‍ലാലിനെതിരെയും ഓര്‍ഗനൈസറിന്റെ വെബ് പേജില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വിമര്‍ശനമുയരുന്നത്.

എമ്പുരാനെതിരായ തങ്ങളുടെ പ്രതിഷേധം ഫലം കാണുകയാണെന്നും അതുകൊണ്ടാണ് സിനിമയിലെ 17 കട്ടുകള്‍ സെന്‍സര്‍ ചെയ്ത് കളയാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ തീരുമാനിച്ചതെന്നും ലേഖനത്തില്‍ പറയുന്നു.

ചിത്രം നിര്‍മിച്ച ഗോകുലം ഗോപാലന്‍ സ്‌ക്രിപ്റ്റ് കണ്ടില്ലേയെന്നും മോഹന്‍ലാല്‍ തിരക്കഥ വായിച്ചില്ലെന്ന് പറയുന്നത് അവിശ്വസനീയമാണെന്നും മുഖപത്രം വിമര്‍ശിക്കുന്നുണ്ട്.

തിരക്കഥ കണ്ടില്ലെന്ന് പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ലെന്നും തിരക്കഥ വായിക്കാതെ മോഹന്‍ലാല്‍ അഭിനയിക്കുമെന്ന് കരുതുന്നില്ലെന്നും മുഖപത്രം വിമര്‍ശിക്കുന്നു.

മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ ആരാധകരെ ചതിച്ചുവെന്ന് പറഞ്ഞ് ഓര്‍ഗനൈസര്‍ നേരത്തെയും ലേഖനം പുറത്തിറക്കിയിരുന്നു. എങ്ങനെയാണ് ഇത്തരത്തില്‍ ഒരു സിനിമ മോഹന്‍ലാല്‍ ഏറ്റെടുത്തതെന്നും ചോദ്യം ഉയര്‍ത്തി. 2002ലെ ഗുജറാത്ത് കലാപത്തില്‍ പൃഥ്വിരാജ് ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിച്ചുവെന്നും ഉള്ളടക്കങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും ഓര്‍ഗനൈസര്‍ പ്രതികരിച്ചിരുന്നു.

സിനിമയിലെ ഉള്ളടക്കങ്ങള്‍ ഹിന്ദുവിരുദ്ധ അജണ്ടയുടെ ഭാഗമാണെന്നും ആര്‍.എസ്.എസ് ആരോപിച്ചിരുന്നു. പൃഥ്വിരാജ് നടപ്പിലാക്കിയ രാഷ്ട്രീയ അജണ്ടയാണ് എമ്പുരാനെന്നും ആര്‍.എസ്.എസ് ആരോപിക്കുകയുണ്ടായി.

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായ എമ്പുരാന്‍ മാര്‍ച്ച് 27നാണ് തിയേറ്ററുകളിലെത്തിയത്. സിനിമയിലെ ചില ഭാഗങ്ങള്‍ക്കെതിരെ തീവ്ര വലതുപക്ഷ സംഘടനകള്‍ രംഗത്ത് വന്നതിനെ തുടര്‍ന്ന് സിനിമയിലെ പതിനേഴിലേറെ ഭാഗങ്ങളില്‍ മാറ്റം വരുമെന്ന് ഇന്നലെ (ശനി) റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

വിവാദങ്ങള്‍ക്ക് പുറമെ എമ്പുരാന്റെ നിര്‍മാതാക്കള്‍ തന്നെയായിരുന്നു സിനിമയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചിരുന്നത്. റീ എഡിറ്റിങ് നടത്തിയ പതിപ്പ് വ്യാഴാഴ്ച്ച തിയേറ്ററുകളിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നേരത്തെ മോഹന്‍ലാല്‍ സിനിമയുടെ പ്രമേയത്തിലുണ്ടായ വിവാദവുമായി ബന്ധപ്പെട്ട് ഖേദം പ്രകടിപ്പിച്ചിരുന്നു. അതിന് പിന്നാലെ സംവിധായകന്‍ പ്രിഥ്വിരാജും പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു.

‘ഒരു കലാകാരന്‍ എന്ന നിലയില്‍ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ ആശയത്തോടോ മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എന്റെ കടമയാണ്. ഇത്തരത്തിലുള്ള വിഷയങ്ങള്‍ നിര്‍ബന്ധമായും എമ്പുരാനില്‍ നിന്ന് നീക്കം ചെയ്യാന്‍ തീരുമാനിച്ച് കഴിഞ്ഞു.

സിനിമയുടെ ആവിഷ്‌കാരത്തില്‍ കടന്നുവന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ എന്നെ സ്‌നേഹിക്കുന്നവരില്‍ കുറേപേര്‍ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി അറിഞ്ഞു. അതുകൊണ്ട് തന്നെ എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ട്,’ എന്നായിരുന്നു മോഹന്‍ലാലിന്റെ പോസ്റ്റ്.

Content Highlight: It’s unbelievable that they didn’t see the script; RSS mouthpiece again attacks Mohanlal despite expressing regret