Advertisement
World News
ആഗോള വ്യാപകമായി പണിമുടക്കി വിന്‍ഡോസ്; സാങ്കേതിക തടസങ്ങള്‍ പരിഹരിക്കുന്നതായി മൈക്രോസോഫ്റ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jul 19, 08:57 am
Friday, 19th July 2024, 2:27 pm

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം പണിമുടക്കി. ആഗോള വ്യാപകമായി വിന്‍ഡോസ് സാങ്കേതിക പ്രശ്‌നം നേരിട്ടതായാണ് റിപ്പോര്‍ട്ട്. നിലവില്‍ സാങ്കേതിക തടസങ്ങള്‍ പരിഹരിക്കുന്നതായി മൈക്രോസോഫ്റ്റ് അറിയിച്ചു.

ഇന്ത്യയിലും വിന്‍ഡോസ് ഉപഭോക്താക്കള്‍ സാങ്കേതിക തടസം നേരിട്ടുവെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളില്‍ നിന്ന് മനസിലാകുന്നത്. വിന്‍ഡോസിന് സുരക്ഷ സേവനങ്ങള്‍ നല്‍കുന്ന സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ക്രൗഡ്‌സ്‌ട്രൈക്ക് നേരിട്ട തടസമാണ് വ്യാപക പ്രതിസന്ധിക്ക് കാരണമായത്.

കമ്പ്യൂട്ടറുകള്‍ തനിയെ റീസ്റ്റാര്‍ട്ട് ചെയ്യുകയാണെന്നായിരുന്നു ഭൂരിഭാഗം പരാതികളും. കമ്പ്യൂട്ടറില്‍ സാങ്കേതിക തടസമുണ്ടെന്ന് പറയുന്ന ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് കാണിച്ചിരുന്നുവെന്നുമായിരുന്നു യൂസര്‍മാരുടെ പ്രധാന പരാതി.

വിന്‍ഡോസിലുണ്ടായ തടസം ഓസ്ട്രേലിയയെയാണ് കൂടുതലായും ബാധിച്ചതെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്.


ജപ്പാനില്‍ അടക്കമുള്ള രാജ്യങ്ങളില്‍ നേരിട്ട പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞെന്നാണ് മൈക്രോസോഫ്റ്റിന്റെ പ്രതികരണം. എന്നാല്‍ ഔദ്യോഗികമായി കമ്പനിയുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണം ഉണ്ടായിട്ടില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സാങ്കേതിക തടസങ്ങള്‍ ലോകവ്യാപകമായി വിമാന, ബാങ്കിങ്, ഓഹരി മേഖലകളെ ബാധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാന കമ്പനികളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്, ചെക്ക്-ഇന്‍, ബോര്‍ഡിങ് പാസ് ആക്‌സസ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ തടസപ്പെട്ടു.


എയര്‍ ഇന്ത്യ, ആകാസ എയര്‍, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ ഉള്‍പ്പെടയുള്ള ഇന്ത്യന്‍ വിമാന കമ്പനികള്‍ പ്രതിസന്ധി നേരിട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യാത്രക്കാര്‍ ബുദ്ധിമുട്ട് നേരിടുന്നതായി ദല്‍ഹി വിമാനത്താവളം സംഭവത്തില്‍ പ്രതികരിച്ചു.

Content Highlight: It is reported that Windows has faced a global technical issue