രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി മാത്രം പൊതു മാര്‍ഗനിര്‍ദേശമിറക്കാന്‍ സാധിക്കില്ല; പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹരജി തള്ളി സുപ്രീം കോടതി
national news
രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി മാത്രം പൊതു മാര്‍ഗനിര്‍ദേശമിറക്കാന്‍ സാധിക്കില്ല; പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹരജി തള്ളി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th April 2023, 5:24 pm

ന്യൂദല്‍ഹി: കേന്ദ്ര അന്വേഷണ ഏജന്‍സികളായ ഇ.ഡിയും സി.ബി.ഐയും കേന്ദ്ര സര്‍ക്കാരിന്റെ ആയുധമാകുന്നുവെന്ന് ആരോപിച്ച് 14 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹരജി തള്ളി സുപ്രീം കോടതി. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ അറസ്റ്റ് ചെയ്യുന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സമര്‍പ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ജസ്റ്റിസ് ജെ.ബി. പര്‍ദ്ദിവാല എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.

വസ്തുതാപരമായ സന്ദര്‍ഭങ്ങള്‍ ഇല്ലാതെ പൊതുവായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കാന്‍ ആകില്ലെന്നും കോടതി വ്യക്തമാക്കി.

മുതിര്‍ന്ന അഭിഭാഷകന്‍ ഡോ. അഭിഷേക് മനു സിങ്‌വിയാണ് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായത്.

കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെ വെച്ച് പ്രതിപക്ഷ പാര്‍ട്ടികളെ ടാര്‍ഗറ്റ് ചെയ്യുകയാണെന്ന് സിങ്‌വി ചില സ്ഥിതിവിവരക്കണക്കുകള്‍ മുന്‍നിര്‍ത്തി വാദിച്ചു.

‘2014ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തില്‍ വന്നതോട് കൂടി ഇ.ഡിയും സി.ബി.ഐയും കേസെടുക്കുന്നതിന്റെ കണക്കുകള്‍ വര്‍ധിച്ചു. മുന്‍ വര്‍ഷങ്ങളില്‍ ഉള്ളതിനേക്കാള്‍ ആറിരട്ടി കേസുകളാണ് ഏഴ് വര്‍ഷം കൊണ്ട് ഉണ്ടായത്. എന്നാല്‍ അതില്‍ 23 ശതമാനം പേരേ ശിക്ഷിക്കപ്പെട്ടുള്ളൂ. അതില്‍ 95 ശതമാനം കേസും പ്രതിപക്ഷ നേതാക്കള്‍ക്കെതിരാണ്,’ സിങ്‌വി പറഞ്ഞു.

അതേസമയം പ്രതിപക്ഷം അന്വേഷണത്തില്‍ നിന്നും പ്രോസിക്യൂഷനില്‍ നിന്നും ഒഴിവു തേടുകയാണോയെന്നും സാധാരണ പൗരന്മാരില്‍ നിന്ന് വ്യത്യസ്തമായി അവര്‍ക്ക് പ്രത്യേകം അവകാശമുണ്ടോയെന്നും ചന്ദ്രചൂഡ് ചോദിച്ചു.

എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടിക്ക് പ്രത്യേക സംരക്ഷണമല്ല വേണ്ടതെന്ന് വാദിച്ച സിങ്‌വി നിയമത്തിന്റെ ഇടപെടലാണ് ആവശ്യപ്പെടുന്നതെന്നും വ്യക്തമാക്കി.

‘തെളിവുകളോ ന്യായീകരണമോ ഇല്ലാതെയാണ് പ്രതിപക്ഷ നേതാക്കളില്‍ പലരും അറസ്റ്റിലാകുന്നത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ എന്ന നിലയില്‍ അവരുടെ ചുമതലകള്‍ നിര്‍വഹിക്കാനുള്ള കഴിവിനെ ബാധിക്കുന്നു,’ സിങ്‌വി കൂട്ടിച്ചേര്‍ത്തു.

അതേസമയം രാഷ്ട്രീയക്കാര്‍ക്ക് മാത്രമായി സമര്‍പ്പിച്ച ഹരജിയാണിതെന്ന് ചന്ദ്രചൂഡ് പറഞ്ഞു.

‘അഴിമതിയും ക്രിമിനാലിറ്റിയും ബാധിക്കുന്ന സാധാരണ പൗരന്മാരുടെ അവകാശങ്ങള്‍ ഹരജിയില്‍ പരാമര്‍ശിക്കുന്നില്ല. കേവലം രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി പൊതു മാര്‍ഗനിര്‍ദേശങ്ങളോ തത്വങ്ങളോ നിരത്താന്‍ സുപ്രീം കോടതിക്ക് സാധിക്കില്ല.

വ്യക്തിഗത കേസുകള്‍ കോടതിയില്‍ കൊണ്ടുവരുന്നതാണ് കൂടുതല്‍ ഉചിതം. സിങ്വിക്ക് അദ്ദേഹത്തിന്റെ ആശങ്കകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാം,’ ചന്ദ്രചൂഡ് പറഞ്ഞു.

അതേസമയം സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗത്തെ സംബന്ധിക്കുന്ന കേസുമായി കോടതിയില്‍ വീണ്ടും വരുമെന്ന് പറഞ്ഞ് സിങ്‌വി ഹരജി പിന്‍വലിക്കുകയും ചെയ്തു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, ആര്‍.ജെ.ഡി, ബി.ആര്‍.എസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എ.എ.പി, എന്‍.സി.പി, ശിവസേന, ജെ.എം.എം, ജെ.ഡി.യു, സി.പി.ഐ.എം, സി.പി.ഐ, സമാജ് വാദി പാര്‍ട്ടി, ജെ ആന്‍ഡ് കെ നാഷണല്‍ എന്നീ രാഷ്ട്രീയ പാര്‍ട്ടികളാണ് ഹരജി സമര്‍പ്പിച്ചത്.

content highlight: It is not possible to issue general guidelines only for politicians; The Supreme Court dismissed the petition filed by the opposition parties