അത് ഡിപ്ലോമാറ്റിക് ബാഗേജ് അല്ല; നയതന്ത്ര ബാഗ് എന്ന വ്യാജേനയാണ് സ്വര്‍ണ്ണം കടത്തിയത്; വി മുരളീധരന്‍
Kerala News
അത് ഡിപ്ലോമാറ്റിക് ബാഗേജ് അല്ല; നയതന്ത്ര ബാഗ് എന്ന വ്യാജേനയാണ് സ്വര്‍ണ്ണം കടത്തിയത്; വി മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th September 2020, 9:37 pm

ന്യൂദല്‍ഹി: സ്വര്‍ണ്ണകള്ളക്കടത്തിന് ഉപയോഗിച്ചത് ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. നയതന്ത്ര ബാഗ് എന്ന വ്യാജേന സ്വര്‍ണ്ണം കടത്തിയെന്നു തന്നെയാണ് താന്‍ മുമ്പ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണ്ണം കടത്തിയത് നയതന്ത്ര ബാഗേജില്‍ കൂടിത്തന്നെയെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു. ധനകാര്യ സഹമന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 30 കിലോ സ്വര്‍ണ്ണം കടത്തിയത് നയതന്ത്ര ബാഗിലാണെന്നാണ് മന്ത്രിസഭയെ അറിയിച്ചത്.

എന്നാല്‍ സ്വര്‍ണം കടത്തിയത് വ്യാജ ബാഗിലാണെന്നും ധനമന്ത്രാലയം നല്‍കിയ ഉത്തരം പൂര്‍ണ്ണമായി വായിച്ചു നോക്കിയാല്‍  കാര്യം മനസിലാകുമെന്നും വി മുരളീധരന്‍ പറഞ്ഞു.

ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് എഴുതി വച്ചാണ് സ്വര്‍ണ്ണം കടത്തിയത്. ഇത് സംബന്ധിച്ച് കസ്റ്റംസ് അറിയിച്ചപ്പോള്‍ വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയ ശേഷമാണ് ബാഗ് തുറന്ന് പരിശോധിച്ചതെന്നും വി മുരളീധരന്‍ പറഞ്ഞു.

ഡിപ്‌ളോമാറ്റിക് ബാഗേജ് ആയിരുന്നെങ്കില്‍ ഈ കേസ് വിദേശ രാജ്യവുമായുള്ള കേസാകുമായിരുന്നു. ഇവിടെ നയതന്ത്ര ബാഗെന്ന വ്യാജേന സ്വര്‍ണം കടത്തിയത് സ്വപ്ന സുരേഷും കൂട്ടരുമാണ്. അവര്‍ നടത്തിയ സ്വര്‍ണ്ണ കള്ളക്കടത്ത് ആര്‍ക്കുവേണ്ടിയെന്നൊക്കെ ഉടനെ പുറത്തു വരുമെന്നായപ്പോള്‍, സ്വപ്ന സുരേഷിനെ രക്ഷപ്പെടുത്താനും സ്വയം രക്ഷപ്പെടാനുമുള്ള വേവലാതിയാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെന്നും മുരളീധരന്‍ ആരോപിച്ചു.

സ്വര്‍ണ്ണം കടത്തിയത് നയതന്ത്ര ബാഗേജിലൂടെയല്ലെന്ന് വി മുരളീധരന്‍ നേരത്തെയും പലയാവര്‍ത്തി പറഞ്ഞിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവെക്കണമെന്നും ആദ്യാമായാണ് ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണ വിധേയമാകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തെ എന്‍.ഐ.എയും വി. മുരളീധരനെ തള്ളി രംഗത്തെത്തിയിരുന്നു. നയതന്ത്ര ബാഗേജിലൂടെ തന്നെയായിരുന്നു സ്വര്‍ണം കടത്തിയതെന്ന് എന്‍.ഐ.എയും വ്യക്തമാക്കിയിരുന്നു. എന്‍.ഐ.എ കേസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പിലായിരുന്നു ഈ കാര്യം പറഞ്ഞത്. വിയന്ന ചട്ടപ്രകാരം പരിശോധനയില്‍ നിന്ന് പരിരക്ഷയുള്ളതാണ് ഈ ‘നയതന്ത്ര ബാഗേജ്’ എന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

സ്വർണ്ണക്കടത്ത് കേസിൽ ഇടതുപക്ഷം കപ്പലോടെ മുങ്ങുമെന്നായപ്പോൾ , ധനമന്ത്രാലയം ലോക്‌സഭയിൽ ഈ വിഷയത്തിൽ നൽകിയ ഉത്തരത്തിൽ കേറിപ്പിടിച്ച് മുഖ്യമന്ത്രിയടക്കം ഇന്ന് തകർക്കുന്നുണ്ടായിരുന്നല്ലോ. പിണറായിയുടെയും കൂട്ടരുടെയും അഴിമതിയുടെയും കള്ളക്കടത്തിന്റെയും കഥകൾ ഒന്നൊന്നായി ജനമധ്യേ വരികയല്ലേ. നിലയില്ലാക്കയത്തിൽ മുങ്ങിത്താണു കൊണ്ടിരിക്കുന്ന സി.പി െഎ.എമ്മിനും സർക്കാരിനും ഒരു കച്ചിത്തുരുമ്പ് കിട്ടിയപ്പോൾ അതിൽ പിടിച്ച് കയറണമെന്നാകും പാർട്ടിക്കും മുഖ്യമന്ത്രിക്കും ഉപദേശികളിൽ നിന്ന് കിട്ടിയ ക്യാപ്സൂൾ. എനിക്ക് മുഖ്യമന്ത്രി പിണറായി വിജയനോട് സഹതാപമാണ് തോന്നുന്നത്. എല്ലാം ശരിയാക്കാൻ വന്നിട്ട് ഇപ്പോൾ സഖാവിനെ തന്നെ ശരിയാക്കുകയാണല്ലോ ഒപ്പമുള്ളവർ.

ധനമന്ത്രാലയം നൽകിയ ഉത്തരം പൂർണ്ണമായി വായിച്ചു നോക്കിയാൽ സഖാവിന് കാര്യം മനസിലാകും. ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് എഴുതി വച്ചാണ് സ്വർണ്ണം കടത്തിയത്. ഇത് സംബന്ധിച്ച് കസ്റ്റംസ് അറിയിച്ചപ്പോൾ വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയ ശേഷമാണ് ബാഗ് തുറന്ന് പരിശോധിച്ചത്. ഇക്കാര്യം മുൻ നിർത്തി, നയതന്ത്ര ബാഗ് എന്ന വ്യാജേന സ്വർണ്ണം കടത്തിയെന്നു തന്നെയാണ് ഞാൻ പറഞ്ഞത്. എന്നാലത് യഥാർത്ഥത്തിൽ ഡിപ്ളോമാറ്റിക് ബാഗേജ് ആയിരുന്നെങ്കിൽ ഈ കേസ് വിദേശ രാജ്യവുമായുള്ള കേസാകുമായിരുന്നു. ഇവിടെ നയതന്ത്ര ബാഗെന്ന വ്യാജേന സ്വർണം കടത്തിയത് സ്വപ്ന സുരേഷും കൂട്ടരുമാണ്. അവർ നടത്തിയ സ്വർണ്ണ കള്ളക്കടത്ത് ആർക്കുവേണ്ടിയെന്നൊക്കെ ഉടനെ പുറത്തു വരുമെന്നായപ്പോൾ, സ്വപ്ന സുരേഷിനെ രക്ഷപ്പെടുത്താനും സ്വയം രക്ഷപ്പെടാനുമുള്ള വേവലാതിയാണ് ഇപ്പോൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും. കള്ളത്തരങ്ങളൊക്കെ വെളിയിൽ വരുമ്പോൾ അടിത്തറ ഇളകുന്നത് സ്വാഭാവികം.

ഒരു കാര്യം ഉറപ്പാണ്. എങ്ങനെയൊക്കെ നിങ്ങൾ ക്യാപ്സൂളിറക്കി പ്രചരിപ്പിച്ചാലും കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ വഴി തെറ്റിക്കാനാവില്ല.
എത്ര ഉന്നതരായാലും കുടുങ്ങിയിരിക്കും. അതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.
സ്വർണ്ണം കടത്തിയതിന്റെ വേരുകൾ ചികഞ്ഞു പോകുമ്പോൾ പാർട്ടി സെക്രട്ടറിയുടെ പുത്രനോ മന്ത്രി പുത്രൻമാരോ മാത്രമാകില്ല കുടുങ്ങുക എന്നതോർത്താണോ പിണറായിക്ക് ഇത്ര വേവലാതി?പിന്നെ, എന്റെ സ്ഥാനത്തെ കുറിച്ചോർത്ത് പിണറായി വിജയൻ ആശങ്കപ്പെടണ്ട. സ്വന്തം മന്ത്രിസഭയിലെയും പാർട്ടിയിലെയും കള്ളക്കടത്തുകാരെയും അഴിമതിക്കാരെയും ശരിയാക്കിയിട്ട് പോരേ എന്നെ ശരിയാക്കുന്നത് ?

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:It is not diplomatic baggage; The gold was smuggled under the guise of a diplomatic bag; V Muraleedharan