പൊട്ടിയത് ബോംബാണെന്ന് തെളിയിക്കാനായില്ല; തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട നന്ദേഡ് സ്‌ഫോടനക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു
national news
പൊട്ടിയത് ബോംബാണെന്ന് തെളിയിക്കാനായില്ല; തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട നന്ദേഡ് സ്‌ഫോടനക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th January 2025, 9:06 am

ന്യൂദല്‍ഹി: 2006 ഏപ്രില്‍ നാലിന് മഹാരാഷ്ട്രയിലെ നന്ദേഡില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടിലുണ്ടായ സ്‌ഫോടനക്കേസിലെ മുഴുവന്‍ പ്രതികളെയും സെഷന്‍സ് കോടതി വെറുതെ വിട്ടു. ബോംബ് സ്‌ഫോടനമാണ് നടന്നതെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കാണിച്ചാണ് കോടതി വിധി.

പൊട്ടിയത് ഗ്യാസ് സിലിണ്ടറോ മറ്റോ അല്ലെന്ന് ഉറപ്പാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പിന്നാലെ കേസിലുള്‍പ്പെട്ട ഒമ്പത് പ്രതികളെയും കോടതി വെറുതെ വിടുകയായിരുന്നു.

2006 ഏപ്രില്‍ നാലിനാണ് മഹാരാഷ്ട്രയിലെ നന്ദേഡില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ലക്ഷ്മണ്‍ രാജ്‌കൊണ്ടാവറിന്റെ വീട്ടില്‍ സ്‌ഫോടനമുണ്ടാകുന്നത്. സ്‌ഫോടനത്തില്‍ രാജ്‌കൊണ്ടവാറിന്റെ മകന്‍ നരേഷ് കൊണ്ടവാറും വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകന്‍ ഹിമാന്‍ഷു പാന്‍സ എന്ന വ്യക്തിയും കൊല്ലപ്പെട്ടിരുന്നു.

കൊല്ലപ്പെട്ട ഈ രണ്ട് പേരുള്‍പ്പെടെ 12 പ്രതികളാണ് ഈ കേസിലുണ്ടായിരുന്നത്. പ്രതിപ്പട്ടികയിലുള്ള ഒരാള്‍ വിചാരണക്കിടെ കൊല്ലപ്പെടുകയും ചെയ്തിരുന്നു. അവശേഷിച്ച 9 പ്രതികളെയാണ് ഇപ്പോള്‍ കോടതി വെറുതെവിട്ടിരിക്കുന്നത്.

ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായത് എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്. എന്നാല്‍ ഇത് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെടുകയാണുണ്ടായത്.

തുടക്കത്തില്‍ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന (എ.ടി.എസ്) അന്വേഷിച്ചിരുന്ന കേസ് പിന്നീട് സി.ബി.ഐക്ക് വിടുകയായിരുന്നു. ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് സി.വി. മറാത്തെയാണ് ഇപ്പോള്‍ അവശേഷിച്ച 9 പ്രതികളെ വെറുതെവിട്ടുകൊണ്ട് ഉത്തരവിട്ടിരിക്കുന്നത്.

മാലേഗാവ് സ്‌ഫോടനത്തില്‍ ഉള്‍പ്പടെ പ്രതിചേര്‍ത്തിരിക്കുന്നവരും നന്ദേഡ് സ്‌ഫോടനക്കേസിലെ പ്രതിപ്പട്ടികയിലുണ്ടായിരുന്നു. ഇരു കേസുകളിലും ഉള്‍പ്പെട്ട രാകേഷ് ധവാഡെക്കൊപ്പം ബോംബ് നിര്‍മാണത്തില്‍ പങ്കെടുത്തിരുന്നതായി നേരത്തെ ആര്‍.എസ്.എസ്. പ്രവര്‍ത്തനായിരുന്ന യശ്വന്ത് ഷിന്‍ഡെയെന്ന വ്യക്തി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇയാളെ സാക്ഷിയായി സ്വീകരിക്കാന്‍ സി.ബി.ഐ അനുവദിച്ചിരുന്നില്ല.

അതേസമയം കേസിലെ പ്രതികളെ വെറുതെ വിട്ടത് വിശ്വഹിന്ദുപരിഷത്ത് പ്രവര്‍ത്തകരെ തീവ്രവാദികളാക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിനേറ്റ തിരിച്ചടിയാണെന്ന് വി.എച്ച്.പി. ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഭരണകാലത്താണ് ഇപ്പോള്‍ വെറുതെ വിട്ടവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും വിനോദ് ബന്‍സാല്‍ കുറ്റപ്പെടുത്തി.

content highlights: It could not be proved that what exploded was a bomb; All the accused in the Nanded case, including the VHP activist, were acquitted