ജെറുസലേം: ഇസ്രഈല്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട അല്‍ ജസീറ മാധ്യമപ്രവര്‍ത്തക ഷിറീന്‍ അബു അഖ്‌ലേയുടെ സംസ്‌കാരച്ചടങ്ങുകളില്‍ ഇസ്രഈല്‍ പൊലീസിന്റെ അക്രമം. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രക്കിടെയായിരുന്നു സൈന്യത്തിന്റെ ആക്രമണമുണ്ടായത്.
ഇസ്രഈല്‍ സേന നടത്തിയ കയ്യേറ്റത്തിനിടെ ശവപ്പെട്ടി താഴെ വീഴുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും വിവിധ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്.
Watch: Violence erupts as Al Jazeera journalist #ShireenAbuAkleh’s coffin emerges from a #Jerusalem hospital ahead of her burial procession.https://t.co/Q9anriHv7Y pic.twitter.com/WZ1NcKGxUn
— Al Arabiya English (@AlArabiya_Eng) May 13, 2022
ആയിരക്കണക്കിന് പേരായിരുന്നു ഷിറീനിന്റെ സംസ്‌കാര ചടങ്ങുകളിലും വിലാപയാത്രയിലും പങ്കെടുത്തത്. മൗണ്ട് സിയോണ്‍ പ്രൊട്ടസ്റ്റന്റ് സെമിത്തേരിയിലാണ് ഷിറീനിന്റെ മൃതദേഹം ഖബറടക്കിയത്.
അധിനിവേശ കിഴക്കന്‍ ജറുസലേമില്‍, ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകയായ ഷിറീനിന്റെ മൃതദേഹം വഹിച്ചെത്തിയവര്‍ക്ക് നേരെയാണ് സൈന്യത്തിന്റെ ആക്രമണമുണ്ടായത്. ആളുകള്‍ ഫലസ്തീന്‍ പതാക ഉയര്‍ത്തുന്നതും മുദ്രാവാക്യം വിളിക്കുന്നതും ഇസ്രഈല്‍ സേന തടഞ്ഞു.
അതേസമയം, ഷിറീന്‍ അബു അഖ്‌ലേയുടെ സംസ്‌കാര ചടങ്ങിനിടെ നടന്ന അക്രമ സംഭവങ്ങളെ അപലപിച്ചുകൊണ്ട് യു.എസ് രംഗത്തെത്തിയിട്ടുണ്ട്.
ഷിറീനിന്റെ സംസ്‌കാര ചടങ്ങിലേക്ക് ഇസ്രഈലി പൊലീസ് അതിക്രമിച്ചെത്തിയതിന്റെ ദൃശ്യങ്ങള്‍ ദുഖമുണ്ടാക്കിയെന്നും ഇസ്രഈലിന്റെയും ഫലസ്തീന്റെയും പ്രതിനിധികളുമായി സംസാരിച്ചിട്ടുണ്ടെന്നും സംഘര്‍ഷമുണ്ടാക്കുന്ന തരത്തില്‍ പെരുമാറാതിരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ടെന്നുമാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രതികരിച്ചത്.
സംഭവത്തില്‍ അല്‍ ജസീറയും അപലപിച്ചിട്ടുണ്ട്. വിലാപയാത്രയില്‍ പങ്കെടുത്തവര്‍ക്ക് നേരെ നടന്ന അക്രമ സംഭവങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നായിരുന്നു അല്‍ ജസീറ പ്രതികരിച്ചത്.
അതേസമയം, സംഭവത്തെ പാശ്ചാത്യ മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതിക്കെതിരെയും വിമര്‍ശനമുയരുന്നുണ്ട്.
”ഒരു ഉക്രൈന്‍ മാധ്യമപ്രവര്‍ത്തകയുടെ ശവ സംസ്‌കാര ചടങ്ങിന് നേരെ റഷ്യന്‍ സേനയാണ് ഇത്തരത്തില്‍ ആക്രമണം നടത്തിയിരുന്നതെങ്കില്‍ പാശ്ചാത്യരുടെ മുഴുവന്‍ പ്രധാന വാര്‍ത്ത അതാകുമായിരുന്നു,” സ്‌കോട്ടിഷ് പാര്‍ലമെന്റംഗം റോസ് ഗ്രീര്‍ ട്വീറ്റ് ചെയ്തു.
If Russian forces attacked the pallbearers and hearse at the funeral of a Ukrainian journalist they had just murdered, it would be leading the evening news across the West.
How will apartheid Israel’s attack on Shireen Abu Akleh be covered?pic.twitter.com/lYwxetncef
— Ross Greer (@Ross_Greer) May 13, 2022
വടക്കന്‍ വെസ്റ്റ് ബാങ്ക് നഗരത്തിലെ ജെനിനില്‍ നടന്ന ഇസ്രഈലിന്റെ സൈനിക നടപടിക്കിടെയായിരുന്നു ഫലസ്തീനിയന്‍ ലേഖകയായ ഷിറീന്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്.
തലയ്ക്ക് വെടിയേറ്റതാണ് മരണകാരണമെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
ബുധനാഴ്ച ജെനിനില്‍ നടന്ന ഇസ്രഈലിന്റെ റെയ്ഡുകള്‍ പകര്‍ത്തുന്നതിനിടെ സൈന്യം ഷിറീനെ വെടി വെക്കുകയായിരുന്നു. മറ്റൊരു മാധ്യമപ്രവര്‍ത്തകനായ അലി സമൗദിക്കും വെടിയേറ്റിരുന്നു.
Content Highlight: Israeli police attack towards Palestine journalist Shireen Abu Akleh’s funeral and mourners, US and Al Jazeera condemns