10 സിക്‌സ് അടക്കം സെഞ്ച്വറി; അവസരം നല്‍കാത്തതിന്റെ കലിപ്പ് തീര്‍ത്ത് ഇഷാന്‍!
Sports News
10 സിക്‌സ് അടക്കം സെഞ്ച്വറി; അവസരം നല്‍കാത്തതിന്റെ കലിപ്പ് തീര്‍ത്ത് ഇഷാന്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 17th August 2024, 4:09 pm

ബി.സി.സി.ഐ കേന്ദ്ര കരാറില്‍ നിന്ന് പുറത്താക്കിയ ഇന്ത്യന്‍ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ ബുച്ചി ബാബു ടൂര്‍ണമെന്റില്‍ വമ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. ഇന്ത്യന്‍ ടീമിനൊപ്പം ചേരാത്തതിന് ആഭ്യന്തര മത്സരങ്ങളില്‍ കളിക്കാന്‍ ബി.സി.സി.ഐ താക്കീത് നല്‍കിയെങ്കിലും താരം കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫി പോലുള്ളടൂര്‍ണമെന്റില്‍ കളിക്കാന്‍ വിസമ്മതിച്ചിരുന്നു. ഇതേ കാരണം കൊണ്ട് ശ്രേയസ് അയ്യര്‍ക്കും കരാര്‍ നിഷേധിക്കപ്പെട്ടിരുന്നു.

ബുച്ചി ബാബു ടൂര്‍ണമെന്റില്‍ ജാര്‍ഗണ്ഡിന്റെ ക്യാപ്റ്റനാണ് ഇഷാന്‍. തിരുന്നല്‍ വേലിയില്‍ മധ്യപ്രദേശിനെതിരായ മത്സരത്തിലാണ് ഇഷാന്‍ സെഞ്ച്വറി നേടി മിന്നും പ്രകടനം പുറത്തെടുത്തത്. 105 പന്തില്‍ 10 സിക്‌സര്‍ ഉള്‍പ്പെടെ 114 റണ്‍സാണ് താരം നേടിയത്. മത്സരത്തിന്റെ രണ്ടാം ദിവസം എതിരാളികള്‍ ഉയര്‍ത്തിയ 225 റണ്‍സ് പിന്തുടരാനിറങ്ങിയ ക്യാപ്റ്റന്‍ കിഷന്‍ ആറാം നമ്പറില്‍ ഇറങ്ങിയാണ് തിളങ്ങിയത്.

ഇന്ത്യക്കുവേണ്ടി രണ്ട് ടെസ്റ്റ് മത്സരങ്ങളിലെ മൂന്ന് ഇന്നിങ്‌സില്‍ നിന്നും 78 റണ്‍സ് ഇഷാന്‍ നേടിയിട്ടുണ്ട്. അതില്‍ 78 ആവറേജില്‍ 52 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം സ്വന്തമാക്കിയിട്ടുണ്ട്. 27 ഏകദിന മത്സരത്തിലെ 24 ഇന്നിങ്‌സില്‍ നിന്നും 933 റണ്‍സും 210 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 42 ആവറേജാണ് താരത്തിനുള്ളത്.

ഇന്റര്‍നാഷണല്‍ ടി-20യില്‍ 32 മത്സരത്തില്‍ നിന്നും 796 റണ്‍സാണ് ഇഷാന്‍ അടിച്ചെടുത്തത്. 89 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിന് ഫോര്‍മാറ്റിലുണ്ട്. 124.38 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 25.68 എന്ന ആവറേജാണ് ഇഷാന്‍ സ്വന്തമാക്കിയത്.

ഐ.പി.എല്ലില്‍ 105 മത്സരങ്ങള്‍ കളിച്ച കിഷന്‍ 99 ഇന്നിങ്‌സില്‍ നിന്ന് 2644 റണ്‍സ് ആണ് ഇതിനോടകം നേടിയത്. മുംബൈ ഇന്ത്യന്‍സിനു വേണ്ടി 2024 ഐ.പി.എല്ലില്‍ കിഷന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലായിരുന്നു. ഐ.പി.എല്ലില്‍ 99 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ താരം നേടിയിട്ടുണ്ട്.

 

 

Content Highlight: Ishan Kishan in Great Performance In Buchi Babu Tournament