എം.എസ്. ധോണിയുടെ പേരിന് തൊട്ടടുത്തായി ഓട്ടോഗ്രാഫ് നല്‍കാന്‍ കൂട്ടാക്കാതെ യുവതാരം ഇഷാന്‍ കിഷന്‍. തന്റെ മൊബൈല്‍ ഫോണ്‍ കവറില്‍ ഇഷാന്റെ ഓട്ടോഗ്രാഫിനായി ഒരു ആരാധകന്‍ എത്തുകയും എന്നാല്‍ അതില്‍ എം.എസ് ധോണിയുടെ ഓട്ടോഗ്രാഫ് കണ്ടതോടെ അതിന്റെ തൊട്ടടുത്ത് സൈന്‍ ചെയ്യാന്‍ താരം വിസമ്മതിക്കുകയുമായിരുന്നു.
രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡും കേരളവും തമ്മില്‍ നടന്ന മത്സരത്തിന് ശേഷമായിരുന്നു സംഭവം. മത്സര ശേഷം ഒരു ആരാധകന്‍ തന്റെ മൊബൈല്‍ കവറില്‍ ഇഷാന്‍ കിഷന്റെ ഓട്ടോഗ്രാഫിനായി അഭ്യര്‍ത്ഥിക്കുകയായിരുന്നു.
മൊബൈല്‍ ഫോണ്‍ വാങ്ങി അതില്‍ സൈന്‍ ചെയ്യാന്‍ തുടങ്ങവെയാണ് താരം അതില്‍ നേരത്തെ തന്നെ മഹേന്ദ്ര സിങ് ധോണി ഓട്ടോഗ്രാഫ് നല്‍കിയത് കണ്ടത്. എന്നാല്‍ തനിക്ക് ഒരിക്കലും ധോണിയുടെ ഓട്ടോഗ്രാഫിന് മുകളില്‍ സൈന്‍ ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു ഇഷാന്‍ കിഷന്‍ പറഞ്ഞത്.
‘ഇത് മഹി ഭായിയയുടെ സിഗ്നേച്ചറാണ്. അതിന് മുകളില്‍ ഓട്ടോഗ്രാഫ് നല്‍കാന്‍ എന്നെക്കൊണ്ട് സാധിക്കില്ല. ധോണിയുടെ ലെവലിലേക്ക് ഇനിയും ഞാന്‍ എത്താനുണ്ട്. അതുകൊണ്ട് അതിന് താഴെ മാത്രമേ ഞാന്‍ ഓട്ടോഗ്രാഫ് നല്‍കൂ,’ എന്ന് അല്‍പം അമര്‍ഷത്തോടെ പറഞ്ഞുകൊണ്ട് ധോണിയുടെ ഓട്ടോഗ്രാഫിന് താഴെയായി സൈന്‍ ചെയ്യുകയായിരുന്നു.
മത്സരത്തില്‍ കേരളം ജാര്‍ഖണ്ഡിനെ 85 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു.
ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ കേരളം 475 റണ്‍സായിരുന്നു സ്വന്തമാക്കിയത്.
അക്ഷയ് ചന്ദ്രന്റെയും സിജോമോന്‍ ജോസഫിന്റെയും ഇന്നിങ്‌സാണ് കേരള ഇന്നിങ്‌സിന് കരുത്തായത്. അക്ഷയ് 150 റണ്‍സ് നേടി പുറത്തായപ്പോള്‍ സിജോമോന്‍ 83 റണ്‍സും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ജാര്‍ഖണ്ഡ് ഇഷാന്‍ കിഷന്റെ സെഞ്ച്വറിയുടെ ബലത്തില്‍ പൊരുതി നോക്കിയിരുന്നു. എന്നാല്‍ 340 റണ്‍സ് മാത്രമാണ് ടീമിന് നേടാന്‍ സാധിച്ചത്.
ആദ്യ ഇന്നിങ്‌സ് ലീഡുമായി കളത്തിലിറങ്ങിയ കേരളം 187 റണ്‍സിന് ഏഴ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 323 റണ്‍സ് ടാര്‍ഗെറ്റുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ജാര്‍ഖണ്ഡ് 237 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.