വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലൂടെ വിനോദിന്റെ ആയിഷയായി എത്തി മലയാളികളുടെ മനം കവർന്ന നടിയാണ് ഇഷ തൽവാർ.
പിന്നീട് ബാംഗ്ലൂർ ഡെയ്‌സ് എന്ന സിനിമയിലൂടെ യുവ താരങ്ങൾക്കൊപ്പം വീണ്ടും മലയാളത്തിൽ കയ്യടി നേടിയ ഇഷ ബാല്യകാല സഖി എന്ന സിനിമയിലൂടെ മമ്മൂട്ടിയുടെ നായികയായും എത്തി. ഇഷ തൽവാറിന്റെ വ്യത്യസ്ത പ്രകടനം കണ്ട സിനിമയായിരുന്നു പൃഥ്വിരാജ് നായകനായി എത്തിയ രണം. നിർമൽ സഹദേവ് സംവിധാനം ചെയ്ത രണം ഹോളിവുഡ് സ്റ്റൈൽ മേക്കിങ്ങിൽ ആയിരുന്നു പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.
രണത്തിൽ പൃഥ്വിരാജിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് ഇഷ. മലയാളത്തിലെ ദ മോസ്റ്റ് ഡിസൈറബിൾ ആക്ടർ എന്ന പദവി പൃഥ്വിരാജിനുമാത്രം അവകാശപ്പെട്ടതാണെന്ന് ഇഷ തൽവാർ പറയുന്നു. സിനിമയോട് പൃഥ്വിരാജ് കാണിക്കുന്ന സമർപ്പണം കണ്ടുപഠിക്കണമെന്നും ഇഷ പറയുന്നു. മലയാളം വഴങ്ങാത്ത തനിക്ക് പൃഥ്വിരാജ് ഇംഗ്ലീഷിൽ ഡയലോഗ് എഴുതി എങ്ങനെ ഉച്ഛരിക്കണമെന്ന് തരുമായിരുന്നുവെന്നും ഇഷ തൽവാർ കൂട്ടിച്ചേർത്തു.
‘മലയാളത്തിലെ ദ മോസ്റ്റ് ഡിസൈറബിൾ ആക്ടർ എന്ന പദവി പൃഥ്വിരാജിനുമാത്രം അവകാശപ്പെട്ടതാണെന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങനെയല്ലെന്ന് തോന്നുന്നുണ്ടോ? സിനിമയോട് അദ്ദേഹം കാണിക്കുന്ന സമർപ്പണം ഏവരും കണ്ടുപഠിക്കണം. മലയാളം ഇപ്പോഴും എനിക്ക് വഴങ്ങിയിട്ടില്ല.
അതുകൊണ്ട് സംഭാഷണങ്ങളെല്ലാം ഇംഗ്ലീഷിലെഴുതിയതിനുശേഷം അത് പഠിച്ചാണ് രണം എന്ന സിനിമയിൽ ഞാൻ അഭിനയിക്കുന്നത്. രണത്തിൽ എനിക്കുവേണ്ടി സംഭാഷണങ്ങൾ ഇംഗ്ലീഷിൽ എഴുതിത്തന്നത് പൃഥിയാണ്. ഇന്ത്യയിലെ ഒരു മുൻനിരനായകനും ഇത്ര സിമ്പിളാകുമെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹം എഴുതിത്തന്നതിനുശേഷം വാക്കുകൾ എങ്ങനെ ഉച്ഛരിക്കണമെന്ന് പറഞ്ഞുതരുകയും ചെയ്തു. രണത്തിലെ ഷൂട്ടിങ് സെറ്റിൽനിന്ന് എക്കാലവും ഞാൻ മനസ്സിൽ സൂക്ഷിക്കാനായി എടുത്ത ഓർമയും അതുതന്നെ. യെസ്, പൃഥി ഈസ് ദ ബെസ്റ്റ്,’ഇഷ തൽവാർ പറയുന്നു.
ഈയിടെ തിയേറ്ററിൽ എത്തിയ ഒരു ജാതി ജാതകം എന്ന സിനിമയിൽ അതിഥി വേഷത്തിൽ ഇഷ താൽവാർ അഭിനയിച്ചിരുന്നു. വിനീത് ശ്രീനിവാസനായിരുന്നു സിനിമയിൽ നായകൻ. അതേസമയം മലയാളത്തിലെ ഏറ്റവും വലിയ സിനിമയായി ഒരുങ്ങുന്ന എമ്പുരാൻ എന്ന സിനിമയുടെ റിലീസിങ് തിരക്കിലാണ് പൃഥ്വിരാജ്. 2019 ൽ ഇറങ്ങി സൂപ്പർഹിറ്റായ ലൂസിഫറിന്റെ രണ്ടാംഭാഗമാണ് എമ്പുരാൻ. മോഹൻലാലിനൊപ്പം ഹോളിവൂഡിലെയടക്കം അഭിനേതാക്കൾ ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് സിനിമയാണ് എമ്പുരാൻ.
Content Highlight: Isha Thalwar About Prithviraj