യു.പിയില്‍ രണ്ട് മൗലാനമാര്‍ കൊല്ലപ്പെട്ടു, മുസ്‌ലിങ്ങളെ തല്ലിക്കൊന്നു, വീടുകള്‍ ബുള്‍ഡോസ് ചെയ്തു; സംഘപരിവാര്‍ പ്രതികാരം ചെയ്യുന്നെന്ന് ഉവൈസി
national news
യു.പിയില്‍ രണ്ട് മൗലാനമാര്‍ കൊല്ലപ്പെട്ടു, മുസ്‌ലിങ്ങളെ തല്ലിക്കൊന്നു, വീടുകള്‍ ബുള്‍ഡോസ് ചെയ്തു; സംഘപരിവാര്‍ പ്രതികാരം ചെയ്യുന്നെന്ന് ഉവൈസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th June 2024, 10:39 am

ഹൈദരാബാദ്: സംഘപരിവാർ മുസ്‌ലിങ്ങളോട് പക വീട്ടുവകയാണോ എന്ന ചോദ്യമുയർത്തി ഹൈദരാബാദ് എം.പിയും ഓൾ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) നേതാവുമായ അസദുദ്ദീൻ ഉവൈസി. ഉത്തർപ്രദേശിൽ മുസ്‌ലിങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്ന സംഭവത്തെ മുൻ നിർത്തി എക്സിലാണ് ഉവൈസി ഇക്കാര്യം ഉന്നയിച്ചത്.

മുസ്‌ലിങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളെ ചോദ്യം ചെയ്ത എം.പി, ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കാത്തതിന് പ്രതികാരം ചെയ്യുകയാണെന്ന് ആരോപിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ ഉത്തർപ്രദേശിൽ തന്നെ അവർക്ക് തിരിച്ചടി നേരിട്ടിരുന്നു. നിരവധി മണ്ഡലങ്ങളിൽ എസ്.പി വിജയിച്ചു. അയോധ്യയിലെ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് സീറ്റും ബി.ജെ.പിക്ക് നഷ്ടമായി.

രണ്ട് തവണ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിച്ചിട്ടും, ഇക്കുറി മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിക്ക് സർക്കാർ രൂപീകരിക്കാൻ സഖ്യ കക്ഷികളെ ഒപ്പം ചേർക്കേണ്ടി വന്നു. തെരഞ്ഞെടുപ്പിൽ 234 സീറ്റ് ഉറപ്പാക്കാൻ ഇന്ത്യ സഖ്യത്തിന് കഴിഞ്ഞിരുന്നു.

നിലവിലെ സാഹചര്യത്തിൽ തോൽവിയിലുണ്ടായ നിരാശയാണ് ബി.ജെ.പിക്കെന്നും അത് കൊണ്ടാണ് അവർ പ്രതികാര നടപടികളിലേക്ക് കടക്കുന്നതെന്നും ഉവൈസി പറഞ്ഞു.

‘ഉത്തർപ്രദേശിൽ രണ്ട് മൗലാനമാർ കൊല്ലപ്പെട്ടു, അക്ബർനഗറിൽ മുസ്‌ലിം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു, ഛത്തീസ്ഗഡിൽ രണ്ട് മുസ്‌ലിങ്ങളെ തല്ലിക്കൊന്നു. സംഘപരിവാർ മുസ്‌ലിങ്ങളോട് പ്രതികാരം ചെയ്യുകയാണോ? ,’ ഉവൈസി ചോദിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് ശേഷം ജൂൺ 11 ചൊവ്വാഴ്ച ഉത്തർപ്രദേശിലെ മൊറാദാബാദിലെയും ഷംലിയിലെയും രണ്ട് പള്ളികളിലെ ഇമാമുമാർ കൊല്ലപ്പെട്ട സംഭവത്തെ മുൻ നിർത്തിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

മൊറാദാബാദ് ജില്ലയിലെ ബെൻസിയ ഗ്രാമത്തിലാണ് പള്ളിയിൽ ജോലി ചെയ്യുന്ന വ്യക്തിയെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തിയത്. നിസ്കാരത്തിന് എത്താത്തതിനെ തുടർന്ന് പ്രദേശവാസികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഷംലിയിലെ മുസ്‌ലിം പണ്ഡിതന്റെ മൃതദേഹം കഴുത്തറുത്ത നിലയിലായിരുന്നു കണ്ടെത്തിയത്.

Content Highlight: Is Sangh taking revenge?’: Asaduddin Owaisi questions attacks on Muslims post polls