'ഭൂപരിഷ്‌കരണം മുതലാളിത്വ മുദ്രാവാക്യമാകുമ്പോള്‍' പി. രാജീവിന് ചില തിരുത്തുകള്‍
Discourse
'ഭൂപരിഷ്‌കരണം മുതലാളിത്വ മുദ്രാവാക്യമാകുമ്പോള്‍' പി. രാജീവിന് ചില തിരുത്തുകള്‍
കെ.കെ. സിസിലു
Thursday, 6th August 2020, 12:39 pm

 

കൃഷിഭൂമി കര്‍ഷകന് എന്ന മുദ്രാവാക്യം ഇന്ത്യയിലാദ്യമായി മുന്നോട്ടുവെക്കുന്നത് 1931ല്‍ എ.ഐ.സി.സി യുടെ കറാച്ചി സമ്മേളനത്തിലാണ്. (തെറ്റുണ്ടെങ്കില്‍ തിരുത്തുക) 1936ല്‍ ഫൈസ്പൂര്‍ സമ്മേളനത്തിലും, ആവടി സമ്മേളത്തിലുള്‍പ്പടെയും ഇതാവര്‍ത്തിക്കുകയും വിവിധ കാര്‍ഷിക പാക്കേജുകള്‍ ഉള്‍പ്പെടെ മുന്നോട്ടു വെക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

അതുകൊണ്ട് തന്നെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.രാജീവ് പറഞ്ഞതുപോലെ ഭൂവിതരണം, ഭൂപരിഷ്‌കരണം എന്നിവ മുതലാളിത്വത്തിന്റെ മുദ്രാവാക്യമാണെന്ന് പ്രായോഗികമായി ശരിവെക്കുന്നതാണ് അന്ന് നടന്നത്. എന്നാല്‍ ഇന്ത്യയിലെ വലതുപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്, കൃഷിഭൂമി കര്‍ഷകന് എന്ന മുദ്രാവാക്യം ആദ്യമായി ഉയര്‍ത്തിയെങ്കിലും. അവര്‍ (മുതലാളിത്വ-വലത് രാഷ്ടീയക്കാര്‍) അത് നടപ്പിലാക്കിയില്ലെന്നതാണ് ചരിത്രം.

ഇന്ത്യയില്‍ ഭൂപരിഷ്‌കരണത്തിന് വേണ്ടിയുള്ള സമരം ജന്മിത്വ വാഴ്ചക്കെതിരായ ദളിത് ആദിവാസികളുള്‍പ്പെടെയുള്ള അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തിന്റെ സമരവും, ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്ചക്കെതിരെ കൂടിയുള്ള സമരവുമായിരുന്നു. അത്തരം നിരവധിയായ സമരങ്ങള്‍ രാജ്യത്തെമ്പാടും നടന്നിട്ടുണ്ട്. അവിഭക്ത ബംഗാളില്‍ നടന്ന കാര്‍ഷിക സമരമാണ് നീലം കര്‍ഷക കലാപം, സാന്താള്‍ കലാപം ഉള്‍പ്പെടെയുള്ള കലാപങ്ങള്‍ ജമീന്താരി സമ്പ്രദായത്തിന് എതിരായിട്ടായിരുന്നു. ഇതിന്റെയെല്ലാം തുടര്‍ച്ചയിലാണ് കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്‌റുകാരുമൊക്കെ കാര്‍ഷിക സമരങ്ങള്‍ ഏറ്റെടുക്കുന്നത്.

എന്നാല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള വലതുപാര്‍ട്ടികള്‍ അതില്‍ നിന്ന് പിന്നോട്ട് പോയ ഘട്ടത്തിലാണ് 1946 ല്‍ ആന്ധ്രാ പ്രദേശില്‍ ആന്ധ്ര മഹാസഭയുടെ നേതൃത്തത്തില്‍ കൃഷിഭൂമി കര്‍ഷകന് എന്ന മുദ്രാവാക്യം ഉയര്‍ത്തി സമരം നടക്കുന്നത്. തെലങ്കാന സമരം എന്ന പേരിലാണ് പിന്നീട് അത് അറിയപ്പെട്ടത്. എന്നാല്‍ അന്ന് സ്ഥാപിക്കപ്പെട്ട വിമോചിത മേഖലകള്‍ 1951 നെഹ്‌റുവിന്റെ നേതൃത്വത്തില്‍ പിരിച്ചുവിടുകയാണ് ഉണ്ടായിട്ടുള്ളത്. സഖാവ് എ.കെ.ജി ഉള്‍പ്പെടെയുള്ള അന്നത്തെ കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങള്‍ അതിനോട് സന്ധി ചെയ്തു.

കേരളത്തിലേക്ക് വരുമ്പോള്‍, പി. രാജീവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘മുതലാളിത്ത വിപ്ലവം’ നടപ്പാക്കാന്‍ വേണ്ടി ശ്രമിക്കുന്നത് 1957ലെ ഇ.എം.എസ് മന്ത്രിസഭയായിരുന്നു. എന്നാല്‍ വിമോചന സമരത്തിലൂടെ അത് അട്ടിമറിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് സപ്തമുന്നണി അധികാരത്തില്‍ വരുകയും ‘മുതലാളിത്വവിപ്ലവം’ എന്ന ഭൂപരിഷ്‌കരണത്തെപ്പോലും വെള്ളം ചേര്‍ത്ത് ‘പരിഷ്‌ക്കരിക്കുന്നതാണ്’ നാം കണ്ടത്. എന്തായിരുന്നു അന്ന് അവര്‍ നടത്തിയ പരിഷ്‌ക്കരണം. ആര്‍ക്കൊക്കെ കൃഷിഭൂമി കിട്ടിയത്?

കൊട്ടിഘോഷിക്കപ്പെട്ട ആ വിപ്ലവത്തിന്റെ പരിണിതഫലമാണ് നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന ജാതി കോളനികള്‍ അഥവ നാല് സെന്റ് ലക്ഷംവീട് കോളനികള്‍. ദളിതരും ആദിവാസികളും മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള കീഴാള ജനവിഭാഗങ്ങള്‍ ബഹുഭൂരിപക്ഷവും തിങ്ങിനിറഞ്ഞ് താമസിക്കുന്നത് ഇവിടങ്ങളിലാണ്.

1994 ല്‍ ടി.വി ചന്ദ്രന്‍ സംവിധാനം ചെയ്ത പൊന്തന്‍മാട എന്ന സിനിമയില്‍ വി.കെ ശ്രീരാമന്‍ അവധരിപ്പിച്ച ഗോപി എന്ന കഥാപാത്രം ചോദിക്കുന്ന ഒരു ഡയലോഗുണ്ട്” ഭൂപരിഷ്‌ക്കരണം ഇവിടെം വരെയെ നടന്നുള്ളൂ വീട്ടിലുറങ്ങിക്കിടന്നൊന്ന് ഭൂമി എഴുതി കൊടുത്തു, കണ്ടത്തിലിറങ്ങി പണിയെടുത്തവന് എന്ത് കിട്ടി? ഈ മാടക്ക് എന്ത് കിട്ടി?. ‘

ഒന്നും കിട്ടിയില്ല ! കൃഷിഭൂമി കര്‍ഷകന് എന്ന ‘മുതലാളിത്വ വിപ്ലവം’ കിടപ്പാടം കൊണ്ട് പൂര്‍ത്തികരിക്കപ്പെട്ടു എന്നതാണ് പിന്നീടുള്ള കേരളത്തിന്റെ ചരിത്രം. പറയുമ്പോള്‍ ചില പരിമിതികള്‍ ഒക്കെയുണ്ടായി എന്ന് സാഹിത്യപരമായി പറയാം.

എന്നാല്‍ ദളിതര്‍, ആദിവാസികള്‍, മല്‍സ്യത്തൊഴിലാളികള്‍ ഉപ്പെടെയുള്ള കീഴാള വിഭാഗങ്ങള്‍ ഇപ്പോഴും ഭൂമിക്കു വേണ്ടി സമരത്തിലാണ്. ആവാസമേഖലയില്‍ നിന്ന് ചരിത്രപരമായി ആട്ടിയോടിക്കപ്പെട്ട മുത്തങ്ങയിലെ ആദിവാസി ജനത ഭൂമിക്കുവേണ്ടി സമരം ചെയ്തപ്പോള്‍, അവര്‍ക്കു നേരെ വെടിയുയര്‍ത്തുകൊണ്ടാണ് ഭരണകൂടം മറുപടി നല്‍കിയത്. എന്തുകൊണ്ടാണ് ഭൂപരിഷ്‌കരണമെന്ന ‘മുതാളിത്വ വിപ്ലവത്തിന് ‘ നേതൃത്വം കൊടുക്കുന്നവരെ തീവ്രവാദികള്‍ ആയി മുദ്ര ചാര്‍ത്തി ഇടതു വലതു സര്‍ക്കാരുകള്‍ ജയിലുകളില്‍ നിറക്കുന്നത്. അറിവ് അധികാരമാക്കി ഏമ്പക്കവും വിട്ട് ഓണ്‍ലൈന്‍ ക്ലാസുകളിലെ ഈ പ്രത്യയശാസ്ത്ര ഗര്‍ജ്ജനം ആരെ വരുതിക്ക് നിര്‍ത്താനാണ് ?

കുടിയാന്റെ മകന്‍ പാടത്ത് പണിയെടുക്കുന്നത് പ്രത്യേകമായ തിയറിയുടെ പിന്‍ബലത്തിലല്ലെന്നും, കുടിയാന്റെ മകന്‍ കുടിയാന്‍ ആകുന്നത് പ്രായോഗികമായ അനുഭവത്തിലൂടെ മാത്രമാണെന്ന് പറയുന്ന രാജീവിന് അജ്ഞാതമായ കാര്യം, ഇന്ത്യയിലെ ഫ്യൂഡലിസത്തിന്റെ പ്രതേകത അത് ജാതികൂടിയിടകലര്‍ന്നതാണ് എന്നതാണ്. കുടിയാന് ജാതിയുണ്ട്, അടിയന് ജാതിയുണ്ട് എല്ലാവരിലും ജാതിയുണ്ട്. കുടിയാനും അടിയനുമൊക്കെ മാറ്റപ്പെടുമായിരിക്കും, എന്നാല്‍ ജാതി അയിത്തം മാറില്ല അതാണ് ജാതി ഘടന. അത് ജന്മനാല്‍ കിട്ടുന്നതാണ്. അതുകൊണ്ടു കുടിയന്റെ മകന്‍ പാടത്ത് പണിയെടുക്കുന്നത് ചില പ്രതേക തിയറിയുടെ അടിസ്ഥാനത്തില്‍ തന്നെയാണ്. അതുകൊണ്ട് ഇന്ത്യയിലെ മുതലാളിത്വ പൂര്‍വഉല്പാദന ബന്ധത്തില്‍ കുടിയാന്റെ മകന്‍ കുടിയാന്‍ ആകുന്നത് പ്രായോഗികമായ അനുഭവത്തിലൂടെ മാത്രമല്ല, ജാതി നിയമങ്ങളില്‍ കൂടിയാണ്. വേദം പഠിക്കുന്നവന്റെ കാതില്‍ ഇയ്യം ഒഴിക്കുകയും കീഴാളര്‍ക്ക് അറിവ് നിഷേധിക്കുകയും അതിലൂടെ അറിവ് മൂലധനമാക്കുകയും ചെയ്തത്, ജാതി ഘടനയെന്ന ‘സവിശേഷമായ ഇന്ത്യന്‍ അടിമത്ത’ത്തിലൂടെയാണ്.

കുടിയാന്റെ മകന്‍ കുടിയാന്‍ ആകുന്നത് പ്രായോഗികമായ അനുഭവത്തിലൂടെ മാത്രമാണെന്ന് പറയുന്ന രാജീവ് അത്തരം അറിവ് കൈമുതലാക്കിയതുകൊണ്ടാണ് പട്ടരില്‍ പൊട്ടിനല്ലാതെയായതെന്ന് സമര്‍ത്ഥിക്കുമ്പോള്‍ അത് കഴിഞ്ഞ കാല യുക്തിയും പൊട്ടനെന്ന രാഷ്ട്രീയമായി ശരിയല്ലാത്ത അത്തരം പ്രയോഗങ്ങള്‍ ഉള്‍പ്പെടെ അദ്ദേഹത്തെ പോലുള്ള യുവ ഇടതു ബുദ്ധിജീവികള്‍ക്ക് എടുത്തു ഉപയോഗിക്കുന്നത് പ്രശ്‌നമായിതോന്നാത്തത് ഖേദകരമാണ്. സിംഗൂരും നന്ദിഗ്രാമും കൃഷി ഭൂമി ഉള്‍പ്പെടെ ബഹുരാഷ്ട്ര കുത്തകള്‍ക്ക് തീറെഴുതുകയും ദളിത് ആദിവാസികള്‍ ഉള്‍പ്പെടെ ഭൂമിക്കുവേണ്ടി നടത്തുന്ന സമരങ്ങളെ കാണാതിരിക്കുകയും ഓണ്‍ലൈന്‍ ക്ളാസുകളില്‍ ഭൂപരിഷ്‌കരണം മുതലാളിത്വമാണെന്ന ശരിമയെ സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ പരിഹസിക്കപ്പെടുന്നതില്‍ അത്ഭുതം തോന്നുന്നില്ല.

ഭൂപരിഷ്‌കരണമെന്ന മുതലാളിത്വ വിപ്ലവം വിജയിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ