ഐ.പി.എല്ലിന്റെ ആരവങ്ങള്‍ അവസാനിച്ചാല്‍ ഉടന്‍ നടക്കുന്നത് ടി-20 ലോകകപ്പാണ്. ജൂണ്‍ രണ്ട് മുതല്‍ ആരംഭിക്കുന്ന ലോകകപ്പിനു മുന്നോടിയായി ഇന്ത്യന്‍ യുവ ഓപ്പണര്‍ യശസ്വി ജെയ്സ്വാളിന്റെ മോശം പ്രകടനങ്ങളെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.
ജെയ്സ്വാളിന്റെ മോശം പ്രകടനം ഇന്ത്യയുടെ ലോകകപ്പിലെ സ്റ്റാര്‍ട്ടിങ് ലൈനപ്പിനെ ബാധിക്കും എന്നാണ് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.
‘യശസ്വി ജെയ്സ്വാള്‍ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഓപ്പണര്‍ ആയി വരണം എന്ന് ഞാന്‍ കരുതിയിരുന്നു. എന്നാല്‍ ഇത് ഇപ്പോള്‍ ആശങ്ക ഉയര്‍ത്തുന്ന ഒരു പ്രധാന കാര്യമാണ്. അതുകൊണ്ടുതന്നെ മറുഭാഗത്തുള്ള ടീമുകള്‍ ഇടം കയ്യന്‍ സ്പിന്നര്‍മാരെ ഇറക്കില്ല. എന്താണെന്നാല്‍ അവന്‍ ഫോമില്‍ ആണെങ്കില്‍ ബൗളര്‍മാരെ ഇറക്കാന്‍ അവര്‍ മടിക്കും.
ജെയ്സ്വാളിന്റെ നിലവിലുള്ള പ്രകടനങ്ങള്‍ വിലയിരുത്തുകയാണെങ്കില്‍ മാനേജ്‌മെന്റ് ടീമില്‍ പരിശോധന നടത്തണം. അനുഭവസമ്പത്ത് കുറവുള്ള ജെയ്സ്വാളിന് പകരം വിരാട് കോഹ്‌ലിയെ രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യിപ്പിക്കണം. പക്ഷെ ജെയ്സ്വാള്‍ ഫോം വീണ്ടെടുക്കുക എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്,’ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.
ഈ സീസണില്‍ 13 ഇന്നിങ്‌സില്‍ നിന്നും 348 റണ്‍സാണ് ജെയ്സ്വാള്‍ നേടിയത്. 29.00 ആണ് താരത്തിന്റെ ആവറേജ്. വരും മത്സരങ്ങളില്‍ താരം പഴയ ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
അതേസമയം കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സ് അഞ്ചു വിക്കറ്റുകള്‍ക്ക് രാജസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് 18.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
— Rajasthan Royals (@rajasthanroyals) May 14, 2024
എന്നാല്‍ പഞ്ചാബിനെതിരെയുള്ള മത്സരത്തിന് മുമ്പ് തന്നെ സഞ്ജുവും കൂട്ടരും നേരത്തെ പ്ലേ ഓഫിന് യോഗ്യത നേടിയിരുന്നു. മെയ് 14ന് നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് 19 റണ്‍സിന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് രാജസ്ഥാന്‍ പ്ലേ ഓഫിലേക്ക് മുന്നേറിയത്.
മെയ് 19ന് ഒന്നാം സ്ഥാനത്തുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് ഈ സീസണിലെ ഗ്രൂപ്പ് ഘട്ടത്തിലെ രാജസ്ഥാന്റെ അവസാന മത്സരം. ബര്‍സാപുര സ്റ്റേഡിയമാണ് വേദി.
Content Highlight: Irfan Pathan Talks about Yashasvi Jaiswal Poor Performance in IPL