21 റൺസിൽ വീണു, പിന്നെ നടന്നത് ചരിത്രം; ടെസ്റ്റിലെ 101 വർഷത്തെ റെക്കോഡ് തകര്‍ത്തെറിഞ്ഞ് അയർലാൻഡ്
Cricket
21 റൺസിൽ വീണു, പിന്നെ നടന്നത് ചരിത്രം; ടെസ്റ്റിലെ 101 വർഷത്തെ റെക്കോഡ് തകര്‍ത്തെറിഞ്ഞ് അയർലാൻഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 29th July 2024, 7:51 am

അയര്‍ലാന്‍ഡ്-സിംബാബ്‌വേ ഒരു ടെസ്റ്റ് മത്സരത്തിന്റെ പരമ്പര സ്വന്തമാക്കി അയര്‍ലാന്‍ഡ്. സിംബാബ്‌വേയെ നാലു വിക്കറ്റുകള്‍ക്കാണ് അയര്‍ലാന്‍ഡ് പരാജയപ്പെടുത്തിയത്. സിംബാബ്‌വേ ഉയർത്തിയ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അയര്‍ലാന്‍ഡ് നാല് വിക്കറ്റുകള്‍ ബാക്കിനില്‍ക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തിൽ ഒരു സമയത്ത് 21 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ ആയിരുന്നു അയര്‍ലാന്‍ഡിന് നഷ്ടമായത്. ഇവിടെനിന്നും അയര്‍ലാന്‍ഡ് ശക്തമായി തിരിച്ചുവന്നുകൊണ്ട് മത്സരത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

ലോര്‍ക്കന്‍ ടെക്കറിന്റെയും ആന്‍ഡി മക്ബ്രൈനിയ്‌നിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് അയർലാൻഡ് വിജയം സ്വന്തമാക്കിയത്. 64 പന്തില്‍ പത്ത് ഫോറുകള്‍ പായിച്ചുകൊണ്ട് 56 റണ്‍സാണ് ടെക്കര്‍ നേടിയത്.

82 പന്തില്‍ പുറത്താവാതെ 55 റണ്‍സുമാണ് മക്ബ്രൈൻ നേടിയത്. അഞ്ച് ഫോറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 38 പന്തില്‍ പുറത്താവാതെ 24 റണ്‍സ് നേടിയ മാര്‍ക്ക് അഡയറും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ഈ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് അയര്‍ലാന്‍ഡ് സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ റണ്‍സിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായതിനു ശേഷം 150+ റണ്‍സ് ചെയ്സ് ചെയ്ത് വിജയിക്കുന്ന ടീമായി മാറാനാണ് അയര്‍ലാന്‍ഡിന് സാധിച്ചത്.

ഇതിനുമുമ്പ് ഈ നേട്ടം ഉണ്ടായിരുന്നത് ഇംഗ്ലണ്ടിന്റെ പേരിലായിരുന്നു. 1923ല്‍ സൗത്ത് ആഫ്രിക്കക്കെതിരെ 59 റണ്‍സ് എടുക്കുന്നതിനിടെയായിരുന്നു ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായത്. ഇതിന് ശേഷമായിരുന്നു ഇംഗ്ലണ്ട് മത്സരം വിജയിച്ചത്. ഇപ്പോള്‍ അയര്‍ലാന്‍ഡിന്റെ ഈ വിജയത്തോടെ നീണ്ട 101 വര്‍ഷത്തെ ചരിത്രമാണ് തിരുത്തി കുറിക്കപ്പെട്ടത്.

സിംബാബ്‌വേ ബൗളിങ്ങില്‍ റിച്ചാര്‍ഡ് എന്‍ഗാരവ നാല് വിക്കറ്റുകളും ബ്ലെസ്സിങ് മുസാരബാനി രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനമാണ് നടത്തിയത്.

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത സിംബാബ്‌വേ 197 റണ്‍സിന് പുറത്താവുകയായിരുന്നു. മക്ബര്‍ഗ് നാല് വിക്കറ്റും ക്രയ്ഗ് യങ്, മാര്‍ക്ക് അഡയര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയും തിളങ്ങിയപ്പോള്‍ സിംബാബ് വേ ഇന്നിങ്‌സ് ചെറിയ ടോട്ടലില്‍ അവസാനിക്കുകയായിരുന്നു.

സിംബാബ്‌വേക്കായി ഡിയോന്‍ മയേഴ്‌സ് 142 പന്തില്‍ 57 റണ്‍സും സീന്‍ വില്യംസ് 65 പന്തില്‍ 40 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി.

അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ 210 റണ്‍സിന് പുറത്താവുകയായിരുന്നു. 152 പന്തില്‍ 74 റണ്‍സ് നേടിയ പ്രിന്‍സ് മസ്വൊര്‍ ആണ് സിംബാബ്‌വേ നിരയിലെ ടോപ് സ്‌കോറര്‍. എട്ട് ഫോറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 99 പന്തില്‍ 49 റണ്‍സ് നേടി ജോയ്‌ലാന്‍ഡ് ഗംബിയും 41 പന്തില്‍ 35 റണ്‍സ് നേടി സീന്‍ വില്യംസും നിര്‍ണായകമായി.

അയര്‍ലാന്‍ഡ് ബൗളിങ്ങില്‍ ആന്‍ഡി മക്ബ്രെയിന്‍, ബാരി മക്കാര്‍ത്തി എന്നിവര്‍ മൂന്നു വിക്കറ്റ് വീതവും മാര്‍ക്ക് അഡയര്‍ രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനമാണ് നടത്തിയത്. ക്രയ്ഗ് യങ്, കര്‍ട്ടിസ് കാംഫര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത അയര്‍ലാന്‍ഡ് 250 റണ്‍സിന് പുറത്താവുകയായിരുന്നു. അയര്‍ലാന്‍ഡിനായി പിജെ മൂര്‍ 105 പന്തില്‍ 79 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. 11 ഫോറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ആന്‍ഡി 45 പന്തില്‍ 28 റണ്‍സും മാത്യു ഹംഫ്രിസ് 31 പന്തില്‍ 27 റണ്‍സും പോള്‍ സ്റ്റെര്‍ലിങ് 45 പന്തില്‍ 28 റണ്‍സും നേടി നിര്‍ണായകമായി.

സിംബാബ്‌വേ ബൗളിങ്ങില്‍ ബ്ലെസിങ് മുസാറബാനിയ, തനക ചിവംഗ എന്നിവര്‍ മൂന്നു വീതം വിക്കറ്റുകളും തെണ്ടൈ ചതാര, സീന്‍ വില്യംസ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

 

Content Highlight: Ireland Historical Win Against Zimbabwe In Test