ഗര്‍ഭനിരോധാന ഉപകരണങ്ങള്‍ വിപണിയിലിറക്കുന്നില്ല; ജനനനിരക്ക് കുത്തനെ കൂട്ടാനൊരുങ്ങി ഇറാന്‍
World News
ഗര്‍ഭനിരോധാന ഉപകരണങ്ങള്‍ വിപണിയിലിറക്കുന്നില്ല; ജനനനിരക്ക് കുത്തനെ കൂട്ടാനൊരുങ്ങി ഇറാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th December 2021, 4:47 pm

ടെഹ്‌റാന്‍: രാജ്യത്തെ ജനനനിരക്ക് വര്‍ധിപ്പിക്കാന്‍ വേണ്ടി വ്യക്തികളുടെ അവകാശങ്ങളെ ഹനിക്കുന്ന തരത്തിലുള്ള പുതിയ നീക്കവുമായി ഇറാന്‍.

വിവിധ ഗര്‍ഭനിരോധാന ഉപകരണങ്ങളും മരുന്നുകളും വിപണിയിലിറക്കുന്നത് കുത്തനെ കുറച്ചും അബോര്‍ഷനടക്കമുള്ള മെഡിക്കല്‍ പ്രക്രിയകള്‍ തടഞ്ഞുമുള്ള നടപടികളാണ് ജനസംഖ്യ വര്‍ധിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

വിദേശ നിര്‍മിതമായ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഇറാനിലേയ്ക്ക് ഇറക്കുമതി ചെയ്യുന്നതിലാണ് കുത്തനെ ഇടിവുണ്ടായിരിക്കുന്നത്. ലഭ്യമായവയ്‌ക്കെല്ലാം വില വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം ഇറാനില്‍ തന്നെ നിര്‍മിക്കപ്പെട്ട ഗര്‍ഭനിരോധന മരുന്നുകളും ഉപകരണങ്ങളും ലഭ്യമാണെങ്കിലും അവയുടെ സുരക്ഷയും നിലവാരവും വിദേശവസ്തുക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണെന്നാണ് ആളുകള്‍ പരാതിപ്പെടുന്നത്.

അതേസമയം, പുതിയ നിയമത്തിനെതിരെ ഡോക്ടര്‍മാരും സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകളും രംഗത്തെത്തിയിട്ടുണ്ട്.

സ്ത്രീകളുടെ ആരോഗ്യത്തേയും വ്യക്തികളുടേയും കുടുംബങ്ങളുടേയും സാമ്പത്തികസ്ഥിതിയേയും സര്‍ക്കാരിന്റെ പുതിയ നീക്കം പ്രതികൂലമായി ബാധിക്കുമെന്നാണ് ഇവര്‍ പറയുന്നത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇറാനില്‍ ജനസംഖ്യയിലും ജനനനിരക്കിലും വലിയ ഇടിവുണ്ടായിട്ടുണ്ട്. 2017നും 2020നുമിടയില്‍ 25 ശതമാനമാണ് ജനനനിരക്ക് കുറഞ്ഞത്.

2021ല്‍ 85 മില്യണിനടുത്താണ് ഇറാനിലെ ജനസംഖ്യ. ഇത് വൈകാതെ 150 മില്യണിലെത്തിക്കാനാണ് എന്നതാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി  സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Iran to increase natality rate by curtailing access to contraceptives and abortions