ലോകം കാല്‍പന്തിന്റെ ഭൂഗോളത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണ്, ഖത്തറിലേക്കാണ് എല്ലാ കണ്ണുകളും. ഫിഫ ലോകകപ്പിലെ ഇന്നത്തെ ആദ്യ മത്സരം ഇംഗ്ലണ്ടും ഇറാനും തമ്മിലാണ്. രാജ്യത്ത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ആളിപ്പടരുന്നതിനിടെയാണ് ഇറാന്‍ ഇംഗ്ലണ്ടുമായുള്ള പോരാട്ടത്തിനിറങ്ങുന്നത്.
ഇപ്പോഴിതാ ഇറാന്‍ ഭരണകൂടത്തിന്റെ മനുഷ്യവകാശ ലംഘനങ്ങള്‍ക്കെതിരെ രാജ്യമെമ്പാടും പോരാടുന്നവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയിരിക്കുകയാണ് ഇറാന്റെ നായകന്‍ ഇഹ്സാന്‍ ഹജ്സഫി.
ഇറാനിലെ സാഹചര്യങ്ങള്‍ മോശമാണെന്നും ഖത്തറിലെ തങ്ങളുടെ മത്സരം ഇറാനിലെ പോരാടുന്ന ജനതക്ക് വേണ്ടി സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങളുടെ രാജ്യത്തെ നിലവിലെ സാഹചര്യം മോശമാണ്, ജനങ്ങള്‍ സന്തുഷ്ടരല്ല. ഞങ്ങള്‍ ഇവിടെ നില്‍ക്കുന്നതിനര്‍ത്ഥം ഇറാനിലെ പോരാട്ടങ്ങളില്‍ നിശബ്ദത പാലിക്കുന്നുവെന്നോ, പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുന്നില്ലെന്നോ അല്ല.
ഞങ്ങള്‍ ചെയ്യുന്നതെല്ലാം അവര്‍ക്ക് വേണ്ടി കൂടിയാണ്. നമുക്ക് പോരാടണം. ഇറാനിലെ പോരാടുന്ന ജനതക്ക് വേണ്ടി ഗോളുകള്‍ അടിക്കേണ്ടതുണ്ട്. ജനങ്ങളുടെ പ്രതീക്ഷക്കനുസരിച്ച് സാഹചര്യങ്ങള്‍ മാറുമെന്നാണ് പ്രതീക്ഷ,’ ഇഹ്സാന്‍ ഹജ്സഫി പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരം നടക്കുന്ന തങ്ങളുടെ ഗ്രൂപ്പ് മത്സരത്തിലെ ആദ്യ പേരാട്ടത്തിന് മുന്നോടിയായി ദോഹയില്‍ വെച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഹജ്‌സഫി.
അതേസമയം, ഖലീഫ ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ഇറാനെ തോല്‍പ്പിച്ച് ഖത്തറില്‍ വരവറിയിക്കുകയായിരിക്കും ഇംഗ്ലണ്ടിന്റെ ലക്ഷ്യം. പ്രീമിയര്‍ ലീഗിലെ വമ്പന്‍ പേരുകളുമായി എത്തുന്ന ഇംഗ്ലണ്ടിന് തന്നെയാണ് കളത്തിനകത്തും പുറത്തും മുന്‍തൂക്കം.
സൗത്ത്‌ഗേറ്റിന്റെ കീഴില്‍ സ്ഥിരം ശൈലിയിലായിരിക്കും ഇംഗ്ലണ്ട് ഇറങ്ങുകയെന്നാണ് വിവരം. വലിയ പോരാട്ട ചരിത്രമൊന്നും പറയാന്‍ ഇല്ലാതെയാണ് ഇറാന്റെ വരവ്. പ്രതീക്ഷകളുടെ അമിത ഭാരം ഇല്ലാതെ ഇറങ്ങുന്ന ഇറാനില്‍ നിന്ന് എന്തും പ്രതീക്ഷിക്കാം. വൈകീട്ട് 6.30 മുതലാണ് മത്സരം.