ടെഹ്‌റാന്‍: നിര്‍ണായകമായ 14 കരാറുകളില്‍ ഒപ്പിട്ട് ഇറാനും ഖത്തറും. ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ രണ്ട് ദിവസത്തെ ഖത്തര്‍ സന്ദര്‍ശനത്തിനിടെയാണ് ഇരുരാജ്യങ്ങളും കരാറുകളില്‍ ഒപ്പുവെച്ചിരിക്കുന്നത്.
സാമ്പത്തിക-വ്യാപാര മേഖലകളില്‍ ഇരുരാജ്യങ്ങള്‍ക്കിടയിലും കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. കൂടാതെ ടൂറിസം, സ്‌പോര്‍ട്‌സ് മേഖലയില്‍ രണ്ട് വര്‍ഷത്തേക്കും വിദ്യാഭ്യാസം, ഊര്‍ജം എന്നിവയിലും ഖത്തറും ഇറാനും കരാറിലേര്‍പ്പെട്ടു.
”ഉഭയകക്ഷി ബന്ധം, വ്യാപാരം, സാമ്പത്തികം, ഊര്‍ജം, സാംസ്‌കാരിക മേഖലകള്‍, നിക്ഷേപരംഗത്തെ പ്രശ്‌നങ്ങള്‍ എന്നിവ ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് മറ്റ് ഉദ്യോഗസ്ഥരുമായി നടന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു,” ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ തിരിച്ചെത്തിയ ശേഷം റഈസി മാധ്യമങ്ങളോട് പ്രതികരിച്ചു.
തുറമുഖം, സമുദ്രഗതാഗതം എന്നിവയിലും കരാറുണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്. ഒരു അണ്ടര്‍വാട്ടര്‍ ടണലിലൂടെ ഖത്തറിനെയും ഇറാനെയും ബന്ധിപ്പിക്കുന്ന പദ്ധതിയെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായാണ് വിവരം.