സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിനോട് പരാജയപ്പെട്ടെങ്കിലും വീണ്ടും വിജയപാതയിലേക്ക് മടങ്ങെയെത്തിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. പുതിയ നായകന് കീഴില്‍ ആദ്യ കിരീടം സ്വപ്‌നം കാണുന്ന ആരാധകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചുകൊണ്ടാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ നടന്ന മത്സരത്തില്‍ പഞ്ചാബ് സിംഹങ്ങള്‍ വിജയിച്ചുകയറിയത്.
കഴിഞ്ഞ ദിവസം ന്യൂ ചണ്ഡിഗഢില്‍ നടന്ന മത്സരത്തില്‍ 18 റണ്‍സിനായിരുന്നു ചെന്നൈയുടെ തോല്‍വി. പഞ്ചാബ് ഉയര്‍ത്തിയ 220 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈയ്ക്ക് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.
Finished the game off in style! 💪 pic.twitter.com/obAaIqc74X
— Punjab Kings (@PunjabKingsIPL) April 8, 2025
യുവതാരം പ്രിയാന്‍ഷ് ആര്യയുടെ സെഞ്ച്വറി കരുത്തിലാണ് പഞ്ചാബ് ഗെയ്ക്വാദിനും സംഘത്തിനും തുടര്‍ച്ചയായ നാലാം പരാജയം സമ്മാനിച്ചത്.
ഈ വിജയത്തിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് പഞ്ചാബ് കിങ്‌സ് നായകന്‍ ശ്രേയസ് അയ്യര്‍ സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മൂന്ന് വിവിധ ടീമുകളെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനെന്ന തകര്‍പ്പന്‍ നേട്ടമാണ് ശ്രേയസ് സ്വന്തമാക്കിയത്. പഞ്ചാബ് കിങ്‌സിന് പുറമെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ദല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവര്‍ക്കൊപ്പമായിരുന്നു ശ്രേയസിന്റെ വിജയം.
2018ലാണ് ക്യാപ്റ്റന്റെ റോളില്‍ ശ്രേയസ് അയ്യര്‍ ആദ്യമായി ചെന്നൈയ്‌ക്കെതിരെ വിജയം സ്വന്തമാക്കുന്നത്. ഫിറോസ് ഷാ കോട്‌ലയില്‍ നടന്ന മത്സരത്തില്‍ 34 റണ്‍സിന്റെ ജയമാണ് ടീം സ്വന്തമാക്കിയത്.
2018 സീസണിന്റെ പകുതിയിലാണ് താരം ദല്‍ഹിയുടെ ക്യാപ്റ്റന്‍സിയേറ്റെടുക്കുന്നത്. 2020 വരെ ഈ റോളില്‍ തുടരുകയും ചെയ്തു. ഇക്കാലയളവില്‍ മൂന്ന് തവണയാണ് ശ്രേയസിന്റെ സംഘം സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തിയത്.
ശേഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് ചുവടുമാറ്റിയ താരം രണ്ട് സീസണില്‍ പര്‍പ്പിള്‍ ആര്‍മിയെ നയിച്ചു, 2022ലും 2024ലും. രണ്ട് സീസണിലും ഒരു മത്സരം വീതമാണ് ഇരുവരും കളിച്ചത്. 2022ല്‍ കൊല്‍ക്കത്തയും 2024ല്‍ സൂപ്പര്‍ കിങ്‌സും വിജയിച്ചുകയറി.
ഇപ്പോള്‍ പുതിയ സീസണില്‍ പുതിയ ടീമിനൊപ്പം ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വീണ്ടും പരാജയപ്പെടുത്തിയ പുതിയ ചരിത്രമെഴുതിയിരിക്കുകയാണ് ശ്രേയസ് അയ്യര്‍. ഇനി പഞ്ചാബിനെ കിരീടത്തിലേക്ക് നയിച്ച് മറ്റൊരു ചരിത്ര നേട്ടത്തിലേക്ക് ശ്രേയസ് കാലെടുത്ത് വെക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഏപ്രില്‍ 12നാണ് പഞ്ചാബിന്റെ അടുത്ത മത്സരം. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. ഓറഞ്ച് ആര്‍മിയുടെ ഹോം ഗ്രൗണ്ടായ ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.
Content Highlight: IPL 2025: Shreyas Iyer becomes the 1st ever captain to lead 3 different team to victory against Chennai Super Kings