Advertisement
IPL
ഹൈദരാബാദിനെതിരെ ചെണ്ട, ഇപ്പോള്‍ പഞ്ചാബിന്റെ അന്തകനും! ജോഫ്രാ ഇനി റോയല്‍സിന്റെ റോയല്‍ ലിസ്റ്റില്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 06, 07:04 am
Sunday, 6th April 2025, 12:34 pm

ഐ.പി.എല്ലില്‍ സഞ്ജു സാംസണ്‍ ക്യാപ്റ്റനായി തിരിച്ചെത്തിയ മത്സരത്തില്‍ വിജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. പഞ്ചാബ് കിങ്‌സിനെതിരെ അവരുടെ തട്ടകത്തില്‍ 50 റണ്‍സിന്റെ വിജയമാണ് റോയല്‍സ് നേടിയത്. ഇതോടെ തുടര്‍ച്ചായി രണ്ടാം വിജയവും നേടാന്‍ രാജസ്ഥാന് സാധിച്ചു.

മത്സരത്തില്‍ ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തിരുന്നു. യശസ്വി ജെയ്സ്വാളിന്റെ അര്‍ധ സെഞ്ച്വറിയും റിയാന്‍ പരാഗ്, സഞ്ജു സാംസണ്‍ എന്നിവരുടെ ഇന്നിങ്സുകളുമാണ് രാജസ്ഥാനെ വലിയ സ്‌കോറിലെത്തിച്ചത്. അവസാന ഓവറുകളില്‍ ഷിംറോണ്‍ ഹെറ്റ്മെയറും ധ്രുവ് ജുറെലും നിതീഷ് റാണയും നടത്തിയ തകര്‍പ്പന്‍ ബാറ്റിങ്ങും മത്സരത്തില്‍ നിര്‍ണായകമായി.

ബൗളിങ്ങിലും മികച്ച പ്രകടനമാണ് രാജസ്ഥാന്‍ നടത്തിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിനെ ഒമ്പതിന് 155 റണ്‍സെന്ന നിലയില്‍ ഒതുക്കാന്‍ പിങ്ക് ആര്‍മിക്ക് സാധിച്ചു.

മൂന്ന് വിക്കറ്റ് നേടിയ ജോഫ്രാ ആര്‍ച്ചറും രണ്ട് വിക്കറ്റുകള്‍ വീതം നേടിയ സന്ദീപ് ശര്‍മയും മഹീഷ് തീക്ഷണയുമാണ് മിന്നും പ്രകടനങ്ങള്‍ കാഴ്ച വെച്ചത്. വാനിന്ദു ഹസരങ്കയും ഇംപാക്ട് പ്ലെയാറായി ഇറങ്ങിയ കുമാര്‍ കാര്‍ത്തികേയ സിങ്ങുമാണ് ബാക്കി വിക്കറ്റുകള്‍ വീഴ്ത്തിയത്.

ആദ്യ ഓവറില്‍ തന്നെ പഞ്ചാബിന്റെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയാണ് റോയല്‍സ് തുടങ്ങിയത്. ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെ ആദ്യ പന്തിലും അവസാന പന്തില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെയും ക്ലീന്‍ ബൗള്‍ഡാക്കി ജോഫ്രാ ആര്‍ച്ചറാണ് രാജസ്ഥാന് ബ്രേക്ക് ത്രൂ നല്‍കിയത്.

കൂടാതെ, അവസാന ഓവറില്‍ അര്‍ഷ്ദീപ് സിങ്ങിന്റെ വിക്കറ്റ് വീഴ്ത്തി പഞ്ചാബിന്റെ പതനത്തില്‍ അവസാന ആണിയും ആര്‍ച്ചര്‍ അടിച്ചു. നാല് ഓവറില്‍ 25 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. 6.25 എക്കോണമിയിലാണ് ഫാസ്റ്റ് ബൗളര്‍ പന്തെറിഞ്ഞത്.

മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായ ആര്‍ച്ചര്‍ ഒരു നാഴികകല്ലും പിന്നിട്ടു. ഐ.പി.എല്ലില്‍ രാജസ്ഥനായി 50 വിക്കറ്റുകള്‍ എന്ന നേട്ടമാണ് ഇംഗ്ലണ്ട് പേസര്‍ സ്വന്തമാക്കിയത്. ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ രാജസ്ഥാന്‍ റോയല്‍സ് താരമാകാനും ആര്‍ച്ചര്‍ക്ക് സാധിച്ചു.

 

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി 50 വിക്കറ്റുകള്‍ നേടിയ താരങ്ങള്‍

(താരം – മത്സരം – വിക്കറ്റുകള്‍ എന്നീ ക്രമത്തില്‍)

ഷെയ്ന്‍ വാട്‌സണ്‍ – 84 – 67

യുസ്വേന്ദ്ര ചഹല്‍ – 46 – 66

സിദ്ധാര്‍ത്ഥ് ത്രിവേദി – 76 – 65

ഷെയ്ന്‍ വോണ്‍ – 56 – 57

ജോഫ്രാ ആര്‍ച്ചര്‍ – 39 – 50

അതേസമയം പതിനെട്ടാം സീസണ്‍ മോശം പ്രകടനത്തോടെയാണ് ആര്‍ച്ചര്‍ തുടങ്ങിയത്. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ വിക്കറ്റൊന്നും നേടാതെ 76 റണ്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 2.3 ഓവറില്‍ 33 റണ്‍സും വിട്ടുകൊടുത്തിരുന്നു. ഹൈദരാബാദിനെതിരെയുള്ള പ്രകടനത്തോടെ ഐ.പി.എല്ലിലെ ഏറ്റവും ചെലവേറിയ സ്‌പെല്‍ എന്ന നാണക്കേടിന്റെ റെക്കോഡും താരത്തിന്റെ പേരില്‍ എഴുതി ചേര്‍ത്തു.

എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്സുമായുള്ള മത്സരത്തില്‍ താരം ഫോമിലേക്ക് തിരിച്ചെത്തി. മത്സരത്തില്‍ ആര്‍ച്ചര്‍ ഒരു മൈയ്ഡന്‍ ഓവറും ഒരു വിക്കറ്റും നേടിയിരുന്നു. അടുത്ത മത്സരങ്ങളിലും മികച്ച പ്രകടനവുമായി തിളങ്ങാനാകും താരത്തിന്റെ ലക്ഷ്യം.

Content Highlight: IPL 2025: RR vs PBKS: England Fast Bowler Jofra Archer Completes 50 Wickets For Rajasthan Royals In IPL