Sports News
വെറുമൊരു ആഘോഷമല്ല, ഇത് ഇവര്‍ക്കുള്ള മറുപടി: മൈക്കല്‍ വോണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
6 days ago
Monday, 24th March 2025, 11:25 am

ഐ.പി.എല്ലില്‍ മിന്നും വിജയത്തോടെയാണ് സണ്‍റൈസേഴ്സ് ഹൈദരബാദ് സീസണ്‍ ആരംഭിച്ചിരിക്കുന്നത്. സ്വന്തം തട്ടകമായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദ് 44 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓറഞ്ച് ആര്‍മി ആറ് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സെടുത്തിരുന്നു. ഇഷാന്‍ കിഷന്റെ സെഞ്ച്വറിയുടെയും ട്രാവിസ് ഹെഡിന്റെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തിലാണ് സണ്‍റൈസേഴ്സ് വലിയ സ്‌കോര്‍ സ്വന്തമാക്കിയത്.

47 പന്തില്‍ പുറത്താകാതെ 106 റണ്‍സാണ് ഇഷാന്‍ കിഷന്‍ നേടിയത്. ആറ് സിക്‌സറും 11 ഫോറുമടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 225.53 സ്‌ട്രൈക്ക് റേറ്റിലാണ് കിഷന്‍ ബാറ്റ് ചെയ്തത്. ഐ.പി.എല്ലിലെ തന്റെ ആദ്യ സെഞ്ച്വറി നേടിയ യുവതാരം ഗ്രൗണ്ട് വലയം ചെയ്താണ് ആഘോഷിച്ചത്.

ഇപ്പോള്‍ താരത്തിന്റെ ഈ ആഘോഷത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ബി.സി.സി.ഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍, ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ ഫ്രാഞ്ചൈസി മുംബൈ ഇന്ത്യന്‍സ് എന്നിവരെ ലക്ഷ്യം വച്ചാണ് ഇഷാന്‍ ആഘോഷിച്ചതെന്നാണ് വോണ്‍ പറഞ്ഞത്. ക്രിക്ബസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്നത്തെ ഇഷാന്റെ ആ ആഘോഷം മൂന്നക്കം നേടിയത് കൊണ്ട് മാത്രമാണെന്ന് എനിക്ക് തോന്നുന്നില്ല. അത് ഒരുപക്ഷേ മുംബൈയ്ക്ക്, ഒരുപക്ഷേ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്, ഒരുപക്ഷേ രോഹിത് ശര്‍മയ്ക്ക്, ഒരുപക്ഷേ മുഴുവന്‍ ഇന്ത്യയ്ക്കും, ഒരുപക്ഷേ മുഴുവന്‍ ലോകത്തിനും കാണാന്‍ വേണ്ടിയുള്ളതായിരുന്നു. ഇഷാന്‍ അതിശയകരമാംവിധം സന്തുലിതമായ ഒരു കളിക്കാരനാണ്,’ വോണ്‍ പറഞ്ഞു.

കൂടാതെ, ഇന്ത്യയില്‍ കഴിവുള്ള ഒരുപാട് കളിക്കാരുള്ളത് കൊണ്ട് അഗര്‍ക്കാരുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിക്ക് സമ്മര്‍ദമുണ്ടെന്നും ടി-20യാണ് സെഞ്ച്വറി നേടാന്‍ ബുദ്ധിമുട്ടുള്ള ഫോര്‍മാറ്റെന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു.


‘സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സംസാരിക്കാന്‍ ധാരാളം കളിക്കാരുള്ളതിനാല്‍ മീറ്റിങ്ങുകള്‍ വളരെ നീണ്ടതായിരിക്കും. നിങ്ങള്‍ പറയും, ക്ഷമിക്കണം ഇഷാന്‍, നിങ്ങള്‍ ഇപ്പോള്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ പോലുമില്ല.

ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രതിഭകളുടെ എണ്ണം വളരെ വലുതാണ്. ടീമിന്റെ ഭാഗമാവാന്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തുക മാത്രമാണ് നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏക കാര്യം. ക്രിക്കറ്റില്‍ സെഞ്ച്വറി നേടാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഫോര്‍മാറ്റ് ടി-20യാണെന്ന് ഞാന്‍ കരുതുന്നു,’ വോണ്‍ കൂട്ടിച്ചേര്‍ത്തു.

ഐ.പി.എല്ലില്‍ ഏഴ് വര്‍ഷത്തോളം മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു ഇഷാന്‍ കിഷന്‍. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സ് ഇഷാനെ റിലീസ് ചെയ്തിരുന്നു. ഇതോടെ, മെഗാ ലേലത്തിലൂടെ 11.25 കോടിക്ക് താരത്തെ ടീമിലെത്തിക്കുകയായിരുന്നു സണ്‍റൈസേഴ്സ്.

അതുപോലെ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമല്ലെന്ന് പറഞ്ഞ് ഫെബ്രുവരിയില്‍ ബി.സി.സി.ഐ താരത്തെ സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ നിന്നും പുറത്താക്കിയിരുന്നു. അതിന് ശേഷം ഇന്ത്യന്‍ ടീമില്‍ ഇഷാന്‍ കിഷന് അവസരം ലഭിച്ചിരുന്നില്ല.

Content Highlight: IPL 2025: Former England Captain Michael Vaughan Talks About The Celebration of Ishan Kishan