പന്തിനെയും സ്റ്റബ്‌സിനെയും ഒരുപോലെ തകര്‍ക്കും, നോക്കിക്കോ ഇവന്‍ തിളങ്ങും; സഞ്ജു കാത്തുവെച്ച ബ്രഹ്‌മാസ്ത്രത്തെ പുകഴ്ത്തി ചോപ്ര
IPL
പന്തിനെയും സ്റ്റബ്‌സിനെയും ഒരുപോലെ തകര്‍ക്കും, നോക്കിക്കോ ഇവന്‍ തിളങ്ങും; സഞ്ജു കാത്തുവെച്ച ബ്രഹ്‌മാസ്ത്രത്തെ പുകഴ്ത്തി ചോപ്ര
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 7th May 2024, 5:22 pm

ഐ.പി.എല്‍ 2024ല്‍ രാജസ്ഥാന്‍ റോയല്‍സ് വീണ്ടും ദല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടാനൊരുങ്ങുകയാണ്. ക്യാപ്പിറ്റല്‍സിന്റെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയമാണ് ക്ലാസിക് പോരാട്ടത്തിന് വേദിയാകുന്നത്. ടൂര്‍ണമെന്റില്‍ നേരത്തെ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തിയിരുന്നു.

പ്ലേ ഓഫ് ലക്ഷ്യമിടുന്ന ഇരു ടീമുകളും ഇന്നത്തെ മത്സരത്തില്‍ വിജയം മാത്രമാണ് പ്രതീക്ഷിക്കുന്നത്. മത്സരത്തില്‍ രാജസ്ഥാനെ പരാജയപ്പെടുത്തിയാല്‍ ദല്‍ഹിക്ക് പ്ലേ ഓഫിലേക്ക് ഒരു പടി കൂടി അടുക്കാന്‍ സാധിക്കും.

 

എന്നാല്‍ രാജസ്ഥാന്‍ ഈ മത്സരത്തില്‍ വിജയിച്ചാല്‍ സീസണില്‍ പ്ലേ ഓഫ് യോഗ്യത നേടുന്ന ആദ്യ ടീമാകാന്‍ സഞ്ജുവിനും സംഘത്തിനും സാധിക്കും.

ഇപ്പോള്‍ മത്സരത്തിന് മുന്നോടിയായി ടീമുകളെയും താരങ്ങളെയും വിലയിരുത്തുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചോപ്ര മത്സരത്തെ കുറിച്ച് സംസാരിച്ചത്.

മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് സൂക്ഷിക്കേണ്ട രാജസ്ഥാന്‍ താരത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. സന്ദീപ് ശര്‍മയാകും ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ തിളങ്ങുക എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

 

‘ഞാന്‍ സന്ദീപ് ശര്‍മയെ ആണ് തെരഞ്ഞെടുക്കുന്നത്. കാരണം അവന്‍ കാര്യങ്ങള്‍ മറ്റൊരു തരത്തിലാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ന്യൂ ബോള്‍ ഉപയോഗിച്ച് പന്തെറിയുമ്പോള്‍ ബൗണ്‍സ് ഇല്ലാത്തതും പേസും ചെറിയ സ്വിങ്ങും മുതലെടുത്ത് അവന് ജേക് ഫ്രേസര്‍ മക്ഗൂര്‍ക്കിനെ പുറത്താക്കാന്‍ സാധിക്കും.

അവന്‍ അത്തരത്തിലുള്ള ഒരു ബൗളറാണ്. ഡെത്ത് ഓവറുകളില്‍ അവന് ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെയും റിഷബ് പന്തിനെയും ബുദ്ധിമുട്ടിക്കാനും സാധിക്കും,’ ചോപ്ര പറഞ്ഞു.

മത്സരത്തില്‍ തന്റെ ഫോക്കസ് മുഴുവനും യശസ്വി ജെയ്‌സ്വാളിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

‘എന്റെ എല്ലാ ഫോക്കസും യശസ്വി ജെയ്‌സ്വാളിലായിരിക്കും. കാരണം അവനൊരു മികച്ച താരമാണ്. അവന്‍ ഹൃദയം കൊണ്ട് തന്നെ സത്യസന്ധനാണ്, അവന്‍ വളരെ നല്ലൊരു പയ്യനാണ്. അവന്‍ മികച്ച ഫോമിലായിരിക്കണമെന്നാണ് ഞങ്ങളും ആഗ്രഹിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Content highlight: IPL 2024: RR vs DC: Akash Chopra praises Sandeep Sharma