ഐ.പി.എല്‍ 2024ന്റെ കൗണ്ട് ഡൗണ്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞിരിക്കുകയാണ്. മാര്‍ച്ച് 22ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടുന്നതോടെയാണ് ഇത്തവണത്തെ ഇന്ത്യന്‍ ക്രിക്കറ്റ് മാമാങ്കത്തിന് നാന്ദി കുറിക്കുന്നത്. ചെന്നൈയുടെ ഹോം സ്‌റ്റേഡിയമായ ചെപ്പോക്കാണ് വേദി.
ഐ.പി.എല്‍ അടുത്തുതുടങ്ങിയതോടെ ടൂര്‍ണമെന്റില്‍ പിറവിയെടുത്ത റെക്കോഡുകളും ആരാധകരുടെ ചര്‍ച്ചാ വിഷയമാണ്. ഏറ്റവുമധികം കിരീടം നേടിയ ടീം, റണ്‍സ് നേടിയ താരം, സെഞ്ച്വറി നേടിയ താരം തുടങ്ങി ഐ.പി.എല്ലില്‍ പിറവിയെടുത്ത റെക്കോഡുകള്‍ നീളുകയാണ്.
മികച്ച റെക്കോഡുകള്‍ക്കൊപ്പം ഐ.പി.എല്ലിലെ മോശം റെക്കോഡുകളും ആരാധകരുടെ ചര്‍ച്ചയില്‍ ഇടം പിടിക്കുന്നുണ്ട്. ഐ.പി.എല്ലില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ ബൗളര്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ താരം എന്നിങ്ങനെയാണ് മോശം റെക്കോഡുകളുടെ പട്ടിക നീളുന്നത്.
ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ താരം ദിനേഷ് കാര്‍ത്തിക്കാണ്. 17 തവണയാണ് താരം പൂജ്യത്തിന് പുറത്തായത്. ദല്‍ഹി ഡെയര്‍ഡെവിള്‍സ്, ഗുജറാത്ത് ലയണ്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമുകള്‍ക്ക് വേണ്ടി കളിച്ചാണ് താരം ഈ മോശം റെക്കോഡ് സ്വന്തം പേരിലാക്കിയത്.
മുംബൈ നായകന്‍ രോഹിത് ശര്‍മയും ഒട്ടും പുറകിലല്ല. 16 തവണയാണ് താരം പുറത്തായത്.
എന്നാല്‍ ഏറ്റവുമധികം തവണ പൂജ്യത്തില്‍ പുറത്തായതിന്റെ റെക്കോഡ് മാത്രമല്ല, ഒറ്റയക്കത്തില്‍ പുറത്തായവരുടെ പട്ടികയെടുക്കുമ്പോഴും ഇവരുടെ പേര് മുന്‍പന്തിയില്‍ കാണാന്‍ സാധിക്കും.
ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഒരു റണ്ണിന് ഏറ്റവുമധികം തവണ ഒരു റണ്‍സിന് പുറത്തായ താരങ്ങള്‍ പാര്‍ഥിവ് പട്ടേലും റോബിന്‍ ഉത്തപ്പയുമാണ്. പത്ത് തവണയാണ് ഇരുവരും ഒരു റണ്‍സിന് പുറത്തായത്.
രണ്ട് റണ്‍സിന് പുറത്തായവരുടെ പട്ടികയില്‍ രോഹിത് ശര്‍മയും ദിനേഷ് കാര്‍ത്തിക്കും തന്നെയാണ് ഒന്നാമതുള്ളത്. 13 തവണയാണ് ഇരുവരും രണ്ട് റണ്‍സിന് പുറത്തായത്. തുടര്‍ന്നും ഈ പട്ടികയില്‍ ഇരുവരുടെയും പേര് കാണാന്‍ സാധിക്കും.