കളി ജയിച്ചാലും തോറ്റാലും അക്കാര്യത്തില്‍ സഞ്ജു കയ്യടി അര്‍ഹിക്കുന്നു; 'ക്യാപ്റ്റന്‍സി മെറ്റീരിയലെന്ന കാര്യത്തില്‍ ആര്‍ക്കാണ് സംശയം'
IPL
കളി ജയിച്ചാലും തോറ്റാലും അക്കാര്യത്തില്‍ സഞ്ജു കയ്യടി അര്‍ഹിക്കുന്നു; 'ക്യാപ്റ്റന്‍സി മെറ്റീരിയലെന്ന കാര്യത്തില്‍ ആര്‍ക്കാണ് സംശയം'
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 24th May 2024, 9:42 pm

 

 

ഐ.പി.എല്‍ 2024ലെ രണ്ടാം ക്വാളിഫയര്‍ മത്സരം ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ തുടരുകയാണ്. സണ്‍റൈസേഴ്സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും തമ്മിലാണ് രണ്ടാം ക്വാളിഫയര്‍.

ആദ്യ ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് പടുകൂറ്റന്‍ തോല്‍വി വഴങ്ങിയാണ് സണ്‍റൈസേഴ്സ് രണ്ടാം ക്വാളിഫയറിനെത്തുന്നത്. അതേസമയം, എലിമിനേറ്ററില്‍ വിരാട് കോഹ്‌ലിയെയും സംഘത്തെയും പരാജയപ്പെടുത്തിയാണ് സഞ്ജുസ്ഥാന്‍ ഒരടി കൂടി മുമ്പോട്ട് വെച്ചത്.

ഈ മത്സരത്തില്‍ വിജയിക്കുന്ന ടീം കിരീടപ്പോരാട്ടത്തിന് യോഗ്യത നേടും. ശ്രേയസ് അയ്യരുടെ കൊല്‍ക്കത്തയെയാണ് ഫൈനലില്‍ ഹൈദരാബാദ് – രാജസ്ഥാന്‍ മത്സരത്തിലെ വിജയികള്‍ക്ക് നേരിടാനുണ്ടാവുക.

രണ്ടാം ക്വാളിഫയറില്‍ ടോസ് വിജയിച്ച രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടി. അര്‍ധ സെഞ്ച്വറി നേടിയ ഹെന്റിക് ക്ലാസനും മോശമല്ലാത്ത പ്രകടനം നടത്തിയ രാഹുല്‍ ത്രിപാഠിയും ട്രാവിസ് ഹെഡുമാണ് സണ്‍റൈസേഴ്‌സിനെ മികച്ച സ്‌കോറിലേക്ക് ഉയര്‍ത്തിയത്.

ക്ലാസന്‍ 34 പന്തില്‍ 50 റണ്‍സ് നേടിയപ്പോള്‍ ത്രിപാഠി 15 പന്തില്‍ 37 റണ്‍സും ഹെഡ് 28 പന്തില്‍ 34 റണ്‍സും സ്വന്തമാക്കി.

ആവേശ് ഖാനും ട്രെന്റ് ബോള്‍ട്ടും മൂന്ന് വിക്കറ്റ് വീതം നേടി. സന്ദീപ് ശര്‍മയാണ് ശേഷിക്കുന്ന രണ്ട് വിക്കറ്റും നേടിയത്. ഇന്നിങ്‌സിലെ അവസാന പന്തില്‍ ജയ്‌ദേവ് ഉനദ്കട് റണ്‍ ഔട്ടായി മടങ്ങി.

രാജസ്ഥാന്‍ ബൗളേഴ്‌സിന്റെ പ്രകടനത്തിനൊപ്പം തന്നെ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ഫീല്‍ഡ് പ്ലേസിങ്ങും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നുണ്ട്. തന്റെ ഫീല്‍ഡര്‍മാരെ വേണ്ടി വിധത്തില്‍ ഉപയോഗിക്കാന്‍ ക്യാപ്റ്റന് സാധിച്ചിട്ടുണ്ട്.

മോശം ഫീല്‍ഡിങ്ങിന്റെ പേരില്‍ സ്വന്തം ആരാധകരില്‍ നിന്ന് പോലും വിമര്‍ശനങ്ങളേറ്റുവാങ്ങേണ്ടി വന്ന യൂസ്വേന്ദ്ര ചഹല്‍ ഈ മത്സരത്തില്‍ മൂന്ന് തകര്‍പ്പന്‍ ക്യാച്ചുകളാണ് ഈ മത്സരത്തില്‍ സ്വന്തമാക്കിയത്. ഐ.പി.എല്‍ പ്ലേ ഓഫ് ചരിത്രത്തില്‍ ഒരു മത്സരത്തില്‍ ഒരു ഫീല്‍ഡര്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ ഏറ്റവും മികച്ച ക്യാച്ചുകളാണ് ഇത്.

ഇതോടെ വിമര്‍ശിച്ച ആരാധകര്‍ തന്നെ ചഹലിനെ നെഞ്ചിലേറ്റുകയാണ്.

ഈ മത്സരത്തിലേതെന്ന പോലെ കൃത്യമായി തീരുമാനങ്ങളെടുക്കുകയാണെങ്കില്‍ ഇന്ത്യയുടെ ക്യാപ്റ്റനായി സഞ്ജുവിനെ അധികം വൈകാതെ തന്നെ കാണാന്‍ സാധിക്കുമെന്നും താന്‍ ഇതിനോടകം തന്നെ ക്യാപ്റ്റന്‍സി മെറ്റീരിയലാണെന്ന് സ്വയം തെളിയിച്ചുവെന്നും ആരാധകര്‍ പറയുന്നു.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്സ്വാള്‍, ടോം കോലര്‍ കാഡ്മോര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, റോവ്മന്‍ പവല്‍, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, ആവേശ് ഖാന്‍, യൂസ്വേന്ദ്ര ചഹല്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഏയ്ഡന്‍ മര്‍ക്രം, രാഹുല്‍ ത്രിപാഠി, നിതീഷ് കുമാര്‍ റെഡ്ഡി, ഹന്റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ടി. നടരാജന്‍, ജയ്‌ദേവ് ഉനദ്കട്.

 

 

Content highlight: IPL 2024 Playoffs: RR vs SRH: Fans praises Rajasthan Royals’ field placement