കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യന്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തില്‍ മുന്‍ നായകന്‍ രോഹിത് ശര്‍മ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇംപാക്ട് പ്ലെയറായാണ് രോഹിത് കളത്തിലിറങ്ങിയത്.
എന്നാല്‍ ടീമിന് വേണ്ടത്ര ഇംപാക്ട് സൃഷ്ടിക്കാന്‍ രോഹിത്തിനായില്ല. 12 പന്തില്‍ വെറും 11 റണ്‍സ് മാത്രം നേടിയാണ് രോഹിത് പുറത്തായത്.
ഇപ്പോള്‍ എന്തുകൊണ്ട് ഹര്‍ദിക് പാണ്ഡ്യ രോഹിത് ശര്‍മയെ ഇംപാക്ട് പ്ലെയറുടെ റോളില്‍ ഇറക്കിയതെന്ന് പറയുകയാണ് വെറ്ററന്‍ താരവും മുംബൈ ഇന്ത്യന്‍സ് ലെഗ് സ്പിന്നറുമായ പിയൂഷ് ചൗള. രോഹിത്തിന് ചെറിയ തോതിലുള്ള പരിക്കുണ്ടായിരുന്നുവെന്നും ഇക്കാരണത്താലാണ് ആദ്യ പതിനൊന്നില്‍ മുന്‍ നായകനെ ഉള്‍പ്പെടുത്താതിരുന്നതെന്നും ചൗള പറഞ്ഞു.
‘അദ്ദേഹത്തിന് ചെറിയ തോതിലുള്ള പുറം വേദനയുണ്ടായിരുന്നു. ഇതൊരു മുന്‍കരുതല്‍ നടപടി മാത്രമാണ്,’ ചൗള പറഞ്ഞു.
സീസണില്‍ മൊമെന്റം കാത്തുസൂക്ഷിക്കാന്‍ സാധിക്കാതെ പോയതാണ് ടീമിന് തിരിച്ചടിയായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ടി-20 ക്രിക്കറ്റില്‍ മൊമെന്റം നേടുന്നത് പ്രധാനമാണെന്ന് എല്ലാവരും പറയും, എന്നാല്‍ ഇത്തവണ ഞങ്ങള്‍ക്ക് വേണ്ടത്ര മികച്ച രീതിയില്‍ കളിക്കാന്‍ സാധിച്ചില്ല. ഇത് ഇവിടെയുള്ള ഏത് ടീമിനും സംഭവിക്കാം. ഞങ്ങള്‍ നേരത്തെയും ഈ സാഹചര്യത്തെ നേരിട്ടിട്ടുണ്ട്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ ഞങ്ങള്‍ക്ക് അനുകൂലമായില്ല,’ ചൗള കൂട്ടിച്ചേര്‍ത്തു.
നൈറ്റ് റൈഡേഴ്‌സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഒരു വിക്കറ്റാണ് ചൗള സ്വന്തമാക്കിയത്. ഇതിന് പിന്നാലെ ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന രണ്ടാമത് താരമാകാനും ചൗളക്കായി. 189 മത്സരത്തില്‍ നിന്നും 184 വിക്കറ്റാണ് താരം സ്വന്തമാക്കിയത്.
ചെന്നൈ ലെജന്‍ഡ് ഡ്വെയ്ന്‍ ബ്രാവോയെ മറികടന്നാണ് ചൗളയുടെ ഈ നേട്ടം.
ഇതിനെ കുറിച്ചും താരം സംസാരിച്ചു.
‘ഈ യാത്രയില്‍ പിറകിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു. 17 വര്‍ഷം മുമ്പാണ് ഐ.പി.എല്‍ ആരംഭിച്ചത്. എന്നാല്‍ ആ സമയത്തൊന്നും സ്പിന്നര്‍മാര്‍ക്ക് വേണ്ടത്ര പരിഗണനയോ അഭിനന്ദനമോ ലഭിച്ചിരുന്നില്ല. എന്നാലിപ്പോള്‍ രാജ്യത്തെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരെല്ലാം സ്പിന്നര്‍മാരാണ്. അശ്വിന്‍, യൂസി, ഞാന്‍…’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സീസണില്‍ ഇനി മൂന്ന് മത്സരങ്ങളാണ് മുംബൈ ഇന്ത്യന്‍സിനുള്ളത്.