ഐ.പി.എല്‍ 2024ലെ 11ാം മത്സരത്തിനാണ് കളമൊരുങ്ങുന്നത്. എകാന സ്‌പോര്‍ട്‌സ് സിറ്റി കോംപ്ലെക്‌സില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പഞ്ചാബ് കിങ്‌സിനെ നേരിടും.
മത്സരത്തില്‍ ടോസ് നേടിയ ലഖ്‌നൗ ബാറ്റിങ് തെരഞ്ഞെടുത്തു.
സീസണിലെ ആദ്യ ഹോം മത്സരത്തില്‍ പുതിയ ക്യാപ്റ്റനാണ് ടോസിനെത്തിയത്. കെ.എല്‍. രാഹുലിന് പകരം നിക്കോളാസ് പൂരനാണ് ടീമിനെ നയിക്കുന്നത്. ഇതാദ്യമായാണ് പൂരന്‍ ഐ.പി.എല്ലില്‍ ക്യാപ്റ്റന്‍സിയേറ്റെടുക്കുന്നത്.
മത്സരത്തില്‍ ടീമിന്റെ സ്ഥിരം നായകന്‍ കെ.എല്‍. രാഹുല്‍ ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങുമെന്നാണ് പൂരന്‍ അറിയിച്ചത്. രാഹുലിന്റെ ബാറ്റിങ് ടീമിന് ഏറെ അത്യാവശ്യമാണെന്ന് ടോസിനിടെ പൂരന്‍ പറഞ്ഞിരുന്നു.
രാഹുലിന് ചെറിയ പരിക്കുണ്ട്. ഇക്കാരണത്താലാണ് പൂരന്‍ ക്യാപ്റ്റനാകുന്നതും രാഹുല്‍ ഇംപാക്ട് പ്ലെയറാകുന്നതും.
സീസണിലെ ആദ്യ ജയം തേടിയാണ് ലഖ്‌നൗ കളത്തിലിറങ്ങുന്നത്. സീസണിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റാണ് ലഖ്‌നൗ ക്യാംപെയ്ന്‍ ആരംഭിച്ചത്. എതിരാളികളുടെ തട്ടകമായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 20 റണ്‍സിന്റെ തോല്‍വിയാണ് ലഖ്‌നൗവിന് നേരിടേണ്ടി വന്നത്.
അതേസമയം, ആദ്യ മത്സരം വിജയിച്ചും രണ്ടാം മത്സരത്തില്‍ പരാജയപ്പെട്ടുമാണ് ധവാനും സംഘവും മൂന്നാം മത്സരത്തിനിറങ്ങുന്നത്. സ്വന്തം തട്ടകത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനോട് നാല് വിക്കറ്റിന് വിജയിച്ച പഞ്ചാബ് രണ്ടാം മത്സരത്തില്‍ പരാജയപ്പെടുകയായിരുന്നു. റോയല്‍ ചലഞ്ചേഴ്‌സിന്റെ ഹോം സ്‌റ്റേഡിയമായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു പഞ്ചാബിന്റെ തോല്‍വി.
കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെയാണ് പഞ്ചാബ് കളത്തിലിറക്കുന്നത്.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍
ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, കെ.എല്‍. രാഹുല്‍, മാര്‍കസ് സ്റ്റോയ്‌നിസ്, നിക്കോളാസ് പൂരന്‍ (ക്യാപ്റ്റന്‍), ആയുഷ് ബദോനി, ക്രുണാല്‍ പാണ്ഡ്യ, രവി ബിഷ്‌ണോയ്, മൊഹ്‌സിന്‍ ഖാന്‍, മായങ്ക് യാദവ്, എം. സിദ്ധാര്‍ത്ഥ്.