ജയിച്ചിട്ടും സങ്കടം; ബൗള്‍ഡായി വിരാടിനെ മറികടന്ന ധവാനും ഡിന്‍ഡ അക്കാദമിയുടെ വൈസ് ചാന്‍സിലറായി ഹര്‍ഷലും
IPL
ജയിച്ചിട്ടും സങ്കടം; ബൗള്‍ഡായി വിരാടിനെ മറികടന്ന ധവാനും ഡിന്‍ഡ അക്കാദമിയുടെ വൈസ് ചാന്‍സിലറായി ഹര്‍ഷലും
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 23rd March 2024, 9:05 pm

ഐ.പി.എല്ലിലെ രണ്ടാം മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സ് വിജയം സ്വന്തമാക്കിയിരുന്നു. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ശിഖര്‍ ധവാന്റെയും സംഘത്തിന്റെയും വിജയം.

സാം കറന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് പഞ്ചാബ് വിജയത്തോടെ പുതിയ സീസണ്‍ ആരംഭിച്ചത്. 21 പന്തില്‍ 35 റണ്‍സുമായി ലിയാം ലിവിങ്സ്റ്റണും 17 പന്തില്‍ 26 റണ്‍സ് നേടിയ പ്രഭ്‌സിമ്രാന്‍ സിങ്ങും പഞ്ചാബിന്റെ വിജയത്തില്‍ നിര്‍ണായകമായി.

ദല്‍ഹി ഉയര്‍ത്തിയ 175 റണ്‍സിന്റെ വിജയലക്ഷ്യം നാല് പന്തും നാല് വിക്കറ്റും ശേഷിക്കെ പഞ്ചാബ് അടിച്ചെടുക്കുകയായിരുന്നു.

മത്സരത്തില്‍ വിജയിച്ചെങ്കിലും ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെയും സൂപ്പര്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലിന്റെയും പേരില്‍ കുറിക്കപ്പെട്ട മോശം റെക്കോഡുകളില്‍ ആരാധകര്‍ അല്‍പം നിരാശരാണ്.

ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും അധികം തവണ ബൗള്‍ഡിലൂടെ പുറത്താകുന്ന താരം എന്ന മോശം റെക്കോഡാണ് ശിഖര്‍ ധവാന്‍ സ്വന്തമാക്കിയത്. 16 പന്തില്‍ 22 റണ്‍സുമായി തുടരവെ ഇഷാന്ത് ശര്‍മയുടെ പന്തില്‍ ബൗള്‍ഡായി ഗബ്ബര്‍ മടങ്ങുകയായിരുന്നു.

ഇത് 39ാം തവണയാണ് ശിഖര്‍ ധവാന്‍ ബൗള്‍ഡായി പുറത്താകുന്നത്. വിരാട് കോഹ്‌ലിയെ മറികടന്നാണ് ശിഖര്‍ ഈ പട്ടികയില്‍ ഒന്നാമതെത്തിയത്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ ബൗള്‍ഡായി പുറത്താകുന്ന താരങ്ങള്‍

ശിഖര്‍ ധവാന്‍ – 39

വിരാട് കോഹ് ലി- 38

ഷെയ്ന്‍ വാട്‌സണ്‍ – 35

മനീഷ് പാണ്ഡേ – 30

അംബാട്ടി റായിഡു – 29

ഡേവിഡ് വാര്‍ണര്‍ – 27

ഗൗതം ഗംഭീര്‍ – 27

20ാം ഓവറില്‍ ഏറ്റവുമധികം തവണ 20 റണ്‍സ് വഴങ്ങിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കെത്തിയാണ് ഹര്‍ഷല്‍ പട്ടേല്‍ മോശം റെക്കോഡ് നേടിയത്. മത്സരത്തിലുടനീളം മികച്ച രീതിയില്‍ പന്തെറിയുകയും ക്യാപ്റ്റന്‍ റിഷബ് പന്തിനെയും ഡേവിഡ് വാര്‍ണറിനെയും മടക്കിയ പട്ടേലിന് അവസാന ഓവറില്‍ പിഴച്ചു.

ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ അഭിഷേക് പോരല്‍ പട്ടേലിനെ അടിച്ചൊതുക്കുകയായിരുന്നു. മൂന്ന് ഫോറും രണ്ട് സിക്‌സറും അടക്കം 25 റണ്‍സാണ് താരം വഴങ്ങിയത്. ഇതോടെയാണ് മോശം റെക്കോഡില്‍ പട്ടേല്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നത്.

20ാം ഓവറില്‍ ഏറ്റവുമധികം തവണ 20 റണ്‍സോ അതിലധികമോ വഴങ്ങിയ താരങ്ങള്‍

ഉമേഷ് യാദവ് – 5

ഹര്‍ഷല്‍ പട്ടേല്‍ – 4

അശോക് ഡിന്‍ഡ – 3

ഡ്വെയ്ന്‍ ബ്രാവോ – 3

ആദ്യ മത്സരത്തില്‍ വിജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് പഞ്ചാബ് അടുത്ത മത്സരത്തിനൊരുങ്ങുന്നത്. മാര്‍ച്ച് 25ന് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സാണ് എതിരാളികള്‍. ചിന്നസ്വാമി സ്‌റ്റേഡിയമാണ് വേദി.

 

Content Highlight: IPL 2024: PBKS vs DC: Shikhar Dhawan and Harshal Patel with poor records