ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്‌സിനെ അവരുടെ തട്ടകമായ മുല്ലാപൂരിലെ മഹാരാജ യാദവീന്ദ്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് പരാജയപ്പെടുത്തിയിരുന്നു. ഒമ്പത് റണ്‍സിനായിരുന്നു മുന്‍ ചാമ്പ്യന്‍മാരുടെ വിജയം.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 183ന് പുറത്താവുകയായിരുന്നു. സൂപ്പര്‍ പേസര്‍ കഗീസോ റബാദയുടെ റണ്‍ ഔട്ടിലൂടെ മുംബൈ എതിരാളികളെ ഓള്‍ ഔട്ടാക്കുകയും മത്സരം സ്വന്തമാക്കുകയുമായിരുന്നു.
ALL THE FEELS 🥹🥹💙#MumbaiMeriJaan #MumbaiIndians #PBKSvMIpic.twitter.com/xIo8jdIpsU
— Mumbai Indians (@mipaltan) April 18, 2024
മുംബൈക്കായി ജസ്പ്രീത് ബുംറയും ജെറാള്‍ഡ് കോട്‌സിയും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ, ശ്രേയസ് ഗോപാല്‍, ആകാശ് മധ്വാള്‍ എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.
ഇതോടെ ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം തവണ എതിരാളികളെ ഓള്‍ ഔട്ടാക്കുന്ന ടീം എന്ന തങ്ങളുടെ നേട്ടം ഒന്നുകൂടി അരക്കിട്ടുറപ്പിക്കാനും മുംബൈ ഇന്ത്യന്‍സിനായി.
Paltan, kaisa hai heart rate ab? 😅#MumbaiMeriJaan #MumbaiIndians #PBKSvMI pic.twitter.com/SmfIjKR898
— Mumbai Indians (@mipaltan) April 18, 2024
ഐ.പി.എല്ലില്‍ ഇത് 34ാം തവണയാണ് മുംബൈ എതിരാളികളുടെ പത്ത് വിക്കറ്റുകളും തെറിപ്പിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിനെക്കാളും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെക്കാളും ബഹുദൂരം മുമ്പിലാണ് മുംബൈ.
ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ എതിരാളികളെ ഓള്‍ ഔട്ടാക്കിയ ടീമുകള്‍ (നിലവിലെ ടീമുകള്‍ മാത്രം)
മുംബൈ ഇന്ത്യന്‍സ് – 34* തവണ
ചെന്നൈ സൂപ്പര്‍ കിങ്‌സ് – 23 തവണ
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 23 തവണ
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 18 തവണ
ദല്‍ഹി ക്യാപ്പിറ്റല്‍സ് – 17 തവണ
പഞ്ചാബ് കിങ്‌സ് – 17 തവണ
രാജസ്ഥാന്‍ റോയല്‍സ് – 17 തവണ
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 17 തവണ
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 4 തവണ
ഗുജറാത്ത് ടൈറ്റന്‍സ് – 3 തവണ
അതേസമയം, പഞ്ചാബ് കിങ്‌സിനെതിരായ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് കയറാനും മുംബൈക്കായി. സീസണില്‍ ഇത് മൂന്നാം ജയമാണ്. ഏഴ് മത്സരത്തില്‍ നിന്നും ആറ് പോയിന്റാണ് മുംബൈക്കുള്ളത്.
ഏപ്രില്‍ 22നാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍.
Content Highlight: IPL 2024: Mumbai Indians tops the list of most times all out opponents in IPL