മതപരമായ സേവനങ്ങളില്‍ ജാതി മത വിവേചനം കൊണ്ടുവരുന്നത് തൊട്ടുകൂടായ്മ നടപ്പിലാക്കുന്നതിന് സമാനം; ദേവസ്വം ബോര്‍ഡ് വിജ്ഞാപനത്തിനെതിരെ ഹരജി
national news
മതപരമായ സേവനങ്ങളില്‍ ജാതി മത വിവേചനം കൊണ്ടുവരുന്നത് തൊട്ടുകൂടായ്മ നടപ്പിലാക്കുന്നതിന് സമാനം; ദേവസ്വം ബോര്‍ഡ് വിജ്ഞാപനത്തിനെതിരെ ഹരജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th February 2023, 9:44 pm

കൊച്ചി: ശബരിമല-മാളികപ്പുറം ക്ഷേത്രങ്ങളില്‍ മേല്‍ശാന്തിയായി മലയാളികളായ ബ്രാഹ്‌മണരില്‍ നിന്ന് മാത്രം അപേക്ഷ ക്ഷണിക്കുന്നുവെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജ്ഞാപനത്തിനെതിരായ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജികളില്‍ വാദം നടന്നു. ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അജിത് കുമാര്‍ എന്നിവരാണ് ഹരജികള്‍ പരിഗണിച്ചതെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദേവസ്വം ബോര്‍ഡിന്റെ വിജ്ഞാപനം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്റെ മൗലീകാവകാശങ്ങള്‍ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജികള്‍.

രാജ്യത്തെ ഭരണഘടന ജാതി,മത,വര്‍ണ വിവേചനം അനുവദിക്കുന്നില്ലെന്നും ഇത്തരം വിവേചനം അനുവദിക്കുന്നത് തൊട്ടുകൂടായ്മയ്ക്ക് അനുമതി നല്‍കുന്നതിന് തുല്യമാണെന്നും ഹരജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ബിജി ഹരീന്ദ്രനാഥ് കോടതിയെ ബോധിപ്പിച്ചു. പൗരവകാശ സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 3 ലെ ഭാഗവും അദ്ദേഹം പരാമര്‍ശിച്ചു.

ചോറ്റാനിക്കര, ഏറ്റുമാനൂര്‍ തുടങ്ങിയ ക്ഷേത്രങ്ങളിലെ പൂജാരിമാരെ നിയമിക്കുന്നതിലുള്ള വ്യത്യാസവും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഈ മാസം 25നായിരിക്കും ഹരജി വീണ്ടും പരിഗണിക്കുക.

കഴിഞ്ഞ ദിവസമായിരുന്നു ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തി നിയമനത്തിന് യോഗ്യത ബ്രാഹ്‌മണര്‍ക്ക് മാത്രമാണെന്ന വിജ്ഞാപനം പുറത്തിറങ്ങിയത്. ഉത്തമമായി കരുതപ്പെടുന്ന നമ്പൂതിരി ഇല്ലങ്ങളിലെ അംഗങ്ങള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്നാണ് വിജ്ഞാപനത്തിലുള്ളത്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ ആറ് മാസത്തേക്കുള്ള മേല്‍ശാന്തി നിയമനത്തിനുള്ള വിജ്ഞാപനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

മേല്‍ശാന്തി നിയമനത്തിനുള്ള അപേക്ഷകര്‍ 30 വയസ് തികഞ്ഞവരും 60 വയസ് കവിയാത്തവരുമായിരിക്കണം. ശുകപുരം, പെരുവനം എന്നീ ഗ്രാമങ്ങളില്‍പ്പെട്ടവരും, ഉത്തമമായി കരുതപ്പെടുന്ന നമ്പൂതിരി ഇല്ലങ്ങളിലെ അംഗങ്ങളും അഗ്‌നിഹോത്രം, ഭട്ടവൃത്തി എന്നിവയില്‍ ഏതെങ്കിലും ഒന്നുള്ളവരും മാത്രമേ മേല്‍ ശാന്തി നിയമനത്തിന് അപേക്ഷിക്കേണ്ടതുള്ളൂ എന്നും വിജ്ഞാപനത്തില്‍ പറയുന്നു.

Content Highlight: Introducing caste and religious discrimination in religious services is tantamount to enforcing untouchability