മാതൃമൊഴി തന്നെയല്ലേ 'മാതൃഭാഷ'?; സംവിധായിക സിന്ധു സാജന്‍ സംസാരിക്കുന്നു
Interview
മാതൃമൊഴി തന്നെയല്ലേ 'മാതൃഭാഷ'?; സംവിധായിക സിന്ധു സാജന്‍ സംസാരിക്കുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 16th May 2018, 11:10 pm

പതിനഞ്ചുകൊല്ലം അട്ടപ്പാടിയിലെ ആദിവാസി മേഖലകളിലെ സാമ്പ്രദായികപരമായ, വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുവാന്‍ സാധിക്കാത്ത വിദ്യാഭ്യാസ വ്യവസ്ഥിതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന അധ്യാപികയും തിയേറ്റര്‍ ആക്ടിവിസ്റ്റുമായ സിന്ധു സാജന്‍, ആ സമൂഹത്തിനിടയിലെ ഭാഷാപരവും സാംസ്‌കാരികപരവുമായ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്തുകൊണ്ട് നിര്‍മ്മിച്ച ഡോക്യൂ-ഫിക്ഷന്‍ ചിത്രമാണ് “അഗ്ഗെഡു നായഗ” (മാതൃമൊഴി).

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയിലെ”മലയാളം ഷോര്‍ട് ഫിലിംസ്”വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധായിക സിന്ധു സാജന്‍ ഐ.സി.എഫ്.എഫ്.കെ മീഡിയ സെല്ലിന് നല്‍കിയ അഭിമുഖം.

1. ഈ ചലച്ചിത്രമേളയുടെ ഭാഗമായതില്‍ അഭിനന്ദനങ്ങള്‍. ആഴമേറിയ ഒരു സാംസ്‌കാരിക വിഷയം – ഒരു മനുഷ്യന്റെ മാതൃഭാഷ – എന്നതിനെ ആസ്പദമാക്കി ഒരു ചിത്രം നിര്‍മ്മിക്കുവാനുള്ള പ്രചോദനമെന്തായിരുന്നു?

നന്ദി. 2003 – ലാണ് ഞാന്‍ അട്ടപ്പാടിയിലേക്ക് അധ്യാപികയായി ട്രാന്‍സ്ഫര്‍ അപേക്ഷിക്കുന്നത്. എന്നാല്‍ മൂവായിരത്തിലധികം വിദ്യാര്‍ത്ഥികളുള്ള ഒരു സര്‍ക്കാര്‍ സ്‌കൂളിലേക്ക്, നല്ലൊരു അധ്യാപികയാണെന്നുള്ള ആത്മവിശ്വാസത്തോടെ കടന്നുചെന്ന ഞാന്‍ കാണുന്നത് വളരെ നിശ്ശബ്ദരും, പ്രതികരിക്കാത്തവരുമായ ഒരു കൂട്ടം വിദ്യാര്‍ത്ഥികളെയാണ്. അവിടെയുള്ള അധ്യാപകരെല്ലാം അവര്‍ക്ക് പഠിക്കാന്‍ കഴിവില്ലെന്ന് വിധിയെഴുതിയിരുന്നു. എന്നാല്‍ അവരുടെ യഥാര്‍ത്ഥ പ്രശ്‌നം ഞാന്‍ മനസിലാക്കി. അവരുടെ പ്രാദേശിക ഭാഷ ഞാന്‍ പഠിച്ച്അവരുമായി സംവദിക്കാന്‍ ശ്രമിച്ചപ്പോള്‍ ഊര്‍ജ്ജമായ പ്രതികരണമാണ് എനിക്ക് ലഭിച്ചത്. സ്‌കൂള്‍ രേഖകളനുസരിച്ച് അവരിലോരോരുത്തരുടേയും മാതൃഭാഷ മലയാളമോ തമിഴോ ആണെങ്കിലും, വാസ്തവത്തില്‍ അവരുടെ ഭാഷയും സംസ്‌കാരവും തന്നെ അവഗണിക്കപ്പെടുകയായിരുന്നു. ആദിവാസി സംസ്‌കാരത്തെയും ജീവിതത്തെയും ഒറ്റപ്പെടുത്തുകയായിരുന്നു. അവരെ മുഖ്യധാരയിലേക്ക് എത്തിക്കുന്ന ശ്രമത്തില്‍ വിദ്യാഭാസം അവരിലേക്കെത്തുന്നില്ല എന്ന യാഥാര്‍ഥ്യം മനസിലാക്കുവാന്‍ അധ്യാപകരും അതിലുപരി വിദ്യാഭ്യാസ സമ്പ്രദായവും പരാജയപ്പെടുന്നു. നിലവിലെ ഈ പ്രതിസന്ധികളെ അഭിസംബോധന ചെയ്യുവാനും വിഷയത്തിലേയ്ക്ക് ജനശ്രദ്ധ കേന്ദ്രീകരിക്കുവാനും ഏറ്റവും മികച്ചത് ദൃശ്യമാധ്യമം തന്നെയാണെന്ന് തോന്നി. അതാണ് ഈ ചിത്രത്തിലേക്കുള്ള തുടക്കം.

2. ഇരുള, മുഡുഗ, കുറുമ്പ – ആദിവാസി പ്രദേശങ്ങളിലെ പ്രാദേശിക ഭാഷാസംസ്‌കാരങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടു, അവിടത്തെ ചാരുതയാര്‍ന്ന സാംസ്‌കാരികവൈവിധ്യങ്ങളെ ദൃശ്യവത്കരിക്കുമ്പോള്‍ നേരിടേണ്ടിവന്ന പ്രതിസന്ധികള്‍ എന്തെല്ലാമാണ്?

സ്‌കൂളില്‍ വച്ച് നിശ്ശബ്ദത പാലിച്ചവര്‍ സ്‌കൂളിന്റെ മതിലുകള്‍ക്കപ്പുറമുള്ള അവരുടേതായ സ്വതന്ത്രമായ, വിശാലമായ ലോകത്തില്‍ അവരുടെ മാതൃഭാഷയില്‍തടസ്സങ്ങളൊന്നുമില്ലാതെ സംസാരിക്കുന്നു. അങ്ങനെ ഞാന്‍ കുട്ടികളോട് അവരുടെ ഭാഷകളില്‍ സംസാരിക്കാന്‍ ശ്രമിച്ചു.ഭാഷയിലെ പരിജ്ഞാനക്കുറവുകൊണ്ട് ഞാന്‍ വരുത്തിയ തെറ്റുകള്‍ തിരുത്തുന്നത് അവര്‍ക്കൊരാവേശമായി. ആശയവിനിമയത്തില്‍ ഭാഷ ഒരു തടസ്സമല്ലാതെ മാറി. ഞാന്‍ കുട്ടികള്‍ക്ക് നാടക ശില്പശാലകളും സാംസ്‌കാരിക കൂട്ടായ്മകളും സംഘടിപ്പിച്ചു. അങ്ങനെ ഈ ചിത്രത്തിന്റെ ആശയം മനസ്സില്‍ വന്നപ്പോള്‍ ഞാനൊരുശില്പശാല നടത്തുവാന്‍ തീരുമാനിച്ചു. എന്നാല്‍ അതിനു താത്പര്യം പ്രകടിപ്പിച്ച കുട്ടികളുടെ എണ്ണം വളരെ കുറവായിരുന്നു. മുപ്പതോളം കുട്ടികളെ വച്ച് ശില്പശാല തുടങ്ങിയെങ്കിലും രണ്ടാമത്തെ സെഷന്‍ തുടങ്ങിയപ്പോഴേക്കും ഹാള്‍ നിറഞ്ഞിരുന്നു. കളിയിലും ചിരിയിലും പാട്ടുകളുമായി അവര്‍ അറിവ് പങ്കിട്ടു, സൗഹൃദം സ്ഥാപിച്ചു. ഒരു സിനിമയുടെ ഭാഗമാകുകയെന്നത് അന്നേവരെ അവര്‍ക്ക് സ്വപ്നം കാണുവാന്‍പോലും പറ്റാത്തത്രയായിരുന്നു. അങ്ങനെ ചിത്രീകരണം തുടങ്ങി. ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുവാനും ഈ പുതിയ അന്തരീക്ഷവുമായി പാകപ്പെടുവാനും മൂന്ന് ദിവസമെടുത്തുഈ “അഭിനേതാക്കള്‍ക്ക്”.എന്നാല്‍ എന്റെ ഈ ശ്രമങ്ങളുടെ ഉദ്ദേശശുദ്ധി കാണാതെ എതിര്‍ത്തവരുടെ എണ്ണവും കുറവല്ല. എങ്കിലും വിദ്യാര്‍ത്ഥികളും അവരുടെ കുടുംബങ്ങളും പിന്തുണച്ചു. പിന്നണി പ്രവര്‍ത്തകരും ഒന്നിച്ചു പ്രതിസന്ധികള്‍ നേരിട്ട്, ആദിവാസി മേഖലകളിലെ സാമൂഹിക പ്രശ്‌നങ്ങളെ ആസ്പദമാക്കി നല്ലൊരു ചിത്രം നിര്‍മ്മിക്കുന്നതില്‍ വിജയിച്ചു.

3. എന്താണ് ആദിവാസി പ്രദേശങ്ങളിലെ സാമൂഹികമായ, വിശേഷിച്ചും വിദ്യാഭ്യാസപരമായ സാഹചര്യം?

ഒട്ടുമിക്ക എല്ലാ കുട്ടികളും സ്‌കൂളുകളില്‍ ചേര്‍ന്നിട്ടുണ്ട്. രേഖകള്‍ പ്രകാരം സ്‌കൂളില്‍ പോകാത്ത കുട്ടികള്‍ ഇല്ല. എന്നാല്‍ ഊരുകളില്‍ പോയാല്‍ സ്‌കൂള്‍ സമയങ്ങളിലും കുട്ടികള്‍ കളിക്കുന്നത് കാണാം. കാടും മലയും പുഴയുമാണ് അവരുടെ ലോകം. കരിക്കുലത്തിന്റെയോ പുസ്തകത്തിന്റെയോ ചട്ടക്കൂടുകളില്‍ അവരെ തളച്ചിടാനാവില്ല. അവര്‍ക്ക് സ്ഥാനമുണ്ടെന്ന് അവര്‍ക്കു തോന്നാത്ത അവരുടേതല്ലാത്ത ഒരു ലോകം; അതാണവര്‍ക്ക് സ്‌കൂളുകള്‍. വൈവിധ്യങ്ങളുടെ ഈ സമൂഹത്തില്‍ വിദ്യാഭ്യാസത്തിന്റെ മാധ്യമം മലയാളം, തമിഴ് എന്നിവയിലേക്ക് ചുരുക്കപ്പെടുമ്പോള്‍, അവരുടെ സ്വന്തം മാതൃഭാഷകള്‍ക്കു സ്ഥാനമില്ലാതെ വരുമ്പോള്‍, അവര്‍ക്ക് അവരെ തന്നെ നഷ്ടപ്പെടുന്നു. ഉദാഹരണത്തിന്, അമ്മ എന്ന വാക്കിനു ഒരു പ്രാദേശിക ഭാഷയില്‍ അര്‍ത്ഥം അച്ഛന്‍ എന്നാണ്. ഈ കുട്ടിയോട് അമ്മയുടെ പേര് ചോദിച്ചാല്‍ കുട്ടി സ്വാഭാവികമായും പിതാവിന്റെ പേര് പറയും, എന്നാല്‍ അപ്പോള്‍ തന്നെ സ്വന്തം അച്ഛനെയും അമ്മയെയും തിരിച്ചറിയുവാന്‍ പോലും കുട്ടിക്ക് കഴിവില്ല എന്നവര്‍ വിധിയെഴുതുന്നു.
സാംസ്‌കാരികമായി സംസാരിക്കുമ്പോള്‍, ആദിവാസി വികസന-ശാക്തീകരണ പദ്ധതികളുടെ പേരില്‍ അധ്വാനിക്കുന്ന അവരുടെ കൈകളെ മുറിച്ചുമാറ്റി, ഭിക്ഷയാചിക്കുവാനായി ഒരായിരം യാന്ത്രിക കൈകളെ വെച്ചുപിടിപ്പിക്കുകയാണ് ചെയ്തത്. അവര്‍ക്ക് പരിഗണനയല്ല നല്‍കേണ്ടത്, മറിച്ചു നമ്മോടൊപ്പം ചേര്‍ത്തുനിര്‍ത്താനുള്ള മനോഭാവമാണ് നമുക്ക് വേണ്ടത്.

4. ഈ യാഥാര്‍ഥ്യങ്ങളിലേയ്ക്ക് ജനശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ “അഗ്ഗെഡു നായഗ” എത്രത്തോളം വിജയകരമാണ്?

പ്രതീക്ഷിച്ചതിലുമപ്പുറം ജനശ്രദ്ധയും പ്രശംസയും ലഭിച്ചു. കേരളത്തിന്റെ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ ചിത്രം കണ്ടതിനു ശേഷം ഇത്തരം പ്രശ്‌നങ്ങളെ സാധൂകരിക്കുവാനായി ആദിവാസി മേഖലയിലെ സ്‌കൂളുകളില്‍ ഇന്റെര്‍പ്രെറ്റര്‍ (പരിഭാഷകര്‍) മാരെ നിയമിക്കുവാന്‍ തീരുമാനിച്ചിരുന്നു. ചിത്രത്തിന്റെ അവസാന രംഗത്തില്‍ ഒരു പാലം കാണാം. ഒരു വശത്ത് കുട്ടിയും, മറുവശത്ത് അധ്യാപികയും. അധ്യാപിക പാലം കടന്നു കുട്ടിയുടെ അടുക്കലേക്ക് നീങ്ങുകയാണ്. ഈ രംഗം കണ്ട്, ഇതിനൊരു അന്ത്യമില്ലല്ലോ എന്ന് ചോദിച്ചവരാണേറെയും. എന്നാല്‍, ഈ ചിത്രം കൊണ്ട്ഒരുത്തരം നല്‍കുക എന്നതിലുപരി, ഒരു പരിഹാരം കണ്ടുപിടിക്കുക എന്നതിനപ്പുറം, ഒരു ചോദ്യചിഹ്നം വരച്ചുകാട്ടുക എന്നതാണ്. മാതൃമൊഴി തന്നെയല്ലെ “മാതൃഭാഷ”.

5. ഇത്തരം നല്ല സാമൂഹിക-സാംസ്‌കാരിക പ്രാധാന്യമുള്ള ആശയങ്ങള്‍ ഇനിയും ദൃശ്യവത്കരിക്കപ്പെടേണ്ട ഒരു സാഹചര്യമുണ്ട്.

തീര്‍ച്ചയായും. അടുത്ത ഹ്രസ്വചിത്രത്തിന്റെ പണിപ്പുരയിലാണ് ഞാന്‍. ഇത്തരം സാമൂഹിക സാംസ്‌കാരിക പ്രശ്‌നങ്ങള്‍ക്ക് എന്നും എന്റെ കഥയില്‍ ഒരു ഒഴിച്ചുകൂടാനാകാത്ത സ്ഥാനമുണ്ടാകും. ദൃശ്യമാധ്യമത്തിനു സമൂഹത്തില്‍ ഒരു ശക്തമായ സ്വാധീനം ചെലുത്തുവാന്‍ സാധിക്കും. ഇത്തരം ജനശ്രദ്ധയര്‍ഹിക്കുന്ന, നമ്മള്‍ അറിഞ്ഞിരിക്കേണ്ടതും എന്നാല്‍ പലപ്പോഴും അറിയാതെ പോകുന്നതുമായ വിഷയങ്ങളിലേക്ക് ഇറങ്ങി ചെല്ലുവാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു.