Dool Talk
Interview | മമ്മൂട്ടിക്ക് പകരം മറ്റാരായിരുന്നെങ്കിലും കല്ലെറിയപ്പെടുമായിരുന്നു: ആര്‍.എസ് പണിക്കര്‍
ആര്യ. പി
Thursday, 30th November 2023, 6:01 pm
കാതല്‍ എന്ന ചിത്രത്തിലെ പി.കെ ദേവസിയെന്ന ശക്തമായ കഥാപാത്രത്തിലൂടെ മലയാള സിനിമയുടെ പടികടന്ന് എത്തിയിരിക്കുകയാണ് 74 കാരനായ ആര്‍.എസ് പണിക്കര്‍. ദേവസിയെന്ന കഥാപാത്രവുമായി ജിയോ ബേബി പണിക്കരെ തേടിയെത്തുമ്പോള്‍ അദ്ദേഹത്തിന്റെ വിദൂര സ്വപ്നത്തില്‍ പോലും സിനിമയുണ്ടായിരുന്നില്ല. ചെറിയ ചില നാടകങ്ങളില്‍ മാത്രം അഭിനയിച്ച് പരിചയമുള്ള ആര്‍.എസ് പണിക്കര്‍ പക്ഷേ കാതലിലെ അഭിനയത്തിലൂടെ അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ഞെട്ടിച്ചു. മമ്മൂട്ടിക്കൊപ്പമുള്ള വേഷം തുടക്കക്കാരന്റെ ഒരു പതര്‍ച്ചയുമായില്ലാതെ പണിക്കര്‍ ഗംഭീരമാക്കി. കാതലിലേക്കുള്ള വരവിനെ കുറിച്ചും കാതല്‍ പറഞ്ഞുവെക്കുന്ന രാഷ്ട്രീയത്തെ കുറിച്ചുമൊക്കെ ഡൂള്‍ന്യൂസിനോട് സംസാരിക്കുകയാണ് ആര്‍.എസ്.പണിക്കര്‍.
ജീവിതത്തിന്റെ വലിയൊരു ഭാഗത്തോളം സംഘടനാ പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവുമായി മുന്നോട്ടുപോയ വ്യക്തിയാണ് താങ്കള്‍. എപ്പോഴെങ്കിലും സിനിമയെന്ന ഒരു സ്വപ്നം മനസില്‍ ഉണ്ടായിരുന്നോ? ദേവസി എന്ന കഥാപാത്രം എങ്ങനെയാണ് താങ്കളിലേക്ക് എത്തുന്നത്?
കഴിഞ്ഞ 40- 50 വര്‍ഷമായിട്ട് സംഘടനാ പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും സമാന്തരമായിട്ട് ഔദ്യോഗിക കൃത്യനിര്‍വഹണവും നടത്തി മുന്നോട്ടുപോകുന്ന വ്യക്തിയായിരുന്നു ഞാന്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയുടെ തുടക്കം മുതല്‍ 30 വര്‍ഷത്തോളം ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. റിട്ടയര്‍മെന്റിന് ശേഷം പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗമായി, അതിന് ശേഷം രണ്ട് വര്‍ഷം കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ ആയി, പിന്നെ ഒരു വര്‍ഷം കലാമണ്ഡലത്തിലെ ഭരണസമിതി അംഗമായി അങ്ങനെ ആ ഒരു മേഖലയിലാണ് ഞാന്‍ വ്യാപരിച്ചിരുന്നത്.
സിനിമ എന്റെ ഒരു വിദൂര സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ല. സംഘടനകളുടെയൊക്കെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ചില നാടകങ്ങളൊക്കെ തട്ടിക്കൂട്ടി, അതില്‍ അഭിനയിച്ചിട്ടുണ്ട്. അതൊന്നും ചെയ്തത് നാടകരംഗത്തോ അഭിനയ രംഗത്തോ ഏതെങ്കിലും രീതിയിലുള്ള സംഭാവനകള്‍ ചെയ്യാമെന്ന അതിമോഹത്താലൊന്നുമായിരുന്നില്ല. ഒരു കൂട്ടായ്മയ്ക്ക് വേണ്ടി ചെയ്യുന്ന ചെറിയ പരിപാടികള്‍ മാത്രമായിരുന്നു.
പക്ഷേ ഈ നാടകങ്ങളിലൊക്കെ അഭിനയിക്കുന്നതുകൊണ്ട് തന്നെ എനിക്ക് ചെറിയ അഭിനയ വാസനയുണ്ടെന്ന് ചുറ്റുവട്ടത്തൊക്കെയുള്ള ചിലര്‍ക്ക് അറിയാമായിരുന്നു. റിട്ടയര്‍മെന്റിന് ശേഷം ഞങ്ങള്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് ചില നാടകങ്ങള്‍ എഴുതുകയും സംവിധാനം ചെയ്യുകയും അവതരിപ്പിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. ആ നാടകങ്ങളൊന്നും പക്ഷേ പൊതുജനങ്ങളുടെ മുന്‍പിലല്ല കളിച്ചിരുന്നത്, സുഹൃത്തുക്കളുടേയും ജീവനക്കാരുടേയും സാന്നിധ്യത്തിലാണ്.
കപ്പേള സിനിമയുടെ സംവിധായകനും നടനുമായ മുസ്തഫ എന്റെ അയല്‍വാസിയാണ്. എന്റെ നാടക പ്രവര്‍ത്തനത്തെയൊക്കെ പ്രോത്സാഹിപ്പിക്കുകയും അത് കാണാനും സഹായിക്കാനുമൊക്കെ അദ്ദേഹം വരാറുണ്ടായിരുന്നു. ഏതോ ഒരു നാടകത്തില്‍ അദ്ദേഹവും ഞങ്ങളുടെയൊപ്പം പ്രവര്‍ത്തിച്ചിരുന്നു. മാത്രമല്ല മുസ്തഫ സിനിമാ രംഗത്തേക്ക് കടന്നുവന്ന സമയത്ത് അദ്ദേഹത്തെ അഭിനന്ദിക്കാനും അദ്ദേഹത്തിന് ആദരവ് നല്‍കാനുമൊക്കെ ഞാനുമുണ്ടായിരുന്നു. അത്തരത്തില്‍ ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമുണ്ട്.
കാതല്‍ സിനിമയുടെ ചര്‍ച്ച നടക്കുന്ന സമയത്ത് മുസ്തഫ ജിയോ ബേബിയെ കണ്ടിരുന്നു. അദ്ദേഹം കാതലിനെ കുറിച്ച് മുസ്തഫയോട് സംസാരിക്കുകയും ചെയ്തു. സിനിമയുടെ കാസ്റ്റിങ് എല്ലാം കഴിഞ്ഞെന്നും ഇനി മമ്മൂക്കയുടെ അച്ഛന്‍ വേഷത്തിലേക്ക് ഒരാളെ കിട്ടണമെന്നും അതൊരു പുതുമുഖമായാല്‍ നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെ ഒരു ചര്‍ച്ച നടന്നപ്പോള്‍ മുസ്തഫ എന്നെ കുറിച്ച് ജിയോയോട് പറയുകയായിരുന്നു. എന്റെ പ്രൊഫൈല്‍ പറഞ്ഞു കൊടുത്തു. ഇനി നിങ്ങള്‍ വന്ന് നോക്കൂവെന്നും നിങ്ങള്‍ വന്ന് സംസാരിക്കൂ എന്നും പറഞ്ഞ് മുസ്തഫ അവരെ കൂട്ടി ഒരു ദിവസം എന്നെ വന്ന് കണ്ടു.
സെപ്റ്റംബര്‍ അവസാനമാണ് വന്നത്. ജിയോ ബേബിയും തിരക്കഥാകൃത്തുക്കളായ ആദര്‍ശ് സുകുമാരനും പോള്‍സനും കൂടിയായിരുന്നു വന്നത്. ജിയോ സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ എന്നോട് പറഞ്ഞു.
ഇങ്ങനെ ഒരു പരിപാടി ഉണ്ടെന്നും അച്ഛന്റെ റോളിലേക്ക് ഒരാളെ വേണമെന്നും കുറേ പേരെ തങ്ങള്‍ നോക്കുന്നുണ്ടെന്നുമായിരുന്നു പറഞ്ഞത്. താങ്കളെ ആ കഥാപാത്രത്തിലേക്ക് പറ്റുമെന്നാണ് തോന്നുന്നത്, താങ്കള്‍ക്ക് വിസ്സമതമില്ലെങ്കില്‍ എന്നാണ് പറഞ്ഞത്.
നമ്മളെ സംബന്ധിച്ച് മമ്മൂട്ടിയോടൊപ്പം നിന്ന് ഒരു ഫോട്ടോയെടുക്കാന്‍ പറ്റുന്നതുപോലും വളരെ സന്തോഷമുള്ള കാര്യമാണ്. എത്രയോ ആളുകള്‍ ആഗ്രഹിക്കുന്ന കാര്യം. ഞാനും ആഗ്രഹിച്ചിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം ഒരു സിനിമ, ആ മഹാനടനൊപ്പം ഒരു സിനിമ അഭിനയിക്കാന്‍ കഴിയുകയെന്ന് വെച്ചാല്‍ വലിയ കാര്യമാണ്.
എനിക്ക് നൂറ് വട്ടം സമ്മതമാണെന്നും എന്നെ പറ്റുമോ എന്ന് നിങ്ങളാണ് പറയേണ്ടതെന്നും ഞാന്‍ മറുപടി നല്‍കി. പറ്റില്ലെങ്കില്‍ അത് തുറന്നുപറയണമെന്നും പറഞ്ഞു.
ഞങ്ങള്‍ ഒന്ന് രണ്ട് ഫോട്ടോ എടുത്തിട്ട് മമ്മൂക്കയ്ക്ക് അയച്ചുകൊടുക്കാമെന്നും അദ്ദേഹമാണ് അതിന്റെ ഫൈനല്‍ അപ്രൂവല്‍ തരേണ്ടതെന്നുമായിരുന്നു ജിയോയുടെ മറുപടി. രണ്ട് ദിവസത്തിനകം അറിയിക്കാമെന്ന് പറഞ്ഞ് അവര്‍ പോയി. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ജിയോ തന്നെ എന്നെ വിളിച്ചിട്ട് മമ്മൂക്ക ഓക്കെ പറഞ്ഞിട്ടുണ്ടെന്നും 26ാം തിയതി തന്നെ ഷൂട്ട് തുടങ്ങണമെന്നും പറഞ്ഞു.
മമ്മൂട്ടി എന്ന മഹാനടന്‍ എന്റെ ഒരു ഫോട്ടോ കണ്ടിട്ട് ‘അദ്ദേഹം വന്നോട്ടെ’ എന്ന് പറഞ്ഞപ്പോള്‍ തന്നെ എനിക്കത് വലിയ അംഗീകാരമായി തോന്നി, വലിയൊരു ബഹുമതിയായി തോന്നി. ആ ആത്മവിശ്വാസത്തിലാണ് ഞാന്‍ ഇതില്‍ ജോയിന്‍ ചെയ്യുന്നത്.
ഇങ്ങനെയൊരു സിനിമ മമ്മൂട്ടിയെപ്പോലൊരു നടന്‍ ഏറ്റെടുത്തതിനെ കുറിച്ച് എന്താണ് പറയാനുള്ളത്. അതൊരു വിപ്ലവമായി തോന്നുന്നുണ്ടോ?
തീം അടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ സമൂഹത്തില്‍ വിപ്ലവകരമായ ഒരു വിഷയത്തെയാണ് കാതലിലൂടെ അവതരിപ്പിച്ചിട്ടുള്ളത്. ഈയൊരു പ്രത്യേക വിഭാഗത്തോടുള്ള പൊതുസമൂഹത്തിന്റേയും ആളുകളുടേയുമെല്ലാം നിലപാടുകളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ആ ഒരു മാറ്റത്തിന് തുടക്കം കുറിക്കാന്‍ ഈ സിനിമ ഉപകരിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ഈ സിനിമയ്ക്ക് ഇപ്പോള്‍ കിട്ടിയ സ്വീകാര്യത മമ്മൂട്ടിയെന്ന മഹാപ്രതിഭ ആ വേഷം എടുത്തതുകൊണ്ട് മാത്രമാണ്. വേറെ ആരെങ്കിലുമായിരുന്നു മമ്മൂട്ടിക്ക് പകരം ആ വേഷം എടുത്തിരുന്നതെങ്കില്‍ ഈ സിനിമ പരിഹസിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും കല്ലെറിയപ്പെടുകയും ചെയ്യുമായിരുന്നു. അതില്‍ ഒരു സംശയവുമില്ല.
മമ്മൂട്ടി ആ നായകസ്ഥാനത്ത് നില്‍ക്കുമ്പോള്‍ കേരള സമൂഹത്തിന് അങ്ങനെയങ്ങ് മമ്മൂട്ടിയെ വിമര്‍ശിക്കുവാനോ ആക്ഷേപിക്കുവാനോ കഴിയില്ലല്ലോ. അതുകൊണ്ട് തന്നെയാണ് സിനിമാ പ്രേമികളും സിനിമയെ സീരിയസായി കാണുന്നവരും സന്തോഷത്തോടെ കാതലിനെ സ്വീകരിച്ചത്.
തിയേറ്റര്‍ വിസിറ്റിന്റെ ഭാഗമായി നിരവധി തിയേറ്ററുകളില്‍ പോയിരുന്നു. സിനിമയെ കുറിച്ചുള്ള ആളുകളുടെ നിലപാട് ചോദിച്ചറിഞ്ഞിരുന്നു. വലിയ ആവേശത്തോടെയാണ് പുതിയ തലമുറ സിനിമയെ ഏറ്റെടുത്തത്. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍. പഴയ തലമുറകളില്‍ ഉള്ളവര്‍ ചിലപ്പോള്‍ നെറ്റി ചുളിച്ചേക്കാം.
പ്രായമായവരൊക്കെ കുടുംബത്തോടെ സിനിമ കാണാന്‍ വന്നിട്ടുണ്ട്. അതില്‍ ഭാര്യമാരാണ് കൂടുതല്‍ ഹാപ്പി. ജിയോ ബേബിയുടെ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ കണ്ടിതന് ശേഷം ഒരു ചെറിയ നിശബ്ദമായ വിപ്ലവം നമ്മുടെ വീടുകളിലും അടുക്കളകളിലും നടന്നിട്ടുണ്ട്. അതുപോലെ നിശബ്ദമായ ഒരു വിപ്ലവം ഈ സിനിമയ്ക്ക് ശേഷം കേരള സമൂഹത്തില്‍ ഉണ്ടാകും, ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നാണ് എന്റെ വിലയിരുത്തല്‍.
കാതലിന്റെ പ്രമേയത്തെ കുറിച്ച് കേട്ടപ്പോള്‍ എന്താണ് തോന്നിയത്?
വളരെ വിശദമായിട്ടൊന്നും ജിയോ എന്നോട് ഇതിന്റെ കഥ പറയുകയോ മറ്റു വിശദാംശങ്ങളെ കുറിച്ച് സംസാരിക്കുകയോ ഒന്നും ചെയ്തിട്ടില്ല. മമ്മൂട്ടിയുടേത് ഒരു ഗേ കഥാപാത്രമാണെന്ന് അറിയാമായിരുന്നു. ആ കഥയുടെ മറ്റു കാര്യങ്ങളൊന്നും പറഞ്ഞിരുന്നില്ല. ഈ സിനിമ കണ്ട ശേഷം മാത്രമാണ് അതിന്റെ ക്ലൈമാക്സ് പോലും ഞങ്ങള്‍ക്ക് മനസിലാവുന്നത്.
സിനിമ എന്നെ സംബന്ധിച്ച് ആദ്യത്തെ അനുഭവമല്ലേ. വലിയ സീനിയര്‍ നടന്മാര്‍ ആണെങ്കില്‍ അവരോട് കഥ മുഴുവനായി പറയുമായിരിക്കും. സാധാരണ ആളുകളോട് അങ്ങനെ പറയില്ല. പറയണമെന്ന് നിര്‍ബന്ധവുമില്ല. നമുക്ക് തരുന്ന വേഷം, അതിന്റെ സിറ്റുവേഷന്‍, ഭാവപ്രകടനം അതൊക്കെ സംവിധായകന്‍ വളരെ ഭംഗിയായി പറഞ്ഞു തരും. നമ്മള്‍ അതിനനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രം മതി.
മമ്മൂട്ടിയുമായുള്ള ആദ്യ കൂടിക്കാഴ്ച എങ്ങനെയായിരുന്നു?
എനിക്ക് വലിയൊരു ആത്മവിശ്വാസം നല്‍കിയ കൂടിക്കാഴ്ചയായിരുന്നു അത്. 26ാം തിയതിയാണ് ഞാന്‍ ലൊക്കേഷനില്‍ എത്തുന്നത്. ജിയോ ബേബിയും ആദര്‍ശും പോള്‍സണുമൊക്കെ അവിടെ ഉണ്ടായിരുന്നു. ബാക്കിയുള്ള ടെക്നീഷ്യന്‍മാരേയും ആര്‍ടിസ്റ്റുകളേയുമെല്ലാം അവര്‍ എനിക്ക് പരിചയപ്പെടുത്തി തന്നു.
ഞാനൊരു സീനിയര്‍മാന്‍ ആണല്ലോ. അതിന്റെ എല്ലാ ആദരവും കണ്‍സിഡറേഷനുമെല്ലാം അവര്‍ എനിക്ക് തന്നു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ എന്നോട് മേക്കപ്പ് ചെയ്യണമെന്ന് പറഞ്ഞു. തിരിച്ച് അതുപോലെ മേക്കപ്പ് ചെയ്ത് ഞാന്‍ അവിടെ വന്നിരുന്നു. ടേക്കിനുള്ള സമയമായപ്പോഴാണ് മമ്മൂക്ക വരുന്നത്. അദ്ദേഹം വന്നു. അദ്ദേഹത്തിന് ചുറ്റും ആളുകളുണ്ടാകുമല്ലോ. ഡയറക്ടറുമായും തിരക്കഥാകൃത്തുക്കളുമായിട്ടൊക്കെ സംസാരിക്കുകയാണ് അദ്ദേഹം.
ഞാന്‍ അദ്ദേഹത്തെ ഒരു വിസ്മയത്തോടെ ഇങ്ങനെ നോക്കുകയാണ്. കാരണം ആദ്യമായിട്ടാണ് ഞാന്‍ അദ്ദേഹത്തെ അടുത്ത് കാണുന്നത്. അങ്ങനെ ഒന്ന് ആളുകള്‍ ഒഴിഞ്ഞപ്പോള്‍ ഞാന്‍ മമ്മൂട്ടിയുടെ അടുത്ത് പോയിട്ട്, ‘ ഞാന്‍ ആര്‍.എസ് പണിക്കര്‍, അങ്ങയുടെ ഒപ്പം ഈ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് എന്റെ ഒരു മഹാഭാഗ്യമാണ് ‘ എന്ന് പറഞ്ഞു.
എന്നാല്‍ അദ്ദേഹം എന്നെ ഒരു പരിചിത ഭാവത്തിലാണ് നോക്കുന്നത്. ഞാന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ അദ്ദേഹം തിരിച്ചു പറഞ്ഞ ഒരു വാചകമാണ് എനിക്ക് ശക്തിപകര്‍ന്നത്. ‘ഞങ്ങള്‍ക്ക് ഒരു ആളിനേയും കിട്ടിയല്ലോ’ എന്നായിരുന്നു ആ മറുപടി. അത് കേട്ടപ്പോള്‍ എനിക്ക് മനസിലായി അദ്ദേഹം എന്നെ പൂര്‍ണമായി സ്വീകരിച്ചിട്ടുണ്ട് എന്ന്. പറയുമ്പോള്‍ എന്റെ മുന്‍കാല അഭിനയശേഷിയൊന്നും അദ്ദേഹത്തിന് അറിയില്ല. എങ്കിലും അദ്ദേഹത്തിന്റെ ആ വാക്കുകള്‍ എനിക്ക് നല്‍കിയ ഒരു ആത്മവിശ്വാസമുണ്ട്.
ഞങ്ങള്‍ തമ്മിലുള്ള കോമ്പിനേഷന്‍ സീനാണ് ആദ്യം എടുക്കുന്നത്. സിനിമയില്‍ ഞങ്ങള്‍ തമ്മില്‍ സംസാരം ഇല്ലല്ലോ. അദ്ദേഹം കസേരയില്‍ ഇരിക്കുന്നു. എന്നെ കണ്ടതും അദ്ദേഹം വായിച്ചുകൊണ്ടിരുന്ന പത്രം മുന്നിലിട്ട് എന്നെ അവഗണിച്ചുകൊണ്ട് നടന്നുപോകുന്നു. ഇതാണ് സീന്‍.
എന്നോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ ഞാന്‍ വല്ലാതെ ദു:ഖിക്കുന്നുണ്ടല്ലോ, ആ ഒരു ദു:ഖ ഭാവത്തോടെ ഞാന്‍ അയാളെ നോക്കുന്നു ഇതാണ് സംവിധായകന്‍ എനിക്ക് പറഞ്ഞു തന്നത്. അതുപോലെ ചെയ്യാന്‍ ഞാന്‍ ശ്രമിച്ചു. അത് നന്നായി ചെയ്തു എന്നാണ് എന്റെ വിശ്വാസം. അങ്ങനെ ആ സീന്‍ കഴിഞ്ഞു. എല്ലാവരും ഫ്രീയായി.
ഇതോടെ ഞാന്‍ അദ്ദേഹത്തിനടുത്ത് പോയിട്ട് എന്റെ പെര്‍ഫോമന്‍സിനെ കുറിച്ച് എന്തെങ്കിലും ഒരു അഭിപ്രായം….. എന്ന് പറഞ്ഞ് നിര്‍ത്തിയപ്പോള്‍ അദ്ദേഹം അതിന് നല്‍കിയ മറുപടി ‘ഇങ്ങനെ അങ്ങ് പോട്ടെ’ എന്നാണ്. ഇങ്ങനെ അങ്ങ് പോട്ടെ എന്ന് പറഞ്ഞാല്‍ അത് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അഭിനന്ദനമാണ്. അതുകൂടി ആയപ്പോള്‍ ഞാന്‍ മുഴുവനായും കോണ്‍ഫിഡന്റായി.
കാതലില്‍ ചാച്ചന്‍ നിശബ്ദനാണ്. ആ നിശബ്ദത ഭേദിക്കുന്ന സീന്‍ സിനിമയില്‍ ഏറ്റവും ശക്തമായ ഒരു രംഗം കൂടിയാണ്. ചാച്ചനെ കെട്ടിപ്പിടിച്ച് മാത്യു കരയുമ്പോള്‍ പ്രേക്ഷകന്റെ കൂടി കണ്ണു നിറയുന്നുണ്ട്. ആ രംഗം ചിത്രീകരിച്ചതിനെ കുറിച്ച് പറയാമോ?
അത്തരത്തില്‍ ഒന്ന് രണ്ട് രംഗം ആ സിനിമയില്‍ ഉണ്ട്. ഒന്ന് കോടതിയില്‍ ഉള്ള സീന്‍. വീട്ടില്‍ ഓമനയുമായുള്ള സംസാരവും ഓമന നല്‍കുന്ന മറുപടിയും അതിന് ശേഷം എനിക്കുണ്ടാകുന്ന മാറ്റവും അതിന് ശേഷം ഞാന്‍ എന്റെ തെറ്റുകള്‍ ഏറ്റുപറയുന്നതുമായ സീന്‍.
പഴയ കാര്യങ്ങള്‍ ഓമന ഓര്‍മ്മിപ്പിച്ചപ്പോള്‍ ഞാന്‍ പിന്നെ ഒന്നും അല്ലാതായിപ്പോവുന്നുണ്ട്. മരുമകളുടെ മുന്നില്‍ പോലും ഒന്നിനും കൊള്ളരുതാത്തവനായി പോയി. ആ സംഘര്‍ഷമൊക്കെ അതുപോലെ അവതരിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. അത് എത്രമാത്രം വിജയിച്ചെന്ന് അറിയില്ല.
പിന്നെ മമ്മൂട്ടിയുമായുള്ള ആ രംഗം. അതൊരു വല്ലാത്തൊരു ഷോക്കിങ് മൊമന്റായിരുന്നു. ഒരു നടനെന്ന നിലയിലും വ്യക്തിയെന്നെ നിലയിലും. എന്നോട് ഡയറക്ടര്‍ പറഞ്ഞത് മമ്മൂട്ടി എല്ലാം തകര്‍ന്ന മട്ടില്‍ സംസാരിക്കും. കാരണക്കാരന്‍ ചാച്ചനുംകൂടിയാണ് എന്ന മട്ടിലൊക്കെ ഡയലോഗുകള്‍ വരും. അതൊരു കുറ്റപ്പെടുത്തലല്ല, പഴയ കാര്യങ്ങള്‍ അദ്ദേഹം ഓര്‍ത്തെടുക്കുകയാണ്. ചാച്ചനും അതില്‍ ഉത്തരവാദിത്തമുണ്ട് എന്ന രീതിയിലാണ് കാര്യങ്ങള്‍ പറയുന്നത്. ഇങ്ങനെയാണ് സീന്‍.
മമ്മൂട്ടിയുടെ ഡയലോഗ് കഴിയുമ്പോള്‍ അതിന്റെ പ്രതികരണമെന്നോണം താങ്കള്‍ എഴുന്നേറ്റ് പോയി, ആശ്വസിപ്പിക്കാനെന്ന വണ്ണം മമ്മൂട്ടിയുടെ തോളത്ത് കൈ വെക്കണം. ആ സമയത്ത് മമ്മൂക്ക റിയാക്ട് ചെയ്യും. ഇതാണ് എന്നോട് പറഞ്ഞത്.
സ്വാഭാവികമായും കുറച്ചുകൂടി തീവ്രമായി റിയാക്ട് ചെയ്യും, അത് ക്യാമറ ഒപ്പിയെടുക്കും. എന്നെ സംബന്ധിച്ച് പ്രശ്നമില്ലല്ലോ. ഞാന്‍ വളരെ കൂളായിട്ട് പോയിട്ട്, അതായത് ആ സീനിന്റെ എല്ലാ തീവ്രതയും നിലനിര്‍ത്തിക്കൊണ്ട് തന്നെ ഞാന്‍ പോയി അദ്ദേഹത്തിന്റെ തോളത്ത് കൈ വെച്ചതും പിന്നെ ഒരു സെക്കന്റ് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല.
ഒരു പൊട്ടിക്കരച്ചിലും ഒരു പിടുത്തവുമാണ്. എന്തൊരു ശക്തിയുള്ള പിടുത്തമായിരുന്നു. അദ്ദേഹം എന്നെ വിഭ്രമിപ്പിച്ചു കളഞ്ഞു. ഒരു അഭിനേതാവ് എന്ന നിലയില്‍ മമ്മൂട്ടി നമ്മളെ വിസ്മയിപ്പിച്ചിട്ടുണ്ട്. പക്ഷേ ഇവിടെ അദ്ദേഹം എന്നെ വിഭ്രമിപ്പിച്ചു. കാരണം തികച്ചും അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ റിയാക്ഷന്‍.
അദ്ദേഹം പൊട്ടിക്കരയുകയല്ലേ, അതിനൊപ്പമുള്ള ഒരു പിടുത്തമുണ്ട്. സിനിമയിലുള്ള പിടിത്തമല്ല അത്. സിനിമയില്‍ പിടിക്കുന്നതായിട്ട് തോന്നിയാല്‍ മതിയല്ലോ. ഇത്ര ബലമായിട്ടൊന്നും പിടിക്കേണ്ട കാര്യമില്ലല്ലോ. പക്ഷേ അദ്ദേഹത്തിന്റെ ആ തീവ്രത, ആ അഭിനയത്തിന്റെ പാരമ്യതയില്‍ ബലമായി പിടിച്ചു. അതില്‍ ഞാന്‍ വിഭ്രാന്തിയിലായി.
ഭാഗ്യത്തിന് എന്റെ മുഖഭാവം ക്യാമറയില്‍ എടുത്തിട്ടില്ല. ആ സമയത്ത് എനിക്ക് വിഭ്രാന്തിയാണ് ഉള്ളത്. നമ്മള്‍ പ്രതീക്ഷിക്കാത്ത രീതിയിലുള്ള ഒരു സംഭവം നടന്നാല്‍ ഒരു അങ്കലാപ്പുണ്ടാകുമല്ലോ. പിന്നെ അദ്ദേഹം തന്നെ എന്നെ പിടിച്ച് തിരിച്ച് കസേരയില്‍ ഇരുത്തി. അപ്പോള്‍ ഞാനും അദ്ദേഹത്തെ പിടിക്കുന്നു. അവിടെ ഞാന്‍ പറയുന്ന വാക്കുകളുണ്ടല്ലോ, ‘നീയല്ല കുറ്റക്കാരന്‍ ഞാനാണ് കുറ്റക്കാരന്‍’ എന്ന്. ആ വാക്ക് പറഞ്ഞുകൊണ്ട് ഞാന്‍ അദ്ദേഹത്തെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് ആ സീന്‍ അവിടെ അവസാനിപ്പിക്കുകയാണ്. എന്നെ സംബന്ധിച്ച് ഒരു ഷോക്കിങ് മൊമന്റായിരുന്നു അത്.
കാതലില്‍ മമ്മൂട്ടിയേക്കാള്‍ കൂടുതല്‍ സീനുകള്‍ ജ്യോതികയുമായിട്ടാണല്ലോ ഉള്ളത്. വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് അവര്‍ അവതരിപ്പിച്ചത്. ജ്യോതികയ്‌ക്കൊപ്പമുള്ള അഭിനയം എങ്ങനെയുണ്ടായിരുന്നു?
ജ്യോതിക വളരെ വിനയമുള്ള ആളാണ്. വളരെ ഭംഗിയായിട്ട്, അവരുടെ ഉള്ളിലുള്ള എല്ലാ ദു:ഖങ്ങളും വികാരങ്ങളും ഒതുക്കി എന്നാല്‍ ചില ഉറച്ച തീരുമാനങ്ങളെടുത്ത് മുന്നോട്ടുപോകുന്ന കഥാപാത്രം. അവര്‍ക്ക് മാത്യുവിനെ സ്നേഹമാണ്. ചാച്ചനെ അതിനേക്കാള്‍ കൂടുതല്‍ സ്നേഹമാണ്. ചാച്ചന്റെ ആകെയുള്ള ആശ്രയം അവരാണല്ലോ. അതൊക്കെ അവര്‍ക്കറിയാം. ചാച്ചന് ഒന്ന് സംസാരിക്കാനോ അദ്ദേഹത്തിന് ഒരു ചായയുണ്ടാക്കി കൊടുക്കാനോ ഒരാളില്ല. ചാച്ചന് അവരോട് അത്രമാത്രം സ്‌നേഹവും വാത്സല്യവും ഉണ്ട്. ആ ഭാവങ്ങളൊക്കെ എത്ര ഭംഗിയായി, ആര്‍ദ്രമായിട്ടാണ് അവര്‍ അവതരിപ്പിച്ചത്.
പഴയ കഥയൊക്കെ ചാച്ചനെ അവര്‍ ഓര്‍മ്മിപ്പിക്കുന്ന രംഗമുണ്ട് സിനിമയില്‍. അതോടെ അവരുടെ മുന്‍പില്‍ അയാള്‍ ഒന്നുമല്ലാതാവുകയാണ്. അവര്‍ക്ക് മുന്‍പില്‍ ദേവസിയുടെ തല കുനിയുകയാണ്. ഇതിനേക്കാള്‍ തലകുനിഞ്ഞല്ലേ ചാച്ചന്‍ അന്ന് എന്റെ കൂടെ കാറില്‍ വന്നത് എന്ന് ഓമന ചോദിക്കുമ്പോള്‍ പ്രായമായ ഒരു മനുഷ്യന് എന്ത് വികാരമാണ് ഉണ്ടാകുക, ആ വികാരം കുറച്ചൊക്കെ നാച്ചുറലായി കൊണ്ടുവരാന്‍ എനിക്ക് കഴിഞ്ഞെന്നാണ് വിശ്വസിക്കുന്നത്.
അത് വെറും അഭിനയം മാത്രമല്ല. ഇത്തരം സാഹചര്യമൊക്കെ ഉള്‍ക്കൊള്ളാനും അത് ആ രീതിയില്‍ ചെയ്യാനുമൊക്കെയുള്ള പ്രായവും പക്വതയുമൊക്കെ എനിക്കുണ്ട്. അതുകൊണ്ടായിരിക്കാം അതൊന്നും വലിയ ബോറാവാതെ പ്രേക്ഷകരില്‍ എത്തിക്കാന്‍ എനിക്ക് കഴിഞ്ഞതെന്നാണ് തോന്നുന്നത്.
ജീവിതത്തിന്റെ വിവിധ തലങ്ങളിലൂടെ കടന്നുപോയ ആളാണ് ദേവസി. ഒരുപാട് ജീവിതാനുഭവങ്ങള്‍, പഴയ പൊതുപ്രവര്‍ത്തകനായിരുന്നു. ഭാര്യയില്ല. ഒരു മകളും മകനുമാണ് ഉള്ളത്. വിദേശത്തുള്ള മകള്‍ വീഡിയോ കോളിലൂടെ വരുന്ന ഒരു രംഗമുണ്ടല്ലോ സിനിമയില്‍. അതിലൊക്കെ എത്ര ഇന്‍ ടോളറന്‍സാണ് ആ അച്ഛന്‍ കാണിക്കുന്നത്. അവള്‍ക്ക് ഒരു മറുപടി പോലും കൊടുക്കുന്നില്ല. അവള്‍ ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുന്നപ്പോള്‍ ഫോണ്‍ കട്ട് ചെയ്ത് അവസാനിപ്പിക്കുകയാണ് അദ്ദേഹം. ആ കഥാപാത്രത്തിന്റെ മാനസികാവസ്ഥ പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രംഗങ്ങളാണ് അതൊക്കെ. അത്ര ഭംഗിയായിട്ടാണ് സംവിധായകന്‍ ഓരോ സീനും ചെയ്തുവെച്ചിരിക്കുന്നത്.
തങ്കന്റെ കടയില്‍ പോയി മിഠായി വാങ്ങുന്ന ഒരു സീനുണ്ട് കാതലില്‍. സിനിമയിലെ മികച്ച സീനുകളില്‍ ഒന്ന്. അതുപോലെ തങ്കന്‍ വോട്ട് ചെയ്ത് വരുമ്പോള്‍ ദേവസിയെ നോക്കുന്ന ഒരു രംഗം. അത്തരത്തില്‍ വളരെ മൈന്യൂട്ടായി ഒരു മുഖംകൊടുക്കല്‍ മാത്രമാണ് ചിത്രത്തില്‍ തങ്കനുമായിട്ട് ഉള്ളത്, തങ്കനെ കുറിച്ചും ആ സീനുകളെ കുറിച്ചും?
പലരും എടുത്തുപറയുന്ന രണ്ട് സീനുകള്‍ തന്നെയാണ് ഇത്. വളരെ നല്ലൊരു സീനായിരുന്നു ഇത് രണ്ടും. ഞങ്ങള്‍ രണ്ട് പേരും ആ സീനില്‍ ഒരുപോലെ റിയാക്ട് ചെയ്തു. തങ്കന്റെ കഥാപാത്രത്തിന് എന്നെ ഫേസ് ചെയ്യാനുള്ള ജാളിത്യയും ചമ്മലും കുറ്റബോധവുമൊക്കെയുണ്ടല്ലോ. എന്റെ മനസിലുള്ളതോ, ഇവനാണല്ലോ കുഴപ്പക്കാരന്‍ എന്ന തോന്നല്‍. ഇവനെ ചീത്ത പറയാനോ ഒന്നും സാധിക്കില്ല.
എന്റെയുള്ളിലുള്ള ഒരു ദു:ഖഭാവത്തോടെയുള്ള വെറുപ്പുണ്ട്, അതിന് അപ്പുറത്ത് നിസ്സഹായതോടെയുള്ള വെറുപ്പ് പ്രകടിപ്പിക്കാന്‍ ഞാന്‍ ആവര്‍ത്തിച്ച് ശ്രമിച്ചിട്ടുണ്ട്. അവനെ ഒരു തവണ നോക്കി, വീണ്ടും നോക്കി, ഒന്നുകൂടി തിരിഞ്ഞു നോക്കി. ആ സീനിന് വലിയൊരു സൗന്ദര്യം ഉണ്ടായിരുന്നു എന്നാണ് ആളുകള്‍ പറഞ്ഞത്.
അതുപോലെ വോട്ട് ചെയ്തുവരുമ്പോഴുള്ള സീന്‍ എത്തുമ്പോള്‍ കാര്യങ്ങള്‍ മാറുന്നുണ്ട്. അപ്പോള്‍ പിന്നെ അവനോട് ശത്രുത വേണ്ട എന്ന തോന്നലില്‍ ചാച്ചന്‍ എത്തി. അവന്‍ വോട്ട് ചെയ്യാന്‍ എത്തി, മാത്യുവിന്റെ വിജയത്തിന് വേണ്ടി ഓമനയും അവനും വന്നു. വോട്ട് ചെയ്ത് പോകുമ്പോള്‍ തങ്കന്‍ ചാച്ചനെ നോക്കുന്നുണ്ട്. ഇത് ഞാന്‍ ഉള്‍ക്കൊള്ളുന്നു എന്നൊരു മന്ദഹാസം അപ്പോള്‍ ചാച്ചന്റെ മുഖത്തുണ്ട്. അത് ചിലര്‍ എടുത്തുപറഞ്ഞിരുന്നു.
കാതല്‍ സിനിമ എല്‍.ജി.ബി.ടി.ക്യൂയെ കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ എന്തെങ്കിലും രീതിയില്‍ മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്നൊരു സിനിമ വന്നു. അതോടെ സ്ത്രീ സ്വാതന്ത്ര്യം പെട്ടെന്ന് ഉണ്ടാകുമോ? ഇല്ലല്ലോ. പക്ഷേ വളരെ നിശബ്ദമായ ഒരു വിപ്ലവം നമ്മുടെ അടുക്കളയില്‍ നടക്കുന്നുണ്ട്, നമ്മുടെ ഓരോ വീടുകളിലും നടക്കുന്നുണ്ട്. അതിന് ശേഷം എത്രയോ പുരുഷന്‍മാര്‍, എന്റെ പല സുഹൃത്തുക്കളും അടുക്കളയില്‍ കയറി പാത്രമൊക്കെയൊന്ന് കഴുകാനും അല്ലെങ്കില്‍ ഭക്ഷണം കഴിച്ച ആ പ്ലേറ്റ് എടുത്ത് അടുക്കളയില്‍ കൊണ്ടുവെക്കാനും തയ്യാറായിട്ടുണ്ട്. അവിടെ വരെയൊക്കെ കാര്യങ്ങള്‍ എത്തിയിട്ടുണ്ട്.
വ്യക്തിപരമായി പറഞ്ഞാല്‍ ഞാന്‍ അതിന് ആയിട്ടില്ല കേട്ടോ, എനിക്ക് ആ ആറ്റിറ്റിയൂഡൊക്കെ ഉണ്ടെങ്കിലും അത് ഇതുവരെ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. ഇതൊരു കുറ്റസമ്മതം കൂടിയാണ്. എനിക്ക് 74 വയസായി. ഇനി ഞാന്‍ എങ്ങനെ മാറാനാണ്. ഇനി ഞാന്‍ മാറിയാല്‍ തന്നെ എന്റെ ആ മാറ്റത്തെ എന്റെ പാര്‍ട്ണര്‍ അംഗീകരിക്കുന്നില്ല.
ഇത്രയും നാള്‍ വേറൊരു രീതിയില്‍ ജീവിച്ച ഞാന്‍ പെട്ടെന്ന് മാറിക്കഴിഞ്ഞാല്‍ എനിക്കെന്തോ സുഖമില്ലേ എന്ന് ഭാര്യ ചോദിക്കും. അതെനിക്കുറപ്പുണ്ട്. എനിക്കെന്തോ മാനസിക പ്രശ്‌നമുണ്ടെന്നേ അവള്‍ കരുതൂ. പക്ഷേ പുതിയ തലമുറയ്ക്ക്, വിവാഹം കഴിച്ചവര്‍ക്കും വിവാഹം കഴിക്കാന്‍ ഇരിക്കുന്നവര്‍ക്കും അതൊരു പാഠമാണ്.
എന്റെ മകന്‍ ബെംഗളൂരുവിലാണ്. അവനും അവന്റെ മകനും അടുക്കളയില്‍ കയറി എല്ലാ ജോലികളും മരുമകള്‍ക്കൊപ്പം ചെയ്യുന്നുണ്ടല്ലോ. ഞാന്‍ ഇതൊക്കെ ശ്രദ്ധിക്കാറുണ്ട്. അതുകാണുമ്പോള്‍ ഈ ട്രാന്‍സ്ഫര്‍മേഷന്‍ കൊള്ളാമല്ലോ എന്ന് എനിക്കും തോന്നിയിട്ടുണ്ട്. നിശബ്ദമായി നടക്കുന്ന ഈ മാറ്റം, ഈ വിപ്ലവം അടുക്കളകളിലും പുരുഷന്‍മാരുടെ മനസുകളിലും നടക്കുന്നുണ്ട്.
അതുപോലെ സ്ത്രീകളും വളരെ ബോള്‍ഡായി വരുന്നുണ്ട്. പിന്നെ നമ്മള്‍ കാര്യങ്ങള്‍ പറയുന്ന രീതി, മറുഭാഗത്തിരിക്കുന്നവരെ അപമാനിക്കുന്ന രീതിയിലും സംസാരിക്കാം, അവനെ അഡൈ്വസ് ചെയ്യുന്ന രീതിയിലും സംസാരിക്കാം. അഡൈ്വസ് ചെയ്യുന്ന രീതിയില്‍ സംസാരിച്ചാല്‍ ഏത് പുരുഷനും മാറ്റത്തിന് വിധേയനാകും. ദേഷ്യപ്പെട്ടുകൊണ്ട് പറഞ്ഞാല്‍ ചിലപ്പോള്‍ സാഹചര്യം ചിലപ്പോള്‍ വഷളാകുമെന്നാണ് തോന്നുന്നത്. അതുപോലെ നിശബ്ദമായ ഒരു വിപ്ലവം ഈ സിനിമയ്ക്ക് ശേഷം കേരള സമൂഹത്തില്‍ ഉണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്.
ആദ്യമായി സ്വന്തം മുഖം ബിഗ്സ്‌ക്രീനില്‍ കണ്ടപ്പോള്‍ എന്താണ് തോന്നിയത്?
ഞാന്‍ ശരിക്കും ഈ സിനിമ കാണുന്നില്ല. എന്റെ റോള്‍ വരുമ്പോള്‍ അത് എങ്ങനെയുണ്ടെന്നും എന്റെ അഭിനയം എങ്ങനെയുണ്ടെന്നും എന്റെ മുഖഭാവം എങ്ങനെയുണ്ട് എന്നൊക്കെയാണ് ശ്രദ്ധിക്കുന്നത്. ഞാന്‍ എന്റെ ഭാഗം മാത്രമാണ് നോക്കുന്നതെന്ന് വേണമെങ്കില്‍ പറയാം (ചിരി). അത് എന്റെ ഒരു ആകാംക്ഷയാണ്.
മൂന്ന് നാല് തവണ സിനിമ കണ്ടുകഴിഞ്ഞു. തിയേറ്റര്‍ വിസിറ്റിന്റെ ഭാഗമായിട്ടും അല്ലാതെയും സിനിമ കണ്ടിട്ടുണ്ട്. സുഹൃത്തുക്കളുമായിട്ടാണ് ഞാന്‍ സിനിമ കണ്ടത്. അവരുടെ അഭിപ്രായമാണ് എനിക്ക് ആദ്യം അറിയേണ്ടത്, സത്യസന്ധമായിട്ടുള്ള അഭിപ്രായം. അങ്ങനെയുള്ള സുഹൃത്തുക്കളാണ് എല്ലാവരും.
എഡേയ്, തനിക്ക് ഈ വയസാംകാലത്ത് ആവശ്യമില്ലാത്ത പണിക്ക് പോകണമായിരുന്നോ എന്ന് ചോദിക്കാന്‍ സ്വാതന്ത്ര്യം ഉള്ളവര്‍. അല്ലെങ്കില്‍ തനിക്ക് ഈ പണി പറ്റില്ല എന്ന് എന്റെ മുഖത്ത് നോക്കി പറയാന്‍ സ്വാതന്ത്ര്യവും അവകാശവുമുള്ള സുഹൃത്തുക്കളാണ് അവര്‍. അങ്ങനെയാണ് ഞങ്ങളുടെ ബന്ധങ്ങള്‍. പക്ഷേ അങ്ങനെയൊന്നും എനിക്ക് കാണേണ്ടിയും കേള്‍ക്കേണ്ടിയും വന്നില്ല എന്നതാണ് ഏറ്റവും വലിയ സന്തോഷം.
ഞാന്‍ ഇങ്ങനെയൊരു വലിയ സിനിമയില്‍ അഭിനയിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ഞാന്‍ രാഷ്ട്രീയവും സംഘടനാ പ്രവര്‍ത്തനവുമായി നടന്ന മനുഷ്യനാണ്. അപ്പോള്‍ എന്നെ ഇങ്ങനെ കണ്ടപ്പോള്‍ അവര്‍ക്ക് അത്ഭുതം തോന്നി. സിനിമ വളരെ നന്നായി എന്ന് എല്ലാവരും പറഞ്ഞു. മമ്മൂക്കയെ അഭിനന്ദിക്കുകയല്ല, ഇത്തരമൊരു റോള്‍ കൈകാര്യം ചെയ്ത അദ്ദേഹത്തിന്റെ ധൈര്യത്തെയാണ് എല്ലാവരും പ്രശംസിച്ചത്.
മമ്മൂട്ടിയുടെ അഭിനയ പാഠവത്തെ കുറിച്ചൊന്നും ആരും പറയേണ്ടതില്ലല്ലോ. ഈ റോള്‍ മമ്മൂട്ടിയല്ലാതെ വേറെ ആരെങ്കിലുമായിരുന്നു ചെയ്തിരുന്നതെങ്കില്‍ ഈ സിനിമ പരാജയപ്പെടുമെന്ന് മാത്രമല്ല ഈ സിനിമ പരിസഹിക്കപ്പെടുകയും അപകീര്‍ത്തിപ്പെടുകയും ചെയ്യുമായിരുന്നു. എന്തെങ്കിലുമൊക്കെ അനഭലഷണീയമായ തര്‍ക്കങ്ങളും ചര്‍ച്ചകളും ആരോപണങ്ങളുമൊക്കെയുണ്ടാകാന്‍ സാധ്യതയുണ്ടായിരുന്നു.
സമൂഹം, പ്രത്യേകിച്ചും യുവതലമുറ, അതില്‍ തന്നെ പെണ്‍കുട്ടികള്‍ വളരെ ഹൃദയപൂര്‍വം ഈ സിനിമയെ ഏറ്റെടുത്തു. പിന്നെ കുടുംബങ്ങള്‍ അവര്‍ വളരെ ആവേശത്തോടെയാണ് സിനിമ ഏറ്റെടുത്തത്. കോഴിക്കോട് ഞാനൊരു തിയേറ്റര്‍ വിസിറ്റിന് പോയപ്പോള്‍ സിനിമ കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ഒരു പ്രേക്ഷക ബാല്‍ക്കണിയില്‍ നിന്നും ‘ചാച്ചാ’ എന്ന് ഉറക്കെ ഒരു വിളി വിളിച്ചു. ആ വിളിയില്‍ തിയേറ്റര്‍ നിശബ്ദമായി. എനിക്ക് കിട്ടിയ ഏറ്റവും വലിയ അവാര്‍ഡായിരുന്നു ആ വിളി. എന്നെ വല്ലാതെ ത്രസിപ്പിച്ച ഒരു വിളിയായിരുന്നു.
ഞാന്‍ സിനിമ കാണാന്‍ വേണ്ടി ആദ്യമായി സുഹൃത്തുക്കളോടൊപ്പം പോയി, ഇന്റര്‍വെല്ലിന് പുറത്തിറങ്ങിയപ്പോള്‍ അവര്‍ എന്നോട് ചോദിച്ചു, അല്ല ഡയലോഗുകളൊന്നുമില്ലേ (ചിരി). അവര്‍ ആകാംക്ഷ കൊണ്ട് ചോദിച്ചതാണ്. ഞാന്‍ പറഞ്ഞു, പൊതുവെ കുറവാണ്. ഇനി വരാനുണ്ട്. നിങ്ങള്‍ വെയ്റ്റ് ചെയ്യൂ എന്ന്. ഇന്റര്‍വെല്ലിന് ശേഷമാണ് ഈ കഥാപാത്രത്തിന്റെ ഡെപ്ത് അവര്‍ക്ക് മനസിലായത്. അതുവരെ ഈ വയസന്‍ ഇങ്ങനെ മിണ്ടാതിരിക്കുകയാണല്ലോ.
അതുപോലെ ഞാന്‍ കുറ്റിപ്പുറത്ത് ഒരു തിയേറ്ററില്‍ സിനിമ കണ്ടപ്പോള്‍ എന്നോട് ഒരാള്‍ ചോദിച്ചത്, ‘ചങ്ങായി ഇങ്ങള്‍ ഇത്രയും കാലം എവിടെയായിരുന്നു’ എന്നാണ്. അപ്പോള്‍ ഞാന്‍ ചിരിച്ചു. ഞാന്‍ ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു എന്ന് പറഞ്ഞു. അത് കഴിഞ്ഞ് വേറൊരാള്‍ പറഞ്ഞത് ‘ങ്ങള് ഈ ഇന്റര്‍വെല്‍ വരെ ഒരക്ഷരം മിണ്ടാതിരുന്നപ്പോള്‍ നിങ്ങള്‍ ഒരു വാക്ക് പറഞ്ഞ് കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു, ആ ശബ്ദമൊന്ന് കേള്‍ക്കാന്‍ വേണ്ടി എന്നാണ്. ആ കപ്പലണ്ടി മിഠായിയാണ് നിങ്ങളെ രക്ഷിച്ചതെന്നും പറഞ്ഞു (ചിരി). അതുമാത്രമല്ല
ഞാന്‍ കടലമിഠായി ചോദിച്ച സീനില്‍ തിയേറ്ററില്‍ കയ്യടിയുണ്ടായി.
കാതലില്‍ ചാച്ചന്‍ അനുഭവിക്കുന്ന ഒരു വലിയ മാനസിക സംഘര്‍ഷമുണ്ട്. നമ്മുടെ സമൂഹത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ച് ജീവിതം തള്ളിനീക്കുന്ന അനവധി ആളുകള്‍ ഉണ്ടാകും. രാഷ്ട്രീയ- പൊതുപ്രവര്‍ത്തന ജീവിതത്തിനിടെ ഇത്തരത്തിലുള്ള ഏതെങ്കിലും വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ടോ?
സമാനമായ ഒരുപാട് സംഭവങ്ങള്‍ അറിഞ്ഞും അനുഭവിച്ചുമൊക്കെ പോയ വ്യക്തിയാണ് ഞാന്‍. ഞാനൊരു സംഘടനാ പ്രവര്‍ത്തകനാണ്. രണ്ടായിരത്തോളം ആളുകള്‍ക്കൊപ്പം ഒന്നിച്ച് പ്രവൃത്തിച്ച വ്യക്തിയാണ്. ഈ 2000 പേരുമായും എനിക്ക് പേഴ്‌സണല്‍ ബന്ധമുണ്ടായിരുന്നു. ഒരു സംഘടനാ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അത് ഉണ്ടായേ മതിയാകൂ.
എന്നെ വിശ്വാസമുള്ള എന്നെ സ്‌നേഹിക്കുകയും, ബഹുമാനിക്കുകയുമൊക്കെ ചെയ്ത ആളുകള്‍ അവരുടെ ജീവിതത്തിലെ പരമ രഹസ്യങ്ങള്‍ പോലും ഞാനുമായി പങ്കുവെച്ചിട്ടുണ്ട്. സ്ത്രീ സുഹൃത്തുക്കള്‍ വരെ. അതൊരു വിശ്വാസമാണ്. ഇതിന് സമാനമായ ഒരു മൂന്ന് നാല് കേസുകള്‍ എനിക്ക് അറിയാം. സമാനം എന്ന് പറഞ്ഞാല്‍ ഇതേ കേസുകള്‍ തന്നെ ആവണമെന്നില്ലല്ലോ. ഇത്തരം നിരവധി കേസുകള്‍, വിവാഹമോചനത്തിന്റെ ഘട്ടത്തില്‍ എത്തിയ സംഭവങ്ങള്‍. എല്‍.ജി.ബി.ടി ക്യൂ വിഷയം മാത്രമല്ല.
നമ്മള്‍ക്ക് ഇവിടെ ഡൈവേഴ്‌സ് എന്ന് പറഞ്ഞാല്‍ ആസിഡ് ഒഴിക്കല്‍, കത്തിക്കുത്ത്, കൊലപാതകം ഇതൊക്കെയാണല്ലോ നടക്കുന്നത്. ഒരു തരത്തില്‍ ചുട്ടെരിക്കലല്ലേ നടക്കുന്നത്. മാന്യമായ ഒരു ഡൈവേഴ്‌സ് എന്നത് നമ്മുടെ സമൂഹത്തില്‍ വളരെ അപൂര്‍വമായിട്ട് മാത്രമേ നടക്കാറുള്ളൂ.
പിന്നേയും ഇപ്പോഴാണ് അതില്‍ കുറച്ചൊക്കെ മാറ്റം വന്നത്.
അനിവാര്യമായ ഘട്ടങ്ങളില്‍ കുറച്ചുകൂടി സംസ്‌ക്കാര ബോധത്തോടെ, സൗഹാര്‍ദത്തോടെ പിരിയാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതാണ് ഈ സിനിമ. ആ ഒരു രീതി വരും. ഒരു സംശയവുമില്ല. ഈയൊരു വിഷയം മാത്രമല്ലല്ലോ. ഒന്നിച്ച് ജീവിക്കാന്‍ കഴിയാത്ത രീതിയിലുള്ള സാഹചര്യങ്ങള്‍ പല കാരണങ്ങള്‍ കൊണ്ടും വരും.
ഏത് കാരണങ്ങള്‍ കൊണ്ടായാലും ഈ സിനിമയില്‍ ഓമന വിവാഹമോചനത്തെ കുറിച്ച് പറഞ്ഞപ്പോള്‍ അവളുടെ അപ്പന്‍ ചീത്തപറഞ്ഞു. എന്നാല്‍ അമ്മ അവര്‍ക്കൊപ്പം നിന്നു. അതൊക്കെ നമ്മുടെ സമൂഹത്തിന്റെ ശരിയായ ചിത്രീകരണമാണ്. അമ്മമാര്‍ സമ്മതിക്കും. അപ്പന്‍മാര്‍ സമ്മതിക്കില്ല. അത് അവരുടെ അഭിമാനത്തെ ബാധിക്കുന്ന, സമ്പത്തിനെ ബാധിക്കുന്ന പ്രശ്‌നമായി എടുക്കും. പക്ഷേ ഇനിയുള്ള തലമുറ മാറി ചിന്തിക്കുമെന്ന് തന്നെയാണ് കരുതുന്നത്. യോജിച്ചു പോകാന്‍ പറ്റില്ലെങ്കില്‍, പ്രത്യേകിച്ച് സ്ത്രീകള്‍ വിവാഹമോചനമെന്ന തീരുമാനത്തിലെത്താന്‍
ഈയൊരു സിനിമയും പ്രചോദനമാകുമെന്നാണ് കരുതുന്നത്.
സിനിമകളില്‍ തുടര്‍ന്നും പ്രതീക്ഷിക്കാമോ?
ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ ഒരൊറ്റ സിനിമ കൊണ്ട് എനിക്ക് കിട്ടിയ ഒരു സ്വീകാര്യതയുണ്ട്. അതിന് താഴേക്ക് എനിക്കിനി പോകാന്‍ പറ്റില്ല. ഏതെങ്കിലുമൊരു സിനിമയില്‍ പോയി എന്തെങ്കിലും അഭ്യാസം കാണിക്കാന്‍ പറ്റില്ല. അത് എന്റെ വ്യക്തിത്വത്തെ ബാധിക്കും.
വളരെ സീരിയസായിട്ടുള്ള സിനിമകളില്‍ എന്റെ ശരീരത്തിനും എന്റെ ആരോഗ്യത്തിനും എന്റെ ബോഡി ലാംഗ്വേജിനുമൊക്കെ യോജിക്കുന്ന കഥാപാത്രങ്ങള്‍, അത് ചെറുതായാലും വലുതായാലും കിട്ടിയാല്‍ ചെയ്യണമെന്നാണ് കരുതുന്നത്. മുഴുനീള വേഷമൊന്നുമല്ല പറയുന്നത്. ഒരൊറ്റ സീനാണെങ്കിലും അത് ശ്രദ്ധിക്കപ്പെടണം. പിന്നെ അത് നല്ലൊരു സിനിമയും ആയിരിക്കണം.
സിനിമയില്‍ ചെറിയ റോളുകളില്‍ വന്ന് പോയവരെ കുറിച്ച് ?
ചെറിയ റോളുകളില്‍ വന്ന് പോയവരെ കുറിച്ച് എടുത്ത് പറയേണ്ടതുണ്ട്. എത്ര ഭംഗിയായിട്ടാണ് ഓരോ സീനും അവര്‍ ചെയ്തിരിക്കുന്നത്. രാഷ്ട്രീയ നേതാക്കന്‍മാരായി വന്നവര്‍. സി.പി.ഐ.എം നേതാക്കളായൊക്കെ അഭിനയിച്ചവര്‍. അവരെയൊക്കെ യഥാര്‍ത്ഥത്തില്‍ ഒരു സി.പി.ഐ.എം ഓഫീസില്‍ നിന്ന് ഇറങ്ങി വന്നവരെപ്പോലെയാണ് എനിക്ക് തോന്നിയത്.
അതുപോലെ ഒരു ബ്രോക്കറായി വന്ന ഷൈനി. അവര്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച് പരിചയമുള്ളവരാണ്. എത്ര ഭംഗിയായിട്ടാണ് അവര്‍ ആ സീന്‍ചെയ്തത്. സിനിമ കണ്ടവര്‍ മുഴുവന്‍ അവരെ ഓര്‍ക്കും.
അതുപോലെ സിനിമയുടെ തുടക്കത്തില്‍ ഒരു പ്രണയ വിവാഹത്തെ എതിര്‍ക്കാന്‍ വേണ്ടി മമ്മൂട്ടിയെ ഒരു വീട്ടിലേക്ക് കൊണ്ടു വരുന്ന സീനില്ലേ. അതിലെ ആ പെണ്‍കുട്ടി. അവളുടെ ഒരു നോട്ടമുണ്ടല്ലോ. എന്ത് മനോഹരമായിട്ടാണ് കാണിച്ചിരിക്കുന്നത്. അതൊക്കെ എന്റെ മനസില്‍ തട്ടിയ വേഷങ്ങളാണ്.
അതുപോലെ ആ പെണ്‍കുട്ടിയുടെ അപ്പന്റെ വേഷം ചെയ്തയാള്‍. എന്ത് രസമായിട്ടാണ് അദ്ദേഹം അസ്വസ്ഥനായിട്ടുള്ള അച്ഛനെ അവതരിപ്പിച്ചിരിക്കുന്നത്. ‘ഇനി ഞാന്‍ ഇത് ആരോട് ചെന്ന് പറയുമെന്നുള്ള’ ഡയലോഗും ആ വികാരവുമൊക്കെ അനായാസമായി അഭിനയിച്ചിട്ടുണ്ട്.
അതിന് ശേഷം ബാറില്‍ ഇരുന്നുള്ള സീനില്‍ കഥ മാറുന്നു. എന്റെ മോളല്ലേ എനിക്ക് പിന്നെ ആരാണ് ഉള്ളത് എന്ന് ചോദിക്കുന്ന ഡയലോഗൊക്കെ. അതുപോലെ തങ്കനെ അഡൈ്വസ് ചെയ്യുന്ന വ്യക്തി എല്ലാവരും മികച്ച രീതിയില്‍ അഭിനയിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ കാസ്റ്റിങ്ങിനെ കുറിച്ച് പറയാതെ വയ്യ. സിനിമയ്ക്ക് യോജിക്കാത്ത ഒരാള്‍ പോലുമില്ല. ആ അഭിഭാഷകര്‍. എത്ര ഗംഭീരമായിട്ടാണ് അവര്‍ ചെയ്തത്. അതുപൊലെ അന്തരിച്ചു പോയ ഹനീഫ. അദ്ദേഹം ഒരു ഹാസ്യനടനായിരുന്നു. എത്ര സീരിയസ് റോളാണ് അദ്ദേഹം ചെയ്തത്. ്അദ്ദേഹത്തിന്റെ കരിയറില്‍ ഒരു ബ്രേക്ക് ആവേണ്ട ചിത്രമായിരുന്നു. പക്ഷേ വിധി അതിന് അനുവദിച്ചില്ല. ഈ ഘട്ടത്തില്‍ ഞാന്‍ അദ്ദേഹത്തെ അനുസ്മരിക്കുകയാണ്.
ജിയോ ബേബി എന്ന സംവിധായകനെ കുറിച്ച് ?
സംവിധായകന്റെ സ്‌കില്ലും മാജിക്കുമാണ് ഒരു സിനിമ. സിനിമയില്‍ കാണിക്കുന്ന തരം സംവിധായകരെ മാത്രമേ എനിക്കറിയാമായിരുന്നുള്ളൂ.
ചില സിനിമകളില്‍ ഷൂട്ട് കാണിക്കുമ്പോള്‍ കട്ട് എന്നൊക്കെ പറയുന്ന ആളില്ലേ, ഒരു തൊപ്പിയൊക്കെ തലയില്‍ വെച്ച്, ഒരു പ്രത്യേക വേഷമൊക്കെയിട്ട് കട്ട് പറയുന്ന വ്യക്തി. ജിയോ ബേബി ഇതുവരെ ആരോടും കട്ട് പറയുന്നത് ഞാന്‍ കേട്ടിട്ടില്ല.
ഒരു സീന്‍ എടുക്കുമ്പോള്‍ അതിനകത്ത് എന്തെങ്കിലും ന്യൂനതകള്‍ ഉണ്ടെങ്കില്‍ പുള്ളിയത് മനസില്‍ കുറിച്ചിടും സീന്‍ കഴിഞ്ഞ ശേഷം നമ്മുടെ അടുത്ത് വന്നിട്ട്, അല്ല നമുക്ക് അത് ഒന്നുകൂടി നോക്കിയാലോ എന്ന് ചോദിക്കും. ഇതാണ് രീതി. അവിടെ നമുക്ക് കാര്യം മനസിലായി. പുള്ളി ഉദ്ദേശിച്ച അത്ര അത് ശരിയായിട്ടില്ല എന്ന്. അതുകൊണ്ട് ഒന്ന് റീ ടേക്ക് ചെയ്യാമെന്നാണ് അദ്ദേഹം പറയുന്നത്. പക്ഷേ പറയുന്ന രീതി ഇങ്ങനെയാണ്. ഒരു വിഷമവും തോന്നില്ല. നമുക്ക് സന്തോഷമാണ്.
സീന്‍ മോശമായെന്നോ ശരിയായില്ലെന്നോ എന്നല്ല പറയുന്നത്. ഒന്നൂകൂടി നോക്കിയാലോ എന്നാണ് ചോദിക്കുക. അദ്ദേഹം സംവിധായകര്‍ക്ക് ഒരു മാതൃകയാണ്. പിന്നെ അദ്ദേഹം ജീവിതത്തിലും സിനിമകളിലുമൊക്കെ ഒരു പൊളിറ്റിക്‌സ് സൂക്ഷിക്കുന്ന വ്യക്തിയാണ്. അത് അദ്ദേഹം പാലിക്കുന്നുണ്ട്.
അതൊക്കെ എന്നെ വല്ലാതെ ആകര്‍ഷിച്ച കാര്യമാണ്. അതുപോലെ ആദര്‍ശും പോള്‍സണും, പ്രഗദ്ഭരായ തിരക്കഥാകൃത്തുക്കളാണ് അവര്‍. അവര്‍ ഓരോന്നും ഇങ്ങനെ നോക്കും. ചില വാക്കുകളും വാചകങ്ങളും ചിലപ്പോള്‍ മാറ്റും. അപ്പപ്പോള്‍ തിരുത്തലുകള്‍ നടത്തിക്കൊണ്ടേയിരിക്കും. ആദ്യം എഴുതി തന്നതിനെ പല രീതിയിലും മാറ്റിയിട്ടുണ്ട്. ഒരു വാക്ക് നമ്മള്‍ പറഞ്ഞത് തെറ്റിപ്പോയാല്ും അവര്‍ ഉദ്ദേശിച്ച അതേ അര്‍ത്ഥത്തില്‍ വന്നാല്‍ അത് മാറ്റില്ല. പിന്നെ കോട്ടയത്തെ അന്തരീക്ഷമാണല്ലോ. സിനിമയില്‍ തങ്കന്‍പാപ്പി എന്ന് മരുമകന്‍ വിളിക്കുന്നത് കാണിക്കുന്നുണ്ട്. ആ ബന്ധം പലര്‍ക്കും മനസിലായിട്ടില്ല. കോട്ടയത്തെ ഭാഷയാണ് അത്. തങ്കന്റെ പെങ്ങളുടെ മകനാണ് അത്.
സിനിമ പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ എന്താണ് മനസില്‍ തോന്നിയത്, മമ്മൂട്ടി എന്താണ് പറഞ്ഞത്?
ഞാന്‍ പാക്കപ്പ് ആയി പോരുമ്പോള്‍ മമ്മൂട്ടിയില്ല. അദ്ദേഹം അപ്പോഴേക്കും അദ്ദേഹത്തിന്റെ ഷെഡ്യൂളൊക്കെ തീര്‍ത്തിട്ട് യാത്രയായിരുന്നു. എറണാകുളത്തും ഉണ്ടായിരുന്നില്ല. അദ്ദേഹത്തെ ഞാന്‍ കഴിഞ്ഞ ദിവസം കണ്ടിരുന്നു. ചില കാര്യങ്ങള്‍ അദ്ദേഹം എന്നോട് പറഞ്ഞു. ഈ ഘട്ടത്തില്‍ ഞാനത് പറയുന്നില്ല.
എല്‍.ജി.ബി.ടി ക്യൂ സമൂഹത്തിനുള്ള ഒരു ആദരമായി കാതലിനെ കണക്കാക്കാമോ?
അത് സംവിധായകനാണ് പറയേണ്ടത്. അതില്‍ ഒരു കഥാപാത്രം ചെയ്ത ഞാനല്ല. കാതലിന്റെ പൊളിറ്റിക്‌സ് സംവിധായകന്‍ തന്നെ പറയട്ടെ, ഞാന്‍ പറഞ്ഞ് എന്തെങ്കിലും ബദ്ധമായിപ്പോയാല്‍, അല്ലെങ്കില്‍ ആരെങ്കിലും തെറ്റായി വ്യാഖ്യാനിച്ചാലൊക്കെ അത് മോശമാണ്. അതുകൊണ്ട് തന്നെ അത് സംവിധായകന്‍ പറയട്ടെ.
കാതലിലേക്ക് എന്നെ കാസ്റ്റ് ചെയ്യുന്നത് മമ്മൂക്ക; ജോജി ജോണുമായി ഡൂള്‍ന്യൂസ് നടത്തിയ അഭിമുഖം വായിക്കാം
Content Highlight: Interview With RS Panicker Kaathal The Core Movie
ആര്യ. പി
അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.