കാലവും നാടും എത്രയൊക്കെ പുരോഗമിച്ചു കഴിഞ്ഞു എന്നു പറഞ്ഞാലും സിനിമയുടെ മായിക വെളിച്ചം ഇന്നും വെളുത്തവന് ചുറ്റുമാണ്. ദളിതനും ആദിവാസിയുമെല്ലാം എത്തിപ്പെടാന്‍ ആഗ്രഹിച്ചാല്‍ പോലും സാധ്യമാകാത്ത അത്ര ഉയരത്തിലുളള ലോകമാണത്. കലാഭവന്‍ മണിയെ കറുത്തമുത്തായി മാത്രം കാണാനാണ് നമ്മുടെ സിനിമാ ലോകത്തിന് സാധിച്ചിട്ടുള്ളൂ എന്നതു തന്നെ ഉദാഹരണം. അങ്ങനെയുള്ള സിനിമ ലോകത്തേക്ക് ആദിവാസികളുടെ ഇടയില്‍ നിന്നും ഒരാള്‍ സംവിധാന രംഗത്തേക്ക് കടന്നു വരുന്നു എന്നു പറയുന്നത് വിപ്ലവത്തില്‍ കുറഞ്ഞൊന്നുമല്ല.
അതും ഒരു സ്ത്രീയാണെന്ന് കൂടിയാകുമ്പോള്‍ അതൊരു മഹത്തായ മുന്നേറ്റമായി മാറുന്നു. ഇന്നും നമ്മുടെ മുഖ്യധാര സിനിമകളൊന്നും കാണാതെ പോകുന്ന, കണ്ടില്ലെന്ന് നടിക്കുന്ന ആദിവാസി ജീവിതത്തെ സിനിമയില്‍ അടയാളപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് ലീല സിനിമ രംഗത്തേക്ക് എത്തുന്നത്. ഒരുപാട് പേര്‍ക്ക് കടന്നു വരാനുള്ള വഴി കൂടി വെട്ടിത്തെളിച്ചാണ് ലീലയുടെ കടന്നു വരവ്. ആദിവാസി മേഖലയില്‍ നിന്നുമുള്ള ആദ്യത്തെ സംവിധായികയായി ലീല മാറുമ്പോള്‍ അതിനൊരു തുടര്‍ച്ചയുണ്ടാകുമെന്നുറപ്പാണ്. സമാന്തര സിനിമകള്‍ക്കും അപ്പുറത്ത് കച്ചവട സിനിമയിലും തന്റെ കയ്യൊപ്പ് അടയാളപ്പെടുത്തണം എന്ന തന്റെ ആഗ്രഹത്തിന് പിന്നാലെ സഞ്ചരിക്കുകയാണ് ലീലയിന്ന്. തന്റെ സിനിമാ മോഹങ്ങളെ കുറിച്ചും ആദിവാസി ജീവിതത്തെ കുറിച്ചുമെല്ലാം ലീല സംസാരിക്കുന്നു.
ആദിവാസി മേഖലയില്‍ നിന്നും ഒരാള്‍ സിനിമാ രംഗത്തേക്ക് കടന്നു വരിക എന്നതു തന്നെ വലിയൊരു ചുവടുവെപ്പാണ്. അതൊരു സ്ത്രീ ആണെന്ന് കൂടി വരുന്നതോടെ അതൊരു വലിയ മാറ്റമാവുന്നു. എങ്ങനെയായിരുന്നു സിനിമയിലേക്ക് അടുക്കുന്നത്?
നടവയലിലുള്ള കനവിലാണ് ഞാന്‍ പഠിച്ചത്. അതൊരു ബദല്‍ സ്‌കൂളാണ്. അവിടെ സാധാരണ അക്കാദമിക് പഠനത്തിന് പുറമെ കലയും കായികവും പഠന വിഷയമായിരുന്നു. 94 ലായിരുന്നു കനവിലെത്തുന്നത്. അവിടെ സിനിമയും ഒരു പഠന വിഷയമായിരുന്നു. സിനിമയുടെ തിയറിയും പ്രാക്ടിക്കലായുള്ള പ്രാഥമിക വിവരങ്ങളും കനവില്‍ നിന്നും പകര്‍ന്നു നല്‍കിയിരുന്നു. അവിടെ വച്ച് ഗുഡ എന്നൊരു സിനിമ ചെയ്തിരുന്നു. അതിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. അങ്ങനെയാണ് സിനിമയുടെ സംവിധാന രംഗത്തോട് താല്‍പര്യം ജനിക്കുന്നത്.
പിന്നിടെപ്പോഴാണ് ആ താല്‍പര്യം സിനിമയായി മാറുന്നത്?
പിന്നീട് 2013 ല്‍ ഒരു ഡോക്യൂമെന്ററി ചെയ്തിരുന്നു. അത് പണിയ വിഭാഗത്തെ കുറിച്ചുള്ളതായിരുന്നു. അവരുടെ കള്‍ച്ചറും ആചാരങ്ങളുമായിരുന്നു ചിത്രം. പണിയ വിഭാഗത്തിന്റെ കലയും സംസ്‌കാരവുമല്ലാം നശിച്ചു കൊണ്ടിരിക്കുകയാണ്. അത് തകര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ ഇങ്ങനെയൊക്കെയായിരുന്നു പണിയ വിഭാഗമെന്നും അവരുടെ ആചാരങ്ങളും സംസ്‌കാരങ്ങളും എങ്ങനെയായിരുന്നു എന്നുമുള്ള ഓര്‍മ്മപ്പെടുത്തലുമായിരുന്നു ആ ചിത്രം. നിഴലുകള്‍ നഷ്ടപ്പെടുന്ന ഗോത്രങ്ങള്‍ എന്നായിരുന്നു ആ ഡോക്യൂമെന്ററിയുടെ പേര്.
പണിയ വിഭാഗത്തിന്റെ ആചാരങ്ങളെ കുറിച്ചും മാത്രമായിരുന്നോ നിഴലുകള്‍ നഷ്ടപ്പെടുന്ന ഗോത്രങ്ങള്‍ പറഞ്ഞത്?
അത് മാത്രമല്ല, പണിയ വിഭാഗത്തിന്റെ ഇന്നത്തെ അവസ്ഥയും സ്ത്രീകളുടേയും കുട്ടികളുടേയും അവസ്ഥയുമെല്ലാം അതില്‍ പറഞ്ഞിരുന്നു. പക്ഷെ ഞാന്‍ വിചാരിച്ചതുപോലെ ആ ഡോക്യൂമെന്ററി വിജയിച്ചില്ല. സാങ്കേതികമായ അപര്യാപ്തകളായിരുന്നു കാരണം. എന്നാലും ഒരു ശ്രമമെന്ന നിലയില്‍ അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചു.
നിഴലുകള്‍ നഷ്ടമാകുന്ന ഗോത്രങ്ങളെന്ന ഡോക്യൂമെന്ററിയ്ക്ക് ശേഷം എന്താണ് സംഭവിച്ചത്?
പിന്നീട് ഞാന്‍ ഒരുപാട് ഫിലിം വര്‍ക്ക്ഷോപ്പുകളിലും മറ്റും പങ്കെടുത്തു. സ്‌ക്രിപ്റ്റിംഗും സംവിധാനവുമായിരുന്നു പഠിച്ചത്. അങ്ങനെയാണ് സിനിമയുടെ പ്രാക്ടിക്കല്‍ കാര്യങ്ങളെ കുറിച്ച് കൂടുതല്‍ അറിയുന്നതും മനസിലാക്കുന്നതും. പിന്നീട് ഒരു കൊമേഷ്യല്‍ സിനിമയുടെ ഭാഗമാകാന്‍ സാധിച്ചു. ഫഹദ് ഫാസിലൊക്കെയുള്ള ചിത്രമായിരുന്നു അത്. ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും കോമേഷ്യല്‍ ചിത്രത്തിന്റെ ഭാഗമാകാനും പഠിക്കാനും അതുപകരിച്ചു. ഫഹദും ഇഷാ തല്‍വാറുമൊക്കെയുണ്ടായിരുന്ന ചിത്രമായിരുന്നു.
പ്രശസ്തരായ ആളുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതു തന്നെ സിനിമയെ കുറിച്ച് പുതിയ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സഹായിച്ചു. അതു വലിയ മാറ്റമായിരുന്നു. ഒരു കൊമേഷ്യല്‍ ചിത്രം ചെയ്യേണ്ടത് എങ്ങനെയെന്ന് അപ്പോഴാണ് പഠിക്കുന്നത്.
കൊമേഷ്യല്‍ സിനിമയാണോ അതോ നേരത്തെ ചെയ്തതു പോലെയുള്ള ഡോക്യൂമെന്ററികളാണോ താല്‍പര്യം?
എന്റെ അടുത്ത ചിത്രം ഒരു ഫീച്ചര്‍ ഫിലിമാണ്. കോമേഷ്യല്‍ രീതിയില്‍ തന്നെയാണ് ചിത്രം ചെയ്യുന്നത്. പക്ഷെ ചിത്രം പറയുന്നത് ട്രൈബല്‍ ഇഷ്യുവാണ്. ഇവിടെ നടക്കുന്നത് എന്താണെന്ന് പുറം ലോകം അറിയുന്നില്ല. അവരുടെ കണ്ണിലൂടെ മാത്രമാണ് അവര്‍ കാണുന്നത്. അതില്‍ വളരെ പ്രാഥമികമായ വിവരങ്ങള്‍ മാത്രമേ കാണാറുള്ളൂ. ആഭരണങ്ങള്‍ പോലെയോ, വസ്ത്രങ്ങള്‍ പോലെയോ ഉള്ളത് മാത്രം. അതിലൊക്കെ ഉപരിയായി ഇവിടെ ഒരു കള്‍ച്ചറുണ്ട്. അതിനെ കുറിച്ചൊക്കെ ഒരു സിനിമ ചെയ്യാനുള്ള പ്ലാനിലാണ്. അതിന്റെ പ്രൊഡക്ഷനൊന്നും തുടങ്ങിയിട്ടില്ല. അതുകൊണ്ട് കൂടുതല്‍ വിവരങ്ങളൊന്നും പറയാന്‍ സാധിക്കില്ല. ഉടനെ തന്നെ അതിന്റെ വര്‍ക്ക് ആരംഭിക്കും.
ഡോക്യൂമെന്ററിയേക്കാള്‍ കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ ഫീച്ചര്‍ സിനിമകള്‍ക്ക് സാധിക്കുമെന്നാണോ?
അതെ. അതുകൊണ്ടാണ് അടുത്ത ചിത്രം ഒരു ഫീച്ചര്‍ ചിത്രമായി ചെയ്യാന്‍ തീരുമാനിച്ചത്. അതില്‍ പ്രശസ്തരായ താരങ്ങളെ വച്ച് ചെയ്യണമെന്നാണ് കരുതുന്നത്. സാധാരണ പ്രേക്ഷകര്‍ കാണുന്ന സിനിമയില്‍ ആദിവാസികളെ ചിത്രീകരിച്ചിരിക്കുന്നത് കോമഡി കഥാപാത്രങ്ങളായിട്ടാണ്. ബാംബു ബോയിസ് പോലുള്ള ചിത്രങ്ങള്‍ ഉദാഹരണം. അതാണ് അവര്‍ കാണുന്നത്.
അങ്ങനെയല്ല യഥാര്‍ത്ഥത്തില്‍. ആദിവാസികളുടെ യഥാര്‍ത്ഥ ജീവിതം കാണിക്കണം. അതാണ് വേണ്ടത്. ഇതിനകത്തുള്ള ആളായതുകൊണ്ടു തന്നെ എന്തൊക്കെയാണ് എങ്ങനെയാണ് കാര്യങ്ങള്‍ എന്നൊക്കെ കൃത്യമായി അറിയാന്‍ സാധിക്കും. അതുകൊണ്ട് മറ്റുള്ളവരെക്കാള്‍ നന്നായി എനിക്ക് അവതരിപ്പിക്കാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. അതിന് വേണ്ടിയുള്ള ശ്രമത്തിലാണ്.
സിനിമയിലേക്ക് കടന്നുവരുമ്പോള്‍, അല്ലെങ്കില്‍ സിനിമയാണ് എന്റെ വഴി എന്നു തെരഞ്ഞെടുക്കുമ്പോള്‍ എന്തായിരുന്നു കുടുംബത്തിന്റെ പ്രതികരണം?
കുടുംബത്തിന്റെ ഭാഗത്തു നിന്നും ഫുള്‍ സപ്പോര്‍ട്ട് തന്നെയായിരുന്നു. പിന്നെ ഭര്‍ത്താവ് സന്തോഷും നല്ല പിന്തുണ നല്‍കുന്നുണ്ട്. എല്ലാവരും എന്തിനും കൂടെ നില്‍ക്കുന്നവരാണ്. കുട്ടികളുള്ളതുകൊണ്ട് സ്‌ക്രീപ്റ്റ് എഴുതാനും മറ്റും ഇവരുടെ സഹായമില്ലെങ്കില്‍ ഒന്നും നടക്കില്ല. ഭര്‍ത്താവ് സന്തോഷ് കളരി നടത്തുന്നയാളാണ്. ഇപ്പോള്‍ പ്രോഗ്രാമൊന്നുമില്ല. സ്വന്തമായൊരു കളരി ഒരുക്കാനുള്ള ശ്രമത്തിലാണ്. പിന്നെ ട്രൈബല്‍ മേഖലയില്‍ ഇനിയും ഒരുപാട് അറിയാനുണ്ട്. പക്ഷെ അറിയുന്നവരൊക്കെ നല്ല പ്രതികരണമാണ്. നല്ല പിന്തുണയും ലഭിക്കുന്നുണ്ട്.
ആദിവാസി മേഖലയില്‍ നിന്നുമുള്ള ആളുകളുടെ പ്രതികരണങ്ങളൊക്കെ എങ്ങനെയാണ്?
ഞാനിങ്ങനെ ഒരു തുടക്കം കുറിക്കുമ്പോള്‍ അത് ചിലര്‍ക്കെങ്കിലും പ്രചോദനമാകുമല്ലോ. സിനിമ നമുക്കൊന്നും എത്തിപ്പിടിക്കാന്‍ കഴിയാത്ത വേറൊരു ലോകമാണെന്നാണ് കരുതുന്നത്. അപ്പോള്‍ ഞാന്‍ സിനിമയിലേക്ക് വരുമ്പോള്‍ അത് മറ്റുള്ളവര്‍ക്കും പ്രചോദനമാകും. അവര്‍ക്കും അവസരങ്ങള്‍ കിട്ടും.
എങ്ങനെയായിരുന്നു സിനിമാ മേഖലയില്‍ നിന്നുമുള്ള സ്വീകരണം?
വളരെ നല്ല സ്വീകരണമായിരുന്നു. ഒരുപക്ഷെ നെഗറ്റീവായിട്ടുള്ള പ്രൊഡക്ഷന്റെ ഭാഗമാകാത്തതു കൊണ്ടാകും. ആരുടെ ഭാഗത്തു നിന്നും മോശമായിട്ടൊന്നും ഉണ്ടായിട്ടില്ല. കാസ്റ്റിന്റെ പ്രശ്നങ്ങളും നേരിടേണ്ടി വന്നിട്ടില്ല. പിന്നെ അതൊക്കെ മനുഷ്യന്റെ ചിന്തകളാണ്. അത് മാറ്റിയെടുത്താല്‍ മതി. പറഞ്ഞിട്ട് കാര്യമില്ല. നമ്മള്‍ സ്വയം മാറുകയാണ് വേണ്ടത്. പിന്നെ ആദ്യത്തെ ഡോക്യൂമെന്ററിയിലൂടെ തന്നെ ആളുകള്‍ അറിഞ്ഞ് തുടങ്ങി. അതുകൊണ്ട് തന്നെ ഒരുപാട് ആളുകളെ പരിചയപ്പെടാനും അംഗീകാരങ്ങള്‍ നേടാനും സാധിച്ചു.
ലീലയെ ഒരു പ്രചോദനമായി കണ്ടു കൊണ്ട് സിനിമ മേഖലയിലേക്ക് ആളുകള്‍ കടന്നു വരുന്നുണ്ടോ?
ഉണ്ട്. കുറച്ച് പേര്‍ ഈ രംഗത്ത് വര്‍ക്ക് ചെയ്യുന്നുണ്ട്. എനിക്ക് മുമ്പും വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു. അതേസമയം, കൂടുതല്‍ ഷോര്‍ട്ട് ഫിലിമുകളും മറ്റും ട്രൈബല്‍ മേഖലയില്‍ നിന്നും വരുന്നുണ്ട്. സംവിധാന രംഗത്തുള്ള അജയ് പനമരം, പുള്ളി കുറേ ഡോക്യൂമെന്ററികളും ഷോര്‍ട്ട് ഫിലിമുകളും ചെയ്തിട്ടുണ്ട്. എന്റെ സഹോദരി, മംഗുളു എന്നൊരു കുട്ടി. അങ്ങനെ ഒരുപാടു പേര്‍ വരുന്നുണ്ട്.
എന്റെ സഹോദരിയാണ് പതിനൊന്നാം സ്ഥലം എന്ന ചിത്രത്തില്‍ അഭിനയിച്ചത്. മുമ്പ് ഗുഡയിലും അവള്‍ അഭിനയിച്ചിരുന്നു. പിന്നെ ഒരുപാട് യുവാക്കള്‍ ഇപ്പോള്‍ കടന്നു വരുന്നുണ്ട്. പെണ്‍കുട്ടികള്‍ അത്രയില്ലെങ്കിലും ആണ്‍കുട്ടികള്‍ ഒരുപാട് ശ്രമിക്കുന്നുണ്ട്. കുറച്ച് ബുദ്ധിമുട്ടാണ് എന്നാലും ഒരുപാട് പേര്‍ ശ്രമിക്കുന്നുണ്ട്. അങ്ങനെ വരുന്നവരെ നമുക്ക് സഹായിക്കാന്‍ പറ്റും. കാരണം ഞങ്ങളുടേത് അത്തരത്തിലുള്ള ഒരു ടീമാണ്. പിന്നെ, മണിയെ എല്ലാവര്‍ക്കും അറിയുന്നതാണല്ലോ. മണിയിപ്പോള്‍ നായകനായി അഭിനയിക്കുന്ന ചിത്രം പുറത്തിറങ്ങാനിരിക്കുകയാണ്. അടുത്ത സിനിമയില്‍ മണിയും ഉണ്ടാകും.
ആദിവാസികളുടെ സംസ്‌കാരത്തേയും ശരിയായ അര്‍ത്ഥത്തില്‍ സര്‍ക്കാരും മറ്റുള്ളവരും തിരിച്ചറിഞ്ഞിട്ടില്ലെന്ന് തോന്നിയിട്ടുണ്ട്. ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു?
ആദിവാസികള്‍ക്ക് തങ്ങളുടേതായ കള്‍ച്ചറുണ്ട്. അത് ഗ്രോത സമൂഹത്തിന്റേതാണ്. ഒരു അപകടമോ മറ്റോ ഉണ്ടായാല്‍ എല്ലാവരും ഒരുമിക്കും, സഹായത്തിന് ഓടിയെത്തും. അതിന്നില്ല. പലരുമിപ്പോള്‍ എറണാകുളം നഗരത്തില്‍ ജീവിക്കുന്നതു പോലെയാണ് ജീവിക്കുന്നത്. അതിനുള്ള കാരണങ്ങളിലൊന്ന് മതപരിവര്‍ത്തനമാണ്. പിന്നൊന്ന് ട്രൈബ്സ് അല്ലെന്ന് തെളിയിക്കാനുള്ള ചിലരുടെ ശ്രമങ്ങളാണ്. അതിന് കാരണം ഉള്ളിലെ അപകര്‍ഷതാ ബോധമാണ്.
പൊതുസമൂഹത്തില്‍ നിന്നും നേരിട്ട കാര്യങ്ങളില്‍ നിന്നുമുണ്ടാകുന്നതാണ് ആ അപകര്‍ഷതാ ബോധം. ഇതൊക്കെ അടിത്തറ ഇല്ലാതാക്കുന്നുണ്ട്. മദ്യമാണ് പ്രധാന കാരണം. ആദിവാസികളുടെ ചരിത്രം എടുത്തു നോക്കിയാല്‍ മദ്യം ഉണ്ടാക്കുകയോ കുടിക്കുകയോ ചെയ്തിരുന്നില്ലെന്ന് നമുക്ക് കാണാന്‍ പറ്റും. ആ അവസ്ഥയില്‍ നിന്നും ഇന്ന് ഒന്നുമില്ലാത്തൊരു സമൂഹമായി മാറി. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ ചെന്നു പെട്ടാല്‍ ഉണ്ടാകാന്‍ പോകുന്ന ഭവിഷ്യത്തുക്കളെ കുറിച്ച് ബോധവാന്മാരാക്കേണ്ടതുണ്ട്.
പിന്നെ ഓരോ ഗോത്രങ്ങള്‍ക്കും അവരുടേതായ ആചാരങ്ങളും സംസ്‌കാരവുമുണ്ട്. അതൊക്കെ ആളുകളെ ബോധ്യപ്പെടുത്താന്‍ കഴിയണം. ഇതൊക്കെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.
ആദിവാസികള്‍ക്കിടയില്‍ പല കുട്ടികളും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നതായി കാണുന്നുണ്ട്. അതെന്തുകൊണ്ടാകാം?
വീട്ടിലെ സാഹചര്യം തന്നെയാണ് മുഖ്യകാരണം. അതുകൊണ്ടവര്‍ക്ക് ഉയര്‍ന്നു വരാന്‍ സാധിക്കുന്നില്ല. അങ്ങനെ ഡ്രോപ്പ് ഔട്ടായി പോകുന്ന കുട്ടികളാണ് വയനാട്ടില്‍ കൂടുതലും. പിന്നെ അന്നന്ന് കിട്ടുന്നതാണ് ജീവിതം എന്നതാണ് രീതി. അതില്‍ കൂടുതലൊന്നും ചിന്തിക്കാന്‍ പറ്റില്ല. അങ്ങനെ അന്നന്നത്തെ കാര്യത്തിനായി പണിയെടുക്കാനും മറ്റും പോകുന്നു. ഇത് അവരുടെ ജീവിതരീതിയുടെ പ്രശ്‌നമാണ്. ഒരു വീട്ടില്‍ രണ്ട് മൂന്ന് കുട്ടികളുണ്ടെങ്കില്‍ അതില്‍ മൂത്ത കുട്ടി കുടുംബം നോക്കിയില്ലെങ്കില്‍ അന്ന് പട്ടിണിയാകുന്ന അവസ്ഥയുണ്ട്. അത്തരം കാര്യങ്ങളാണ് ഡ്രോപ്പ് ഔട്ടിലേക്ക് കുട്ടികളെ എത്തിക്കുന്നത്.
പിന്നെയുള്ള പ്രശ്‌നമെന്തെന്നാല്‍, സ്‌കൂളില്‍ ചെന്നാല്‍ അവിടുത്തെ ഭാഷയും ഇവരുടെ ഭാഷയും തമ്മിലുള്ള വ്യത്യാസമാണ്. മലയാളും ഇംഗ്ലീഷും ഹിന്ദിയുമൊന്നും ഗ്രഹിക്കാന്‍ പറ്റാത്ത ഒരവസ്ഥയുണ്ട്. പിന്നെ സിലബസൊന്നും കേട്ടിട്ടുപോലുമില്ലാത്തതാകും. സാധാരണക്കാരായ കുട്ടികള്‍ അവരുടെ രക്ഷിതാക്കളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ പഠിക്കുന്ന വിഷയങ്ങളെ കുറിച്ചും സംഭവങ്ങളെ കുറിച്ചുമെല്ലാം കേള്‍ക്കുന്നുണ്ടാകും. നേരത്തെ തന്നെ കേട്ടതാകാം പലതും. അവര്‍ പറഞ്ഞതും കാണിച്ചു തരുന്നതുമൊക്കെ അവരുടെ മനസിലുണ്ടാകും. എന്നാല്‍ ഇങ്ങനൊരു പശ്ചാത്തലമില്ലാത്തതുകൊണ്ട് സയന്‍സ്, ഇംഗ്ലീഷ്, തുടങ്ങിയ സബ്ജക്ടുകള്‍ കേള്‍ക്കുമ്പോള്‍ അത് മനസിലാക്കാനും പഠിക്കാനുമൊക്കെ പറ്റാത്ത ഒരവസ്ഥയുണ്ടാകുന്നുണ്ട്.
പിന്നെ ഉയര്‍ന്ന ക്ലാസുകളിലേക്ക് എത്തുമ്പോള്‍ സിലബസും മറ്റും ഗ്രഹിക്കാന്‍ പറ്റാതെ ആകുന്ന കുട്ടികള്‍ അവിടെ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിക്കും. അങ്ങനെയാണ് ഡ്രോപ്പ് ഔട്ട് സംഭവിക്കുന്നത്.
ആദിവാസി കലാരൂപങ്ങളും അന്യം നിന്ന് പോകുന്നതായി തോന്നിയിട്ടുണ്ടോ?
പുറത്തുള്ള സിനിമയും മിഡിയകളും ആദിവാസി സമൂഹത്തിന്റെ ജീവിതത്തെ മാറ്റുന്നുണ്ട്. പുറത്തു നിന്നുമുള്ള കടന്നു വരവാണ് ആദിവാസി കലാരൂപങ്ങളെ ഇല്ലാതാക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. പിന്നെ മദ്യത്തിന്റെ ഉപയോഗവും ഒരു കാരണമാണ്. ഒരു ആചാര ചടങ്ങ് നടക്കുകയാണെങ്കില്‍ അവിടെയിന്ന് മദ്യമാണ് പ്രധാന കാര്യം. ആചാരങ്ങളൊക്കെ അപ്രധാനമായി മാറുന്നു. പിന്നെ കൂട്ടം അല്ലെങ്കില്‍ ഗോത്രം എന്നതും നഷ്ടപ്പെട്ടിട്ടുണ്ട് ഇന്നത്തെ കാലത്ത്. കുടുംബത്തിന്റെ ഭാരം നേരത്തെ തന്നെ കുട്ടികളിലെത്തുന്നതും ഒരു കാരണമാണ്. ഒരു പതിനഞ്ച് വയസൊക്കെ ആവുമ്പോഴേക്കും കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടി വരും. അതോടെ ഡേ ടു ഡേ ലൈഫിന്റെ ഓട്ടത്തിനിടയില്‍ ആചാരങ്ങളും കലയുമൊന്നും വേണ്ട വിധത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ വരും. പിന്നെ വളരെ കുറച്ചാണെങ്കില്‍ കൂടിയും ഇന്ന് നടക്കുന്ന റിച്ച്വല്‍സും കലയുമെല്ലാം ആദ്യകാലങ്ങളെ അപേക്ഷിച്ച് അത്ര തൃപ്തികരമായിട്ടില്ല നടക്കുന്നത്. അതെല്ലാം ഇപ്പോള്‍ മദ്യത്തില്‍ കലങ്ങി തീരുകയാണ്.
മദ്യം വലിയൊരു വിപത്തു തന്നെയാണല്ലേ?
അതെ തീര്‍ച്ചയായും. സ്ത്രീകളും കുട്ടികളുമൊക്കെ ഭയങ്കരമായി മദ്യത്തിന് അഡിക്ട് ആയ അവസ്ഥയാണ് വയനാട്ടിലേത്. പണ്ടൊന്നും ഇങ്ങനെയായിരുന്നില്ല. സ്ത്രീകള്‍ മദ്യപിക്കുമായിരുന്നില്ല. പണ്ട് ദൈവ കോളുപോലുള്ള ആചാരങ്ങള്‍ നടന്നിരുന്ന സമയത്ത് ദൈവത്തിന് മദ്യം കൊടുക്കുന്ന രീതിയേ ഉണ്ടായിരുന്നുള്ളൂ. അതും വളരെ ചെറിയ തോതിലായിരുന്നു. എന്നാലിന്ന് എല്ലാം മദ്യമാണ്. അതോടെ ചെയ്യുന്നതെന്തോ അതില്ലാതെ ആയി പോവുകയാണ് ചെയ്യുന്നത്.
പിന്നെ കുടകിലും മറ്റ് കൃഷിയ്ക്ക് പോകുന്നുണ്ട്. അവിടെ നിന്നുമാണ് മദ്യത്തിന് ഇത്രയും അഡിക്ടായി മാറാനുള്ള കാരണമെന്നാണ് എനിക്ക് തോന്നുന്നത്. സ്ത്രീകളടക്കമുള്ളവര്‍ മദ്യത്തിന് അടിമയായതിന് കാരണമിതാകാം. പിന്നെ ഇവിടെ നിന്നും കുടകിലേക്കും മറ്റുമായി പണിയ്ക്ക് കൊണ്ടു പോകുന്നവര്‍ ഭക്ഷണത്തിനും കൂലിയ്ക്കും പകരം മദ്യം കൊടുത്ത് പണിയെടുപ്പിക്കുന്ന അവസ്ഥയുമുണ്ട്.
അതുപോലെ തന്നെ, ഓരോ ഗോത്രങ്ങള്‍ക്കും ഓരോ മൂപ്പനുണ്ടാകും. അദ്ദേഹമായിരിക്കും ആ സമൂഹത്തെ നയിക്കുക. എന്നാല്‍ ആ നേതൃത്വം ഏറ്റെടുക്കാന്‍ ഇപ്പോഴത്തെ തലമുറ തയ്യാറാകാത്ത പ്രശ്‌നവുമില്ലേ?
അതുമുണ്ട്. ഇന്നത്തെ തലമുറയ്ക്ക് യഥാര്‍ത്ഥത്തില്‍ ഒന്നുമറിയില്ല. അവരുടെ കള്‍ച്ചറിനെ കുറിച്ചോ റിച്ച്വല്‍സിനെ കുറിച്ചോ മൂപ്പന്‍ എന്ന സ്ഥാനത്തെ കുറിച്ചോ ഒന്നും അറിയില്ല. റിച്ച്വല്‍സ് എന്താണ്, എങ്ങനെയാണ് ചെയ്യേണ്ടതെന്ന് പുതു തലമുറയ്ക്ക് പറഞ്ഞ് കൊടുത്താല്‍ പോലും അവരത് അക്‌സെപ്റ്റ് ചെയ്യുന്നില്ല. പിന്നെയുള്ളത് പച്ചമരുന്നു പോലെയുള്ള ഔഷധളുമൊന്നും പറഞ്ഞ് കൊടുക്കാന്‍ പറ്റുന്നില്ല. പറഞ്ഞു കൊടുത്താല്‍ തന്നെ അംഗീകരിക്കാനോ അതൊക്കെ പ്രാക്ടീസ് ചെയ്യാനോ തയ്യാറാകാത്ത അവസ്ഥയുണ്ട്.
പുതുതലമുറയിലെ ആരും ഏറ്റെടുക്കാനില്ലാത്തതാണ് പ്രശ്നം. തുടി കൊട്ടാന്‍ പോലും അറിയാത്ത തലമുറയാണ് ഇന്നുള്ളത്. ഞങ്ങള്‍ക്ക് ശേഷം ആര് ഈ സമൂഹത്തിന്റെ നേതൃത്വം ഏറ്റെടുക്കുമെന്നാണ് മുതിര്‍ന്നവര്‍ ചോദിക്കുന്നത്. പച്ചമരുന്നുകളൊന്നും പറഞ്ഞു കൊടുക്കാന്‍ ധൈര്യമില്ല. സ്ത്രീകളും കുട്ടികളും പോലും മദ്യത്തിന് അടിമകളാകുന്നതാണ് ആദിവാസി സമൂഹത്തിന്റെ തകര്‍ച്ചയുടെ കാരണമെന്ന് എനിക്കു തോന്നുന്നു.
ആദിവാസി സമൂഹത്തില്‍ പൊതുസമൂഹത്തെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് കൂടുതല്‍ ബഹുമാനവും സ്ഥാനവും നല്‍കിയിരുന്നു എന്നു തോന്നുന്നുണ്ടോ?
അങ്ങനെയായിരുന്നു. പുരുഷന്മാര്‍ക്ക് തുല്യമായ സ്ഥാനം തന്നെ സ്ത്രീകള്‍ക്കും നല്‍കിയിരുന്നു. പുരുഷ ദൈവങ്ങളെ ആരാധിക്കുന്ന അതേ പോലെതന്നെ അമ്മ ദൈവത്തേയും ആരാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ആ രീതികള്‍ക്കൊക്കെ മാറ്റം സംഭവിച്ചു. അതിന്റെ കാരണമായി എനിക്ക് തോന്നുന്നത് പൊതു സമൂഹത്തിന്റെയും അയല്‍ക്കാരുടെയും മാധ്യമങ്ങളുടേയും സ്വാധീനമാണ്.
ഇതുവരെ എത്ര ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഇനിയെന്താണ് പ്ലാന്‍?
ഒരു ചിത്രമേ ചെയ്തിട്ടുള്ളൂ. ഇനി ചെയ്യാന്‍ ഉദ്ദേശിക്കുന്നത് ഒരു ഫീച്ചര്‍ ചിത്രമാണ്. അത് കുറച്ച് ബഡ്ജറ്റൊക്കെ ഇട്ട് ചെയ്യാനാണ് ആഗ്രഹിക്കുന്നത്. സ്‌ക്രിപ്റ്റെല്ലാം കയ്യിലുണ്ട്. താമസിക്കുന്നതെന്താണെന്നു വെച്ചാല്‍ അതിന്റെ പോസ്റ്റ് വര്‍ക്കിലാണ്.
സിനിമാ സംവിധാന രംഗത്തേക്ക് കടന്നു വന്നപ്പോള്‍ നാട്ടുകാരുടെയൊക്കെ സമീപനം എങ്ങനെയായിരുന്നു?
നാട്ടുകാരും ഗ്രാമത്തിലുള്ളവരൊന്നും അങ്ങനെയൊന്നും അംഗീകരിക്കത്തില്ല. അവര്‍ അങ്ങനെയാണ്. അത് അങ്ങനെ തന്നെ വിചാരിച്ചാല്‍ മതി നമ്മള്‍. ഉദാഹരണത്തിന് എനിക്കിപ്പോള്‍ വയനാടിനേക്കാള്‍ കൂടുതല്‍ മറ്റ് ജില്ലകളിലാണ് സൂഹൃത്തുക്കള്‍ കൂടുതലുമുള്ളത്.
ഇവിടെയുള്ളവരൊന്നും അംഗീകരിക്കില്ല. കാരണം നമ്മള്‍ ആദിവാസികളാണ് എന്നതു തന്നെ. നമ്മള്‍ എല്ലാം കണ്ടും കേട്ടും കാലങ്ങളായി നടക്കുന്നവരാണ്. അതുകൊണ്ട് നമ്മുടെ നാട്ടില്‍ അംഗീകാരം ലഭിക്കുമെന്ന് കരുതണ്ട. ചിലപ്പോള്‍ ഒരുപാട് കാലം ശ്രമിച്ചാല്‍ സാധിക്കുമായിരിക്കും.
ഇപ്പോള്‍ പ്രശസ്തയായതിന് ശേഷം ആളുകളുടെ പ്രതികരണങ്ങള്‍ക്ക് മാറ്റം വന്നിട്ടുണ്ടോ?
തീര്‍ച്ചയായുമുണ്ട്. എന്നെ കുറിച്ച് പത്രത്തിലും ടി.വിയിലുമൊക്കെ വരികയും അല്‍പ്പം പ്രശസ്തയാവുകയും ചെയ്തതോടെ സ്നേഹത്തോടെയാണ് ആളുകള്‍ സ്വീകരിക്കുന്നതും പെരുമാറുന്നതുമെല്ലാം. ആദ്യമൊക്കെ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ നല്ല മാറ്റം വന്നിട്ടുണ്ട്. ഒക്കെ ശ്രമത്തിന്റെ ഫലമാണ്. കുറേ ശ്രമിച്ചാല്‍ മാറുമെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ട്. കാരണം നമ്മുടെ നാട് മാറിയാലാണ് നമുക്കുള്ള യഥാര്‍ത്ഥ അംഗീകാരമാകുന്നത്.
അംഗീകാരങ്ങളെ കുറിച്ച് പറഞ്ഞപ്പോഴാണ്, സിനിമാ രംഗത്ത് വന്നിട്ട് ഇത്രയും നാളായി. ഈ യാത്രയില്‍ അഭിമാനം തോന്നിയ നിമിഷങ്ങള്‍ എതൊക്കെയാണ്?
അങ്ങനെയുള്ള ഒരുപാട് സന്ദര്‍ഭങ്ങളുണ്ട്. സിനിമ ലോകത്തെ പ്രശസ്തരായവര്‍ക്കൊപ്പം സ്റ്റേജിലിരിക്കാന്‍ പറ്റുക എന്നതു തന്നെ അഭിമാനമാണ്. പിന്നെ ഒരു സന്ദര്‍ഭമെതാണെന്നു ചോദിച്ചാല്‍ നമ്മുടെ കബാലിയൊക്കെ ചെയ്ത പാ രഞ്ജിത്തിനൊപ്പം ഒരു വേദി പങ്കിടാന്‍ പറ്റി. അത് ഒരുപാട് അഭിമാനം തോന്നിയ നിമിഷമായിരുന്നു. പിന്നെ നമ്മുടെ വിനായകന്‍ ചേട്ടനോടും രാജീവ് ചേട്ടനോടും (രാജീവ് രവി) സംസാരിക്കാനും പരിചയപ്പെടാനുമൊക്കെ സാധിച്ചു. അതൊക്കെ തന്നെയാണ് മറക്കാനാവാത്ത അനുഭവങ്ങള്‍.
ആരാണ് സിനിമയിലെ മാതൃക?
നമ്മുടെ ഇപ്പോഴത്തെ സിനിമ വെച്ചു നോക്കുമ്പോള്‍ രാജീവ് രവിയാണ്. കമ്മട്ടിപ്പാടമൊക്കെ ചെയ്തില്ലേ. പിന്നെയുള്ളയാള്‍ ദിലീഷ് പോത്തനാണ്. കാരണം അവര്‍ ചെയ്യുന്നത് നമ്മുടെ ലൈഫുമായി വളരെ അടുത്തു നില്‍ക്കുന്ന സിനിമകളാണ്. നമുക്ക് അംഗീകരിക്കാന്‍ കഴിയുന്ന സിനിമകളാണ് അത്.
മലയാള സിനിമയില്‍ ആദിവാസികളെ ചിത്രീകരിക്കുന്ന രീതിയോടുള്ള കാഴ്ച്ചപ്പാട് എന്താണ്?
സിനിമകളിലും മറ്റ് ആദിവാസികളെ ഇന്നും കാണിക്കുന്നത് കറുത്ത് വിരൂപനായിട്ടുള്ള ഒരാളായോ കോലം കെട്ടിയതായോ ആണ്. ഗുഹകളിലൊക്കെ താമസിക്കുന്നവരായാണ് കാണിക്കുന്നത്. ബാംബു ബോയ്സ് എന്ന സിനിമ തന്നെ എടുത്തു നോക്കൂ. ഒന്നും അറിയാത്ത യാതൊരു ബോധവുമില്ലാത്തവരായിട്ടാണ് ആദിവാസികളെ കാണിക്കുന്നത്. അത് ഒട്ടും ശരിയല്ല. ഇത്തരം സിനിമകളാണ് ജനങ്ങള്‍ കാണുന്നതും. അതുകൊണ്ട് ആളുകളെ പറഞ്ഞിട്ടും കാര്യമില്ല. നമ്മുടെ മീഡിയാസ് എന്തു കാണിക്കുന്നോ അതാണ് ജനം അംഗീകരിക്കുക.
സാധാരണ ജനങ്ങള്‍ക്കിടയില്‍ ആദിവാസികളുടെ ജീവിതം ഇങ്ങനെയാണ്. ഇതാണ് ആദിവാസി എന്നാണ് അവര്‍ കരുതുന്നത്. അതേ അവര്‍ക്കറിയൂ. അതില്‍ കൂടുതലൊന്നും അറിയില്ല. ഇത്തരം സിനിമകളാണ് കൂടുതലായും ഇറങ്ങിയിട്ടുള്ളത്. എന്നാല്‍ യാഥാര്‍ത്ഥ്യം അതിലുമൊക്കെ അപ്പുറത്താണ്. പിന്നെയുള്ളത് ആര്‍ട്ടിഫിഷ്യലാണ്. കുടിലൊക്കെ ചിത്രീകരിച്ച്, ആദിവാസികളെ കളിപ്പാവകളാക്കി നിര്‍ത്തിയോ ഷൂട്ട് ചെയ്യുന്നതോ സിനിമ എടുക്കുന്നത് കാണാം. ഒരുപാട് സിനിമകളില്‍ അത്തരം കാഴ്ച്ചകള്‍ കാണാം. ഞാന്‍ അതിനൊക്കെ എതിരാണ്. അതൊന്നും എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല.
ആദിവാസികളെ കൃത്യമായി അടയാളപ്പെടുത്തിയത് എന്നു തോന്നിയ ഏതെങ്കിലും ചിത്രം?
ഇതുവരെ അങ്ങനെ ഒരു സിനിമ കണ്ടിട്ടില്ല.
സിനിമയിലൂടെ എന്ത് മാറ്റമാണ് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നത്?
അങ്ങനെ വലുതായിട്ടൊന്നും ആഗ്രഹിക്കുന്നില്ല. പക്ഷെ പൊതുസമൂഹത്തിന് ആദിവാസികള്‍ എന്നു പറയുമ്പോള്‍ ഉണ്ടാകുന്ന കാഴ്ച്ചപ്പാട് ഒന്നു മാറ്റണമെന്നുണ്ട്.
വയനാട്ടിലെ ആദിവാസികളുടെ ജീവിതത്തിലെ നിര്‍ണ്ണായകമായ സംഭവങ്ങളിലൊന്നായിരുന്നല്ലോ മുത്തങ്ങ ഭൂസമരം
അതെ. അന്ന് ഞാന്‍ ചെറുതായിരുന്നു. സ്‌കൂളിലോ മറ്റോ പഠിക്കുന്ന കാലമായിരുന്നു. ജീവിതത്തില്‍ ഏറ്റവും വലിയ സംഭവമായിരുന്നു അത്. സമരത്തെ കുറിച്ചെല്ലാം കുഞ്ഞുനാള്‍ മുതല്‍ കേട്ടാണ് വളര്‍ന്നത്. സി.കെ ജാനുവിനെ പോലുള്ള നേതാക്കളുടെ അന്നത്തെ പ്രവര്‍ത്തനങ്ങളൊക്കെ വളരെ വലുതായിരുന്നു. ഇന്ന് അവര്‍ക്കുണ്ടായ മാറ്റത്തെ ഞാന്‍ അംഗീകരിക്കുന്നില്ലെങ്കില്‍ കൂടിയും. അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമായിരുന്നു മുത്തങ്ങ സമരം. പക്ഷെ അതെത്രമാത്രം വിജയിച്ചു എന്നത് ഇന്നും ഒരു ചോദ്യ ചിഹ്നമായി കിടക്കുകയാണ്. പിന്നെ എന്റെ മാര്‍ഗ്ഗം സിനിമയാണ്. അതിലൂടെ മാറ്റം കൊണ്ടുവരാനാണ് ഞാന്‍ ശ്രമിക്കുന്നത്.
ആദിവാസി സമൂഹത്തിന് ഇന്ന് ഏറ്റവും കൂടുതല്‍ ആവശ്യമായി തോന്നിയത് എന്താണ്?
തീര്‍ച്ചയായും വിദ്യാഭ്യാസമാണ്. പുറം ലോകവും പൊതുസമൂഹവും അറിഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ആദിവാസികള്‍ക്കും അറിയണം. അതിനുള്ള അവകാശവുമുണ്ട്. വിദ്യാഭ്യാസം കൊണ്ടു മാത്രമേ ആ മാറ്റം സാധ്യമാകൂ. അവര്‍ക്ക് ഗ്രഹിക്കാനും മനസിലാക്കാനും പറ്റുന്ന ഭാഷയിലും രീതിയിലുമായിരിക്കണം ആ വിദ്യാഭ്യാസം. വിദ്യാഭ്യാസം കൊണ്ടു മാത്രമേ വലിയ മാറ്റം ഉണ്ടാവുകയുള്ളൂ.
പിന്നെ ഇന്നത്തെ കുട്ടികള്‍ ഞങ്ങളൊക്കെ കുട്ടിക്കാലത്ത് അനുഭവിച്ച അത്ര ബുദ്ധിമുട്ടുകള്‍ പഠിക്കുന്നതില്‍ അനുഭവിക്കുന്നില്ല. കാരണം അവര്‍ കുറേ കൂടി മിംഗിള്‍ ആയിരിക്കുന്നു. അതുകൊണ്ട് അവര്‍ക്ക് പഠിക്കാനൊന്നും അത്ര ബുദ്ധിമുട്ടുണ്ടാകില്ല. പിന്നെയുള്ളത് അവോയ്ഡിംഗ് പോലുള്ള കാര്യങ്ങളാണ്.
ഗവണ്‍മെന്റ് സ്‌കൂളായാലും മാനേജ്മെന്റ് സ്‌കൂളായാലും ആദിവാസികുട്ടികളെ അവോയിഡ് ചെയ്യുന്നത് മാറ്റണം. എല്ലാ കുട്ടികളേയും ഒരുപോലെ കണ്ടാല്‍ തന്നെ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും. ആദിവാസി കുട്ടി എന്ന ചിന്ത തന്നെ മാറ്റിവച്ചാല്‍ കുട്ടികള്‍ ഒരുപാട് ഉയരത്തിലേക്ക് വളരുമെന്നു ഉറപ്പാണ്.
കനവിലെ വിദ്യാഭ്യാസമെങ്ങനെയായിരുന്നു?
കെ.ജെ ബേബിയാണ് കനവ് എന്ന ബദല്‍ സ്‌കൂള്‍ ആരംഭിക്കുന്നത്. മാഷിനൊപ്പം ഭാര്യ ഷേര്‍ലിയുമുണ്ടായിരുന്നു. സിനിമ സംവിധായകന്‍, എഴുത്താകരന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രശസ്തനാണ്. അദ്ദേഹത്തിന്റെ മാവേലിമന്‍ട്രം എന്ന കൃതിയ്ക്ക് 1994 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. ഗുഡയുടെ സംവിധാനവും അദ്ദേഹമായിരുന്നു.
കനവിലെ കുട്ടികളും മറ്റുള്ളവരുമെല്ലാം ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രമായിരുന്നു ഗുഡ. കാട്ടുനായിക്കരെ കുറിച്ചുള്ള ചിത്രമായിരുന്നു ഗുഡ. ഗുഡ എന്നാല്‍ കെയ്ജ് എന്നാണ് അര്‍ത്ഥം. ഇപ്പോള്‍ പറഞ്ഞതുപോലെ ആദിവാസിയെന്നോ ആദിവാസിയല്ലാത്തവനെന്നോ എന്നുള്ള വേര്‍തിരിവ് കനവിലെ കുട്ടികള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. അവിടെ എല്ലാ വിഭാഗത്തില്‍ നിന്നുമുള്ള കുട്ടികളുമുണ്ടായിരുന്നു.
പിന്നെ നമ്മുടെ സംസ്‌കാരവുമായി വളരെ അടുത്തു നില്‍ക്കുന്നതാണ് അവിടുത്തെ പഠന രീതി. പഠനം ആരംഭിക്കുന്നതു തന്നെ പാട്ടു പാടിയും നൃത്തം ചെയ്തുമാണ്. നമ്മുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടാകുമ്പോള്‍ പഠിക്കുകയാണെന്നു തന്നെ മറന്നുപോകും. പഠിക്കുക എന്ന സ്ട്രഗിള്‍ ഇല്ലാത്തൊരു പഠന രീതിയായിരുന്നു അവിടെ. ട്രൈബര്‍ മേഖലയില്‍ അത്തരത്തിലുള്ള വിദ്യാഭ്യാസം കൂടുതല്‍ ആപ്റ്റാണെന്ന് തോന്നുന്നുണ്ട്.
കനവിലെ കെ.ജെ ബേബിയുടെ സ്വാധീനമെങ്ങനെയായിരുന്നു?
കഥയും നാടകമെഴുത്തുമൊക്കെയായിരുന്നു പുള്ളി. അദ്ദേഹത്തിന് ഒരു നാടക ട്രൂപ്പൊക്കെയുണ്ടായിരുന്നു. നാടുഗദിക എന്ന നാടകമൊക്ക എഴുതിയാളാണ്. അദ്ദേഹത്തിന്റെ നാടക ട്രൂപ്പില്‍ അഭിനയിച്ചിരുന്നത് കൂടുതലും ആദിവാസികളായിരുന്നു. കൂടുതലും ഞങ്ങള്‍ക്ക് അറിയുന്നവരൊക്കെ തന്നെയായിരുന്നു. അന്ന് ഞാനൊക്കെ ചെറുപ്പമായിരുന്നു. അന്ന് ഞങ്ങളൊക്കെ നാടകം കാണാനൊക്കെ പോവുമായിരുന്നു.
ഞങ്ങളന്ന് സ്‌കൂളില്‍ പോകുന്ന കാലമായിരുന്നു. ഒരു പത്തിരുപത് പിള്ളേരൊക്കെ ഉണ്ടാകുമായിരുന്നു. എല്ലാവരും നാടകം കാണാനൊക്കെ പോവുമായിരുന്നു. ആ നാടകങ്ങളുടെ റിഹേഴ്സലിന്റെ ഭാഗമായിട്ടാണ് കനവിന്റെ തുടക്കം. മുതിര്‍ന്നവര്‍ നാടകം പ്രാക്ടീസ് ചെയ്യുമ്പോള്‍ കുട്ടികള്‍ക്ക് നൃത്തം ചെയ്യാനും മറ്റുമായിട്ടായിരുന്നു തുടക്കം.
പിന്നെയായിരുന്നു ബേബിമാഷ് കനവെന്ന പേരില്‍ ഒരു സ്ഥാപനം തുടങ്ങുന്നത്. 94 ലായിരുന്നു കനവ് തുടങ്ങുന്നത്. ബാംഗ്ലൂരില്‍ വിസ്താര്‍ എന്ന പേരിലുള്ള ഒരു ചാരിറ്റബിള്‍ ട്രസ്റ്റുണ്ടായിരുന്നു. അവരായിരുന്നു ആദ്യം സഹായങ്ങളൊക്കെ ചെയ്തിരുന്നത്. 96 വരെ അവര്‍ ഹെല്‍പ് ചെയ്തു. 94 മുതല്‍ ഞാനുമുണ്ടവിടെ. ഞങ്ങള്‍ക്ക് പാട്ടിന്റെ ഒരു ട്രൂപ്പുണ്ടായിരുന്നു. അത് അത്യാവശ്യം വരുമാനം നേടാന്‍ തുടങ്ങിയതോടെ 96 ല്‍ ട്രസ്റ്റിന്റെ സഹായം വാങ്ങുന്നത് നിര്‍ത്തി.
സാധാരണ സിലബസിന് പുറമെ കലാപരമായും കായിക പരമായുമുള്ള പഠനങ്ങളും ഉണ്ടായിരുന്നു. അവിടുന്നാണ് സിനിമ മനസില്‍ കയറുന്നത്. ഗുഡ എന്ന സിനിമ ബേബി മാഷായിരുന്നു സംവിധാനം ചെയ്തത്. സ്‌ക്രിപ്റ്റിംഗും അദ്ദേഹം തന്നെയായിരുന്നു. അതിലായിരുന്നു ഞാന്‍ ആദ്യമായി വര്‍ക്ക് ചെയ്യുന്നത്. അതെന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. സംവിധാനത്തോട് താല്‍പര്യം തോന്നുന്നത് അന്നാണ്. പിന്നെ ബാക്കിയുള്ളതൊക്കെ പഠിക്കണമെന്ന് തോന്നുകയായിരുന്നു.
കുടുംബത്തെ കുറിച്ച്
എന്റെ വീട്ടില്‍ ഞാനും അമ്മയും അനിയനും ചേച്ചിയും അനിയത്തിയുമാണുള്ളത്. പിന്നെ അനിയത്തിയും അവരുടെ ഫാമിലിയുമുണ്ട്. ഭര്‍ത്താവ് സന്തോഷ്, നേരത്തെ പറഞ്ഞല്ലോ കളരി ആര്‍ട്ടിസ്റ്റാണ്. രണ്ട് മക്കളാണുള്ളത്. സത്ലജും സ്വാതികയും.