'ഇത് വായിക്കുന്ന ആരെങ്കിലും നീനുവിന്റെ ദുഖത്തില്‍ ഞാന്‍ കൂടെയുണ്ടെന്ന് അറിയിക്കണം' ദുരഭിമാനകൊലയ്ക്ക് ഇരയായ ശങ്കറിന്റെ ഭാര്യ കൗസല്യ ശങ്കര്‍ സംസാരിക്കുന്നു
Interview
'ഇത് വായിക്കുന്ന ആരെങ്കിലും നീനുവിന്റെ ദുഖത്തില്‍ ഞാന്‍ കൂടെയുണ്ടെന്ന് അറിയിക്കണം' ദുരഭിമാനകൊലയ്ക്ക് ഇരയായ ശങ്കറിന്റെ ഭാര്യ കൗസല്യ ശങ്കര്‍ സംസാരിക്കുന്നു
രാജേഷ് വി അമല
Wednesday, 30th May 2018, 11:21 am

പ്രണയിച്ചു എന്ന “വലിയ തെറ്റി”ന് കെവിന്‍ എന്ന ദളിത് യുവാവിന്റെ ജീവനെടുത്ത ജാതിവെറി മൂത്ത സമൂഹത്തിന്റെ ആര്‍പ്പുവിളികളെയെല്ലാം, അങ്ങ് ദൂരെ നിന്ന് നിസ്സഹായതയോടെ ഒരുവള്‍ നോക്കിക്കാണുന്നുണ്ട്.. പ്രണയത്തെ ജാതിയ്ക്ക് ബലികൊടുക്കുന്ന ഒരു സമൂഹത്തെ വിളിക്കാന്‍ അവളില്‍ ഒറ്റ വാക്കേയുള്ളൂ: “നോയാളികള്‍”…ഭ്രാന്തുപിടിച്ച സമൂഹം!

ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് തമിഴ്‌നാട്ടിലെ ഉദുമല്‍പേട്ടയില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട ശങ്കര്‍ എന്ന യുവാവിനെ പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടിക്കൊന്ന സംഭവവും തുടര്‍ന്ന് നടന്ന വിചാരണയും ഇന്ത്യന്‍ സമൂഹത്തെ ചിന്തിപ്പിച്ച ഒന്നായിരുന്നു. 2016 മാര്‍ച്ച് 13നായിരുന്നു സംഭവം. തേവര്‍ സമുദായത്തില്‍പ്പെട്ട കൗസല്യയും ദളിത് വിഭാഗത്തില്‍പ്പെട്ട ശങ്കറും പഠനകാലത്ത് പ്രണയത്തിലാവുകയും തുടര്‍ന്ന് കൗസല്യയുടെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഇരുവരും വിവാഹിതരാവുകയും ചെയ്തു.

വിവാഹശേഷം ജാതിപ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാവുകയും ഇരുവരെയും വകവരുത്താന്‍ കൗസല്യയുടെ വീട്ടുകാര്‍ വാടകക്കൊലയാളികളെ ഏല്‍പ്പിക്കുകയും തുടര്‍ന്ന് ശങ്കറിനെ ക്രൂരമായി കൊലചെയ്യുന്നതിലെത്തുകയും ചെയ്തു. ഇരുവരും ഉദുമല്‍പ്പേട്ടയില്‍ ഷോപ്പിംഗ് നടത്തി മടങ്ങുമ്പോഴായിരുന്നു ആസൂത്രിതമായ കൊല നടന്നത്. ശങ്കര്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു. കൗസല്യയുടെ തലയ്ക്ക് ആഴത്തില്‍ വെട്ടേറ്റു.

കേസില്‍ കൗസല്യയുടെ പിതാവ് ചിന്നസ്വാമി, അമ്മ അന്നലക്ഷ്മി, അമ്മാവന്‍ പാണ്ടി ദുരൈ, കൊലചെയ്ത സംഘത്തില്‍പ്പെട്ട രണ്ടുപേര്‍ ഉള്‍പ്പെടെ പതിനൊന്നുപേര്‍ അറസ്റ്റിലായി. വിചാരണയ്‌ക്കൊടുവില്‍ ചിന്നസ്വാമി ഉള്‍പ്പെടെ ആറുപേര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. ദുരഭിമാന കൊലകളില്‍ ഇന്ത്യയില്‍ ഏറെ പ്രാധാന്യം നിറഞ്ഞ ഒരു വിധിയായിരുന്നു ഇത്.

വീട്ടുകാര്‍ ഏര്‍പ്പാടാക്കിയ വാടക കൊലയാളികളില്‍നിന്നും കഷ്ട്ടിച്ച് രക്ഷപ്പെട്ട് ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ കൗസല്യ ഇപ്പോള്‍ പഴയ ആ “സാധാരണ” പെണ്‍കുട്ടിയല്ല. ജാതിക്കെതിരെ പോരാടിയും മിശ്ര വിവാഹങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കിയും കൗസല്യ മുന്നോട്ടുപോകുകയാണ്.

“മാറ്റം ഈ നിമിഷം നമ്മളില്‍നിന്നേ തുടങ്ങണം” എന്ന അംബേദ്കര്‍ ആശയത്തിലൂടെയായി പിന്നീട് തന്റെ ജീവിതമെന്നാണ് അവര്‍ പറയുന്നത്. മനുഷ്യനെ മനുഷ്യനായിക്കാണാന്‍ പഠിച്ചു. ജാതി വിമോചനത്തെപ്പറ്റി അറിഞ്ഞപ്പോള്‍ പെണ്‍വിമോചനത്തെപ്പറ്റി അറിഞ്ഞു. പെണ്‍വിമോചനത്തെപ്പറ്റി അറിഞ്ഞപ്പോള്‍ മനുഷ്യ സ്വാതന്ത്ര്യം എന്തെന്നറിയാനായി. ജാതിക്കെതിരായ വലിയ മുന്നേറ്റങ്ങള്‍ നടന്ന ഒരു മണ്ണാണിത്. എന്നിട്ടും അവയെല്ലാം എങ്ങുമെത്താതെ പോകുന്നു. വേരുകള്‍ ഉറപ്പുള്ളതായാല്‍ മരവും ഉറപ്പുള്ളതാകും എന്ന യാഥാര്‍ത്ഥ്യം ഇന്ന് കൗസല്യ അനുഭവിച്ചറിഞ്ഞിരിക്കുന്നു. തന്റെ പോരാട്ടത്തെക്കുറിച്ച് കൗസല്യ സംസാരിക്കുന്നു..


കൗസല്യയും ശങ്കറും വിവാഹവേളയില്‍

ഇപ്പോള്‍ എവിടെയാണ് താമസിക്കുന്നത്?

കോയമ്പത്തൂരില്‍, ശങ്കറിന്റെ വീട്ടില്‍.

പഠനം പൂര്‍ത്തിയായോ?

പഠിച്ചുകൊണ്ടിരിക്കുകയാണ്.

ജോലി ചെയ്യുന്നുണ്ടോ?

ഉണ്ട്. ജോലി തന്നിട്ടുണ്ട്.ഡിഫന്‍സ് വിഭാഗത്തില്‍.

ശങ്കറിന്റെ കൊലയ്ക്കിപ്പുറം മറ്റൊരു കൗസല്യയെയാണ് കാണാനാവുക. എങ്ങനെയായിരുന്നു ഈ മാറ്റത്തിന്റെ തുടക്കം?

ശങ്കറിന്റെ വേര്‍പാടിനെ തുടര്‍ന്ന് ആത്മഹത്യയെപ്പറ്റി ചിന്തിച്ചിരുന്നു. പിന്നീട് ഒത്തിരി ആലോചിച്ചുനോക്കി. ആ ചിന്തകള്‍ എന്നെ ഒത്തിരി ചെയ്തുതീര്‍ക്കാനുണ്ടിവിടെ എന്നതിലേക്കെത്തിച്ചു. പെരിയോറിന്റെയും അംബേദ്കറുടെയുമൊക്കെ ആശയങ്ങള്‍ എന്നെ വലുതായി സ്വാധീനിച്ചു. മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയുന്ന ഒത്തിരി സുഹൃത്തുക്കള്‍ എനിക്കിവിടെയുണ്ട്. ജാതിക്കെതിരായ പല പരിപാടികളിലേക്കും അവരെന്നെ ക്ഷണിക്കും. ഞാന്‍ സ്റ്റേജില്‍ കയറി സംസാരിക്കാന്‍ തുടങ്ങി. അവ കേള്‍ക്കുമ്പോള്‍ അവര്‍ക്കെല്ലാം ഒത്തിരി സന്തോഷമാണ്. രണ്ടു ജാതിയില്‍പ്പെട്ടവര്‍ തമ്മിലുള്ള പ്രണയത്തില്‍ ഞങ്ങളാല്‍ ചെയ്യാന്‍ കഴിയുന്ന പിന്തുണ നല്‍കിക്കൊണ്ടിരിക്കുന്നു. ജാതി എന്ന വിഷ വിത്തിനെക്കുറിച്ച് പുതിയ തലമുറയ്ക്ക് ക്ലാസ്സുകള്‍ നല്‍കുന്നു.

പുതിയ ഇന്ത്യന്‍ സമൂഹത്തെ എങ്ങനെ നോക്കിക്കാണുന്നു?

ജാതിക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് തുടരുന്ന ഒരു സമൂഹമാണിത്. അവസ്ഥ അത്രത്തോളം മോശമായിക്കൊണ്ടിരിക്കുകയാണ്. എവിടെ നോക്കിയാലും ജാതിയുടെ പേരിലുള്ള കൊലപാതകവും അക്രമങ്ങളുമാണ്.

ഇന്നും ഇത്തരത്തിലുള്ളൊരു വാര്‍ത്ത ശിവഗംഗ എന്ന സ്ഥലത്തുനിന്നും കണ്ടു. അവിടെ ഒരു ദളിത് പെണ്‍കുട്ടി കൊലചെയ്യപ്പെട്ടിരിക്കുന്നു. ഇന്ത്യ എന്ന ഈയൊരു രാജ്യത്ത് ജാതി വലിയൊരു പ്രശ്‌നമായി മാറുന്നു. ഇവിടെ പ്രണയിച്ചവരും പ്രണയിക്കുന്നവരുമെല്ലാം ജീവന്‍ പണയം വച്ചാണ് മുന്നോട്ടുനീങ്ങുന്നത്. ഇത്തരത്തിലുള്ള ഓരോ സംഭവങ്ങളും ഞാന്‍ സസൂക്ഷ്മം കണ്ടുകൊണ്ടിരിക്കുകയാണ്. അവനവന്റെ ജീവിതത്തെ സ്വതന്ത്രമായി വിടാതെ അവിടെയെല്ലാം സമൂഹം ഭരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.

എനിക്ക് ഇഷ്ടപ്പെട്ട ജീവിതം എനിക്ക് തിരഞ്ഞെടുക്കാന്‍ കഴിയുന്നില്ല എന്ന തരത്തിലുള്ള ഒരു സമൂഹമാണ് ഇവിടെ രൂപപ്പെട്ടിട്ടുള്ളത്. ഒരു ആണും പെണ്ണും പ്രണയിച്ചാല്‍ അത് ഏതു വഴിയിലൂടെയായാലും ജാതി സമൂഹം തടയിടാന്‍ മുന്നോട്ടുവരുന്നു. പ്രണയിക്കുന്ന രണ്ടുപേരെ പിരിക്കാന്‍ കഴിയാത്ത ഘട്ടമെത്തുമ്പോള്‍ ജാതി സമൂഹം ചെയ്യുന്ന അടുത്ത വഴിയാണ് രണ്ടുപേരെയും കൊന്നൊടുക്കുക എന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ കേരള സമൂഹത്തെ ഞെട്ടിപ്പിച്ച ഒരു ജാതിക്കൊല, പ്രണയത്തിന്റെ പേരില്‍ നടന്നത് ശ്രദ്ധിച്ചിരുന്നോ?

നീനു-കെവിന്‍ സംഭവം.. ശ്രദ്ധിച്ചിരുന്നു.. അത് സംബന്ധിച്ച വാര്‍ത്തകള്‍ എല്ലാം ഞാന്‍ സൂക്ഷ്മമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. നീനു തേങ്ങി കരയുന്നത് ഞാന്‍ വീഡിയോയിലൂടെ കണ്ടു. ഞാനും നീനുവും ഒന്നാണെന്നാണ് ആ ഒരു കാഴ്ചയില്‍ എനിക്ക് തോന്നിയത്. ഞാനും ഒരിക്കല്‍ നീനുവിലൂടെ കടന്നുപോയതാണ്. വളരെ വിഷമം തോന്നിയിരുന്നു. ജാതിയുടെ പേരില്‍ നടന്ന കൊലപാതകം. ആ കുട്ടിയുടെ കരച്ചില്‍ എനിക്ക് കണ്ടുനില്‍ക്കാനായില്ല. കുഞ്ഞു മുഖം. ഇളം പ്രയമേയുള്ളൂ ആ കുട്ടിക്ക്.

കെവിന്‍ എന്ന ആ യുവാവിനെ എങ്ങനെ സമൂഹത്തിന് കൊന്നുതള്ളാന്‍ തോന്നി എന്ന് എനിക്കിപ്പോഴും അറിയില്ല. ഞങ്ങളുടെ കാര്യത്തിലും ജാതിയും സാമ്പത്തിക നിലയും വലിയ തടസ്സമായിരുന്നു. ഈ സംഭവത്തിലും അതുതന്നെ കാണുന്നു. നീനുവിന്റെ ദുഖത്തില്‍ എനിക്കും പങ്കുചേരണമെന്നുണ്ടായിരുന്നു. ഇത് വായിക്കുന്ന ആരെങ്കിലും കഴിയുമെങ്കില്‍ നീനുവിന്റെ ദുഖത്തില്‍ ഞാന്‍ കൂടെയുണ്ടെന്ന് അറിയിക്കണം. അവരോട് ഒരു രണ്ടുവാക്ക് സംസാരിക്കാന്‍ ഫോണ്‍ നമ്പര്‍ നല്‍കാന്‍ കഴിയുമെങ്കില്‍ ആരെങ്കിലും നല്‍കുക.

ശങ്കറിന്റെ കൊലയ്ക്ക് ശേഷം അന്ന് അധികാരികള്‍ പറഞ്ഞ ഒരു കാര്യമായിരുന്നു ഇത്തരം കൊലപാതകങ്ങള്‍ തടയുന്നതിന് പാകത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഒരു പ്രത്യേക വിഭാഗത്തെ രൂപീകരിക്കുമെന്ന്. ഇപ്പോള്‍ അങ്ങനെയൊന്ന് തമിഴ്‌നാട്ടില്‍ ഉണ്ടോ?

അത്തരമൊരു സംഘവും ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നില്ല. അത് വെറും വാക്കുകള്‍ മാത്രമായിരുന്നു. പിന്നീട് ഒന്നും ഉണ്ടായിട്ടില്ല.

ഒരേ തൊഴില്‍ ചെയ്യുന്നവര്‍ തമ്മില്‍ ഒരുമിച്ചു ജീവിക്കാന്‍ തീരുമാനമെടുത്താലും അവിടെയും തടസ്സമായി ജാതി കടന്നെത്തുന്നു. ഇത്തരമൊരു സങ്കീര്‍ണ്ണമായ അവസ്ഥയെ സ്വന്തം അനുഭവത്തില്‍ നിന്നുകൊണ്ട് എങ്ങനെ നോക്കിക്കാണുന്നു?

ഞാനും ശങ്കറും ഒരേ കോളേജില്‍ എഞ്ചിനീയറിംഗ് പഠിക്കുമ്പോഴാണ് പ്രണയത്തിലാകുന്നത്. ശങ്കറിന്റെ വീട്ടിലെ കാര്യങ്ങള്‍ എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്. ഒത്തിരി ആലോചിച്ചാണ് ഞങ്ങള്‍ മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. പ്രണയം വീട്ടില്‍ അറിഞ്ഞു. അച്ഛന്‍ ശങ്കറിനെക്കുറിച്ച് ഒന്നും എന്നോട് ചോദിച്ചില്ല. അടുത്തദിവസം തന്നെ എന്നെ വിവാഹം ചെയ്തയക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഇവിടെത്തന്നെ കാണാം, ജോലിയെക്കാളും എത്രയോ മുകളില്‍ ജാതി ചിന്ത പ്രവര്‍ത്തിക്കുന്നു എന്നത്.

തിരിഞ്ഞുനോക്കുകയാണെങ്കില്‍, ഇത്തരത്തിലുള്ള ദുരഭിമാന കൊലകളിലെല്ലാം കാണുന്നത് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നു, തുടര്‍ന്ന് ജോലി നല്‍കുന്നു.എന്നാല്‍ ഇത്തരം കൊലപാതകങ്ങള്‍ തടയുന്നതിലേക്ക് നയിക്കേണ്ട ഒരു പ്രവര്‍ത്തനവും കാണുന്നുമില്ല ?

ഇവിടെയെല്ലാം ഇപ്പോള്‍ കാണുന്നത് പ്രണയത്തിന്റെ, ജാതിയുടെ പേരിലുള്ള കൊലകളും മറ്റും നടക്കുമ്പോള്‍ അത്തരം വിഷയങ്ങളെ അധികാരികള്‍ നിസാരമായി തള്ളിക്കളയുന്നതാണ്. അത് പ്രണയത്തിന്റെ പേരിലല്ലേ എന്ന ഒരു ലൈനില്‍. എന്നാല്‍ പ്രണയിക്കുന്നവര്‍ അത്തരം ഘട്ടങ്ങളില്‍ എത്രമാത്രം പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് അവര്‍ ഒരിക്കലും മനസ്സിലാക്കുന്നില്ല. ഇത്തരം വിഷയങ്ങള്‍ മുന്നില്‍ വരുമ്പോള്‍ പ്രണയിക്കുന്നവര്‍ക്ക് വലിയ ബലം നല്‍കാന്‍ അധികാരി വിഭാഗങ്ങള്‍ക്ക് കഴിയണം. അത്തരമൊരു സാഹചര്യം നിലവില്‍ ഒരു സംസ്ഥാനത്തും ഇപ്പോഴില്ല. അവ ഉണ്ടാകേണ്ടത് മുന്നോട്ടുള്ള പോക്കിന് ആവശ്യമാണ്. ജാതിയുടെ പേരില്‍ നടക്കുന്ന ദുരഭിമാന കൊലകള്‍ തടയുന്നതിന് ശക്തമായ നിയമം കൊണ്ടുവരാന്‍വേണ്ടി പോരാടുന്ന എത്രയോ പേരുണ്ട്. എന്നാല്‍ ഇപ്പോഴും അങ്ങനെയൊരു നിയമം ഉണ്ടായിട്ടില്ല.

രാജേഷ് വി അമല
മലപ്പുറം കോട്ടക്കലില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകനായും മലബാര്‍ ടൈംസ് ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തകനായും ജോലിചെയ്യുന്നു.