പതിനെട്ടാം വയസ്സിലാണ് വിനായക് തന്റെ ആദ്യ ചിത്രത്തിന്റെ ഗാനങ്ങള്‍ക്ക് വേണ്ടി വരികള്‍ എഴുതിയത്. “കുട്ടീം കോലും” എന്ന ചിത്രത്തില്‍ തുടങ്ങി, “ഗപ്പി” എന്ന ചിത്രത്തിലെ തനിയെ എന്ന ഗാനത്തില്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി, തുടര്‍ന്ന് “ഗോദ”യിലെയും “മായാ നദി”യിലെയും,”പറവ”യിലെയും “ജൂണി”ലെയും നമ്മള്‍ പാടിനടന്ന പല പാട്ടുകളിലെയും ജീവനുള്ള വരികള്‍ എഴുതിയ ചെറുപ്പക്കാരന്‍, “വിനായക് ശശികുമാര്‍” തന്റെ പതിനെട്ട് വയസ്സ് മുതല്‍ 25 വയസ്സ് വരെയുള്ള സിനിമാ ജീവിതത്തെ കുറിച്ച്…
വിനായക് എപ്പോഴാണ് ഗാനരചയിതാവാകുവാന്‍ തീരുമാനിക്കുന്നത്?
ചെന്നൈയില്‍ ലോയോള കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ്.അപ്പോള്‍ കുറച്ച് നല്ല ബാച്ച് മേറ്റ്‌സിനെ കിട്ടിയിരുന്നു.അതില്‍ പ്രധാനമായിട്ടും വിഷ്ണു ശ്യാം എന്ന് പറഞ്ഞ മ്യൂസിക് ഒക്കെ ചെയ്യുന്ന ഒരു ഫ്രണ്ട് ഉണ്ട്. അവനാണ് “നോണ്‍ സെന്‍സ്” എന്ന് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത്.ഞങ്ങള്‍ രണ്ട് പേരും വിദ്യാസാഗര്‍ ഫാന്‍സ് ആയിരുന്നു അതുകൊണ്ട് തന്നെ ഞങ്ങള്‍ പെട്ടെന്ന് അടുത്തു. അവന്‍ എന്റെ വീട്ടിലേക്ക് വരുമ്പോള്‍ മ്യൂസിക് ഒക്കെ കംപോസ് ചെയ്യും, അവന്റെയൊപ്പം ഇരുന്ന് ഒന്നോ രണ്ടോ പാട്ടൊക്കെ ഉണ്ടാക്കും.അങ്ങനെയങ്ങനെ ഞങ്ങള്‍ കുറെ പാട്ടുകള്‍ ചെയ്തു..അങ്ങിനെയാണ് ഒരു ആത്മവിശ്വാസം ഒക്കെ ഉണ്ടാകുന്നത്.
പിന്നെ കൂടെയുള്ള ബാച്ച് മേറ്റ്‌സ് എല്ലാവരും തന്നെ സിനിമ സ്വപ്നം കണ്ട് നടക്കുന്നവരായിരുന്നു. കാളിദാസ് ജയറാമൊക്കെ ഞങ്ങളുടെ കൂടെയായിരുന്നു. പിന്നെ എനിക്ക് സിനിമയ്ക്ക് തിരക്കഥ എഴുതണം സംവിധാനം ചെയ്യണം എന്നൊക്കെ ഉണ്ടായിരുന്നു പക്ഷെ അതൊക്കെ എത്രത്തോളം നടക്കുമെന്ന് അറിയില്ലായിരുന്നു. ഗാനങ്ങള്‍ എഴുതാന്‍ സാധിക്കുമെന്ന ബോധ്യം വരുന്നത് വിഷ്ണു ശ്യാമിന്റെയൊപ്പം ചേര്‍ന്നതിന് ശേഷമാണ്.
“കുട്ടീം കോലും” എന്ന ആദ്യ ചിത്രത്തിലേക്ക് എങ്ങനെയാണ് എത്തിപ്പെടുന്നത്?
ഞാന്‍ അങ്ങോട്ട് വിളിച്ച് വാങ്ങിയതാണ് ആദ്യ ചിത്രത്തിന്റെ അവസരം.
ഒരു സഹ സംവിധായകനാകുവാന്‍ സമീപിക്കുന്നവരുണ്ട്, തിരക്കഥയുമായി സമീപിക്കുന്നവരുണ്ട്.. പക്ഷെ ഒരു ഗാനരചയിതാവാകുവാനുള്ള സമീപനം എങ്ങനെയായിരുന്നു താങ്കളെ സംബന്ധിച്ച്?
മേല്‍പ്പറഞ്ഞ കാര്യം തന്നെയായിരുന്നു എനിക്ക് അവസരം കിട്ടുവാന്‍ ഏറെ ഗുണപ്പെട്ടതെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം ഒരു സഹ സംവിധായകനാവാന്‍ നൂറ് പേരുണ്ടാകും, എന്നാല്‍ ഒരു ഗാനരചയിതാവാകുവാന്‍ അവസരം ചോദിച്ച് വിളിക്കുന്നവര്‍ വിരളമാണ്. എന്റെ രണ്ടാമത്തെ ചിത്രമായ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയിലും ഞാന്‍ അങ്ങോട്ട് വിളിച്ച് ചാന്‍സ് ചോദിക്കുക തന്നെയായിരുന്നു. അപ്പോഴേക്കും ഒരു പടം ചെയ്തതിന്റെ ആത്മവിശ്വാസം വന്ന് തുടങ്ങിയിരുന്നു.
നീലാകാശം എന്ന ചിത്രം കഴിഞ്ഞപ്പോഴേക്കും അവസരങ്ങള്‍ തേടി വന്നിരുന്നോ?
അതേ. നീലാകാശം എന്ന ചിത്രം കഴിഞ്ഞപ്പോഴേക്കും തന്നെ ഒരുവിധപ്പെട്ട അവസരങ്ങള്‍ തേടിയെത്തി. അതില്‍ വര്‍ക്ക് ചെയ്ത് കൊണ്ടിരുന്നപ്പോള്‍ തന്നെയാണ് അതേ നിര്‍മ്മാതാക്കളുടെ അടുത്ത ചിത്രമായ നോര്‍ത്ത് 24 കാതം എന്ന അനില്‍ രാധാകൃഷ്ണ മേനോന്റെ ചിത്രത്തിലും എഴുതുവാന്‍ (താരങ്ങള്‍ എന്ന ഗാനം) സാധിച്ചത്. തുടര്‍ന്ന് ഇവരുടെയൊപ്പമൊക്കെ തന്നെയാണ് വീണ്ടും വര്‍ക്ക് ചെയ്തത്. സപ്തമശ്രീ തസ്‌കരഹ,ലോര്‍ഡ് ലിവിങ് സ്റ്റണ്‍ 7000 കണ്ടി, പിന്നെ ഗോവിന്ദ് പി മേനോന്റെ(തൈക്കുടം) ഒപ്പം ഹരത്തിലും വര്‍ക്ക് ചെയ്യുവാന്‍ സാധിച്ചു. പിന്നെ നീലാകാശം ചെയ്തതിലൂടെ ആണ് ഇയ്യോബിന്റെ പുസ്തകം ചെയ്യുവാനുള്ള അവസരം ലഭിക്കുന്നത്. അതിലെ ഓരോ കഥാപാത്രങ്ങളുടെ തീം മ്യൂസിക്കിന് വരികള്‍ ആവശ്യമായിരുന്നു. തമിഴിലാണ് അതിന് വേണ്ടി വരികള്‍ എഴുതിയത്.
പണ്ട് മുതലേ എഴുതുന്ന ഒരാളാണോ?
അതേ. പണ്ട് മുതലേ ചെറുകഥകള്‍ എഴുതുന്ന ഒരാളായിരുന്നു. കവിത എഴുതാനുള്ള പക്വതയൊന്നും എനിക്കില്ലായിരുന്നു. ചെറുകഥകള്‍ എഴുതും മത്സരങ്ങളില്‍ പങ്കെടുക്കും. അതുകൊണ്ട് തന്നെ തിരക്കഥ എഴുതണം എന്നൊക്കെ ആയിരുന്നു ആഗ്രഹം. പക്ഷെ ഗാനരചനയിലേക്ക് എത്തിപ്പെടുന്നത് വളരെ അവിചാരിതമായിട്ടാണ്.
ഗപ്പിയിലെ “തനിയെ എന്ന ഗാനം ഏറെ ജനപ്രീതി പിടിച്ചുപറ്റിയിരുന്നു. അത് വരെ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്‌കര: ,ഇയ്യോബിന്റെ പുസ്തകം തുടര്‍ന്ന ചിത്രങ്ങളുടെ ഗാനങ്ങള്‍ക്ക് വരികള്‍ രചിച്ചിരുന്നു.. ഗപ്പിക്ക് ശേഷം കരിയറില്‍ വന്ന വ്യത്യാസങ്ങള്‍ എന്തൊക്കെയാണ്?
തീര്‍ച്ചയായും.. ഗപ്പി തന്നെയാണ് കരിയറില്‍ ഒരു വഴിതിരിവാകുന്നത്. ബാക്കി സിനിമകള്‍ ചെയ്തിരുന്നുവെങ്കിലും ഇന്‍ഡസ്ട്രിയില്‍ എന്നെ ആര്‍ക്കും അറിയില്ലായിരുന്നു. വിളിച്ചവര്‍ തന്നെ ആയിരുന്നു വീണ്ടും വിളിച്ചിരുന്നത്. പുതിയ ആളുകള്‍ എന്നെ സമീപിക്കുവാന്‍ തുടങ്ങിയത് ഗപ്പിക്ക് ശേഷമായിരുന്നു. മുന്‍പ് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി ഒക്കെ ചെയ്തിട്ടുണ്ടെങ്കില്‍ പോലും അതിനൊക്കെ ഒരു പ്രത്യേക വിഭാഗം പ്രേക്ഷകര്‍ മാത്രമേ പാട്ടുകള്‍ കേട്ടിരുന്നുള്ളൂ. പക്ഷെ ഗപ്പിയിലെ പാട്ടുകള്‍ ആണ് എല്ലാ പ്രേക്ഷകര്‍ക്കിടയിലും ജനപ്രീതി സൃഷ്ടിച്ചത്.
നീലാകാശത്തിന്റെ സെറ്റില്‍ വെച്ചാണ് ഗപ്പിയുടെ സംവിധായകനായ ജോണ്‍ പോള്‍ ജോര്‍ജിനെ പരിചയപ്പെടുന്നത്.. അദ്ദേഹം ആ ചിത്രത്തില്‍ ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ആയി വര്‍ക്ക് ചെയ്യുകയായിരുന്നു.ഗപ്പിക്ക് മുന്‍പേ ജോണേട്ടന്‍ ഒരു പടം ചെയ്യാനിരുന്നതാണ്. അതിന് വേണ്ടിയാണ് ആദ്യം വരികള്‍ എഴുതിയത്, പക്ഷെ ആ ചിത്രം ഉപേക്ഷിച്ചു. അതിലെ സംഗീത സംവിധായകന്‍ വിഷ്ണു വിജയിനെ അപ്പോഴാണ് പരിചയപ്പെടുന്നത്.
പിന്നെ ഗപ്പിയിലേക്ക് കടക്കുകയായിരുന്നു. അതിന് വേണ്ടി പാട്ടുകള്‍ ഉണ്ടാക്കുവാന്‍ തുടങ്ങി. എഴുതിയപ്പോള്‍ “തനിയെ” ഇത്രെയും ഹിറ്റ് ആകുമെന്ന് കരുതിയിരുന്നില്ല. ഗബ്രിയേല്‍ എന്ന ഗാനത്തിലായിരുന്നു ഏറെ പ്രതീക്ഷ. അത് കരോള്‍ ഗാനമായി ഏറ്റെടുക്കും എന്നൊക്കെ പ്രതീക്ഷിച്ചിരുന്നു. തനിയെ എന്ന ഗാനം ചിത്രം ഇറങ്ങിയപ്പോള്‍ ആരും തന്നെ അധികം ശ്രദ്ധിച്ചിരുന്നില്ല, ഒരു ശരിയായ യൂ ട്യൂബ് റിലീസ് ഒന്നും ആ പാട്ടിന് ഉണ്ടായിരുന്നില്ല. തനിയെ എന്ന പാട്ട് ഏറെ ജനപ്രീതി പിടിച്ചു പറ്റുന്നത് ഗപ്പിയുടെ ഡി.വി.ഡി റിലീസിന് ശേഷമാണ്. സിനിമ ഇറങ്ങി കുറെ മാസങ്ങള്‍ക്ക് ശേഷം ഹിറ്റ് അടിച്ച ഗാനമാണ് “തനിയെ”.
ചിത്രങ്ങളിലെ ഗാനങ്ങളിലെ വരികള്‍ക്ക് പ്രാധാന്യം നല്‍കുന്ന സംവിധായകരാരൊക്കെയാണ് ഇപ്പോള്‍? എങ്ങനെയാണ് ഇതിന്റെ ഒരു പ്രക്രിയ ?
അത് എത്രത്തോളം സമയം അവര്‍ അതിന് വേണ്ടി ചിലവഴിക്കുന്നു എന്നതില്‍ തന്നെയാണ്. ചില സംവിധായകര്‍ അതിന് വേണ്ടി സമയം കണ്ടെത്താറുണ്ട്. ഇപ്പോള്‍ ഗപ്പിയിലൊക്കെ ചിത്രീകരണത്തിന് മുന്‍പേ എനിക്ക് മുഴുവന്‍ തിരക്കഥയും പറഞ്ഞു തന്നിരുന്നു. ചില സംവിധായകരൊക്കെ അതിനു വേണ്ടി സമയം ചിലവഴിച്ചു എന്ന് വരില്ല. ചില സിനിമകളൊക്കെ, ഇപ്പോള്‍ കുമ്പളങ്ങി നൈറ്റ്സ് ഒക്കെ പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്ത്, എഡിറ്റിംഗ് ഒക്കെ കഴിഞ്ഞ് റിലീസിന് തൊട്ട് മുന്‍പാണ് ഞാന്‍ ആ പടത്തിന്റെ ഭാഗമാകുന്നത്.അവരെല്ലാവരും തന്നെ സംഗീതത്തിന് പ്രാധാന്യം നല്‍കുന്നവര്‍ തന്നെയാണ്… ഇല്ലെന്നല്ല. അവസാനഘട്ടത്തില്‍, “എഴുതാകഥ പോല്‍ ഒരു ജീവിതം” എന്ന ഗാനം എഴുതുവാന്‍ വേണ്ടിയാണ് എന്നെ വിളിക്കുന്നത്. ചില പാട്ടുകള്‍ അങ്ങനെയാണ് എഡിറ്റിംഗ് സമയത്താകും അവിടെ അങ്ങനെ ഒരു സാഹചര്യത്തില്‍ ഒരു പാട്ട് വന്നാല്‍ നന്നായിരിക്കും എന്ന് തോന്നുക. അപ്പോള്‍ അവസാന നിമിഷമായിരിക്കും നമ്മളെ വിളിക്കുക.അതൊക്കെ ഓരോ ആളുകളുടെയും രീതിയാണ്.
ഇത്തരത്തില്‍ അവസാന നിമിഷത്തില്‍ വിളിക്കുമ്പോള്‍ താങ്കള്‍ നേരിടുന്ന വെല്ലുവിളി എങ്ങനെയാണ്?
അതെനിക്ക് ഇഷ്ടമുള്ള വെല്ലുവിളി തന്നെയാണ്. ഏറ്റവും പെട്ടന്ന് വരികള്‍ വേണ്ടപ്പോഴാണ് എന്നെ വിളിക്കുന്നത്.അത്തരം ഒരു വിശ്വാസം ആളുകള്‍ക്ക് എന്റെ മേല്‍ ഉണ്ടെന്ന് എനിക്ക് തോന്നുന്നു കാരണം തീരുമാനങ്ങള്‍ പെട്ടെന്ന് എടുക്കുവാന്‍ സാധിക്കും ഒരു പാട്ട് എഴുതി രണ്ടോ മൂന്നോ ആഴ്ചയൊന്നും കാത്തിരിക്കേണ്ടതായി വരില്ല. അപ്പോള്‍ സമയപരിമിധി വെച്ച് പാട്ടെഴുതുന്നതില്‍ ഒരു ഹരമുണ്ട്.
തിരക്കഥയിലെ ഓരോ സന്ദര്‍ഭങ്ങളും സംവിധായകന്‍ ആഴത്തില്‍ വിവരിച്ചു തരുന്ന പ്രക്രിയയെല്ലാം ഗാനരചയിതാവെന്ന നിലയില്‍ വിനായക് എത്രത്തോളം ആസ്വദിക്കാറുണ്ട്?
തീര്‍ച്ചയായും ആസ്വദിക്കാറുണ്ട്.ചില സിനിമകള്‍ക്ക് മുഴുവന്‍ തിരക്കഥ തന്നെ എനിക്ക് വായിക്കുവാന്‍ തരും. അതെനിക്ക് ഭയങ്കര ഇഷ്ടമാണ്. ഇപ്പോള്‍ മറഡോണ എന്ന സിനിമയില്‍ എനിക്ക് മുഴുവന്‍ തിരക്കഥ വായിക്കുവാന്‍ തരുമായിരിന്നു. വായിപ്പിക്കുന്നതിനപ്പുറം സംവിധായകന്‍ വായിച്ചു തരുന്നത് എനിക്ക് ഏറെ ഇഷ്ടപ്പെടുന്ന കാര്യമാണ്. ആദ്യമായി ജോണ്‍(ഗപ്പി സംവിധായകന്‍) ചേട്ടനാണ് ഗപ്പി എന്ന ചിത്രത്തിന് വേണ്ടി തിരക്കഥ മുഴുവന്‍ വായിച്ചു തരുന്നത്.
ഇനി വരാനിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രമായ അമ്പിളിയിലും അദ്ദേഹം നമ്മളോട് കഥ ആദ്യമേ പറഞ്ഞിരുന്നു. പിന്നെ വരത്തനില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ അമലേട്ടന്‍ തിരക്കഥ വിവരിക്കുവാന്‍ വേണ്ടി വാഗമണ്ണിലേക്ക് വരാന്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ ആലോചിച്ചു ഒരു പാട്ടിന്റെ വരി എഴുതുവാന്‍ വാഗമണ്ണ് വരെയൊക്കെ പോകണോ എന്ന്. പക്ഷെ അവിടെ പോയപ്പോഴാണ് അതിന്റെ ഉദ്ദേശം മനസ്സിലായത്, അവിടെ ഷൂട്ടിങ് നടക്കുന്നുണ്ട്, അവിടെ ഇരുന്നുകൊണ്ട് കഥാസന്ദര്‍ഭങ്ങള്‍ ഒക്കെ വിവരിച്ചു തന്നു.
അങ്ങനെയാണ് വരത്തന് വേണ്ടി ആദ്യം രണ്ട് പാട്ടുകള്‍ ഉണ്ടാക്കുന്നത്.ആ സിനിമയില്‍ മൊത്തത്തില്‍ മൂന്ന് പാട്ടുകളുണ്ട്.മൂന്നാമത്തെ പാട്ട് അവസാനം എഡിറ്റിംഗ് ഒക്കെ കഴിഞ്ഞു വന്നതാണ്, “ഒടുവിലെ തീയായ്” എന്ന ക്ലൈമാക്‌സിലെ ഗാനം അത് രാവിലെ മൂന്ന് മണിക്ക് അമലേട്ടന്‍ വിളിച്ചു പറയുകയായിരുന്നു ഇങ്ങനെ ഒരു പാട്ടും കൂടി വേണംമെന്ന്, അപ്പോള്‍ തന്നെ ഞാന്‍ അവിടേക്ക് ചെന്നു, അപ്പോള്‍ അവിടെ അമലേട്ടനും,ക്യാമറാമാന്‍ ലിറ്റില്‍ സ്വയംബും, സുശിന്‍ ശ്യാമും ഒക്കെ ഉണ്ടായിരുന്നു. അങ്ങനെ അവരുടെയൊപ്പം ആ പാട്ട് ഒന്നോ രണ്ടോ മണിക്കൂറുകള്‍ കൊണ്ട് ഉണ്ടാക്കിയതാണ്.
വരികളാണോ ഈണമാണോ ആദ്യം സൃഷ്ടിക്കപ്പെടുന്നത്?
ഈണം തന്നെയാണ് ആദ്യം ഉണ്ടാക്കുന്നത്.
അപ്പോള്‍ എത്രത്തോളം പ്രായോഗികമാണ് സൃഷ്ടിക്കപ്പെട്ട ഈണത്തില്‍ വരികളെ ചേര്‍ക്കുന്നത്?
ആദ്യം വരി എഴുതി ഈണം സൃഷ്ടിക്കുന്നതിനെക്കാള്‍ വേറെ ഒരു പ്രോസസ്സ് ആണ്, ഈണത്തിന് അനുസരിച്ച് വരികള്‍ ഉണ്ടാക്കുന്നത്. ഒരു പാട്ടിന് വരികള്‍ എഴുതാന്‍ ചിലപ്പോള്‍ ചിലര്‍ക്ക് സാധിച്ചേക്കും എന്നാല്‍ ഈണത്തിന് അനുസരിച്ച് പാട്ടെഴുതുവാന്‍ പകുതി പേര്‍ക്കും സാധിച്ചെന്ന് വരില്ല.
ഇപ്പോള്‍ ഇറങ്ങുന്ന ഒട്ടുമിക്ക മുന്‍നിര ചിത്രങ്ങളിലെ ഗാനരചനയില്‍ വിനായകിന്റെ പേരുമുണ്ട്.. ഒരേസമയം തന്നെയാണോ വിവിധ കഥാപാശ്ചാത്തലവും, സന്ദര്‍ഭങ്ങളുള്ള ചിത്രങ്ങള്‍ക്ക് വേണ്ടി ഗാനം രചിക്കുന്നത്? എങ്ങനെയാണ് ഈ പ്രക്രിയയില്‍ ക്രിയാത്മകതയോടെ ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും സാധിക്കുന്നത്?
അതെപ്പോഴും ഒരു നല്ല കാര്യമാണ്. നമ്മള്‍ ഒരേ സാധനം തന്നെ എഴുതി കൊണ്ടിരുന്നാലാണ് ഉപയോഗിച്ച വാക്കുകള്‍ വീണ്ടും ആവര്‍ത്തിക്കുന്നുണ്ടോ എന്ന പേടി വരുന്നത്. ഇപ്പോള്‍ ഞാന്‍ സുശിന് വേണ്ടി ഉപയോഗിക്കുന്ന പാട്ടുകളുടെ വാക്കുകളല്ല ഞാന്‍ ഇപ്പൊ ടി കെ രാജീവ് കുമാര്‍ സാറിന്റെ ചിത്രമായ കോളാമ്പിയില്‍ ഉപയോഗിച്ചിരിക്കുന്നത്. അത് കുറച്ചു കൂടി ഓള്‍ഡ് ഫാഷന്‍ മെലഡികള്‍ ആണ്. അപ്പോള്‍ അത്തരത്തിലുള്ള വരികള്‍ വേണം എഴുതുവാന്‍, അത് പോലെയുള്ള വരികളല്ല ഒരിക്കലും ഞാന്‍ റെക്‌സ് വിജയനോടൊപ്പം വര്‍ക്ക് ചെയ്യമ്പോള്‍ എഴുതുക. അതൊന്നും ആ സിനിമയ്‌ക്കോ അവര്‍ സൃഷ്ടിക്കുന്ന ഈണങ്ങള്‍ക്കോ ചേര്‍ന്ന് നില്‍ക്കുന്നവയായിരിക്കില്ല.
അപ്പോള്‍ വിവിധ പശ്ചാത്തലത്തിലുള്ള ചിത്രങ്ങള്‍ക്ക് വേണ്ടി എഴുതുമ്പോള്‍ നമുക്ക് പുതിയ പുതിയ ഒരുപാട് കാര്യങ്ങള്‍ കിട്ടും. കാരണം എനിക്കൊരു സമയമുണ്ടായിരുന്നു, ഒരേ സന്ദര്‍ഭങ്ങള്‍ക്ക് വേണ്ടി മാത്രം വരികള്‍ എഴുതിയിരുന്ന കാലം.. ചിത്രങ്ങളുടെ കഥകളില്‍ വ്യത്യാസം ഉണ്ടെങ്കിലും, സന്ദര്‍ഭങ്ങളില്‍ കാര്യമായ വ്യത്യാസം ഉണ്ടായിരുന്നില്ല.
അതുകൊണ്ട് തന്നെ മനഃപൂര്‍വം അവര്‍ത്തിക്കാതിരിക്കുവാന്‍ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. നീലാകാശം കഴിഞ്ഞതിന് ശേഷം കുറെപേര് സിനിമയില്‍ അല്ലാതെ തന്നെ ഒരുപാട് പേര് ആല്‍ബം എന്നൊക്കെ പറഞ്ഞ് ട്രാവല്‍ സോങ് ഒക്കെ എഴുതാന്‍ വിളിച്ചിരുന്നു. “ചേട്ടാ ഒരു ട്രാവല്‍ സോങ്” എന്നൊക്കെ പറഞ്ഞു വിളിക്കും ..അപ്പോള്‍ നേരിടേണ്ടി വരുന്ന പ്രധാന കാര്യം നമ്മള്‍ എഴുതുന്ന സാധനം എഴുതാനും പാടില്ല, എന്നാല്‍ യാത്രകളെ കുറിച്ച് തന്നെയാണ് എഴുതേണ്ടത്. ഒരേ കാറ്റും പുഴയും ഒക്കെ തന്നെയല്ലേ.അപ്പോള്‍ അതൊക്കെ ഒരു വെല്ലുവിളി ആണ്.അടുത്തതായി ചെയ്യുന്ന “ജൂണ്‍” എന്ന ചിത്രത്തില്‍ ഒരു പെണ്‍കുട്ടിയുടെ കാഴ്ചപ്പാടില്‍ നിന്ന് വേണം പാട്ടുകള്‍ക്ക് വരികള്‍ എഴുതാന്‍. അതൊക്കെയാണ് ഇതിലെ രസകരമായ കാര്യം.
ഗാനരചയിതാവെന്ന നിലയില്‍ എടുക്കുന്ന മുന്നൊരുക്കങ്ങള്‍ എന്തൊക്കെയാണ്?
പ്രധാനമായിട്ടും ഇന്‍ഡസ്ട്രിയല്‍ ഇറങ്ങുന്ന എല്ലാ പാട്ടുകളും കേള്‍ക്കുക എന്നത് തന്നെയാണ്. മറ്റ് ഭാഷകളിലെയും ചിത്രങ്ങളിലെ പാട്ടുകള്‍ കേള്‍ക്കുവാന്‍ ശ്രമിക്കാറുണ്ട്.പഴയ പാട്ടുകള്‍ കേള്‍ക്കുക, വായിക്കുക,പിന്നെ ഇതൊന്നുമല്ലാതെ പരമാവധി സിനിമയും,കഥാപാത്രങ്ങളും, അവയിലെ സന്ദര്‍ഭങ്ങളുമായി പാട്ടുകളിലെ വരികളെ ബന്ധിപ്പിക്കുവാന്‍ ശ്രമിക്കാറുണ്ട്. പാട്ടുകള്‍ എത്ര മികച്ചു നിന്നാലും വരികള്‍ സിനിമയക്ക് യോജിക്കുന്നില്ലെങ്കില്‍ കാര്യമില്ല. പിന്നെപ്പോഴും ശ്രദ്ധിക്കുന്ന കാര്യം പാട്ടിന്റെ ആദ്യ വാക്ക് വേറിട്ടതാക്കുവാന്‍ നോക്കാറുണ്ട്.ഇപ്പോള്‍ ഒരേ വാക്കില്‍ തുടങ്ങുന്ന ഒരുപാട് പാട്ടുകള്‍ ഉണ്ടെങ്കില്‍ ഗൂഗിളിലോ, യൂ ട്യൂബിലോ തിരയുമ്പോള്‍ ആ പത്ത് പാട്ടില്‍ ഒരെണ്ണമായെ നമ്മുടെ പാട്ട് വരൂ.. അപ്പോള്‍ പാട്ടിന്റെ ആദ്യ വാക്ക് ആകര്‍ഷിതമാക്കുവാന്‍ ശ്രമിക്കാറുണ്ട് പലപ്പോഴും.
ഗാനരചയിതാവായി തുടരുവാന്‍ തന്നെയാണോ ആഗ്രഹം?
തീര്‍ച്ചയായും അങ്ങനെതന്നെ തുടരുവാനാണ് താല്‍പര്യം.പാട്ടുകള്‍ക്ക് വരികള്‍ എഴുതാന്‍ ഇഷ്ടമാണ്.ഞാന്‍ ഏറെ ആസ്വദിച്ചു ചെയ്യുന്ന കാര്യം തന്നെയാണത്. പിന്നെ പാട്ടുകള്‍ക്ക് വരികള്‍ എഴുതുവാന്‍ അധികം ആളുകളില്ല. പത്തോ ഇരുപതോ ആളുകളെ ഉള്ളു. പിന്നെ ഇതിനോടൊപ്പം തന്നെ ഞാന്‍ ഇപ്പോള്‍ ഒരു ചിത്രത്തില്‍ സഹ സംവിധായകനായി വര്‍ക്ക് ചെയ്ത് തുടങ്ങി.
Also Read കല കാലത്തോട് നീതി കാണിച്ചില്ലെങ്കില്‍ പിന്നെന്തിന്? :ദീപന്‍ ശിവരാമന്‍
എനിക്ക് സ്‌ക്രിപ്റ്റിംഗ് തന്നെയാണ് പണ്ട് മുതലേ ആഗ്രഹം. സംവിധായകനാകണം എന്നും ആഗ്രഹം ഉണ്ട്. പക്ഷെ അതൊക്കെ അത്ര പെട്ടെന്ന് നടക്കുമോ എന്നറിയില്ല കാരണം നമുക്ക് അതിനെക്കുറിച്ചുള്ള അറിവൊക്കെ കുറവാണ്. എന്തായാലും സ്‌ക്രിപ്റ്റ് ചെയ്യുവാന്‍ പറ്റുമെന്നുള്ള വിശ്വാസമുണ്ട്.പിന്നെ സിനിമായല്ലാതെ തന്നെ ഷോര്‍ട്ട് ഫിലിമുകള്‍ക്കും, മ്യൂസിക് വിഡിയോസിനും ഒക്കെ വേണ്ടി വര്‍ക്ക് ചെയ്യാറുണ്ട്.
ഈ മേഖലയിലെ പ്രചോദനം ആരൊക്കെയാണ്?
എനിക്ക് ഗിരീഷ് പുത്തഞ്ചേരിയുടെ lyrics വളരെ ഇഷ്ടമാണ്.പിന്നെ പി ഭാസകരന്റെ വരികളും ഏറെ ഇഷ്ടപ്പെട്ടതാണ്. പിന്നെ നമ്മള്‍ ഒരുപാട് പാട്ടുകള്‍ കേള്‍ക്കുന്നുണ്ടല്ലോ.പിന്നെ ഞാന്‍ എഴുതുമ്പോള്‍ ഇപ്പോള്‍ ഒരു തിരക്കഥാകൃത്തിന്റെ കാഴ്ചപ്പാടില്‍ നിന്ന് കൊണ്ടാണ് എഴുതുവാന്‍ ശ്രമിക്കാറുള്ളത്. പണ്ടത്തെ പാട്ടുകളുടെ വരികളിലെ രീതി ഇന്ന് കൊണ്ടുവരാന്‍ പറ്റില്ല, കാരണം ഇന്നത്തെ പാട്ടുകളുടെ രീതി മാറിപ്പോയില്ലേ.
ഇപ്പോള്‍ ഇറങ്ങിയ മലയാള ചിത്രങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങള്‍ ഏതൊക്കെയാണ്?
തൊണ്ടി മുതലും ദൃക്സാക്ഷി,കുമ്പളങ്ങി നൈറ്റ്സ്, ദൃശ്യം ഒക്കെ ഏറെ ഇഷ്ടപെട്ട ചിത്രമാണ്.
ഇഷ്ടപ്പെട്ട സംവിധായകര്‍?
അന്‍വര്‍ റഷീദ്, ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശ്ശേരി.
അടുത്ത ചിത്രങ്ങള്‍?
രജിഷ വിജയന്റെ “ജൂണ്‍” എന്ന ചിത്രം ഇപ്പോള്‍ റിലീസ് ആയിരിക്കുന്നത്. ഞാന്‍ അതില്‍ ഒരു അഞ്ചു പാട്ടുകള്‍ക്ക് വരികള്‍ എഴുതിയിട്ടുണ്ട് .പിന്നെ അന്‍വര്‍ റഷീദിന്റെ ട്രാന്‍സ് ആണ് മറ്റൊരു ചിത്രം,അതില്‍ മുഴുവന്‍ പാട്ടുകള്‍ക്കും വരികള്‍ എഴുതിയിട്ടുണ്ട്. പിന്നെ ഫഹദിന്റെ പേരിടാത്ത ഒരു ചിത്രമുണ്ട് അതാകും നേരത്തെ ഇറങ്ങുക. ഏപ്രിലില്‍ ആയിരിക്കും റിലീസ്. പിന്നെ പതിനെട്ടാം പടിയും, അമ്പിളിയുമൊക്കെയാണ് മറ്റ് ചിത്രങ്ങള്‍.
DoolNews Video