കേരളത്തില്‍ നടന്നുവരുന്ന ക്രിസ്ത്യന്‍ മുസ്‌ലിം വിഭാഗീയ ശ്രമങ്ങള്‍, സംഘപരിവാര്‍ പദ്ധതികള്‍, ലവ് ജിഹാദ്, ന്യൂനപക്ഷ ആനുകൂല്യ വിഹിതം, ഫലസ്തീന്‍ ഇസ്രാഈല്‍ പ്രശ്‌നങ്ങള്‍, തീവ്രവാദം തുടങ്ങിയ വിഷയങ്ങളില്‍ ഫാ. പോള്‍ തേലക്കാട്ട് സംസാരിക്കുന്നു
അഭിമുഖം: ഫാ. പോള്‍ തേലക്കാട്ട് / അന്ന കീര്‍ത്തി ജോര്‍ജ്
കേരളത്തില്‍ ക്രിസ്ത്യന്‍ മുസ്‌ലിം വിദ്വേഷം വളര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ വ്യാപകമാകുന്ന ഈ സാഹചര്യത്തില്‍, സംഘപരിവാര്‍ സംഘടനകളുടെ വിദ്വേഷ പ്രചാരണങ്ങള്‍ ചില കത്തോലിക്ക സഭാ ഗ്രൂപ്പുകള്‍ ഏറ്റെടുക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നതിനെയും അതിനിടയായ സാഹചര്യങ്ങളെയും എങ്ങനെ വിലയിരുത്തുന്നു?
”വലതുകരണത്ത് അടിക്കുന്നവനു മറ്റേ കരണം കൂടി കാണിച്ചുകൊടുക്കുക” (മത്താ. 5:39) എന്നു പഠിപ്പിച്ച ക്രിസ്തുവിനെ മാറ്റിവച്ച് വിദ്വേഷം പ്രചരിപ്പിക്കുന്നവരെ ക്രൈസ്തവരായി കാണാന്‍ വിഷമമുണ്ട്. അത്തരക്കാര്‍ സഭയുടെ സംഘടനക്കാര്‍ ആകുന്നത് അധികാരികള്‍ ശ്രദ്ധിക്കേണ്ടതാണ്. ക്രൈസ്തവ സഭയുടെ അടിസ്ഥാനങ്ങള്‍ മാറ്റിവച്ച് പ്രവൃത്തിക്കുന്നവര്‍ സഭയ്ക്കുവേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്. സഭയുടെ പേരില്‍ ഇതു നടത്തുന്നത് പ്രതിഷേധാര്‍ഹമാണ്.
കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുവെന്ന വാദങ്ങള്‍ സഭാ പിതാക്കന്മാരും പുരോഹിതന്മാരും മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ കോടതിയും വിവിധ അന്വേഷണ ഏജന്‍സികളും നേരത്തെ തന്നെ ലൗ ജിഹാദിന് തെളിവുകളില്ലെന്ന് കണ്ടെത്തിയതാണ്. ഏതാനും പുരോഹിതരും ക്രിസ്ത്യന്‍ സംഘടനകളെന്ന് അവകാശപ്പെടുന്നവരും പറഞ്ഞുകൊണ്ടിരിക്കുന്ന ലൗ ജിഹാദ് കണക്കുകളെ എങ്ങനെ കാണുന്നു?
ലൗ ജിഹാദ് കെട്ടുകഥയാണോ യാഥാര്‍ത്ഥ്യമാണോ എന്ന് പറയേണ്ടത് പൊലീസും സര്‍ക്കാരുമാണ്. കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഇതു പറഞ്ഞു കഴിഞ്ഞു. ഇനി വല്ലവരുടെയും കയ്യില്‍ ഇതിന് തെളിവുണ്ടെങ്കില്‍ അത് അധികാരികളെ അറിയിക്കാന്‍ ഇവിടെ ആര്‍ക്കും കഴിയും. ഇതൊന്നും ചെയ്യാതെ അങ്ങനെയൊന്നിനെക്കുറിച്ച് പറഞ്ഞുകൊണ്ട് നടക്കുന്നത് മാന്യതയ്ക്കും മര്യാദയ്ക്കും നിരക്കുന്നതല്ല. വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നവരെ സമൂഹം ഒറ്റപ്പെടുത്തിയാണ് ഇതിനോട് പ്രതികരിക്കേണ്ടത്.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് സമീപകാലത്ത് വന്ന കോടതി വിധിയെ എങ്ങിനെ കാണുന്നു? ഈ വിധിയുടെ പശ്ചാത്തലത്തില്‍ ക്രിസ്ത്യന്‍ സമൂഹത്തിന് ലഭിക്കേണ്ട ന്യൂനപക്ഷ അവകാശങ്ങളെല്ലാം മുസ്‌ലിങ്ങള്‍ തട്ടിയെടുക്കുകയാണെന്ന പ്രതികരണങ്ങളും വന്നിരുന്നല്ലോ?
കോടതിവിധിയനുസരിച്ച് ഈ പ്രശ്‌നം സര്‍ക്കാര്‍ ഇരുവിഭാഗങ്ങളുമായി ചര്‍ച്ച ചെയ്ത് സൗഹൃദപരമായി പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. മുസ്‌ലിങ്ങളും ക്രൈസ്തവരും പരസ്പരം മനസ്സിലാക്കിയും അവരുടെ ഇടയിലെ അവശ വിഭാഗങ്ങളെ സഹായിക്കാന്‍ ശ്രമിക്കണം. എന്തു പ്രശ്‌നവും സംസാരിച്ച് തീര്‍ക്കുന്ന മാന്യതയുടെയും മനുഷ്യത്വത്തിന്റെയും വഴി സ്വീകരിക്കാന്‍ വിവേകമുള്ളവര്‍ ഇടപെടണം. എല്ലാറ്റിന്റെയും വഴി വായിലാണ് – വാക്കു കൊടുത്തും വാക്കു പാലിച്ചും ഉത്തരവാദികളായി നമുക്ക് സമൂഹത്തില്‍ ജീവിക്കാം.
പോള്‍ തേലക്കാട്ട്
‘ഇസ്‌ലാം മതത്തില്‍പ്പെട്ടവരാണ് തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത്, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിം തീവ്രവാദികള്‍ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നു, അത് കേരളത്തിലും വൈകാതെ സംഭവിക്കാം’. എന്നൊക്കെയുള്ള തരത്തിലാണ് പല പ്രചരണങ്ങളും നടക്കുന്നത്. ഇവയോടുള്ള പ്രതികരണം?
തീവ്രവാദപരവും മൗലികവാദപരവുമായ സമീപനങ്ങള്‍ ഏതു മതത്തിലും ഉണ്ടാകാം; ഉണ്ടായിട്ടുണ്ട്. ക്രിസ്തുമതത്തിലും ഇസ്‌ലാം മതത്തിലും ഉണ്ടായിട്ടുണ്ട്. മതം മൗലികമായി ആരെയും വെറുക്കാനും ദ്രോഹിക്കാനും പഠിപ്പിക്കുന്നില്ല. മതത്തെ രാഷ്ട്രീയ ഉപകരണമാക്കുന്നതില്‍ നിന്നു മാറി നില്‍ക്കാനും മനുഷ്യത്വത്തിന്റെ ഔന്നത്യത്തിലേക്ക് വളരാനും മതം കാരണമാകണം.
ഫലസ്തീനെ സ്വതന്ത്രരാജ്യമായി വത്തിക്കാന്‍ അംഗീകരിച്ചിരിക്കുന്നല്ലോ. എന്നാല്‍ ഫലസ്തീന്‍ ഒരിക്കലും ഒരു സ്വതന്ത്രരാജ്യമായിരുന്നില്ല എന്നാണ് പുരോഹിതന്മാരടക്കമുള്ള ചില ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ ഇപ്പോള്‍ വാദമുന്നയിക്കുന്നത്. ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തിലെ സഭാ നിലപാടും വ്യക്തിപരമായ കാഴ്ചപ്പാടും വിശദമാക്കാമോ?
ഫലസ്തീന്‍ ജനതയുടെ പ്രതിസന്ധിയില്‍ അവരെ സഹായിക്കാന്‍ വേണ്ടിയാണ് മാര്‍പാപ്പ ”ഫലസ്തീന് വേണ്ടിയുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍” ഉണ്ടാക്കിയത്. പന്ത്രണ്ടാം പീയൂസ് തുടങ്ങി ഇന്നുവരെയുള്ള മാര്‍പാപ്പമാര്‍ ഫലസ്തീന്‍കാര്‍ക്കുവേണ്ടി സംസാരിച്ചിട്ടുമുണ്ട്. 1947 നവംബറില്‍ ഇസ്രാഈലും ഫലസ്തീനും രണ്ടു സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. അത് യു.എന്‍. അംഗീകരിച്ചിട്ടുമുണ്ട്. ഇരുരാജ്യങ്ങളും സമാധാനപരമായി ജീവിക്കാന്‍ വേണ്ട പല ഒത്തുതീര്‍പ്പ് സമ്മേളനങ്ങളിലും പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇന്ത്യയില്‍ നെഹ്‌റുവും കോണ്‍ഗ്രസ് പാര്‍ട്ടിയും ഫലസ്തീന്‍ അനുഭാവമുള്ളവരായിരുന്നു. ഇപ്പോള്‍ ബി.ജെ.പി. സര്‍ക്കാര്‍ ഇസ്രാഈല്‍ അനുഭാവ സമീപനം സ്വീകരിക്കുന്നു. ഫലസ്തീന്‍ ഇസ്രാഈല്‍ വിവാദത്തില്‍ പക്ഷം പിടിച്ച് ഇവിടെ വൈരവും വിഭാഗീയതയും വിതയ്ക്കുന്നവരെ തിരിച്ചറിയുക. യുദ്ധക്കൊതിയന്മാരെ ഒറ്റപ്പെടുത്തുക.
ക്രിസ്ത്യന്‍-മുസ്‌ലിം വൈര്യം വളര്‍ത്തി, രണ്ട് ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിച്ച് രാജ്യത്തെ പൂര്‍ണമായും തങ്ങളുടെ വരുതിയിലാക്കാനുള്ള നീക്കങ്ങളാണ് സംഘപരിവാര്‍ നടത്തുന്നതെന്ന് സാമൂഹ്യ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ നിരീക്ഷണത്തോടുള്ള പ്രതികരണം?
ക്രൈസ്തവരെയും മുസ്‌ലിങ്ങളെയും പരസ്പരം അകറ്റാന്‍ ശ്രമിക്കുന്നവര്‍ മതങ്ങളെ രാഷ്ട്രീയ ആയുധമാക്കി ലാഭമുണ്ടാക്കാനാണ് അത് ചെയ്യുന്നത്. അത് വിജയിപ്പിക്കാതിരിക്കാന്‍ സൗഹൃദവും പരസ്പര ബഹുമാനവും സഹകരണവും വര്‍ധിപ്പിക്കുക. മതങ്ങള്‍ക്കുപരിയായി നാമെല്ലാവരും ഒരു നാട്ടുകാരും സുഹൃത്തുക്കളുമായി ജീവിക്കാന്‍ ശ്രമിക്കുക. അപരനെ നിശബ്ദനാക്കുന്നതാണ് ഏറ്റവും വലിയ അധാര്‍മ്മികത.
ഉത്തരേന്ത്യയില്‍ മലയാളികളടക്കമുള്ള മിഷനറികളും അവിടങ്ങളിലെ ക്രിസ്ത്യന്‍ സമൂഹവും ആക്രമിക്കപ്പെടുന്നതിനെതിരെ കേരളത്തിലെ സഭാനേതൃത്വം ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്നില്ല എന്ന് വിമര്‍ശനമുയരുന്നുണ്ടല്ലോ?
കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്‍ പൗരാണികമായി ബ്രാഹ്മണര്‍ മാമ്മോദീസ സ്വീകരിച്ചവരാണ് എന്ന് കരുതുന്നവരുണ്ട്. ഇത് പല കാരണങ്ങളാലായിരിക്കാം. വര്‍ഗ മഹിമയും വല്യേട്ടന്‍ മനോഭാവവുമുള്ളവരുമുണ്ടാകാം. ഈ ആഢൃതാ മനോഭാവം ക്രൈസ്തവമല്ല. എല്ലാവരും സഹോദരീ സഹോദരന്മാരാണ് എന്നതാണ് മൗലികമായി ക്രൈസ്തവ വിശ്വസം. ഈ നിലപാട് പുലര്‍ത്തുന്നവരില്‍ നേതൃത്വത്തിലുള്ളവരും ഉണ്ടാകാം. ഇവര്‍ ക്രൈസ്തവികതയ്ക്കുതന്നെ ഭീഷണിയായി മാറുന്നു. അവര്‍ ക്രിസ്ത്യാനികളാകാതെ വര്‍ഗ മേല്‍ക്കോയ്മയില്‍ തളയ്ക്കപ്പെട്ടവരാണ്.
ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ഫാ. സ്റ്റാന്‍ സ്വാമിയെ ജയിലിലടച്ചതിനെയും അദ്ദേഹത്തിന് ജയിലില്‍ മാനുഷികമായ പരിഗണന പോലും ലഭിക്കാതെ കഴിയേണ്ടി വരുന്നതിനെയും എങ്ങനെയാണ് കാണുന്നത്?
ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും പ്രധാന ദര്‍ശനം അതിന്റെ മാനവികതയാണ്. ഇന്ത്യയിലെ ആദിവാസികളെയും ദളിതരെയും അവശരെയും പിന്തുണക്കുന്നത് അതുകൊണ്ടാണ്. സ്റ്റാന്‍ സ്വാമി എന്ന വൈദികന്‍ മനുഷ്യന്റെ മഹത്വത്തിന് വേണ്ടി ഇറങ്ങിത്തിരിച്ച വ്യക്തികളില്‍ ഒരുവനാണ്. ഈ കാഴ്ചപ്പാടില്‍ നിന്നാണ് ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്ന അടിസ്ഥാന മാനവിക ആദര്‍ശങ്ങള്‍ ഉണ്ടാകുന്നത്. ഈ മനുഷ്യദര്‍ശനം ഹിന്ദുത്വ പാര്‍ട്ടികള്‍ക്ക് ഉണ്ട് എന്നു തോന്നിയിട്ടില്ല. അതുകൊണ്ടുതന്നെ ഈ ദര്‍ശനം പുലര്‍ത്തുന്നവര്‍ക്ക് ഇപ്പോള്‍ വിഷമതകള്‍ ഉണ്ടാകും.
ഫാ. സ്റ്റാന്‍ സ്വാമി
ലക്ഷദ്വീപ് വിഷയത്തില്‍ അവിടുത്തെ ജനതയ്ക്ക് പിന്തുണയര്‍പ്പിച്ച കത്തോലിക്കാ സഭയുടെ ഔദ്യോഗിക യുവജന പ്രസ്ഥാനമായ കെ.സി.വൈ.എമ്മിനെതിരെ വധഭീഷണിയും സൈബര്‍ ആക്രമണവുമുണ്ടായി. ലക്ഷദ്വീപ് വിഷയത്തെയും ദ്വീപ്ജനതയെ പിന്തുണ യ്ക്കുന്നവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെയും എങ്ങനെ നോക്കിക്കാണുന്നു?
ലക്ഷദ്വീപിലെ പ്രശ്‌നങ്ങള്‍ ഇന്ത്യ ഭരിക്കുന്നവരുടെ നേരത്തെ സൂചിപ്പിച്ച വീക്ഷണ വൈകല്യത്തിന്റെ പ്രതിസന്ധി തന്നെയാണ്. മനുഷ്യരും കുരങ്ങും പശുവും തമ്മിലുള്ള വ്യത്യാസം അവ്യക്തമായാല്‍ ഉണ്ടാകുന്ന പ്രതിസന്ധികളും നാം കാണുന്നു. അവിടത്തെ അധികാരി അവിടത്തെ മനുഷ്യരേക്കാള്‍ ആ മണ്ണും, തീരങ്ങളും വിലപ്പെട്ടതായി കാണുന്നു എന്ന് സംശയിക്കുന്നു. കോര്‍പ്പറേറ്റുകള്‍ക്ക് ഇവ വിറ്റ് ലാഭമുണ്ടാക്കുന്ന നടപടികളാണ് കാണുന്നത്. പണ്ട് ഗാര്‍സിയ മാര്‍ക്കേസ് ”വികസന”ത്തെ കോളറയായി കണ്ടത് യാഥാര്‍ത്ഥ്യമാക്കുന്ന പ്രതിസന്ധിയാണ് നാം കാണുന്നത്. ക്രോണി കാപ്പിറ്റലിസം അന്ധമായി വിദേശത്തു നിന്ന് വിഴുങ്ങുന്നതിന്റെ ദുരന്തം. ഇവര്‍ ജനാധിപത്യം സംസാരിക്കും, ആഢ്യവര്‍ഗാധിപത്യത്തിന്റെ വഴി നടക്കും.
ഇക്കഴിഞ്ഞ ദിവസങ്ങളിലായി ‘ക്രിസ്തീയ യുവത്വമേ ഇതിലേ’ എന്ന പേരില്‍ ക്ലബ് ഹൗസില്‍ നടന്ന ചര്‍ച്ചയോടും അതില്‍ ഉയര്‍ന്ന ആശയങ്ങളോടുമുള്ള പ്രതികരണം? ഫാ. നോബിള്‍ തോമസ് പാറക്കലിനെ പോലുള്ള പുരോഹിതന്മാരടക്കം ആ ചര്‍ച്ചയില്‍ പങ്കെടുത്ത് തികച്ചും മുസ്‌ലീം വിരുദ്ധമായ പ്രസ്താവനകള്‍ നടത്തിയിരുന്നുവല്ലോ.
ഭരണകൂടവും അതിന്റെ മൗലികവാദസംഘടനകളും വ്യക്തികളെ വിലയ്ക്കുവാങ്ങി ഉപയോഗിക്കുന്നത് ചരിത്രത്തില്‍ സാധാരണമാണ്. പ്രതിപക്ഷ ബഹുമാനം, മാന്യമായ ഭാഷാ ശൈലി, യുക്തിസഹമായ ചിന്ത ഇതൊക്കെ സമൂഹത്തില്‍ നിന്നു മാഞ്ഞു പോകുന്നത് അപകടകരമായ സാംസ്‌കാരിക ക്ഷയത്തിന്റെ സൂചനകളാണ്. മതങ്ങള്‍ മൗലികവാദത്തിലേക്ക് ഇടിഞ്ഞുവീഴുന്നതും നാം കാണുകയാണ്. ”സമഗ്രാധിപത്യത്തിന്റെ ഉത്ഭവങ്ങള്‍” എന്ന ഗ്രന്ഥത്തില്‍ ഹന്ന അറന്റ് ശവക്കൂട്ടങ്ങളെ ഉണ്ടാക്കുന്നതിനു മുമ്പ് സമഗ്രാധിപത്യത്തിന്റെ ശക്തികള്‍ ”ജീവിക്കുന്ന ശവ”ങ്ങളെ ഉണ്ടാക്കും എന്ന് എഴുതിയതു മറക്കാനാവില്ല.
മുനുഷ്യ സാഹോദര്യത്തില്‍ വിഷം ചേര്‍ത്ത് ഇത്തരക്കാര്‍ ഭാവിയുടെ മേല്‍ ഇരുട്ട് പരത്തുന്നു. ഇത് വിവേകത്തോടെ തിരിച്ചറിയുന്ന ഒരു സാംസ്‌കാരിക നിലവാരം ജനങ്ങള്‍ കാത്തുസൂക്ഷിക്കും എന്നു വിശ്വസിക്കുന്നു. അതിനുള്ള ശ്രമങ്ങളായിരിക്കും നടത്തേണ്ടത്. ഇരുട്ടിനെ പഴിക്കാതെ വെളിച്ചം തെളിക്കാന്‍ ശ്രമിക്കാം. ആത്മാവിനെ വില്‍ ക്കാതെ ജീവിക്കാന്‍ ഇടം കണ്ടെത്തുന്ന പ്രതിസന്ധിയിലാണ് നാം. ഏറ്റവും വലിയ മനുഷ്യദുരന്തങ്ങള്‍ ഉണ്ടാക്കുന്നത് ആരുമല്ലാത്തവരാണ് – മനുഷ്യന്‍ വ്യക്തിയാകാന്‍ ശ്രമിക്കാതെ ആരുമല്ലാത്തവരാകുന്നു.