ബുദ്ധിക്കും ശാസ്ത്രത്തിനും എതിരാണ് കേരളം
Daily News
ബുദ്ധിക്കും ശാസ്ത്രത്തിനും എതിരാണ് കേരളം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th May 2016, 10:00 pm

ശ്രീനിവാസന്‍ പറയുന്നത് ശുദ്ധ മണ്ടത്തരമാണ്. ഒരു മേഖലയില്‍ പേരെടുത്ത് കഴിഞ്ഞാല്‍ ഏതു മേഖലയെക്കുറിച്ചും പറയാനുള്ള സ്വാന്ത്രം തങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടെന്നാണ് ഇവരുടെ ധാരണ. അതുകൊണ്ട് ഒന്നും അറിയാത്ത കാര്യങ്ങളെക്കുറിച്ച് പോലും അഭിപ്രായം പറയും. ഇത് ദി:സ്വാതന്ത്രമാണ്. കേരളസമൂഹം ഇത് അനുവദിച്ച് കൊടുക്കരുത്. നിങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങലെക്കുറിച്ച് മാത്രം പറഞ്ഞാല്‍ മതി എന്ന് പറയണം. വ്യക്തി എന്ന നിലയില്‍ എന്ത് അഭിപ്രായവും പറയാം. എന്നാല്‍ “ഞാന്‍ ശ്രീനിവാസനാണ്” എന്ന മേല്‍വിലാസം ഉപയോഗിച്ച് കൊണ്ടാണ് ഇത് പറയുന്നത്.



| #TodaysPoint : ഡോ. കെ.പി അരവിന്ദന്‍ |


കേരളത്തിന്റെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചുള്ള ആലോചനയാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.പി. അരവിന്ദനുമായി മാതൃഭൂമി ആഴ്ചപതിപ്പിന് വേണ്ടി കെ. കണ്ണന്‍ നടത്തിയ ഈ അഭിമുഖം. കോഴിക്കോട് മെഡിക്കല്‍ കോളേജ് പത്തോളജി വിഭാഗം മുന്‍ മേധാവിയും ജനകീയാരോഗ്യപ്രശ്‌നങ്ങളിലുള്ള പരിഷത്തിന്റെ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വപരമായ പങ്കുവഹിച്ചിട്ടുള്ളയാളുമാണ് ഡോ.അരവിന്ദന്‍.

പ്രസ്തുത അഭിമുഖത്തിലെ പതിനാറര ശതമാനം വരുന്ന ഭാഗമാണ് ടുഡെയ്‌സ് പോയന്റില്‍ നല്‍കുന്നത്.

ഇത്തരം വിഡ്ഢിത്തങ്ങളും പച്ചക്കള്ളങ്ങളും  വലിയതോതില്‍ സ്വാധീനം നേടുന്നത് പൊതുസമൂഹത്തില്‍  പൊതുവെയുള്ള ശാസ്ത്രീയമനോഭാവത്തിന്റെ അഭാവം മൂലമാണ്. എന്തും വിശ്വസിക്കാം എന്ന രീതി വലിയ അപകടം ചെയ്യും. ആധുനിക വൈദ്യശാസ്ത്രത്തില്‍നിന്നുള്ള ഒരു പ്രശ്‌നത്തിന് പരിഹാരം അതില്‍നിന്നുതന്നെയാണ് തേടേണ്ടത്.

അതിനുപകരം പൂര്‍ണമായും യുക്തിഹീനമായ ഒന്നിനെ ആശ്രയിക്കുന്നത് ആശാസ്യമല്ല. ഇന്നത്തെ ആയുര്‍ദൈര്‍ഘ്യത്തിലും ഗുണമേന്മയിലും മനുഷ്യജീവിതത്തെ എത്തിച്ചത് ആധുനിക വൈദ്യശാസ്ത്രം ആണെന്നതില്‍ സംശയമില്ല.  ആധുനിക വൈദ്യശാസ്ത്രത്തിന്റെ സേവനം ലഭ്യമാകുന്നില്ല എങ്കില്‍ അത് അവകാശമാണ് എന്നുപറഞ്ഞ് പിടിച്ചുവാങ്ങാനുള്ള ശ്രമമാണ് വേണ്ടത്.

പ്രതിരോധ കുത്തിവെപ്പിനെതിരായ പ്രചാരണം പച്ചക്കള്ളമാണ്. ഡോക്ടര്‍മാര്‍ ആരും മക്കള്‍ക്ക് പ്രതിരോധകുത്തിവെപ്പ് എടുക്കാറില്ല എന്ന് ഒരാള്‍ പ്രസംഗിച്ച് നടക്കുന്നു. ശുദ്ധനുണയാണിത്. 99.99 ശതമാനം ഡോക്ടര്‍മാരും കൊടുക്കുന്നവരാണ്. ഈ നുണ ചോദ്യം ചെയ്യാതെ അപ്പടി വിഴുങ്ങുകയാണ്. വാക്‌സിനേഷന്‍ ഫലപ്രദമാകണമെങ്കില്‍ ഒരു സമൂഹത്തിന്റെ 80 ശതമാനത്തിലധികം പേര്‍ അതിന് വിധേയരാകണം.  എങ്കിലേ രോഗാണുവിന് നില്‍ക്കക്കള്ളിയില്ലാതാവുകൂ(herd immunitiy) 60 ശതമാനമായി ചുരുങ്ങിയാല്‍ കൂടുതല്‍ പേരിലേക്ക് രോഗം പടരാന്‍ സാധ്യതയുണ്ട്. വാക്‌സിനേഷന്‍ ചില പ്രദേശങ്ങളില്‍ കുറയുന്നത് ദുഷ്പ്രചാരണം കൊണ്ടാണ്.

മലപ്പുറത്തും മറ്റും വാക്‌സിനേഷന്‍ കുറഞ്ഞത് പൂര്‍ണമായും ദുഷ്പ്രചരണം മൂലമാണ്. അതില്‍ സാമുദായിക /മത ഘടകങ്ങളില്ല. മലപ്പുറത്തെ സമുദായമല്ലേ ഇറാനിലും സൗദി അറേബ്യയിലുമുള്ളത്? അവിടെ ഭംഗിയായി വാക്‌സിനേഷന്‍ നടക്കുന്നുണ്ട്. ഇവിടെ,പാവപ്പെട്ട, വലിയ വിവരമില്ലാത്ത സമുദായിക നേതാക്കന്മാരെ പറഞ്ഞത് തെറ്റിദ്ധരിപ്പിച്ച് ചില ലോബികള്‍ മുതലെടുക്കുകയാണ്. നാച്ചുറോപ്പതി, ഹോമിയോപ്പതി എന്നിവയിലുള്ള ചില ചികിത്സകരാണ് ഈ ലോബിയു
ടെ മുന്‍നിരയില്‍. ഇത് അമേരിക്കന്‍ ഗൂഢാലോചനയാണ് എന്നൊക്കെ പറഞ്ഞ് ഈ സമുദായനേതാക്കന്മാരെ ഇളക്കിവിടുകയാണ്. ഭയങ്കര ദ്രോഹമാണിത്.

വാക്‌സിനേഷനുപിന്നില്‍ ഒരുവിധത്തിലുള്ള ഗൂഢാലോചനയും ഇല്ല. അതേസമയം, മരുന്ന് വിറ്റ് ലാഭമുണ്ടാക്കാന്‍ കമ്പനി ശ്രമിക്കും. ഒരു കാര്യം ഓര്‍മ്മവേണം. ഗുണമുള്ള സാധനമേ വില്‍ക്കൂ. വൈദ്യശാസ്ത്രമേഖലയില്‍ നിരന്തര പഠനവും സൂക്ഷമപരിശോധനയും നടക്കുന്നുണ്ട്. ഫലപ്രദമല്ല എന്നുണ്ടെങ്കില്‍ ആരെങ്കിലും അത് ചൂണ്ടികാണിക്കും. എത്രയോ കേസുകളുണ്ട് ഇതുസംബന്ധിച്ച്. ദോഷകരമായ മരുന്നൊക്കെ ഉത്തരാധുനിക ബുദ്ധിജീവിയൊന്നുമല്ലല്ലോ കണ്ടുപിടിച്ചത്. വൈദ്യശാസ്ത്രത്തില്‍ പണിയെടുക്കുന്നവരാണ്. സ്വയം തിരുത്തല്‍ സംവിധാനം ഇതിനകത്തുണ്ട്. അതുകൊണ്ട് മോശം ഉത്പന്നം രണ്ടുതവണ ഇറക്കികഴിഞ്ഞാല്‍ ഒരു കമ്പനിക്ക് അടച്ചു പൂട്ടേണ്ടിവരും. അതിന് നിലനില്‍ക്കാനാകില്ല.

അതേ സമയം, വാക്‌സിനേഷന്‍ നയങ്ങളെ സ്വാധീനിക്കാന്‍ ലോബിയിങ്ങ് ഉണ്ടാകും . ഞങ്ങളുടെ മരുന്ന നിങ്ങളുടെ  നയങ്ങളില്‍ ഉള്‍പ്പെടുത്തൂ എന്ന് സമ്മര്‍ദ്ദമുണ്ടാകാം. സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളെ സ്വാധീനിച്ച് നോണ്‍ ഡീറ്റെയ്ല്‍ഡ് പാഠപുസ്തകങ്ങള്‍ തിരുകികയറ്റാന്‍ നടത്തുന്ന ശ്രമം പോലെയുള്ള ശ്രമങ്ങള്‍ കമ്പനിയുടെ ഭാഗങ്ങളില്‍നിന്നുണ്ടാകാം എന്നല്ലാതെ മറ്റുതരത്തിലുള്ള ഗൂഢാലോചന ഇല്ല.

പിന്നെ, പ്രകൃതി എന്നൊക്കെ ചപ്പടാച്ചി പറഞ്ഞ് ജനങ്ങളെ വിശ്വസിപ്പിക്കുന്നു. കാന്‍സര്‍ ബാധിതനായിരുന്ന നടന്‍ ജിഷ്ണുവിനോട് ലക്ഷമിതരുവും മുള്ളാത്തയും കഴിക്കാന്‍ നിര്‍ദ്ദശിച്ചത് ഒരു അഗ്രിക്കള്‍ച്ചറല്‍ കോളേജ് പ്രൊഫസറാണ്. ഒരു കാന്‍സര്‍ രോഗിയോട് ഇത് കഴിക്കാന്‍ പറയാന്‍ ഇദ്ദേഹത്തിന് എന്ത് വിവരാണുള്ളത്?

നാച്ചുറോപ്പതി എന്നുപറയുന്നതിന് ഒരു അടിസ്ഥാനമുണ്ടെന്ന്  തോന്നുന്നില്ല, കാരണം പല ആളുകളുടെയും നാച്ചുറോപ്പതി പലതാണ്. അതുപോലെ ലോകത്തിലുള്ള എല്ലാ രോഗത്തിനും മൂത്രം മതി എന്നു പറയുമ്പോള്‍ അത് അപകടമാകുന്നു.


ഉത്തരാധുനികതയെ തെറ്റായി വ്യാഖ്യാനിക്കുന്നവരാണ് ഇത്തരം പ്രചാരണം നടത്തുന്നത്. ശാസ്ത്രം എന്നു പറയുന്നത് മനുഷ്യന്റെ അനവധി അറിവുകളില്‍ ഒന്നുമാത്രമാണെന്നാണ് ഇവരുടെ വാദം. “everything is a story telling”. ശാസ്ത്രവും ഒരു കഥ പറയുന്നു. ആപേക്ഷികമായി ഒന്നിനും അപ്രമാദിത്വം കല്‍പ്പിക്കേണ്ട എന്നാണിവരുടെ വാദം. ശാസ്ത്രവവുമായി ബന്ധപ്പെട്ട പല ഉത്തരാധുനിക വിമര്‍ശനങ്ങളും ഇന്നത്തെ കാലഘട്ടത്തില്‍, ശാസ്ത്രത്തിന്റെ തെറ്റായ പ്രയോഗത്തിന്റെ വെളിച്ചത്തിലും മറ്റും നമ്മള്‍ അംഗീകരിക്കുന്നതാണ്. എന്നാല്‍ കാര്യങ്ങളെ അതിലളിതവത്കരിക്കുമ്പോഴാണ് അപകടം.


k.p-aravindan

?. മന്തുരോഗനിവാരണ പദ്ധതികള്‍ക്കെതിരെയും മറ്റും ഇത്തരത്തില്‍ വ്യാപക പ്രചാരണമുണ്ടായിരുന്നു.

മന്തിന്റെ മരുന്നിന്റെ കാര്യത്തില്‍ തെറ്റ്പറയാനാകില്ല. പ്രാരംഭലക്ഷണം കാണുമ്പോള്‍ തന്നെ ഇതേ മരുന്ന കഴിക്കുന്നതുകൊണ്ടാണ് മന്ത് ഇല്ലാത്തത്. മന്ത് രോഗാണു ഇപ്പോഴുമുണ്ട്. എന്നാല്‍, ഇത്രയും പേരെക്കൊണ്ട് ഒരേ സമയം മരുന്ന് കഴിപ്പിക്കുന്നത് പ്രായോഗികമല്ല. പൈലറ്റ് സ്റ്റഡിയില്‍ 30 ശതമാനം ആളുകള്‍ മാത്രമേ മരുന്ന് കഴിച്ചിരുന്നുള്ളു. പൈലറ്റ് സ്റ്റഡി പരാജയമാണെങ്കില്‍ പിന്നെ അത് തുടരാന്‍ പാടില്ലായിരുന്നു. ഇതായിരുന്നു ഇതിലെ അശാസ്ത്രീയത.

?.വാക്‌സിനേഷനെതിരായ പ്രചരണം പുതിയ കാലത്തിന്റെ സൃഷ്ടിയല്ല. എം.എം.ആര്‍. വാക്‌സിനേഷന്‍ ഓട്ടിസത്തിന് കാരണമാകുമെന്ന ആരോപണം കാല്‍നൂറ്റാണ് മുമ്പേ ബ്രിട്ടണിലുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് അവിടെ ഇതിന്റെ ഉപയോഗം കുറയുകയും  മുണ്ടിനീരും അഞ്ചാം പനിയും വര്‍ദ്ധിക്കുകയും ചെയ്തു.  വില്ലന്‍ചുമ വാക്‌സിനെതിരയും ഇത്തരത്തില്‍ പ്രചാരണമുണ്ടായിട്ടുണ്ട്. ആരോപണമുയര്‍ന്ന കാലത്തുതന്നെ ഇവ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കപ്പെട്ടവയാണ്. എങ്കിലും വിവരവിപ്ലവത്തിന്റെതെന്ന് പ്രകീര്‍ത്തിക്കപ്പെടുന്ന ഈ കാലത്തും തീര്‍ത്തും അശാസ്ത്രീയവും അടിസ്ഥാനരഹിതവുമായ ഇത്തരം വാദങ്ങളുയരുക മാത്രമല്ല, പൊതു സമൂഹത്തിന്റെ ശ്രദ്ധ ലഭിക്കുകയും ചെയ്യുന്നു.

ഇങ്ങനെയുള്ള ഫ്രിഞ്ച് ഗ്രൂപ്പുകള്‍ (fringe group) എല്ലായിടത്തുമുണ്ട്. പല രീതിയില്‍ ചിന്തിക്കുന്നവര്‍ക്ക് ജനാധിപത്യ സമൂഹത്തില്‍ ഇടം നല്‍കണം. അവയെ അടിച്ചമര്‍ത്തുകയല്ല വേണ്ടത് . എന്നാല്‍, പ്രശ്‌നം അതല്ല. ഇങ്ങനെയുള്ള സംഘങ്ങളെ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍; പ്രത്യേകിച്ച് മാതൃഭൂമി തുടങ്ങിയ മാധ്യമങ്ങള്‍ പ്രൊത്സാഹിപ്പിക്കുന്നു.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തന്നെ രണ്ടു വലിയ ലേഖനങ്ങള്‍ വന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ് എന്റെയൊക്കെ കുട്ടിക്കാലത്ത് പ്രധാന റീഡിങ് മെറ്റീരിയലാണ്. ഇങ്ങനെയുള്ള പ്രസിദ്ധീകരണത്തില്‍ വരുന്നവയ്ക്ക് വിശ്വാസ്യതയുണ്ടാകും. അതേ സമയം, ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ് പോലുള്ള മാധ്യമങ്ങളില്‍ ഇത്തരത്തിലുള്ള ലേഖനങ്ങള്‍ വരില്ല. കാരണം, ഇത്തരം വാദങ്ങള്‍ അശാസ്ത്രീയമാണ്.

ഞാന്‍ ആവര്‍ത്തിക്കുകയാണ്. മുഖ്യധാര മാധ്യമങ്ങളാണ് പ്രധാന ഉത്തരവാദി. മുഖ്യധാര മാധ്യമങ്ങളുടെ വിശ്വാസ്യത എന്നു പറയുന്നത് വളരെ പ്രധാനപ്പെട്ടതാണ്. വാക്‌സിനേഷന്‍ മുഴുവന്‍ തെറ്റാണെന്നുപറഞ്ഞ് പ്രധാന ലേഖനങ്ങള്‍ തുടരെത്തുടരെ വന്നുകഴിഞ്ഞാല്‍ അത് ദോഷം ചെയ്യും.

?കൊച്ചിയില്‍ തുടങ്ങാനിരിക്കുന്ന  കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനിവാസന്‍ നടത്തിയ പ്രസ്താവന ഏറെ ചര്‍ച്ചയായി.” കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങാനെ പാടില്ല. കാരണം, ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് ഒരു രോഗിയും രക്ഷപ്പെടാന്‍ പോകുന്നില്ല. നിലവിലുള്ള ചികിത്സാരീതിയുടെ ഗതികേടാണിത്”എന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്. വൈദഗ്ധ്യം വേണ്ട വിഷയങ്ങളില്‍പ്പോലും അതില്ലാത്തവര്‍ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയും അവ ചര്‍ച്ചയാവുകയും ചെയ്യുന്ന സാഹചര്യം കേരളത്തിലുണ്ട്.

ശ്രീനിവാസന്‍ പറയുന്നത് ശുദ്ധ മണ്ടത്തരമാണ്. ഒരു മേഖലയില്‍ പേരെടുത്ത് കഴിഞ്ഞാല്‍ ഏതു മേഖലയെക്കുറിച്ചും പറയാനുള്ള സ്വാന്ത്രം തങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടെന്നാണ് ഇവരുടെ ധാരണ. അതുകൊണ്ട് ഒന്നും അറിയാത്ത കാര്യങ്ങളെക്കുറിച്ച് പോലും അഭിപ്രായം പറയും. ഇത് ദി:സ്വാതന്ത്രമാണ്. കേരളസമൂഹം ഇത് അനുവദിച്ച് കൊടുക്കരുത്. നിങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങലെക്കുറിച്ച് മാത്രം പറഞ്ഞാല്‍ മതി എന്ന് പറയണം. വ്യക്തി എന്ന നിലയില്‍ എന്ത് അഭിപ്രായവും പറയാം. എന്നാല്‍ “ഞാന്‍ ശ്രീനിവാസനാണ്” എന്ന മേല്‍വിലാസം ഉപയോഗിച്ച് കൊണ്ടാണ് ഇത് പറയുന്നത്.

കാന്‍സര്‍ രോഗികള്‍ക്കെല്ലാം ചികിത്സവേണം ഇവരെ മുഴുവന്‍ ചികിത്സിക്കാന്‍ പൊതുമേഖലയില്‍ കുറച്ച് സ്ഥാപനങ്ങളെയുള്ളു.തിരുവന്തപുരം ,കോഴിക്കോട്, തലശ്ശേരി ,കൊച്ചിയില്‍ പരിമിതമായ തോതിലും…….ഇത്രയും സ്ഥലത്തേയുള്ളു. അത് കൊണ്ട് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കൊച്ചിയില്‍ വരുന്നത് എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്.

ചികിത്സിക്കാന്‍ സ്ഥലമുണ്ടാക്കിയാല്‍ മാത്രം പോരാ , രോഗികളുടെ എണ്ണം കുറക്കാനും രോഗം വരാതിരിക്കാനും വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തണം. ശ്രീനിവാസന്‍ ചെയ്തത് വലിയൊരു ദ്രോഹമാണ്. കാന്‍സറില്‍ നിന്നും മുക്തരായ പതിനായിരക്കണക്കിന് പേരുണ്ട. വ്യക്തിപരമായി എനിക്കറിയാവുന്ന നൂറുകണക്കിമ്പേരെ എനിക്കറിയാം .ഇവരെ ഡിമോറലൈസ് ചെയ്യുകയാണ് ശ്രീനിവാസന്‍ ചെയ്തത്.

ഇങ്ങനെയൊരാള്‍ പറയുമ്പോള്‍ “എനിക്കിനിയും വരില്ലേ” എന്ന് ഇവര്‍ക്ക് തോന്നില്ലേ? ശ്രീനിവാസന്‍ ഈ പ്രസ്താവന നടത്തുന്നതിന്  ഒരാഴ്ച മുമ്പ് എനിക്ക് പരിചയമുള്ള ഒര ടീച്ചറെക്കണ്ട് സംസാരിച്ചിരുന്നു. ഇനി രണ്ടാമതും കണ്ടാലോ എന്ന ആശങ്കയിലായിരുന്നു അവര്‍. ഞാന്‍ അവര്‍ക്ക് ധൈര്യം നല്‍കുകയാണ് ചെയ്തത്. ശ്രീനിവാസന്‍ പറഞ്ഞത് കേട്ടപ്പോള്‍ ഞാന്‍ ടീച്ചറെയാണ് ആദ്യം ഓര്‍ത്തത്. ഇത് വായിച്ചാല്‍ എന്തായിരിക്കും അവരുടെ മനസ്സില്‍ ?  കണ്ണില്‍ച്ചോരയില്ലാത്ത പ്രവര്‍ത്തിയല്ലേ ഇത്?

ഉത്തരാധുനികതയ്ക്ക് കപടശാസ്ത്രവുമായി കൈകോര്‍ക്കാനാകുന്നത് എങ്ങനെയാണ് ?

ഉത്തരാധുനികതയെ തെറ്റായി വ്യാഖ്യാനിക്കുന്നവരാണ് ഇത്തരം പ്രചാരണം നടത്തുന്നത്. ശാസ്ത്രം എന്നു പറയുന്നത് മനുഷ്യന്റെ അനവധി അറിവുകളില്‍ ഒന്നുമാത്രമാണെന്നാണ് ഇവരുടെ വാദം. “everything is a story telling”. ശാസ്ത്രവും ഒരു കഥ പറയുന്നു. ആപേക്ഷികമായി ഒന്നിനും അപ്രമാദിത്വം കല്‍പ്പിക്കേണ്ട എന്നാണിവരുടെ വാദം. ശാസ്ത്രവവുമായി ബന്ധപ്പെട്ട പല ഉത്തരാധുനിക വിമര്‍ശനങ്ങളും ഇന്നത്തെ കാലഘട്ടത്തില്‍, ശാസ്ത്രത്തിന്റെ തെറ്റായ പ്രയോഗത്തിന്റെ വെളിച്ചത്തിലും മറ്റും നമ്മള്‍ അംഗീകരിക്കുന്നതാണ്. എന്നാല്‍ കാര്യങ്ങളെ അതിലളിതവത്കരിക്കുമ്പോഴാണ് അപകടം.

കാന്‍സറിന് ഒരു പച്ചമരുന്ന് കഴിക്കുന്നതും ഇതും തമ്മില്‍ വ്യത്യാസമില്ല എന്നത് ആധികാരികമെന്ന നിലക്ക് അവതരിപ്പിക്കുമ്പോള്‍ അത് ശാസ്ത്രവിരുദ്ധമായ സാഹചര്യം സൃഷ്ടിക്കുന്നു. എല്ലാ കപടശാസ്ത്രങ്ങള്‍ക്കും തഴച്ചുവളരാനുള്ള സാഹചര്യം ഇത്തരം അശാസ്ത്രീയ സാഹചര്യം ഒരുക്കുന്നു.

കേരളത്തില്‍ ഇത്തരം പോസ്റ്റ് മോഡേണ്‍ ജാര്‍ഗണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുന്നുണ്ട്. പ്രത്യേകിച്ച്, പാതിവെന്ത വിവരമുള്ള “ഹാഫ് എഡ്യുക്കേറ്റഡ് ക്ലാസി”ല്‍ ഇത്തരം ജാഡ വര്‍ത്തമാനങ്ങള്‍ക്ക് സ്വീകാര്യതയുണ്ട്. ഇങ്ങനെയുള്ളവരാണ് ഇത്തരം കപടശാസ്ത്ര വാദങ്ങള്‍ക്കു പുറമെ പോകുന്നത്. അതേ സമയം സാധാരണക്കാര്‍ക്കിടയില്‍ ഇന്നും ആധുനിക വൈദ്യശാസ്ത്രത്തിനു തന്നെയാണ് കൂടുതല്‍ സ്വീകാര്യത. കേരളമാണ് ഇതിന്റെ നല്ല ഉദാഹരണം.

കടപ്പാട്: മാതൃഭൂമി ആഴ്ചപതിപ്പ്