'ആലപ്പാട് വിഷയത്തില്‍ സര്‍ക്കാരുകളാണ് യഥാര്‍ത്ഥ കാരണക്കാര്‍'; സംവിധായകന്‍ രഞ്ജിത് ശങ്കര്‍ സംസാരിക്കുന്നു
Mollywood
'ആലപ്പാട് വിഷയത്തില്‍ സര്‍ക്കാരുകളാണ് യഥാര്‍ത്ഥ കാരണക്കാര്‍'; സംവിധായകന്‍ രഞ്ജിത് ശങ്കര്‍ സംസാരിക്കുന്നു
അശ്വിന്‍ രാജ്
Friday, 11th January 2019, 3:39 pm

ആലപ്പാട് വിഷയം ചര്‍ച്ചയാവുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത പാസഞ്ചര്‍ എന്ന സിനിമ വീണ്ടും മലയാളികള്‍ ഓര്‍ക്കുകയാണ്. പാസഞ്ചര്‍ എന്ന ചിത്രത്തിലൂടെ രഞ്ജിത് പറഞ്ഞ കഥ മറ്റൊരു ആലപ്പാട്ടുകാരുടേതായിരുന്നു.

സമകാലിക വിഷയങ്ങളില്‍ സിനിമ ചെയ്യുമ്പോള്‍ അത് കൂടുതല്‍ പ്രചോദനമാണെന്നാണ് രഞ്ജിത് പറയുന്നത്. അന്ന് സിനിമയ്ക്ക് വേണ്ടി ഒരു കഥ കണ്ടെത്തുകയായിരുന്നില്ലെന്നും മറിച്ച് അതിലേക്ക് എത്തിപ്പെടുകയായിരുന്നെന്നും രഞ്ജിത് ശങ്കര്‍ ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പാസഞ്ചര്‍ എന്ന സിനിമയില്‍ താങ്കള്‍ ഉന്നയിച്ച ഒരു സാമൂഹിക വിഷയം ഇന്ന് വീണ്ടും ആലപ്പാടിലൂടെ ചര്‍ച്ചയാവുകയാണ്. ഈ ഒരു വിഷയത്തിലേക്ക് താങ്കള്‍ എത്തുന്നത് എങ്ങിനെയാണ്, സോഷ്യല്‍ മീഡിയ പറയുന്നപോലെ മൂന്‍കുട്ടി കണ്ട വിഷയമായിരുന്നോ ഇത്. ?

സിനിമയിലൂടെ മുന്‍കൂട്ടി പറഞ്ഞിട്ടുള്ള ഒരു വിഷയമല്ല ഇത്. ഖനനം പണ്ട് മുതല്‍ക്കെ കേരളത്തില്‍ നിലനിന്നിരുന്ന ഒരു വിഷയമാണ്.ആലപ്പുഴ ഭാഗത്ത് മുന്‍പ് തന്നെ വളരെ വ്യാപകമായിരുന്നു. പത്രങ്ങളില്‍ വാര്‍ത്തയൊക്കെയായിരുന്നു അത്. എന്നാല്‍ അന്ന് അത് എത്രപേര്‍ ശ്രദ്ധിച്ചിരുന്നു എന്നതില്‍ മാത്രമെ സംശയമുള്ളു.

എന്നാല്‍ എന്നെ ഇത് അലട്ടിയതിന് പ്രധാന കാരണം നമ്മുടെ നാട്ടിലെ ഒരു വലിയ സമ്പത്താണ് കരിമണല്‍. ജനങ്ങള്‍ക്ക് ഫലപ്രദമായ രീതിയില്‍ ഖനനം ആവാം. അതിന് സര്‍ക്കാര്‍ ഒരു നിയന്ത്രണം കൊണ്ടു വരണം. ഇവിടുത്തെ ആളുകള്‍ക്ക് ലാഭമില്ലാത്തതരത്തില്‍ പ്രൈവറ്റ് കമ്പനികള്‍ക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിയാണ് തെറ്റ്. ഇത് വളരെ ക്രൂരമാണ്. ഇന്നും അത് നിലനില്‍ക്കുന്നു എന്നത് കൂടുതല്‍ വിഷമമുണ്ടാക്കുന്നു.സുനാമി മനുഷ്യന്‍ തന്നെ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളില്‍ ഒന്നാണ്.

അന്ന് ഇത്തരത്തില്‍ ഒരു വിഷയം സിനിമയാക്കുമ്പോള്‍ എന്തായിരുന്നു മറ്റുള്ളവരുടെ പ്രതികരണം. കാരണം മലയാള സിനിമയില്‍ ശരിക്കും പറഞ്ഞാല്‍ മാറ്റം വരുത്തിയ സിനിമയാണ് പാസഞ്ചര്‍. പക്ഷേ അതുപോലെ തന്നെ റിസ്‌കുമായിരുന്നില്ലേ അത് ?

ഇന്ന് എനിക്ക് ഒരു സിനിമയുണ്ടാക്കുന്നതില്‍ വലിയ പ്രയാസമില്ല. എന്നാല്‍ അന്ന് ഇതുപോലൊരു കഥയുമായി മുന്നോട്ട് പോകുന്നതില്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. അന്ന് ആ സിനിമയുണ്ടായതിനുള്ള പ്രാധാന ഘടകം ശ്രീനിവാസന്‍ എന്നു പറയുന്ന മലയാള സിനിയയിലെ സമാശ്യാസനായ നടനിലെ വിശ്വാസമാണ്. അല്ലാതെ രഞ്ജിത് ശങ്കര്‍ എന്ന സംവിധായകനിലുള്ള വിശ്വസമാണെന്ന് എനിക്ക് തോന്നുന്നില്ല.

പിന്നെ സമകാലിക വിഷയങ്ങളില്‍ സിനിമ ചെയ്യുമ്പോള്‍ അത് കൂടുതല്‍ പ്രചോദനമാണ്. ശരിക്കും പറഞ്ഞാല്‍ സിനിമയ്ക്ക് വേണ്ടി ഒരു കഥ കണ്ടെത്തുകയായിരുന്നില്ല. അതിലേക്ക് എത്തുകയായിരുന്നു.

തമിഴ്, ഹിന്ദി സിനിമകളില്‍ ഈയിടെയായി സമകാലീന പ്രാധാന്യമുള്ള വിഷയങ്ങള്‍ അവതരിപ്പിക്കാറുണ്ട്. എന്നാല്‍ മലയാളത്തിലേക്ക് വരുമ്പോള്‍ ഇത് വളരെ കുറവാണ് എന്ന് പറയേണ്ടി വരും. യഥാര്‍ത്ഥത്തില്‍ സാമൂഹിക വിഷയത്തില്‍ ഏറെ ചര്‍ച്ചയാവേണ്ട കേരളത്തില്‍ എന്ത് കൊണ്ടായിരിക്കും ഇത്തരത്തില്‍ സിനിമയെന്ന കലയെ ഉപയോഗപ്പെടുത്താത്തത് ?

സിനിമ എന്നത് ഓരോരുത്തരുടെയും എക്സ്പ്രഷനാണ്. എന്റെ സിനിമ എന്നത് എന്റെ അഭിപ്രായങ്ങളാണ്. എനിക്കിപ്പോള്‍ പറയാന്‍ തോന്നുന്ന കാര്യങ്ങള്‍ തന്നെയാണ് സിനിമയില്‍ പറയാറുള്ളത്. മറ്റുള്ളവരുടെത് ഞാന്‍ പറയാന്‍ ആളല്ല.

ആലപ്പാട് വിഷയത്തിലേക്ക് വരികയാണെങ്കില്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ മാറിനിന്ന വിഷയമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി വീണ്ടും ചര്‍ച്ചയായതും പ്രതിഷേധം ഉയരുകയും ചെയ്തത്. യഥാര്‍ത്ഥത്തില്‍ ഇത്തരം പ്രക്ഷോഭങ്ങള്‍ ഗുണകരമായിരിക്കുമോ അതോ വിപരിത ഫലമായിരിക്കുമോ ഉണ്ടാക്കുക. ?

നമ്മുടെ നാട്ടിലെ മറ്റ് സമരങ്ങള്‍ പോലെ തന്നെ ഇത്തരം പ്രക്ഷോഭങ്ങള്‍ പൂര്‍ണ്ണതയില്‍ എത്തുന്നില്ല എന്നാണ് എനിക്ക് പറയാനുള്ളത്. പണ്ടും ഒരുപാട് തൊഴിലാളി സമരങ്ങള്‍ നടന്നിരുന്നു. അവിടെ ഒരു നേതാവ് വരുന്നു. പിന്നിട് ചര്‍ച്ചകള്‍നടത്തുന്നു. അവര്‍ വീണ്ടും ജോലിയിലേക്ക് പ്രവേശിക്കുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ പ്രക്ഷോഭങ്ങളിലേക്ക് വരുമ്പോള്‍ അത്രപോലും ഉണ്ടാവുന്നില്ല.

ആലപ്പാട് എന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുമ്പോഴും വിഷയം അറിഞ്ഞുകൊണ്ടാണോ എല്ലാവരും ഷെയര്‍ ചെയ്യുന്നത് എന്നും സംശയമുണ്ട്. വളരെ കുറച്ചുപേര്‍ മാത്രമെ വിഷയം മനസ്സിലാക്കുന്നുള്ളു. ഇത്തരം ക്യാമ്പയിനുകള്‍ നടത്തികഴിഞ്ഞതിനുശേഷം എന്ത് സംഭവിക്കുന്നു എന്ന്പോലും പലരും അറിയാന്‍ ശ്രമിക്കുന്നില്ല.

തിരുവനന്തപുരത്ത് ഒരു ചെറുപ്പക്കാരന് വേണ്ടിയും ഇതുപോലെ ക്യാമ്പയില്‍ ചെയ്തിരുന്നല്ലോ. അവര്‍ക്ക് എന്ത് സംഭവിച്ചു? നീതി ലഭിച്ചോ? ക്യാമ്പയിന്‍ ചെയ്യുന്ന എല്ലാവര്‍ക്കും നീതി ലഭിക്കുന്നുണ്ടോ? സര്‍ക്കാരിന്റെ ഭാഗത്തു നിന്നാണ് ഇതിനൊരു തീരുമാനമുണ്ടാകേണ്ടത്. സര്‍ക്കാരിന്മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇത്തരം പ്രക്ഷോഭങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട് എന്നുള്ളത് പോസിറ്റീവ് ആയിട്ടുള്ള ഒരു കാര്യമാണ്.

താങ്കളുടെ സിനിമകള്‍ വിജയ പരാജയങ്ങള്‍ അനുഭവിച്ചവയാണ്. ഇത്തരം വിജയങ്ങളും പരാജയങ്ങളുമെല്ലാം ഏത് തരത്തിലാണ് രഞ്ജിത് ശങ്കര്‍ എന്ന സംവിധായകനെ ബാധിക്കാറുള്ളത്.?

ഒരു സിനിമ ചെയ്യുമ്പോള്‍ നമുക്കതിനെ കുറിച്ചുള്ള ഒരുകണക്ക് കൂട്ടലുകള്‍ ഉണ്ടാവും. അത് ചിലപ്പോള്‍ വര്‍ക്ക് ഔട്ട് ആവും, ചിലപ്പോ ആവണമെന്നില്ല. വര്‍ക്ക് ഔട്ട് ആവുന്ന പക്ഷം അതില്‍ അഹങ്കരിക്കാതിരിക്കുക. അല്ലാത്ത പക്ഷം കൂടുതല്‍ ദുഖിക്കാതിരിക്കുക. കാരണം ഇത് നമ്മുടെ നിയന്ത്രണത്തിലുള്ള ഒരു കാര്യമല്ല. ഒരു സിനിമ വിജയിക്കുന്നതില്‍ ഒരുപാട് ഘടകങ്ങള്‍ ഉണ്ട്.

രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത സിനിമകളില്‍ ഏറെ പ്രതീക്ഷയോടെ വരികയും എന്നാല്‍ പരാജയമാവുകയും ചെയ്ത ചിത്രമാണ് “അര്‍ജ്ജുനന്‍ സാക്ഷി”. യഥാര്‍ത്ഥത്തില്‍ ആ സിനിമയ്ക്ക് എന്താണ് സംഭവിച്ചത് ?

എന്റെ അമിതമായ ആത്മവിശ്വാസമാണ് അര്‍ജ്ജുനന്‍ സാക്ഷിയുടെ പരാജയത്തിന് പിന്നില്‍ എന്നാണ് എന്റെ വിലയിരുത്തല്‍.

അതിന്റെ ക്ലൈമാക്സ് ഇങ്ങനെയല്ല എഴുതിയിട്ടുള്ളത്. നമ്മള്‍ വിചാരിച്ച ലോക്കേഷന്‍ കിട്ടാതെ വരികയും കലാകാരന്മാരുടെ ഡേറ്റ് കിട്ടാതെ വരികയും ചെയ്തു. ഇന്നാണെങ്കില്‍ ഞാന്‍ ഒരു പക്ഷെ അത് എടുത്തേനെ. പക്ഷെ അന്ന് എല്ലാം ഒരുമിച്ച് വന്നാലെ അത് ശരിയാവുള്ളു എന്ന് തോന്നി.

വളരെ തിരക്കു പിടിച്ച ഒരു ദിവസം എടുത്തതാണ് അതിന്റെ ക്ലൈമാക്സ്. പിന്നീട് ദുഖിക്കുന്ന ഒരു കാര്യമാണ്. ഇതെല്ലാം പഠനത്തിന്റെ ഭാഗമാണ്. യഥാര്‍ത്ഥത്തില്‍ അര്‍ജ്ജുനന്‍ സാക്ഷി ഒരു വിജയമാണ്. ഇല്ലെങ്കില്‍ എനിക്ക് പിന്നീട് നല്ല സിനിമകള്‍ ചെയ്യാന്‍ കഴിയില്ലായിരുന്നു. എല്ലാം നല്ലതിന് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍.

താങ്കള്‍ക്ക് എതിരെ പലപ്പോഴും സിനിമയിറങ്ങുന്ന സമയങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയരാറുണ്ട്. ഇത്തരം വിമര്‍ശനങ്ങളെ എങ്ങിനെയാണ് കാണുന്നത് ?

അത്തരത്തിലുള്ള ഒരു പ്രചരണം വരുമ്പോള്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. അതിനാല്‍ അതിനെക്കുറിച്ച് ആലേചിച്ചിട്ടില്ല എന്ന് വേണം പറയാന്‍. ആളുകള്‍ അതില്‍ സന്തോഷം കണ്ടെത്തുന്നുണ്ടെങ്കില്‍ അവര്‍ അത് കണ്ടെത്തിക്കോട്ടെ എന്നുള്ളതല്ലാതെ അതിനോട് ഒന്നും തന്നെ പ്രതികരിക്കാനില്ല. എന്നാല്‍ ഇതിലൂടെ ആളുകള്‍ അവരുടെ അഭിപ്രായമാണ് പറയുന്നതെങ്കില്‍ അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരു സിനിമ ഇറങ്ങുന്നതിന് മുന്നേ അത് മോശം സിനിമയാണ് എന്ന് പറയുന്നതില്‍ വിഷമമുണ്ട്.

രഞ്ജിത് ശങ്കര്‍ – ജയസൂര്യ എന്നത് തുടര്‍ച്ചയായി സംഭവിക്കുന്ന ഒരു ഹിറ്റ് കോമ്പോ പരീക്ഷണമാണ് വീണ്ടും അങ്ങിനെയൊന്ന് പ്രതീക്ഷിക്കാമോ അതോ മറ്റൊന്ന് ആയിരിക്കുമോ ?

സിനിമ ചെയ്യുമ്പോള്‍ ഞാന്‍ എപ്പോഴും വിഷയത്തിനാണ് പ്രാധാന്യം നല്‍കാറുള്ളത്. അഭിനേതാവിന് പ്രാധാന്യം കൊടുത്തുള്ള കഥയെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല. സിനിമയിലേക്ക് പലപ്പോഴും ജയസുര്യ വരുന്നത് അയാള്‍ അതിന് ഉചിതമാണ് എന്നുള്ളതുകൊണ്ടാണ്. രണ്ടാമത് അദ്ദേഹം അത് ചെയ്യുന്നതില്‍ അത്രയേറെ തല്‍പ്പരനും കഴിവും ഉള്ളതുകൊണ്ടാണ്. ആഗ്രഹിക്കുന്ന സമയത്ത് ഒരു സിനിമ ഉണ്ടാവുക എന്നതാണ്പ്രധാനം. ഞാന്‍ മേരിക്കുട്ടി എന്ന സിനിമ ഇന്ന് ചെയ്യാന്‍ എനിക്ക് ധൈര്യമുണ്ടാവണമെന്നില്ല. അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചോലോചിച്ചാല്‍ എനിക്കത് ചെയ്യാന്‍ കഴിയണമെന്നില്ല.

ഞാന്‍ നാടിനെ സ്നേഹിക്കുന്ന ഒരാളാണ്. സിനിമ ഉപേക്ഷിച്ച നാട് വിട്ട് പോകാന്‍ ആലോചിച്ച ഒരു സമയമാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്‌ എന്ന സിനിമ ചെയ്യുന്നത്. ഇവിടുത്തെ സര്‍ക്കാരിനോടും മാധ്യമങ്ങളോടും അടക്കം മൊത്തം സിസ്റ്റത്തോടും വെറുപ്പ് തോന്നിയ സമയമായിരുന്നു. ആ സിനിമയില്‍ കൂടുതലും സംഭാഷണങ്ങളാണ്. ആ സിനിമ ഇവിടുതന്നെ സെന്‍സര്‍ ചെയ്തപ്പോഴും തിയേറ്ററുകളിലെത്തിയപ്പോഴും ജനങ്ങള്‍കണ്ട് കയ്യടിച്ചപ്പോഴും വലിയൊരു ആശ്വാസമാണ് തോന്നിയത്.

എനിക്ക് അപ്പോഴുണ്ടാവുന്ന തോന്നലുകളാണ് പലപ്പോഴും സിനിമ. പുണ്യാളന്‍ 2 വില്‍ നിന്നാണ് പ്രേതം 2 ഉണ്ടാവുന്നത്. പുണ്യാളന്‍ 2 ഇറങ്ങി മൂന്നാംദിവസം തന്നെ അതിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങി. എനിക്ക് അതിന്മേല്‍ ഒന്നും ചെയ്യാന്‍പറ്റിയില്ല. ഇങ്ങനെ ഇറക്കുന്ന ആളുകള്‍ വലിയ ക്രിമിനലുകളായിട്ടാണ് മാറുന്നത്. ഗവണ്‍മെന്റോ രക്ഷിതാക്കളോ ഇതിനെക്കുറിച്ച് ബോധമാന്മാരല്ല.

അടുത്ത സിനിമ എപ്പോള്‍ പ്രതീക്ഷിക്കാം?

പണത്തിനുവേണ്ടി ഇനി എനിക്ക് ഒരു സിനിമ ചെയ്യേണ്ട ആവശ്യം ഇപ്പോഴില്ല. മറ്റുള്ളവരെ ബോധിപ്പിക്കാന്‍ വേണ്ടി സിനിമ ചെയ്യേണ്ട ആവശ്യവും വരുന്നില്ല. ഒരു വിഷയം എടുത്തു കഴിഞ്ഞാല്‍ അതില്‍ സിനിമ ചെയ്യേണ്ടതുണ്ട് എന്ന് നമുക്ക് തോന്നിയാല്‍ മാത്രമെ സിനിമ ചെയ്യാറുള്ളു. വിഷയത്തെക്കുറിച്ച് ആലോചിക്കുന്നു

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.