തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ അച്ഛനും മകനും പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത് രാജ്യത്ത് വലിയ വിവാദങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. കൊല്ലപ്പെട്ട ജയരാജന്റെയും മകന്‍ ബെന്നിക്‌സിന്റെയും സ്വദേശമായ സാന്തകുളത്തെത്തി കുടുംബത്തെ ആദ്യം നേരില്‍ കണ്ടത് തൂത്തുകുടിയില്‍ നിന്നുള്ള ലോക്‌സഭ എം.പിയും ഡി.എം.കെയുടെ വനിതാ വിഭാഗം നേതാവുമായ കനിമൊഴിയാണ്. ഡി.എം.കെയുടെ പേരില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ സഹായം കനിമൊഴി നല്‍കിയിരുന്നു. ഇതിലുപരി പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന ഇത്തരം നീതിനിഷേധത്തിനെതിരെയും വയലന്‍സിനെതിരെയും അവര്‍ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ഡി.ജി.പി, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, ജില്ലാ കള്കടര്‍ തുടങ്ങിയവരെ നേരില്‍ കണ്ട് വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കനിമൊഴി പരാതി നല്‍കിയിരുന്നു. ജൂണ്‍ 29ന് ദേശീയ മനുഷ്യാവകാശ കമ്മീഷനു നല്‍കിയ പരാതിയില്‍ ഒരേ സ്‌റ്റേഷനില്‍ തന്നെ നടന്ന നിരവധി കസ്റ്റഡി മരണങ്ങളില്‍ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് അതിക്രമത്തോടുള്ള നമ്മുടെ പ്രതികരണങ്ങളെക്കുറിച്ച് ഒരു സമൂഹമെന്ന നിലയില്‍ ആത്മപരിശോധന നടത്താന്‍ സമയമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ദി വയര്‍ നടത്തിയ അഭിമുഖത്തില്‍ കനിമൊഴി സംസാരിക്കുന്നു.
ഈ കേസ് സി.ബി.ഐയ്ക്ക് കൈമാറാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനെ താങ്കള്‍ എങ്ങിനെയാണ് നോക്കി കാണുന്നത്?
കേസ് സി.ബി.ഐയ്ക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പ്രകടമായും ഒരു കൊലപാതക കേസാണ്. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചെയ്തത് എന്താണ്? എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഐ.പി.സി സെക്ഷന്‍ 302 പ്രകാരം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാത്തത്? എന്തുകൊണ്ടാണ് ഇതുവരെ ഈ കേസില്‍ അറസ്റ്റുകള്‍ രേഖപ്പെടുത്താത്തത്? ഇത്തരം ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഒരു തരത്തിലുള്ള നടപടിയും ഉണ്ടാകാതിരിക്കുന്നത് എന്തുകൊണ്ടാണ്?
കസ്റ്റഡി മരണങ്ങളെക്കുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷനു(എന്‍.എച്ച്.ആര്‍.സി) കൃത്യമായ മാര്‍ഗരേഖകള്‍ ഉണ്ട്. കൃത്യമായി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പരാജയപ്പെടുന്നത് തന്നെ എന്‍.എച്ച്.ആര്‍.സി മാര്‍ഗ്ഗനിര്‍ദേശങ്ങളുടെ നഗ്നമായ ലംഘനമാണ്. ഈ കേസ് ഒരു കൊലപാതകമായിപ്പോലും പരിഗണിച്ചിട്ടില്ല.
സമ്മര്‍ദ്ദം ഉണ്ടായപ്പോള്‍ മാത്രമാണ് കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുക പോലും ചെയ്തത്. ഞാന്‍ ഡി.ജി.പിയെ കണ്ട് അദ്ദേഹത്തിന് വിശദമായ ഒരു പരാതി സമര്‍പ്പിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നതിന് മുന്‍പേ തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞത് മരണം ശ്വാസ തടസ്സം മൂലമാണെന്നാണ്. ഈ മേഖലയില്‍ നിന്നുള്ള മന്ത്രിയായ കടംമ്പൂര്‍ രാജു പറഞ്ഞത് ഇരുവരുടേതും കസ്റ്റഡിമരണല്ല എന്നാണ്.
പ്രസ്താവനകള്‍ക്ക് പിന്നില്‍ മറ്റെന്തെങ്കിലും താത്പര്യം ഉണ്ട് എന്ന് കരുതുന്നുണ്ടോ?
എനിക്ക് മുഖ്യമന്ത്രിക്കെതിരെയോ മറ്റ് മന്ത്രിമാര്‍ക്കെതിരെയോ ആരോപണം ഉന്നയിക്കാന്‍ താത്പര്യമില്ല. പക്ഷേ അവരെനിക്ക് മറ്റ് വഴികള്‍ തരുന്നില്ല. അവര്‍ക്ക് ഇത് മൂടിവെക്കണം എന്നത് വ്യക്തമാണ്.
ഭയാനകമായ അക്രമമാണ് നടന്നത്. റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അവര്‍ ലൈംഗികമായും ഉപദ്രവിക്കപ്പെട്ടു എന്നാണ്?
അതെ തീര്‍ച്ചയായും. പൊലീസുകാരുടെ അധികാരമുഷ്‌കിന്റെ പരിണിത ഫലമാണ് ഈ വയലന്‍സ്. തങ്ങളാണ് ഇവിടുത്തെ അധികാരികള്‍ എന്നാണ് അവര്‍ ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്നത്.
ഒരു വ്യക്തിയും വയലന്‍സ് അര്‍ഹിക്കുന്നില്ല. അത് എത്ര ഗുരുതരമായ കുറ്റം ആരോപിക്കപ്പെട്ട ആളായാല്‍ പോലും. ജയരാജും ബെന്നിക്ക്‌സും സാധാരണ കച്ചവടക്കാര്‍ മാത്രമായിരുന്നു. അവരുടെ കുടുംബം വൈകുന്നേരം അവര്‍ വരുന്നത് കാത്തിരിക്കുകയായിരുന്നു. എന്ത് കൊണ്ടാണ് അവര്‍ക്ക് ഇങ്ങനെ സംഭവിച്ചത്? അനുവദിച്ചതിലും ഏതാനും മിനുറ്റുകള്‍ കൂടുതല്‍ കട തുറന്നു എന്നതാണ് അവര്‍ക്ക് നേരെ ചുമത്തപ്പെട്ട കുറ്റം. അതും ശരിയാണോ എന്നറിയില്ല. അതിന് യഥാര്‍ത്ഥത്തില്‍ ഒരു അറസ്റ്റ് പോലും അര്‍ഹിക്കുന്നില്ല. ഏഴ് വര്‍ഷം ശിക്ഷിക്കേണ്ട കുറ്റകൃത്യമൊന്നുമല്ല അവര്‍ ചെയ്തത്. എന്തിനാണ് അവരെ അറസ്റ്റ് ചെയ്യുന്നത്. അതും ഒരു മഹാമാരിയുടെ സമയത്ത് ഇളവുകള്‍ നല്‍കികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍.
സാന്തകുളം പൊലീസിന് കസ്റ്റഡി വയലന്‍സിന്റെ ഒരു ചരിത്രം തന്നെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്?
ഈ പൊലീസുകാര്‍ നടത്തിയ നിരവധി അക്രമ സംഭവങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. നമ്മള്‍ ജയരാജിനെയും ബെന്നിക്ക്‌സിനെയും കുറിച്ച് സംസാരിക്കുന്നത് അവര്‍ കൊല്ലപ്പെട്ടു എന്നത് കൊണ്ടാണ്.
ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി സാന്തകുളം പൊലീസ് നിയമപരമല്ലാതെ കസ്റ്റഡിയില്‍ വെക്കുകയും നിര്‍ദയം മര്‍ദ്ദിക്കുകയും ചെയ്ത മഹേന്ദ്രന്‍ എന്നൊരാള്‍ അടുത്തിടെ മരണപ്പെട്ടിരുന്നു. അദ്ദേഹം കുറ്റാരോപിതന്‍ പോലുമായിരുന്നില്ല. പൊലീസ് അതിക്രമം കാരണം ഗുരുതരമായി പരിക്കേല്‍ക്കുകയും വൈകല്യം സംഭവിക്കുകയും ചെയ്ത നിരവധി പേര്‍ ഉണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. അവരുടെ ജീവിതമാകെ പൊലീസ് കാരണം ദുരിതപൂര്‍ണമാവുകയാണ്.
കസ്റ്റഡി മരണത്തിനെതിരായി തമിഴ്‌നാട്ടില്‍ നടന്ന പ്രതിഷേധത്തില്‍ നിന്ന്
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ തമിഴ്‌നാട്ടില്‍ 15 കസ്റ്റഡി മരണങ്ങള്‍ ഉണ്ടായി എന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ താങ്കള്‍ പറയുന്നുണ്ടല്ലോ?
അതെ, സത്യമാണ്. അത് മാത്രമല്ല, കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ പ്രതിവര്‍ഷം 1730 കസ്റ്റഡി മരണങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതൊരു ചെറിയ സംഖ്യയല്ല. പൊലീസ് അതിക്രമം കൊണ്ട് ഉണ്ടാകുന്ന വൈകല്യമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെക്കുറിച്ച് നമ്മള്‍ ഇവിടെ ചര്‍ച്ചചെയ്ത് തുടങ്ങിയിട്ടു പോലുമില്ല. പൊലീസ് വയലന്‍സ് അനുഭവിക്കേണ്ടി വരുന്ന ഒരു വ്യക്തിയുടെ മാനസിക നിലയെക്കുറിച്ച് ആലോചിച്ചു നോക്കൂ.
താങ്കള്‍ ഉദ്യോഗസ്ഥരെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവരെയും കണ്ട് പരാതി സമര്‍പ്പിക്കുന്നുണ്ടല്ലോ?
അതെ ഞാന്‍ ഡി.ജി.പി ഉള്‍പ്പെടെ ജില്ലയിലെ വിവിധ ഉദ്യോഗസ്ഥരെ നേരില്‍ കണ്ടിരുന്നു. അവര്‍ പറയുന്നത് നിയമം നടപ്പിലാകും എന്ന് തന്നെയാണ്. അങ്ങനെ തന്നെയാകട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു. എന്നിരുന്നാലും സംഭവത്തിന്റെ ഉത്തരവാദിത്തം എസ്.പി ഏറ്റെടുക്കണം എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്. മരണം നടന്നിട്ട് എസ്.പി, എന്‍.എച്ച്.ആര്‍.സിയെ വിവരം അറിയിച്ചിട്ടില്ല. 24മണിക്കൂറിനുള്ളില്‍ വിവരമറിയിക്കണമെന്ന മാര്‍ഗനിര്‍ദേശമുണ്ടായിട്ടും അറിയിക്കാതിരിക്കുന്നത് മാനദണ്ഡങ്ങളുടെ ലംഘനമാണ്.
കേസിലുള്‍പ്പെട്ട മറ്റുള്ളവരുടെ പങ്കിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?
എല്ലാ തലത്തിലുമുള്ള പരാജയമാണെന്ന് ഞാന്‍ പറയും. എങ്ങിനെയാണ് ഒരു ഡോക്ടര്‍ക്ക് ഇത്തരമൊരു കേസില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സാധിക്കുക. ഇരുവരുടെയും സ്വകാര്യഭാഗത്ത് നിന്ന് രക്തം ഒഴുകുകയായിരുന്നുവെന്നും പുറത്ത് തൊലിപോലുമില്ലായിരുന്നുവെന്നും ഇപ്പോള്‍ വ്യക്തമാണ്.
അവര്‍ വസ്ത്രം മാറ്റികൊണ്ടിരിക്കുന്നപ്പോഴെല്ലാം വീണ്ടും വീണ്ടും ചോരയില്‍ മുങ്ങുകയായിരുന്നുവെന്നും ഇപ്പോള്‍ നമുക്കറിയാം. എന്നിട്ടും പൊലീസിന് അനുകൂലമായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായി. മജിസ്‌ട്രേറ്റിനടുത്ത് എന്താണ് സംഭവിച്ചത്? ജയിലിലെ റെക്കോഡുകള്‍ പറയുന്നത് അവര്‍ക്ക് രക്തസ്രാവം ഉണ്ടായിരുന്നെന്നും അവരുടെ കാലുകള്‍ വീര്‍ത്തിരിക്കുകയായിരുന്നു എന്നുമാണ്. അങ്ങനെയെങ്കില്‍ അവരെ എങ്ങിനെ ജയിലേക്ക് തന്നെ കൊണ്ടുപോകാന്‍ കഴിയും. എന്നിട്ട് ഇപ്പോള്‍ ഇതെല്ലാം മറിച്ചു പിടിക്കാനുള്ള വലിയ ശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നത്.
ലോക്ക് ഡൗണിന് ശേഷം പൊലീസ് അതിക്രമം വര്‍ദ്ധിക്കുകയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നല്ലോ?
ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ എപ്പോഴും പൊലീസ് അതിക്രമത്തെ അവഗണിക്കുകയാണ് ചെയ്തത്. നമ്മള്‍ എല്ലായ്‌പ്പോഴും പൊലീസ് അതിക്രമത്തെ ന്യായീകരിക്കാന്‍ കാരണങ്ങള്‍ കണ്ടെത്തി. ക്രിമിനലുകളെ അടിക്കുന്നതും ചിലപ്പോഴെല്ലാം അവരെ വെടിവെക്കുന്നതും ശരിയാണെന്ന് നമ്മള്‍ കരുതിപ്പോന്നു. അവരെ കൊല്ലുന്നത് പോലും അംഗീകരിക്കാം അല്ലെങ്കില്‍ ജാമ്യത്തിലിറങ്ങി അവര്‍ പ്രശ്‌നമുണ്ടാക്കും എന്നായിരുന്നു ധാരണ. നമ്മുടെ സിനിമകളില്‍ നായകന്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനായിരിക്കും. അയാള്‍ക്ക് എല്ലാവരെയും കൊല്ലാനുള്ള അവകാശമുണ്ട്.
ലോക്ക് ഡൗണ്‍ തുടങ്ങിയപ്പോള്‍ തന്നെ പൊലീസിന്റെ വയലന്‍സിന് വലിയ സ്വീകാര്യത ഉണ്ടായിരുന്നു. ആളുകളെ വീട്ടിലിരുത്താന്‍ അത് മാത്രമാണ് മാര്‍ഗം എന്നാണ് നമ്മള്‍ കരുതിപ്പോന്നു. ഇപ്പോള്‍ നമുക്ക് അത് അതിരു കടന്നതായി തോന്നുന്നു. എന്തെന്നാല്‍ അത് മര്‍ദ്ദനത്തിനുമപ്പുറമെത്തി. അത് രണ്ട് ജീവനെടുത്തു.
ഈ സന്ദര്‍ഭത്തില്‍ നാം ഒന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. കൊല്ലപ്പെട്ടവര്‍ മധ്യവര്‍ഗത്തില്‍പ്പെട്ടയാള്‍ക്കാരാണ്. അവര്‍ക്ക് വിദ്യാഭ്യാസമുണ്ട്. ഒരു ഓട്ടോ ഡ്രൈവറോ, ദിവസക്കൂലിക്കാരനോ അല്ല കൊല്ലപ്പെട്ടത്. അത് കൊണ്ടാണ് ഇത് സമൂഹത്തിന്റെ മനസാക്ഷിയെ ഉലച്ചത്.
എന്തുകൊണ്ടാണ് പൊലീസിന്റെ മാനസികപീഡനത്താല്‍ ആത്മഹത്യ ചെയ്യുന്നവരെക്കുറിച്ച് നമ്മള്‍ മൗനം പാലിക്കുന്നത്. അത്തരത്തിലുള്ള നിരവധി കേസുകളുണ്ട്. ലോക്ക് ഡൗണില്‍ ഗാര്‍ഹിക പീഡനമുള്‍പ്പെടെ കൂടിയിരുന്നു. എന്തുകൊണ്ടാണ് നമ്മുടെ വിശകലനങ്ങളില്‍ ഇത് ഉള്‍പ്പെടാത്തത്.
ഇനി കാര്യങ്ങള്‍ അന്വേഷണം എങ്ങിനെ മുന്നോട്ട് പോകണമെന്നാണ് താങ്കള്‍ കരുതുന്നത്?
തെറ്റ് സംഭവിച്ചുവെന്ന് എല്ലാവരും അംഗീകരിക്കുന്ന കേസാണിത്. ഇത് അവസാനിപ്പാക്കാനും ആത്മപരിശോധന നടത്താനും കുറ്റവാളികളെ ശിക്ഷിക്കാനുമുള്ള സമയം മാത്രമല്ല. ഇങ്ങനെയൊരു സംഭവം ഇനിയൊരിക്കലും ആവര്‍ത്തിക്കപ്പെടില്ലെന്ന് ഉറപ്പാക്കേണ്ട കൂടി സമയമാണിത്.
മൊഴിമാറ്റം: ശ്രിന്‍ഷ രാമകൃഷ്ണന്‍
(ഐ.പി.എസ്.എം.എഫ് സഹകരണത്താല്‍ ദി വയറിന്റെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)