Kerala News
Interview | എസ്‌കലേറ ലക്ഷ്യമിടുന്നത് സാധാരണക്കാരായ സ്ത്രീ സംരംഭകരുടെ ഉന്നമനം; ബിന്ദു വി.സി. സംസാരിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 28, 02:50 pm
Friday, 28th February 2025, 8:20 pm
നമ്മുടെ നാട്ടിലെ സാധാരണക്കാരായ സ്ത്രീകള്‍ വിവിധ തരത്തിലുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നുണ്ട്. ഇന്നത്തെ വിപണി മത്സരത്തിനിടെ അവരുടെ പ്രൊഡക്ടുകള്‍ക്ക് ആവശ്യമായ പിന്തുണ വിപണിയില്‍ നിന്നും ലഭിക്കുന്നില്ല. ആ സാഹചര്യം മറികടക്കുകയാണ് എസ്‌കലേറയിലൂടെ വനിത വികസന കോര്‍പ്പറേഷന്‍ ചെയ്യുന്നത്.

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് സ്ത്രീ സംരംഭകര്‍ക്കായി കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശന വിപണന മേളയാണ് എസ്‌കലേറ. വെറുമൊരു മേള എന്നതിനപ്പുറം പുതിയ കാലത്ത് ആവശ്യമായ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍, സംരംഭ സാധ്യതകള്‍, വായ്പകള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ ആ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ നയിക്കുന്ന സെമിനാറുകളും ചര്‍ച്ചകളും എസ്‌കലേറയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട് | എസ്‌കലേറ എം.ഡി ബിന്ദു വി.സിയുമായി ഡൂള്‍ന്യൂസ് പ്രതിനിധി നടത്തിയ അഭിമുഖം

ചോദ്യം : സ്ത്രീ സംരംഭകര്‍ക്കായി എസ്‌കലേറ എന്ന പേരില്‍ പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നതിലൂടെ സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നതെന്താണ്?

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക സ്ഥാപനമാണ് കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍. സാമ്പത്തിക ശാക്തീകരണത്തിലൂടെ സാമൂഹികവും രാഷ്ട്രീയവുമായ മുന്നേറ്റം സാധ്യമാക്കാന്‍ സ്ത്രീകളെ സഹായിക്കുകയാണ് കെ.എസ്.ഡബ്ല്യു.ഡി.സി ചെയ്യുന്നത്.

നമ്മുടെ നാട്ടിലെ സാധാരണക്കാരായ സ്ത്രീകള്‍ വിവിധ തരത്തിലുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നുണ്ട്. ഇന്നത്തെ വിപണി മത്സരത്തിനിടെ അവരുടെ പ്രൊഡക്ടുകള്‍ക്ക് ആവശ്യമായ പിന്തുണ വിപണിയില്‍ നിന്നും ലഭിക്കുന്നില്ല. ആ സാഹചര്യം മറികടക്കുകയാണ് എസ്‌കലേറയിലൂടെ വനിത വികസന കോര്‍പ്പറേഷന്‍ ചെയ്യുന്നത്.

രണ്ടാം തവണയാണ് എസ്‌കലേറ എന്ന പേരില്‍ മേള സംഘടിപ്പിക്കുന്നത്. 2023ല്‍ ഓണത്തോട് അനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്തായിരുന്നു ആദ്യത്തെ മേള. ആ മേളയ്ക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. ആ ഊര്‍ജ്ജത്തില്‍ നിന്നാണ് ഞങ്ങള്‍ ഇത്തവണ തിരുവനന്തപുരത്ത് മേള ഒരുക്കിയിരിക്കുന്നത്.

ബിന്ദു വി.സി

തിരുവനന്തപുരം ഇടപ്പഴഞ്ഞി ആര്‍.ഡി.ആര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മേളയില്‍ 68 സ്റ്റാളുകളിലായി നൂറോളം സംരംഭകര്‍ അവരുടെ തനത് ഉത്പന്നങ്ങളുടെ വില്‍പ്പന നടത്തുന്നു. ഭക്ഷ്യ ഉത്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട സ്റ്റാളുകള്‍, തുണിത്തരങ്ങള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ എന്നിവയാണ് പ്രധാനമായും മേളയിലുള്ളത്.

വെറുമൊരു മേള എന്നതിനപ്പുറം പുതിയ കാലത്ത് ആവശ്യമായ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍, സംരംഭ സാധ്യതകള്‍, വായ്പകള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ ആ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ നയിക്കുന്ന സെമിനാറുകളും ചര്‍ച്ചകളും എസ്‌കലേറയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

സംരംഭകര്‍ക്ക് ആത്മവിശ്വാസം നല്‍കുക കൂടിയാണ് മേളയിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നത്. മറ്റ് സംരംഭകരുമായി ആശയവിനിമയം നടത്താനും യോജിച്ച് പ്രവര്‍ത്തിക്കാനുള്ള സാധ്യത തേടാനും ഈ കൂടിച്ചേരലിലൂടെ അവര്‍ക്ക് മുന്നില്‍ വഴി തുറക്കുകയാണ്.

എസ്‌കലേറ മേളയില്‍ നിര്‍ത്തുകയല്ല ഞങ്ങളുടെ ലക്ഷ്യം. പ്രോജക്ട് കണ്‍സള്‍ട്ടന്‍സി രൂപീകരിക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്.

ചോദ്യം: പ്രോജക്ട് കണ്‍സള്‍ട്ടന്‍സിയിലൂടെ എന്താണ് ലക്ഷ്യമിടുന്നത്? അതെങ്ങനെയാണ് സംരംഭകര്‍ക്ക് പ്രയോജനപ്പെടുന്നത്? 

സംരംഭങ്ങളുമായി മുന്നോട്ട് പോകുന്നതില്‍ സ്ത്രീകളും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളും നിരവധി പ്രയാസം അനുഭവിക്കുന്നുണ്ട്. ഈ പ്രശ്നങ്ങള്‍ മുന്‍കൂട്ടി കണ്ട് പരിഹരിക്കുന്നതിനും തുടര്‍ച്ചയായ പിന്തുണ നല്‍കുന്നതിനുമാണ് കെ.എസ്.ഡബ്ല്യു.ഡി.സി ലക്ഷ്യമിടുന്നത്.

ഇന്ന് നമ്മുടെ വിപണിയില്‍ പുരുഷ മേധാവിത്തം ശക്തമാണ്. അതുകൊണ്ട് തന്നെ സംരംഭകത്വത്തിലേക്ക് കടന്നുവരാന്‍ സ്ത്രീകള്‍ മടിക്കുന്നു. കുടുംബ താത്പര്യങ്ങളും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും മൂലധനമില്ലാത്തതും പരിശീലനത്തിന്റെ അഭാവവും പുരുഷന്മാരുടെ സ്ഥാപനങ്ങളില്‍ നിന്നുള്ള കടുത്ത മത്സരവും സ്ത്രീകളെ സംരംഭകത്വത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന ഘടകങ്ങളാണ്.

ഇവയെല്ലാം മറികടന്ന് സ്ത്രീകളെയും ട്രാന്‍സ്‌ജെന്‍ഡര്‍ മനുഷ്യരെയും സംരംഭകത്വത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തി സാമ്പത്തിക മേഖലയുടെ ശാക്തീകരണത്തില്‍ പങ്കാളികളാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.

തുടങ്ങുന്ന സംരംഭത്തിന്റെ വിപണി സാധ്യത, കുറഞ്ഞ പലിശ നിരക്കില്‍ വായ്പാ സഹായം, തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നടക്കം ലഭിക്കേണ്ട അനുമതി പത്രങ്ങള്‍, നിയമപരമായ മറ്റ് മാനദണ്ഡങ്ങളുടെ പാലിക്കല്‍, ഫണ്ടിങ് ഏജന്‍സിയെ സമീപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവയില്‍ സമഗ്രമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി സ്ത്രീ സംരംഭകര്‍ക്ക് ദിശാബോധം നല്‍കാന്‍ ഈ പ്രോജക്ട് കണ്‍സള്‍ട്ടന്‍സി വഴി സാധിക്കും.

ഉത്പന്നത്തിന്റെ മാര്‍ക്കറ്റിങ് സാധ്യത, നികുതിയെ കുറിച്ചും, അക്കൗണ്ട്സ് കൃത്യമായി സൂക്ഷിക്കുന്നതിനെ കുറിച്ചുള്ള അറിവ് നല്‍കുന്നതിലും പ്രൊജക്ട് കണ്‍സള്‍ട്ടന്‍സിക്ക് നിര്‍ണായക പങ്ക് വഹിക്കാനാവും. ഇതിലൂടെ സ്ത്രീ, ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭകര്‍ക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനും വിജയം കൈവരിക്കാനും കരുത്തേകും.

ചോദ്യം: സ്ത്രീകള്‍ക്ക് വായ്പ നല്‍കി സംരംഭകരാക്കുക എന്നതില്‍ മാത്രം ഒതുങ്ങുകയല്ല കെ.എസ്.ഡബ്ല്യു.ഡി.സി എന്ന് താങ്കള്‍ നേരത്തെ പറഞ്ഞു. സാമൂഹികമായും രാഷ്ട്രീയമായും ശാക്തീകരിക്കുന്നതിനുള്ള എന്തെല്ലാം പദ്ധതികളാണ് കോര്‍പ്പറേഷന്‍ നടപ്പിലാക്കിയിട്ടുള്ളത്?

സ്ത്രീകള്‍ വീടിന് പുറത്തേക്ക് ഇറങ്ങി സംരംഭകത്വം എന്ന വലിയ മേഖലയിലേക്ക് എത്തണമെങ്കില്‍ നമ്മുടെ സമൂഹവും സ്ത്രീ സൗഹാര്‍ദപരമായി മാറേണ്ടതുണ്ട്. അതിനായി സമൂഹത്തെ ഒരുക്കുവാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

 

സ്ത്രീസുരക്ഷയ്ക്കായി 181 വനിതാ ഹെല്‍പ് ലൈന്‍, നമ്മുടെ പോലീസ് സംവിധാനത്തെ കൂടുതല്‍ ജെന്‍ഡര്‍ സെന്‍സിറ്റീവാക്കുന്നതിനും അതിനൊപ്പം ജന്‍ഡര്‍ റെസ്പോണ്‍സീവ് പോലീസിങ് കേരളത്തില്‍ പൂര്‍ണമായും നടപ്പിലാക്കുന്നതിനുമായുള്ള ബോധ്യം പദ്ധതി, ആര്‍ത്തവ ശുചിത്വ ബോധവത്കരണത്തിനായി ഷീപാഡ് പദ്ധതി, ആദിവാസി വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള വനമിത്ര, സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും നേതൃശേഷി വര്‍ദ്ധിപ്പിക്കുന്നതിനായുള്ള ഫ്യൂച്ചര്‍ വിമന്‍ ഗ്രൂമിങ്ങ് പ്രോഗ്രാം- പ്രതിഭ തുടങ്ങിയ പദ്ധതികളും വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടത്തി വരുന്നുണ്ട്. ഈ പദ്ധതികളിലൂടെ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക വികസനം സാധ്യമാക്കുന്നതിനും തുല്യ പദവി നേടിയെടുക്കുന്നതിനുമാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

 

Content Highlight: Interview: Escalera aims to empower ordinary women entrepreneurs