World News
ഇന്റര്‍പോള്‍ മേധാവി ചൈനയില്‍ അഴിമതിക്കേസില്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 08, 01:02 pm
Monday, 8th October 2018, 6:32 pm

ബീജിങ്: ഇന്റര്‍പോള്‍ മേധാവി മെങ് ഹോങ്‌വേയെ അഴിമതിക്കുറ്റത്തിന് അറസ്റ്റ് ചെയ്തതായി ചൈനീസ് പൊതുസുരക്ഷാ വിഭാഗം അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് സ്വദേശമായ ചൈനയിലേക്ക് പോയ മെങിനെകുറിച്ച് യാതൊരുവിവരവുമില്ലെന്ന് പറഞ്ഞ ഭാര്യ ഫ്രഞ്ച് പൊലീസില്‍ പരാതിനല്‍കിയത്.

ചൈനീസ് പൊതുസുരക്ഷ വിഭാഗം മുന്‍ ഉപമന്ത്രിയായ മെങിനെതിരെ അഴിമതിയാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇതിനുപുറമെ ഭരണകാലത്തെ മെങിന്റെ എല്ലാ ഇടപാടുകളേയും സൂക്ഷ്മമായി പരിശോധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി

ALSO READ: ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം: സീതാറം യെച്ചൂരി

മെങിനെ വിചാരണ ചെയ്യുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നും രാജ്യത്തെ ഉന്നത നിയമ നിര്‍വഹണ പ്രതിനിധി സാവോ കേസി പറഞ്ഞു. രാജ്യത്ത് അഴിമതി വര്‍ധിച്ചതായുള്ള റിപ്പോര്‍ട്ടിന്റെ സാഹചര്യത്തിലാണ് മെങിനെ വിചാരണ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്രാന്‍സിലെ ലിയോണില്‍ നിന്ന് ജന്‍മദേശമായ ചൈനയിലേക്ക് പുറപ്പെട്ട മെങിന്റെ തിരോധാനത്തില്‍ ചൈന തുടര്‍ന്ന മൗനത്തിനെതിരെ രാജ്യാന്തര തലത്തില്‍ വലിയ തോതിലുള്ള വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ചൈന ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയത്. നേരത്തെ സൗത്ത് ചൈന പോസ്‌റ്റെന്ന ദിനപത്രം മെങിനെ അറസ്റ്റുചെയ്തതായുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടിരുന്നു.