ന്യൂയോര്‍ക്ക്: കമ്മിറ്റി ഫോര്‍ പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സിന്റെ അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം ഔട്ട് ലുക്ക് മാഗസിന്‍ സീനിയര്‍ എഡിറ്റര്‍ കെ.കെ. ഷാഹിനക്ക്. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് ഷാഹിന. ഭരണകൂടങ്ങളുടെ മര്‍ദനങ്ങളേയും അടിച്ചമര്‍ത്തലുകളേയും എതിരിട്ട് ധീരതയോടെ മാധ്യമപ്രവര്‍ത്തനം നടത്തുന്ന ജേര്‍ണലിസ്റ്റുകളെ ആദരിക്കുന്നതിന് വേണ്ടി 1996 മുതല്‍ ഈ പുരസ്‌കാരം നല്‍കി വരുന്നു. മൂന്ന് ഇന്ത്യന്‍ ജേണലിസ്റ്റുകള്‍ക്ക് മാത്രമാണ് ഇതുവരെ ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.
തോഗോയില്‍ നിന്നുള്ള ഫെര്‍ഡിനാന്റ് അയീറ്റേ, ജോര്‍ജിയന്‍ ജേണലിസ്റ്റ് നിക ജരാമിയ, മെക്സിക്കോയില്‍ നിന്നുള്ള മരിയ തെരേസ മൊണ്ടാനോ എന്നിവരാണ് കെ.കെ.ഷാഹിനകയ്ക്കൊപ്പം ഈ വര്‍ഷത്തെ പ്രസ് ഫ്രീഡം പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. മാധ്യമപ്രവര്‍ത്തനത്തിന് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ച് വരുന്ന ഇക്കാലത്തും ജേണലിസ്റ്റുകള്‍ മുന്നോട്ട് വരികയും സുപ്രധാന വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് നമ്മെ പ്രബുദ്ധരാക്കുകയും ചെയ്യുന്നുണ്ടെന്ന് കമ്മിറ്റി റ്റു പ്രൊട്ടക്റ്റ് ജേണലിസ്റ്റിന്റെ പ്രസിഡന്റ് ജോഡീ ഗിന്‍സ്ബര്‍ഗ് പറഞ്ഞു.
രാജ്യത്ത് ഭീകരവിരുദ്ധ നിയമപ്രകാരം കേസെടുക്കപ്പെട്ടിട്ടുള്ള അപൂര്‍വം മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് ഷാഹിനയെന്നും പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തിക്കൊണ്ട് കമ്മിറ്റി റ്റു പ്രൊട്ടക്റ്റ് ജേണലിസ്റ്റിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. തെഹല്‍കയില്‍ ജോലി ചെയ്യുന്ന കാലത്തെ മഅദനിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളുടെ പേരിലാണ് ഷാഹിനക്ക് നേരെ ഭീകര വിരുദ്ധ നിയമപ്രകാരം കേസെടുത്തിട്ടുള്ളത്.
കശ്മീര്‍ ജേണലിസ്റ്റായ യൂസഫ് ജമീല്‍ (1996), ഛത്തീസ്ഗഢ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാലിനി സുബ്രഹ്മണ്യന്‍ (2016), ദല്‍ഹിയിലെ ഫ്രീലാന്‍സ് ജേണലിസ്റ്റായ നേഹ ദീക്ഷിത് എന്നിവര്‍ക്കാണ് ഇന്ത്യയില്‍ ഇതിന് മുമ്പ് അന്തരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. രണ്ടര പതിറ്റാണ്ടിലേറെയായി സജീവ മാധ്യമപ്രവര്‍ത്തന രംഗത്തുള്ള കെ.കെ.ഷാഹിന ഏഷ്യാനെറ്റിന്റെ ആദ്യകാല വാര്‍ത്താ അവതാരകരില്‍ ഒരാളായിരുന്നു. പിന്നീട് തെഹല്‍ക, ദി ഓപണ്‍, ദ ഫെഡറല്‍ എന്നീ പ്രസിദ്ധീകരണങ്ങളില്‍ ജോലി ചെയ്തു.
25 വര്‍ഷത്തിലേറെയായി ഇന്ത്യന്‍ മാധ്യമ രംഗത്ത് സജീവമാണ് കെ.കെ. ഷാഹിന. നിലവില്‍ ഔട്ട്‌ലുക്ക് മാഗസിന്റെ സീനിയര്‍ എഡിറ്ററാണ്. തൃശൂര്‍ കേരള വര്‍മ കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയശേഷമാണ് ജേര്‍ണലിസം പഠിക്കാന്‍ കേരള പ്രസ് അക്കാദമിയില്‍ ചേരുന്നത്. തുടര്‍ന്ന് എറണാകുളം ലോ കോളേജില്‍ നിന്നും നിയമബിരുദം. ബെംഗളൂരിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഹ്യൂമന്‍ റൈറ്റ്‌സ് ലോയില്‍ പി.ജി. ഡിപ്ലോമയും കരസ്ഥമാക്കി. ഇഗ്നോയില്‍ നിന്ന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ പി.ജി. ഡിപ്ലോമയും ഷാഹിന കരസ്ഥമാക്കിയിട്ടുണ്ട്.
1997 മുതല്‍ 2007 ഏഷ്യാനെറ്റില്‍ റിപ്പോര്‍ട്ടര്‍, ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് എന്നീ ചുമതലകള്‍ വഹിച്ച ഷാഹിന പിന്നീട് ജനയുഗം നാഷണല്‍ ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചു. 2010 ല്‍ തെഹല്‍കയുടെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റായാണ് കെ.കെ ഷാഹിന ദേശീയതലത്തിലേക്ക് ചുവട് വയ്ക്കുന്നത്. തെഹല്‍കയില്‍ ദക്ഷിണേന്ത്യയുടെ ഗ്രാമീണ മേഖല കേന്ദ്രീകരിച്ചുള്ള ഷാഹിനയുടെ റിപ്പോര്‍ട്ടുകള്‍ നിരവധി ചര്‍ച്ചകള്‍ക്ക് വഴി വെച്ചു. തമിഴ് ഗ്രാമങ്ങള്‍ പാലിച്ചുപോന്നിരുന്ന ‘ തലൈകുത്തലി’ എന്ന ക്രൂരമായ ആചാരത്തെ റിപ്പോര്‍ട്ട് ഷാഹിനക്ക് 2010 ലെ മികച്ച വനിത റിപ്പോര്‍ട്ടര്‍ക്കുള്ള ചാമേലി ദേവി ജെയ്ന്‍ പുരസ്‌കാരം നേടിക്കൊടുത്തു. പല അന്താരാഷ്ട്ര അക്കാദമിക് ജേര്‍ണലുകളിലും പ്രസ്തുത റിപ്പോര്‍ട്ട് ഉദ്ധരിക്കപ്പെട്ടു.
തെഹല്‍ക്കക് ശേഷം ഓപ്പണ്‍ മാഗസിന്‍ അസോസിയേറ്റ് എഡിറ്ററായും പ്രവര്‍ത്തിച്ച ഷാഹിന പിന്നീട് ദി ഫെഡറലിന്റെയും അസോസിയേറ്റ് എഡിറ്ററായി ജോലി ചെയ്തു.
content highlights: International Press Freedom Award for K.K. Shahina; The first Malayali