Advertisement
Sports News
തൊണ്ണൂറുകളിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് ഇത് സ്വപ്‌നസാക്ഷാത്കാരം; ഫൈനലില്‍ സച്ചിന് ഇന്ന് ലാറയ്‌ക്കെതിരെ
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 16, 10:22 am
Sunday, 16th March 2025, 3:52 pm

ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്സ് ലീഗിന്റെ ഫൈനലിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ഞായറാഴ്ച റായ്പൂരില്‍ നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നയിക്കുന്ന ഇന്ത്യ മാസ്റ്റേഴ്സ് ബ്രയാന്‍ ലാറയുടെ വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്സിനെ നേരിടും.

സെമി ഫൈനലില്‍ ഓസ്ട്രേലിയ മാസ്റ്റേഴ്സിനെതിരെ കൂറ്റന്‍ വിജയം നേടിയാണ് സച്ചിനും സംഘവും ഫൈനലിന് യോഗ്യത നേടിയത്. യുവരാജ് സിങ്ങിന്റെയും സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെയും അസാധ്യ ബാറ്റിങ് പ്രകടനത്തിന്റെയും ഷഹബാസ് നദീമിന്റെ പകരം വെക്കാനില്ലാത്ത ബൗളിങ് പ്രകടനത്തിന്റെയും കരുത്തില്‍ 94 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ മാസ്റ്റേഴ്സ് സ്വന്തമാക്കിയത്.

രണ്ടാം സെമിയില്‍ കുമാര്‍ സംഗക്കാരയുടെ നേതൃത്വത്തിലിറങ്ങിയ ശ്രീലങ്ക മാസ്റ്റേഴ്സിനെതിരെ ആറ് റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്സ് കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. ദിനേഷ് രാംദിന്‍, ക്യാപ്റ്റന്‍ ബ്രയാന്‍ ലാറ, ടിനോ ബെസ്റ്റ് എന്നിവരുടെ പ്രകടനമാണ് കരിബീയന്‍സിന് തുണയായത്.

ഇന്ന് നടക്കുന്ന ഫൈനലിന് പ്രത്യേകതകളും ഏറെയാണ്. തൊണ്ണൂറുകളിലെയും 2000ങ്ങളിലെയും ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് സ്വപ്ന പോരാട്ടമാണിത്.

സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബ്രയാന്‍ ലാറയും ഒരു ടൂര്‍ണമെന്റിന്റെ ഫൈനലില്‍ വീണ്ടും ഏറ്റുമുട്ടുമെന്ന് അവര്‍ ഒരിക്കല്‍പ്പോലും ചിന്തിച്ചുകാണില്ല. നേരത്തെ ഐ.പി.എല്ലിനിടെ ഇരുവരുമൊന്നിച്ചെടുത്ത ചിത്രം പോലും സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കിയ ആരാധകരെ സംബന്ധിച്ച് ഈ ഫൈനല്‍ ഏറെ സ്പെഷ്യലാണ്.

 

തുല്യ ശക്തികളുടെ പോരാട്ടത്തിനാണ് മാസ്റ്റേഴ്സ് ലീഗിന്റെ ഫൈനലില്‍ റായ്പൂര്‍ സാക്ഷ്യം വഹിക്കുക. ഇന്ത്യന്‍ ഇതിഹാസങ്ങളും കരീബിയന്‍ കരുത്തരുമേറ്റുമുട്ടുമ്പോള്‍, അതും ഫൈനലില്‍ പരസ്പരം കൊമ്പുകോര്‍ക്കുമ്പോള്‍ വിജയം ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രവചിക്കാന്‍ പോലും സാധിക്കില്ല.

ടൂര്‍ണമെന്റില്‍ നേരത്തെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. ഇരുടീമുകളും ചേര്‍ന്ന് 499 റണ്‍സ് അടിച്ചെടുത്ത മത്സരത്തില്‍ ഏഴ് റണ്‍സിനാണ് ഇന്ത്യ ജയിച്ചുകയറിയത്.

ഇന്ത്യ ഉയര്‍ത്തിയ 254 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന് നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സാണ് നേടാന്‍ സാധിച്ചത്. റണ്ണൊഴുകിയ മത്സരത്തില്‍ രണ്ട് ഓവറില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ സ്റ്റുവര്‍ട്ട് ബിന്നിയാണ് കളിയിലെ താരം.

കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ പോന്ന താരങ്ങള്‍ രണ്ട് ടീമിലുമുണ്ടെന്നിരിക്കെ ഫൈനല്‍ തീ പാറുമെന്നുറപ്പാണ്.

 

Content Highlight: International Masters League: India Masters will face West Indies Masters in the final