മെസിയും സുവാരസും വീണ്ടും രക്ഷകരായി; തോൽ‌വിയിൽ നിന്നും കരകയറി മയാമി
Cricket
മെസിയും സുവാരസും വീണ്ടും രക്ഷകരായി; തോൽ‌വിയിൽ നിന്നും കരകയറി മയാമി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 8th March 2024, 10:17 am

കോണ്‍കാഫ് ചാമ്പ്യന്‍സ് കപ്പില്‍ ഇന്റര്‍ മയാമി-നാഷ്വില്ലെ മത്സരം സമനിലയില്‍. ഇരുടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.

ജിയോഡിസ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് നാഷ്വില്ലെ കളത്തിലിറങ്ങിയത്. മറുഭാഗത്ത് 5-3-2 എന്ന ശൈലിയുമാണ് മയാമി പിന്തുടര്‍ന്നത്.

നാഷ്വില്ലെക്കായി ജേക്കബ് ഷഫല്‍ബര്‍ഗ് ഇരട്ടഗോള്‍ നേടി. മത്സരം തുടങ്ങി നാലാം മിനിട്ടില്‍ ആയിരുന്നു ജേക്കബിന്റെ ആദ്യ ഗോള്‍ പിറന്നത്. ഒടുവില്‍ ആദ്യ പകുതി പിന്നിട്ടപ്പോള്‍ നാഷ്വില്ലെ എതിരില്ലാത്ത ഒരു ഗോളിന് മുന്നിട്ടുനിന്നു.

രണ്ടാം പകുതി തുടങ്ങി 46ാം മിനിട്ടില്‍ ജേക്കബ് നാഷ്വില്ലെക്കായി രണ്ടാം ഗോള്‍ നേടി. എന്നാല്‍ 52ാം മിനിട്ടില്‍ സൂപ്പര്‍ താരം ലയണല്‍ മെസി മയാമിക്കായി മറുപടി ഗോള്‍ നേടി.

ഒടുവില്‍ മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഇഞ്ചുറി ടൈമില്‍ സൂപ്പര്‍ താരം ലൂയിസ് സുവാരസിലൂടെ മയാമി സമനില ഗോള്‍ നേടുകയായിരുന്നു.

സമനിലയോടെ എം.എല്‍.എസ് പോയിന്റ് ടേബിളില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ടു വിജയവും ഒരു സമനിലയും അടക്കം ഏഴ് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ഇന്റര്‍ മയാമി.

മാര്‍ച്ച് 11ന് മോന്റ്‌റിയലിനെതിരെയാണ് മയാമിയുടെ അടുത്ത മത്സരം. ചെസ് സ്റ്റേഡിയമാണ് വേദി.

Content Highlight: Inter miami vs Nashville match draw