ഡൂള്‍ന്യൂസ് ഡെസ്‌ക്
എട്ടുവയസായ ആ പെണ്‍കുട്ടി മൂന്ന് തവണ കൂട്ടബലാത്സംഗത്തിനിരയായി. രണ്ട് പൊലീസുകാരടങ്ങുന്ന ആറുപേരുടെ സംഘമാണ് ആ കുഞ്ഞിനെ മൂന്ന് വട്ടം കൂട്ടബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന് മുമ്പ് മയക്കുമരുന്ന് നല്‍കി, ക്ഷേത്രത്തിലെ “ദേവസ്ഥാന”ത്ത് ഉറക്കി കിടത്തി മുഖ്യപ്രതി ചിലപൂജകള്‍ നടത്തി. പ്രതികളിലൊരാളെ ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്ന് വിളിച്ചുവരുത്തിയതാണ്, അയാള്‍ക്ക് കാമസംതൃപ്തി കിട്ടാനായി. കഴുത്തുഞെരിച്ച് കൊന്നശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി വലിയ കല്ലുകൊണ്ട് രണ്ടുവട്ടം തലയ്ക്കടിച്ചു. അതിന് തൊട്ടുമുമ്പ് പ്രതികളിലൊളായ പൊലീസ് ഓഫീസര്‍ മറ്റുള്ളവരോട് ഒന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു-കൊല്ലുന്നതിന് മുമ്പ് അവസാനമായി ഒരിക്കല്‍ കൂടി അയാള്‍ക്ക് ബലാത്സംഗം ചെയ്യണമായിരുന്നുവത്രേ!- എട്ടുവയസുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തുകൊന്ന കേസിലെ 18 പേജുള്ള നടക്കുന്ന കുറ്റപത്രത്തിലെ ഏതാനും വരികള്‍ മാത്രമാണിത്.
ഇതെല്ലാം ചെയ്തത് ഒറ്റക്കാര്യത്തിനാണ്-ജമ്മു പട്ടണത്തിന് അടുത്ത കുത്വായിലെ രസന എന്ന ഗ്രാമത്തിലെ മുസ്‌ലിം നാടോടി സമൂഹമായ ബക്കര്‍വാളുകളെ (ആട്ടിടയര്‍) അവിടെ നിന്ന് ഭയപ്പെടുത്തി ഓടിക്കുക ഒരു എന്ന പ്രദേശിക ഹൈന്ദവസംഘത്തിന്റെ താത്പര്യപ്രകാരം. പ്രതികളെ സഹായിക്കാന്‍ സംസ്ഥാനത്തെ ബി.ജെ.പി മന്ത്രിമാരടങ്ങുന്ന ഹൈന്ദവസംഘടന സജീവമായി പ്രവര്‍ത്തികയാണ്. രസനഗ്രാമത്തിന്റെ വനാതിര്‍ത്തിയില്‍ 13 ബ്രാഹ്മണകുടുംബങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതിനിടയില്‍ ഇരുപതോളം വരുന്ന നാടോടി മുസ്‌ലീം ബക്കര്‍വാള്‍ കുടുംബങ്ങള്‍ അവിടെയെത്തുകയും സ്ഥലം വാങ്ങി വീടുകള്‍ പണിത് താമസിക്കുകയും ചെയ്തു. ഇവരെ അവിടെ ഭയപ്പെടുത്തി ഓടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കുഞ്ഞിനെ ബലാത്സംഗം ചെയത് കൊല്ലാന്‍ പ്രതികള്‍ തീരുമാനിച്ചതെന്നാണ് പോലീസ് പറയുന്നത്.
ജനവരി പത്തിന് രസനയിലെ വീടിന് പരിസരത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് പരിസരത്തെ വനപ്രദേശത്തുനിന്നും ലഭിച്ചത്. ജമ്മുകാശ്മീര്‍ ക്രൈംബ്രാഞ്ച് പോലീസ് എട്ടുപ്രതികള്‍ക്കെതിരെ കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം,ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിക്കൊണ്ടുള്ള കുറ്റപത്രം ഇന്നലെയാണ് സമര്‍പ്പിച്ചത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയതിനെ തുര്‍ന്നുള്ള ദിവസങ്ങളില്‍ എവിടെയാണ് ഒളിപ്പിച്ചു പാര്‍പ്പിച്ചിരിക്കുന്നത് എന്നറിയാമായിരുന്ന പ്രാദേശിക പൊലീസുകാര്‍ക്ക്, കണ്ടില്ലെന്ന് നടിക്കാന്‍ പ്രതികള്‍ ഒന്നരലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നും കുറ്റപത്രം പറയുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം ഭീകരമായ മുറിവുകളോടെ കണ്ടെത്തിയതിനെ തുടര്‍ന്ന് ജമ്മുകശ്മീരില്‍ ബക്കര്‍വാള്‍ സമൂഹത്തിന്റെ പ്രക്ഷോഭം വ്യാപകമായിരുന്നു. ഈ പ്രക്ഷോഭത്തിനൊടുവിലാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. പ്രതികളെന്നാരോപിക്കപ്പെടുന്നവരെ അറസ്റ്റുചെയ്യുന്നതിന് വേണ്ടിയുള്ള പ്രക്ഷോഭം കുത്വായില്‍ നടക്കുന്ന സമയത്ത് ഹിന്ദു ഏക്ത മഞ്ച് എന്ന സംഘടന പ്രതികള്‍ക്ക് സഹായം ചെയ്യാനായി സ്ഥാപിക്കപ്പെട്ടതോടെ ബാലബലാല്‍സംഗക്കേസ് വര്‍ഗ്ഗീയവുമായി. ജമ്മുകശ്മീരില്‍ മെഹ്ബൂബ മുഫ്തി മന്ത്രിസഭയിലെ അംഗങ്ങളായ ബി.ജെ.പി നേതാക്കള്‍ ലാല്‍സിങ്ങിന്റേയും ചന്ദര്‍പ്രകാശ് ഗംഗയുടേയും നേതൃത്വത്തിലാണ് സംഘടനയുടെ രൂപവത്കരണം.
കുറ്റപത്രമനുസരിച്ച് റവന്യൂവകുപ്പില്‍ ഉദ്യോഗസ്ഥനായി വിരമിച്ച സഞ്ജി റാമാണ് ഈ ബലാത്സംഗ-കൊലപാതകത്തിന്റെ സൂത്രധാരന്‍. അയാളും അയാളുടെ മകന്‍ വിശാല്‍ ഗംഗോത്രയും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും കുറ്റകൃത്യത്തില്‍ പങ്കാളികളാണ്. ഇവര്‍ മൂന്നുപേരേയും കൂടാതെ പ്രത്യേക പോലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, അസിസ്റ്റന്റ് സബ്ഇന്‍സ്പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ്കോണ്‍സ്റ്റബ്ള്‍ തിലക്രാജ്, രസന സ്വദേശിയായ പര്‍വേഷ് കുമാര്‍ എന്നിവരേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദത്ത,രാജ് എന്നീ പോലീസുകാരെ തെളിവുനശിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റുചെയ്തത്.
ജനവരി 12നാണ് ഹീരാനഗര്‍പോലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ പിതാവ് മുഹമ്മദ് യൂസഫ് പരാതി നല്‍കിയത്. “ജനവരി പത്തിന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സമീപത്തുള്ള വനപ്രദേശത്ത് കുതിരയെ പുല്ലുതീറ്റിക്കാനായി കൊണ്ടുപോയ മകള്‍ തിരികെയെത്തിയിട്ടില്ല” എന്നായിരുന്നു പരാതി. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നാരോപിചിച്ചുള്ള ബക്കര്‍വാള്‍ സമൂഹത്തിന്റെ പ്രക്ഷോഭം രൂക്ഷമായതോടെ സഞ്ജിറാമിന്റെ പ്രായപൂര്‍ത്തിയാകാത്ത മരുമകനെതിരെ എഫ്.ഐ.ആര്‍ രേഖപ്പെടുത്തി പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജനവരി 22നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുക, ബലാത്സംഗം ചെയ്യുക, കൊല്ലുക എന്നീ പദ്ധതികള്‍ തയ്യാറാക്കിയത് സഞ്ജിറാമാണെന്ന് കുറ്റപത്രം പറയുന്നു. എസ്.പി.ഒ ഖജൂരിയയേയും തന്റെ മരുമകനേയും ഈ പദ്ധതിയുടെ ഭാഗമാക്കുന്നതും സഞ്ജിറാമിന്റെ ഗൂഢാലോചനയാണ്. ഖജൂരിയയും സുഹൃത്ത് വിക്രമും ചേര്‍ന്ന് കുട്ടിയെ മയക്കുന്നതിനുള്ള മരുന്ന് മറ്റൊരാളുടെ കുറിപ്പടി ഉപയോഗിച്ച് മേടിച്ചു. വീടിന് പുറകിലുള്ള വനപ്രദേശത്ത് കുതിരയെ തീറ്റിക്കാന്‍ കൊണ്ടുവരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവരാനുള്ള ചുമതല പ്രായപൂര്‍ത്തിയാകാത്ത മരുമകനെ സഞ്ജിറാം ഏല്‍പ്പിച്ചു.
കുതിര കാട്ടിലേയ്ക്ക് ഓടിപ്പോയെന്ന് പറഞ്ഞ് മരുമകന്‍ വനപ്രദേശത്തേയ്ക്ക് നയിച്ചു. അയാള്‍ക്കൊപ്പം പ്രതിയായ പര്‍വേശ് എന്ന മന്നുവിനേയും കണ്ട പെണ്‍കുട്ടി അപകടം മണത്ത് വീടിന്റെ ഭാഗത്തേയ്ക്ക് ഓടിയെങ്കിലും ഇരുവരും ചേര്‍ന്ന് അവളെ വാപൊത്തിവലിച്ചിഴച്ചു. ബോധം കെട്ടുവീണപെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകാത്ത പ്രതി അപ്പോള്‍ തന്നെ ബലാത്സംഗം ചെയ്തു. പിന്നീട് മന്നുവും അവളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. പിന്നീട് സമീപത്തുള്ള ദേവസ്ഥാനത്തെ കസേരയുടെ അടിയില്‍ രണ്ട് പ്ലാസ്റ്റിക് കവറിട്ട് മൂടി അവളെ കൊണ്ടുവന്ന് കിടത്തി. അടുത്ത ദിവസം കുട്ടിയെ കാണാതെ മാതാപിതാക്കള്‍ നടത്തുന്ന അന്വേഷത്തിന്റെ ഭാഗമായി ദേവസ്ഥാനത്തുമെത്തി സഞ്ജുറാമിനോട് അവര്‍ മകളെ കണ്ടുവോ എന്ന ചോദിച്ചു. വല്ല ബന്ധുവീട്ടിലും പോയതാകുമെന്ന് പറഞ്ഞ് സഞ്ജുറാം അവരെ ഒഴിവാക്കി.
ദേവസ്ഥാനത്തിലെ പ്രാര്‍ത്ഥനമുറിയില്‍ പെണ്‍കുട്ടിയെ അടച്ച് പൂട്ടി. ഖജൂരിയയും പ്രായപൂര്‍ത്തിയാകാത്ത പ്രതിയും ഇടയ്ക്കിടെ മുറിയില്‍ കയറി മയക്കാനുള്ള ഗുളിക പെണ്‍കുട്ടിയുടെ വായില്‍ തിരുകി വെള്ളം കുടിപ്പിച്ചുകൊണ്ടേയിരുന്നു. ജനുവരി 11ന് മീററ്റിലായിരുന്ന വിശാല്‍ ഗംഗോത്രയെ “കാമപൂര്‍ത്തികരണത്തിന് ആഗ്രഹമുണ്ടെങ്കില്‍” നാട്ടിലേയ്ക്ക് വരാനായി പ്രതികള്‍ റ്റെലിഫോണില്‍ വിളിച്ച് ക്ഷണിക്കുകയായിരുന്നു. ജനവരി 12ന് ആറുമണിയോടെ ഗംഗോത്ര രസനയിലെത്തി. അതേസമയം പ്രതിയായ ഖജൂരിയ അടങ്ങുന്ന ഹീരാനഗര്‍സ്റ്റേഷനിലെ പോലീസ് സംഘം പെണ്‍കുട്ടിയെ അന്വേഷിക്കാന്‍ ആരംഭിച്ചു. ഇതിനിടെ പോലീസ് സംഘം കാര്യങ്ങള്‍ മണത്തറിയുകയും ഹെഡ്കോണ്‍സ്റ്റബിള്‍ രാജ് കൈക്കൂലി നല്‍കാന്‍ സഞ്ജ് റാമിനോട് ആവശ്യപ്പെടുകയും ചെയ്തു. മരുമകന്റെ അമ്മവഴി ഒന്നരലക്ഷം രൂപ റാം ജനവരി 12 തന്നെ പോലീസുകാര്‍ക്ക് നല്‍കി.
ജനുവരി 13ന് ദേവസ്ഥാനത്തെത്തിയ വിശാല്‍ ഗംഗോത്രയും സഞ്ജുരാമും മരുമകനും പെണ്‍കുഞ്ഞിന് മേല്‍ ചിലപൂജകള്‍ നടത്തി. തുടര്‍ന്ന് വിശാല്‍ ഗംഗോത്രയും മരുമകനും ആ കുഞ്ഞിനെ ബലാത്സംഗം ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദേവസ്ഥാനത്ത് തന്നെ പ്രതികള്‍ മാറിമാറി ആ കുഞ്ഞിലെ ബലാത്സംഗം ചെയ്തു. ജനവരി 15ന് കുട്ടിയെ കൊന്ന് കാട്ടില്‍ തള്ളാന്‍ സഞ്ജുറാം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രായപൂര്‍ത്തായാത്ത പ്രതിയും മന്നുവും ഖജൂരിയയും ചേര്‍ന്ന് ദേവസ്ഥാനത്ത് നിന്ന് ഒരു വനപ്രദേശത്തെ ഒരു കലുങ്കിന്റെ അടിയിലേയ്ക്ക് ബോധരഹിതയായ പെണ്‍കുട്ടിയെ കൊണ്ടുപോയി. അവിടെ വച്ച് കൊല്ലുന്നതിന് തൊട്ടുമുമ്പ് മറ്റ് പ്രതികളെ മാറ്റിനിര്‍ത്തി ഖജൂരിയ ഒരിക്കല്‍ കൂടി ആ കുട്ടിയെ ബലാത്സംഗം ചെയ്തു-കുറ്റപത്രം പറയുന്നു.
കൊലപാതകത്തെ കുറ്റപത്രം വിവരിക്കുന്നത് ഇങ്ങനെയാണ്-കൊച്ചുകുട്ടിയായ ഇരയ്ക്ക് മേല്‍ തികച്ചും നിഷ്ഠൂരമായ ബലാത്സംഗം പലവട്ടം ആവര്‍ത്തിച്ചശേഷം പ്രതിയായ ഖജൂരിയ തന്റെ ഇടത്തെ തുട അവളുടെ കുഴുത്തില്‍ വച്ച ശേഷം കൈകള്‍ക്കൊണ്ട് കഴുത്തുഒടിച്ചു. എന്നിട്ടും ആ കുട്ടിമരിച്ചില്ല. തുടര്‍ന്ന് കുട്ടിയുടെ പുറത്ത് മുട്ടികുത്തിനിന്ന് അവളുടെ ഷാള്‍കൊണ്ട് കഴുത്ത് മുറുക്കി കൊല്ലുകയായിരുന്നു. മരണം ഉറപ്പുവരാത്താന്‍ പ്രതികള്‍ പാറക്കല്ലുകൊണ്ട് അവളുടെ തലയില്‍ ആഞ്ഞ് രണ്ട് വട്ടം പ്രഹരിക്കകയും ചെയ്തു.