'അപ്പന്റെ കഴിവു കേടുകൊണ്ടല്ലേ വീടിന് മുന്നില്‍ സമരം നടക്കാത്തതെന്ന് അന്ന് ചോദിച്ചു'; എം.പിയായപ്പോള്‍ അത് സാധിച്ചെടുത്തുവെന്ന് ഇന്നസെന്റ്
Kerala News
'അപ്പന്റെ കഴിവു കേടുകൊണ്ടല്ലേ വീടിന് മുന്നില്‍ സമരം നടക്കാത്തതെന്ന് അന്ന് ചോദിച്ചു'; എം.പിയായപ്പോള്‍ അത് സാധിച്ചെടുത്തുവെന്ന് ഇന്നസെന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st January 2021, 1:41 pm

ഹാസ്യതാരമായും ഗൗരവമേറിയ കഥാപാത്രങ്ങള്‍ ചെയ്തും സിനിമയില്‍ ഏറെ ശ്രദ്ധേയനായ നടനാണ് ഇന്നന്റെ്. സിനിമയില്‍ മാത്രമല്ല രാഷ്ട്രീയക്കാരനായ ഇന്നസെന്റും മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ്.

തന്റെ രാഷ്ട്രീയ ജീവിതവുമായി ബന്ധപ്പെട്ട ഒരനുഭവം പങ്കുവെയ്ക്കുകയാണ് ഗൃഹലക്ഷ്മിയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഇന്നസെന്റ്. സത്യാഗ്രഹം എന്ന വാക്കിനോട് ചെറുപ്പം മുതലേ തനിക്ക് വലിയ മതിപ്പാണെന്നാണ് ഇന്നസെന്റ് പറയുന്നത്. മാത്യൂ തരകന്‍ എന്ന തന്റെ സുഹൃത്തിന്റെ വീടിനു മുന്നില്‍ ഗൗരിയമ്മ സമരം ചെയ്ത കഥ സുഹൃത്ത് പറഞ്ഞപ്പോള്‍ മുതല്‍ തനിക്ക് ഉണ്ടായ ആഗ്രഹത്തെക്കുറിച്ചാണ് ഇന്നസെന്റ് പറയുന്നത്.

തന്റെ വീടിനു മുന്നില്‍ ആരും വന്ന് സമരം ചെയ്യാത്തതില്‍ സങ്കടം തോന്നിയെന്നും അപ്പനോട് അക്കാര്യം പറഞ്ഞതായും ഇന്നസെന്റ് പറയുന്നു. അപ്പാ ആരും നമ്മുടെ വീട്ടുപടിക്കല്‍ സമരത്തിന് വരാതിരുന്നത് അപ്പന്റെ കഴിവുകേടല്ലേ എന്നാണ് താന്‍ അപ്പനോട് ചോദിച്ചതെന്ന് നടന്‍ പറയുന്നു.

‘നീ പറ്റുമെങ്കില്‍ ആരെയെങ്കിലും വിളിച്ചു കൊണ്ടുവന്ന് സത്യാഗ്രഹം നടത്തിക്കോ. അപ്പന്‍ അതൊരു നേരമ്പോക്കായി പറഞ്ഞതാണെങ്കിലും അര നൂറ്റാണ്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ വാക്കു പാലിച്ചു. എം.പിയായിരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞ ഒരു അഭിപ്രായം സ്ത്രീകള്‍ക്കെതിരാണെന്നൊരു വിവാദമുണ്ടായി. വിവാദം വളര്‍ന്നു വലുതായപ്പോള്‍ എന്റെ വീട്ടുപടിക്കലേക്കും ജാഥ വന്നു’, ഇന്നസെന്റ് പറയുന്നു.

വീട്ടിലേക്ക് ജാഥ വന്ന സമയത്ത് താന്‍ ചികിത്സയിലായിരുന്നുവെന്നും വി.പി ഗംഗാധരന്‍ ഡോക്ടര്‍ പത്തു മണിക്കുള്ള ടെസ്റ്റിനെപ്പറ്റി പറഞ്ഞപ്പോള്‍ ഡോക്ടറേ വീട്ടിലേക്ക് ഒരു ജാഥ വരുന്നുണ്ടെന്നും ഫോണില്‍കൂടെയെങ്കിലും തനിക്കത് കാണണമെന്നുമാണ് താന്‍ പറഞ്ഞതെന്നും ഇന്നസെന്റ് പറയുന്നു.

‘ആശുപത്രിയിലിരുന്ന് സമരം കാണുമ്പോള്‍ അക്കൂട്ടത്തില്‍ വലിയ നേതാക്കളുണ്ടോയെന്ന് ഞാന്‍ നോക്കി. പിന്നീട് എം.എല്‍.എ ഒക്കെ ആയ ചില ആളുകളെ അവിടെ കണ്ടപ്പോള്‍ എനിക്ക് സന്തോഷമായി. അതിനിടയില്‍ എന്റെ ഒരു കോലം കൊണ്ടുവന്നു. നോക്കുമ്പോള്‍ ഒന്നല്ല, രണ്ടെണ്ണം. മറ്റേത് സൂക്ഷിച്ചു നോക്കിയപ്പോള്‍ മുകേഷിന്റേതാണ്. രണ്ടും അവര്‍ വളരെ സമാധാനപരമായി കത്തിച്ചു.

സമരമൊക്കെ അവസാനിച്ചപ്പോള്‍ ആലീസ് എന്നോട് ചോദിച്ചു, കുടിക്കാനെന്തെങ്കിലും എടുക്കട്ടേ? എനിക്കെന്തെങ്കിലും വിഷമമുണ്ടോ എന്നറിയാനുള്ള ചോദ്യമാണ്. ഞാന്‍ തിരിച്ചു ചോദിച്ചു, കാശു കൊടുത്ത് ഇങ്ങനെയൊരു പരിപാടി വീട്ടുപടിക്കലില്‍ നടത്തണേല്‍ ചെലവെത്രയാണെന്ന് നിനക്കറിയാമോ? ഇത്രയുമാളുകള്‍, പൊലീസ് വണ്ടി, പരിച, വടി എന്തെല്ലാം സെറ്റപ്പായിരുന്നു. ‘ങാ പേടി തോന്നണേല്‍ കുറച്ചെങ്കിലും ബുദ്ധിവേണം’ എന്നായിരുന്നു ആലിസിന്റെ മറുപടി.

വീടിനുമുന്നില്‍ ധര്‍ണ നടത്തണമെന്ന തന്റെ പഴയ ആഗ്രഹം അങ്ങനെ നടപ്പിലായെന്നും അഭിമുഖത്തില്‍ ഇന്നസെന്റ് പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Innocent shares experience about his politics