national news
സംസ്‌കരിക്കാന്‍ നേരത്ത് കുഞ്ഞിന് ജീവന്‍; മാസം തികയാതെ പ്രസവിച്ചതിനാല്‍ മരിച്ചുവെന്ന് ആശുപത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jul 05, 03:46 am
Monday, 5th July 2021, 9:16 am

കുമളി: മരിച്ചെന്ന് കരുതി പ്ലാസ്റ്റിക് ബക്കറ്റിലാക്കി ആശുപത്രി അധികൃതര്‍ കൊടുത്ത വിട്ട ചോരക്കുഞ്ഞിന് സംസ്‌കരിക്കാന്‍ ഇരിക്കെ ജീവന്‍. മാസം തികയാതെ പ്രസവിച്ച പെണ്‍കുഞ്ഞിനെയാണ് ആശുപത്രിയില്‍ നിന്ന് കൊടുത്തുവിട്ടത്.

കുഞ്ഞില്‍ ജീവന്റെ തുടിപ്പ് കണ്ട് കുടുംബക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തേനി മെഡിക്കല്‍ കോളെജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് കുഞ്ഞിപ്പോള്‍.

തമിഴ്‌നാട് പെരിയകുളം സ്വദേശിയായ പിളവല്‍ രാജിന്റെ ഭാര്യ ആരോഗ്യ മേരി ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. 700 ഗ്രാം മാത്രമായിരുന്നു ജനിക്കുമ്പോള്‍ കുഞ്ഞിന്റെ തൂക്കം. ആറാം മാസത്തിലായിരുന്നു പ്രസവം.

രാവിലെ എട്ടരയോടെ ആശുപത്രി അധികൃതര്‍ പിളവല്‍ രാജിനെ വിളിച്ച് കുട്ടി മരിച്ചു പോയതായി അറിയിക്കുകയായിരുന്നു. മൂടിയ ഒരു പ്ലാസ്റ്റിക് ബക്കറ്റിലാക്കി കുഞ്ഞിനെ വീട്ടിലേക്ക് കൊടുത്തുവിട്ടു. വീട്ടിലെത്തി കുഞ്ഞിനെ ബക്കറ്റില്‍ നിന്നെടുത്ത് സംസ്‌കാര ശുശ്രൂഷക്ക് ശേഷം പെട്ടി അടയ്ക്കാന്‍ തുടങ്ങുമ്പോഴായിരുന്നു കൈകള്‍ ചലിച്ചത്.

ആശുപത്രിയില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് തേനി മെഡിക്കല്‍ കോളജ് ഡീന്‍ ഡോ. ബാലാജി നാഥന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Infant baby return to life