IPL
ഒറ്റ റണ്‍ പോലും വേണ്ട, വിക്കറ്റോ ക്യാച്ചോ എടുക്കേണ്ട; വെറുതെ നിന്നാല്‍ മാത്രം മതി, ചരിത്ര നേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 29, 09:23 am
Saturday, 29th March 2025, 2:53 pm

ഐ.പി.എല്‍ 2025ല്‍ മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനൊരുങ്ങുകായാണ്. ടൈറ്റന്‍സിന്റെ ഹോം ഗ്രൗണ്ടായ ഗുജറാത്ത് ക്രിക്കറ്റ് അസിസോയേഷന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.

സീസണിലെ ആദ്യ വിജയം ലക്ഷ്യമിട്ടാണ് മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും കളത്തിലിറങ്ങുന്നത്. ഐ.പി.എല്‍ എല്‍ ക്ലാസിക്കോയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ദൈവത്തിന്റെ പോരാളികള്‍ തോറ്റുകൊണ്ട് തുടങ്ങിയപ്പോള്‍ പഞ്ചാബ് കിങ്‌സിനെതിരെയാണ് ടൈറ്റന്‍സ് തോല്‍വിയേറ്റുവാങ്ങിയത്.

 

ഈ മത്സരത്തില്‍ മുംബൈ സൂപ്പര്‍ താരം രോഹിത് ശര്‍മ കരിയറിലെ സുപ്രധാന നാഴികക്കല്ലും പിന്നിടും. ടി-20 ഫോര്‍മാറ്റില്‍ 450 മത്സരങ്ങള്‍ കളിക്കുന്ന താരങ്ങളുടെ എലീറ്റ് ലിസ്റ്റിലേക്കാണ് രോഹിത് ഇടം നേടാനൊരുങ്ങുന്നത്.

ടി-20 ഫോര്‍മാറ്റില്‍ ഇതുവരെ 11 താരങ്ങള്‍ മാത്രമാണ് ഈ നേട്ടത്തിലെത്തിയത്.

കെയ്‌റോണ്‍ പൊള്ളാര്‍ഡ് (695), ഡ്വെയ്ന്‍ ബ്രാവോ (582), ഷോയ്ബ് മാലിക് (555), അന്ദ്രേ റസല്‍ (540), സുനില്‍ നരെയ്ന്‍ (537), ഡേവിഡ് മില്ലര്‍ (521), അലക്‌സ് ഹേല്‍സ് (494), രവി ബൊപ്പാര (478), ക്രിസ് ഗെയ്ല്‍ (463), റാഷിദ് ഖാന്‍ (463), ഗ്ലെന്‍ മാക്‌സ്‌വെല്‍ (460) എന്നിരാണ് ഈ ലിസ്റ്റിലെ താരങ്ങള്‍. ഇവര്‍ക്കൊപ്പം 12ാമനായി ഇടം നേടാനാണ് രോഹിത് ഒരുങ്ങുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും ഹിറ്റ്മാന് മുമ്പിലുണ്ട്.

ഇന്ത്യന്‍ ദേശീയ ടീമിനും മുംബൈ ഇന്ത്യന്‍സിനും പുറമെ ഡെക്കാന്‍ ചാര്‍ജേഴ്‌സ്, ഇന്ത്യ എ, മുംബൈ എന്നിവര്‍ക്ക് വേണ്ടിയാണ് താരം കളത്തിലിറങ്ങിയത്.

ഇതുവരെ കളിച്ച 449 മത്സരങ്ങളിലെ 436 ഇന്നിങ്‌സുകളില്‍ നിന്നുമായി 11,830 റണ്‍സാണ് രോഹിത് സ്വന്തമാക്കിയത്. 30.80 ശരാശരിയിലും 134.70 സ്‌ട്രൈക്ക് റേറ്റിലും സ്‌കോര്‍ ചെയ്യുന്ന ഹിറ്റ്മാന്‍ എട്ട് സെഞ്ച്വറികളും 78 അര്‍ധ സെഞ്ച്വറികളും തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തിട്ടുണ്ട്.

അതേസമയം, ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കുക എന്ന ലക്ഷ്യമായിരിക്കും രോഹിത്തിന് മുമ്പിലുണ്ടാവുക, ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായതിന്റെ അപമാന ഭാരം ഈ മത്സരത്തില്‍ താരം ഇറക്കിവെക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

ഐ.പി.എല്ലില്‍ ഇത് 18ാം തവണയാണ് രോഹിത് പൂജ്യത്തിന് പുറത്താകുന്നത്. 19 തവണ പൂജ്യത്തിന് പുറത്തായ ഗ്ലെന്‍ മാക്‌സ് വെല്‍ മാത്രമാണ് രോഹിത്തിന് മുമ്പിലുള്ളത്.

 

Content Highlight: Rohit Sharma to join the list of players to play 450 T20 matches