Kerala News
സ്വവര്‍ഗാനുരാഗം ലീഗിന് അംഗീകരിക്കാന്‍ കഴിയില്ല, മതവിശ്വാസങ്ങള്‍ക്കപ്പുറം ഒന്നുമില്ല: മുനവ്വറലി ശിഹാബ് തങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 18, 03:50 pm
Friday, 18th April 2025, 9:20 pm

കോഴിക്കോട്: സ്വവര്‍ഗാനുരാഗം മുസ്‌ലിം ലീഗിന് അംഗീകരിക്കാന്‍ കഴിയില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍.

ചില സാഹചര്യങ്ങളില്‍ സമൂഹത്തിനും മതത്തിനും അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളെ പിന്തുണക്കാന്‍ ലീഗിനും സാധിക്കില്ലെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂല്യാധിഷ്ഠിതമായ മതവിശ്വാസങ്ങളിലൂടെ മുന്നോട്ടുപോകുന്ന രാഷ്ട്രീയപാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്നും മുനവ്വറലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സ്വവര്‍ഗാനുരാഗം എന്ന ചിന്താഗതിക്കനുസരിച്ച് മനുഷ്യന്റെ ശരീരവും മനസും മാറ്റുക എന്നത് പ്രകൃതിയോട് ചെയ്യുന്ന വിരുദ്ധതയാണെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു.

ഇക്കാര്യങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതും സെന്‍സിറ്റീവായ വിഷയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

സ്വവര്‍ഗാനുരാഗികളെ കൂടി പരിഗണിക്കണമെന്ന ചിന്തകള്‍ക്ക് എതിരല്ലെന്നും എന്നാല്‍ വിശ്വാസങ്ങള്‍ക്കും ഇസ്‌ലാമിക നിയമങ്ങള്‍ക്കും അപ്പുറത്തേക്ക് ലീഗിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു. ഏത് രീതിയിലാണ് ഇവരെ പരിഗണിക്കേണ്ടതെന്ന് ബോധ്യമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് യൂത്ത് ലീഗ് നേതാവായ പി.കെ. ഫിറോസും പറഞ്ഞിരുന്നു. തങ്ങളുടെ മതവിശ്വാസപ്രകാരം സ്വവര്‍ഗരതി തെറ്റാണെന്നും ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ മറവില്‍ പ്രകൃതിവിരുദ്ധതയാണ് ഒളിച്ചുകടത്തുന്നതെന്നുമാണ് ഫിറോസ് പറഞ്ഞത്. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തത്തിലായിരുന്നു ഫിറോസിന്റെ പ്രസ്താവന.

ട്രാന്‍സ്‌ജെന്‍ഡര്‍ എന്നത് തോന്നലുകളാണെന്ന പറഞ്ഞ ഫിറോസ്, മനസിന് അനുസരിച്ച് ശരീരത്തെയാണോ ശരീരത്തിന് അനുസരിച്ച് മനസിനെയാണോ മാറ്റേണ്ടതെന്നും അഭിമുഖത്തില്‍ ചോദിച്ചിരുന്നു. LGBTQ കമ്മ്യൂണിറ്റിയില്‍ മൃഗരതിയെ അംഗീകരിക്കുന്നവരും മരങ്ങളുമായി രതിയില്‍ ഏര്‍പ്പെടുന്നവരുമുണ്ടെന്നും ഫിറോസ് ആരോപിച്ചിരുന്നു.

പ്രസ്തുത പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ ഫിറോസിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും പരാതികളും ഉയര്‍ന്നിരുന്നു. ക്വിര്‍ സംഘടനകള്‍ ഫിറോസിനെതിരെ പരാതി നല്‍കുകയായിരുന്നു. ഇതിനുപിന്നാലെയാണ് സ്വവര്‍ഗാനുരാഗികളെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുനവ്വറലി തങ്ങളും വ്യക്തമാക്കുന്നത്.

നേരത്തെ മുസ്‌ലിം ലീഗ് നേതാക്കളായ എം.കെ. മുനീറും പി.എം.എ സലാമും സമാനമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.

Content Highlight: Nothing can be done beyond religious beliefs, League will not accept homosexuality: Munavvar Ali Shihab Thangal