Entertainment
' എനിക്ക് എത്ര പൈസ തരും'; എമ്പുരാനിലെ പാട്ട് പാടി കഴിഞ്ഞപ്പോള്‍ അലംകൃത ചോദിച്ചു, ആ ഗിഫ്റ്റില്‍ അവള്‍ ഹാപ്പി: ദീപക് ദേവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 29, 09:26 am
Saturday, 29th March 2025, 2:56 pm

പൃഥ്വിരാജ് സംവിധാനം ചെയ്ത മൂന്ന് സിനിമകള്‍ക്കും സംഗീതം ചെയ്യുക, പൃഥ്വിരാജിനെ ആദ്യമായി സിനിമയില്‍ പാടിക്കുക, പൃഥ്വി ആദ്യമായി നിര്‍മിച്ച സിനിമയ്ക്ക് സംഗീതം ചെയ്യുക. ഇപ്പോഴിതാ പൃഥ്വിരാജിന്റെ മകള്‍ അലംകൃതയേയും ആദ്യമായി സിനിമയില്‍ പാടിച്ചിരിക്കുകയാണ് ദീപക് ദേവ്.

അലംകൃത എമ്പുരാന്റെ ഭാഗമായതിനെ കുറിച്ചും പാട്ട് പാടിയ ശേഷം തന്നോട് ചോദിച്ച ചില കാര്യങ്ങളെ കുറിച്ചുമൊക്കെ രസകരമായി സംസാരിക്കുകയാണ് ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തില്‍ ദീപക് ദേവ്.

‘ പൃഥ്വിരാജിന്റെ മോള്‍ പാടിക്കഴിഞ്ഞ ശേഷം എന്നോട് ‘ഹൗ മച്ച് വില്‍ യു പേ മീ’ എന്നാണ് ചോദിച്ചത്. ഞാന്‍ പറഞ്ഞു. നിന്റെ അച്ഛന് ഞാന്‍ പൈസ കൊടുത്തിട്ടില്ല. പിന്നെയാണോ എന്ന്.

‘നോ നോ ഐ വില്‍ നീഡ് മണി’ എന്ന് പറഞ്ഞു. തരാം, എല്ലാം കഴിയുമ്പോഴേക്ക് തിരിഞ്ഞ് നോക്കൂ. അപ്പോള്‍ ഞാന്‍ എന്താണ് തരുന്നതെന്ന് കാണാമെന്ന് പറഞ്ഞു.

അങ്ങനെ പാടി കഴിഞ്ഞ് തിരിഞ്ഞു നോക്കിയപ്പോള്‍ ഭയങ്കര സന്തോഷമുള്ള കുറച്ച് ഗിഫ്റ്റുകള്‍ ഞാന്‍ കൊടുത്തു.

മോള്‍ക്ക് ഇഷ്ടമുള്ള സാധനങ്ങള്‍ എന്തെല്ലാമാണെന്ന് ഞാന്‍ നേരത്തെ അറിഞ്ഞുവെച്ചിരുന്നു. അതെല്ലാം കൊടുത്തു കഴിഞ്ഞപ്പോള്‍ കണ്ണില്‍ ഇങ്ങനെ നക്ഷത്രങ്ങള്‍ വന്ന പോലെ ആയിരുന്നു.

ഇവള്‍ ബേസിക്കലി എനിക്ക് മനസിലാക്കാന്‍ പറ്റിയത്, ഭയങ്കര പുസ്തക വായന ശീലമുണ്ട്. പിന്നെ ഹാരിപോര്‍ട്ടര്‍ ഭയങ്കര ഇഷ്ടമാണ്. പിന്നെ ടോയ്‌സും കാര്യങ്ങളുമൊക്കെയല്ലേ ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ഇഷ്ടം.

ഹാരിപോര്‍ട്ടറിന്റെ കുറച്ച് ടോയ്‌സ്. പിന്നെ പെണ്‍കുട്ടിയല്ലേ. എന്റെ വീട്ടില്‍ രണ്ട് പെണ്‍കുട്ടികള്‍ ഉള്ളതുകൊണ്ട് പെണ്‍കുട്ടികളെ എങ്ങനെ വീഴ്ത്താം എന്ന് അറിയാം (ചിരി). അവര്‍ക്ക് നല്ല കുറച്ച് ഫ്‌ളവേഴ്‌സ് ഒക്കെ കൊടുത്താല്‍ ഹാപ്പിയാകും.

ഒരു അച്ഛന്റെ റോളിലുള്ള എക്‌സ്പീരിയന്‍സ് ഉള്ളതുകൊണ്ട് അതൊക്കെ കൊടുത്തു. പിന്നെ സര്‍പ്രൈസസ് ആണല്ലോ അവര്‍ക്ക് ഏറ്റവും ഇഷ്ടം.

സൂമിലാണ് പാടുന്നത്. പാടി കഴിഞ്ഞപ്പോള്‍ എന്റെ ഗിഫ്റ്റ് വാങ്ങിക്കാന്‍ റെഡിയാണോ എന്ന് ചോദിച്ചു. യെസ് യെസ് എന്ന് പറഞ്ഞു. എന്നാല്‍ തിരിഞ്ഞു നോക്ക് എന്ന് പറഞ്ഞപ്പോള്‍ സ്റ്റുഡിയോയിലെ റെക്കോര്‍ഡിങ് എഞ്ചിനിയര്‍ ആ ഗിഫ്റ്റുമായി എത്തി.

ഇതെല്ലാം സൂമിലായിരുന്നു റെക്കോര്‍ഡ് ചെയ്തത്. ഒരു വിന്‍ഡോയില്‍ ഞാനുണ്ട്. ഒന്നില്‍ പൃഥ്വിയുണ്ട്. മോള്‍, സുപ്രിയയുമായിട്ട് ബോംബെയില്‍ എത്തിയതാണ്. ആ സ്റ്റുഡിയോയിലെ എഞ്ചിനിയേഴ്‌സ് എന്റെ സുഹൃത്തുക്കളാണ്.

അവിടെ വന്ന് മോള്‍ പാടുമ്പോള്‍ ഞാനും പൃഥ്വിയും അത് കണ്ടുകൊണ്ട് ഇരിക്കുകയാണ്. ഇമോഷന്‍ നമ്മള്‍ ഒന്ന് പറഞ്ഞുകൊടുത്താല്‍ അത് പെട്ടെന്ന് അവള്‍ ക്യാച്ച് ചെയ്യും. അത് പിന്നെ അച്ഛന്റെ മോളല്ലേ.

അലംകൃത ഇങ്ങനെ പാടുമെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. അത്രയും സ്വീറ്റായിരുന്നു. മോള്‍ പാടുമ്പോള്‍ പൃഥ്വി ഒറീസയിലാണ്. ആദ്യമായി ആലി സ്റ്റുഡിയോയില്‍ വന്നപ്പോള്‍ നമ്മള്‍ മൂന്ന് പേരും ഒരു വിന്‍ഡോയില്‍ വന്നു.

കൊച്ചിനെ ആദ്യം കംഫര്‍ട്ട് ആക്കണമല്ലോ. അല്ലാതെ ആദ്യം തന്നെ അവര്‍ പേടിക്കില്ലേ. ഞാന്‍ ‘ഹൗ ആര്‍ യു ആലീ’, മോള്‍ ഏത് സ്‌കൂളിലാണ് പഠിക്കുന്നത് എന്നൊക്കെ ചോദിച്ചു വരുമ്പോള്‍ പൃഥ്വി ഇടയ്ക്ക് കേറി പറയുകയാണ് ആലീ, ദിസ് ഈസ് ദീപക് ദേവ്, ഹി ഈസ് ദി മ്യൂസിക് ഡയറക്ടര്‍. ഹി ഈസ് മൈ എനിമി, ബി വെരി കെയര്‍ഫുള്‍ ഓഫ് ഹിം എന്ന്. (ചിരി).

അതായത് എന്നെ അധികം അടുപ്പിക്കരുത് എന്ന്. കൊച്ച് എന്നെ ഇങ്ങനെ നോക്കുകയാണ്. പൃഥ്വീ ചതിക്കല്ലേ എന്ന് ഞാന്‍ പറഞ്ഞു. വെരി ഡേഞ്ചറസ്, ബീ വെരി കെയര്‍ഫുള്‍ എന്നൊക്കെ പറഞ്ഞ് പൃഥ്വി എന്നെ ഇന്‍ട്രൊഡ്യൂസ് ചെയ്യുകയാണ്.

ബെസ്റ്റ്, ഇനി ഈ കുട്ടി എങ്ങനെ പാട്ടു പഠിക്കും. എന്നെ പേടിയുള്ള രൂപത്തിലല്ലേ കാണുക എന്ന് ഞാന്‍ ചിന്തിക്കുകയാണ്.

കൊച്ച് അതിന്റെ അച്ഛനെ നോക്കുകയാണ് അതൊന്നും കുഴപ്പമില്ല ഞാന്‍ നോക്കിക്കോളാം. ഇതിനപ്പുറത്തെ ആളെ ഞാന്‍ ഡീല്‍ ചെയ്തു എന്ന രീതിയില്‍.(ചിരി) പക്ഷേ വളരെ സ്വീറ്റാണ് അവള്‍. വളരെ നന്നായി അത് പാടി തീര്‍ക്കുകയും ചെയ്തു,’ ദീപക് ദേവ് പറഞ്ഞു.

Content Highlight: Music Director Deepak Dev about Prithviraj Daughter Alankrita