രാവിലെ ചെറുപ്പക്കാരനും വൈകീട്ട് വയസനുമായി; ചുമ്മാ ഒരു ഹരത്തിന് ചെയ്തതാ, പക്ഷേ ഇപ്പൊ അഭിനയിക്കുമ്പൊ ഫൗണ്ടേഷന്‍ ഇടേണ്ട അവസ്ഥയാ; ആഹാ വിശേഷങ്ങള്‍ പറഞ്ഞ് ഇന്ദ്രജിത്
Entertainment news
രാവിലെ ചെറുപ്പക്കാരനും വൈകീട്ട് വയസനുമായി; ചുമ്മാ ഒരു ഹരത്തിന് ചെയ്തതാ, പക്ഷേ ഇപ്പൊ അഭിനയിക്കുമ്പൊ ഫൗണ്ടേഷന്‍ ഇടേണ്ട അവസ്ഥയാ; ആഹാ വിശേഷങ്ങള്‍ പറഞ്ഞ് ഇന്ദ്രജിത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th November 2021, 2:15 pm

കൊവിഡിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകള്‍ തുറന്നപ്പോള്‍ നടന്‍ ഇന്ദ്രജിത്തിന്റേതായി റിലീസ് ചെയ്ത ചിത്രമാണ് ആഹാ. വടംവലി എന്ന കായിക ഇനത്തിന്റെ കഥ പറയുന്ന ഈ സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബിബിന്‍ പോള്‍ സാമുവല്‍ ആണ്.

ഇന്ദ്രജിതിന്റെ കരിയറിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം കൂടിയാണ് ആഹാ. കൊവിഡിന്റെ അടച്ചിടലൊക്കെ കഴിഞ്ഞ് ചിത്രം തിയേറ്ററിലെത്തിയതിന്റെ സന്തോഷത്തിനൊപ്പം ആഹായുടെ വിശേഷങ്ങളും പറയുകയാണ് ഇപ്പോള്‍ ഇന്ദ്രജിത്.

കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ആഹാ ചിത്രത്തില്‍ ചെറുപ്പക്കാനായും വയസനായും രണ്ട് ഗെറ്റപ്പില്‍ ഇന്ദ്രജിത് എത്തുന്നുണ്ട്. ഈ രണ്ട ഭാഗവും ഒരേ ദിവസം ചിത്രീകരിച്ചതിന്റെ വിശേഷങ്ങളാണ് താരം പറയുന്നത്.

”ആദ്യം ഈ സിനിമ രണ്ട് ഷെഡ്യൂള്‍ ആയിട്ടായിരുന്നു പ്ലാന്‍ ചെയ്തത്. വയസായ ഗെറ്റപ്പ് ആദ്യം ഷൂട്ട് ചെയ്തിട്ട് പിന്നെ ശരീരഭാരം കുറച്ച് രണ്ട് മാസം ഗ്യാപ്പിട്ട് പിന്നീട് ഫ്‌ളാഷ്ബാക്ക് ഷൂട്ട് ചെയ്യാം എന്നായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്.

ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം അത് നടന്നില്ല. ഈ രണ്ട് ഗെറ്റപ്പും ഒരു ദിവസം തന്നെ ഷൂട്ട് ചെയ്യേണ്ട അവസ്ഥ വരെയുണ്ടായി. രാവിലെ യങ്ങും വൈകീട്ട് ഓള്‍ഡും. അങ്ങനെ ഷൂട്ട് ചെയ്തു,” ഇന്ദ്രജിത് പറയുന്നു.

തന്റെ കൈയിലെ ടാറ്റൂവിനെക്കുറിച്ചും അഭിമുഖത്തില്‍ ഇന്ദ്രജിത് സംസാരിക്കുന്നുണ്ട്. ഭാര്യ പൂര്‍ണിമയേയും മക്കളായ പ്രാര്‍ത്ഥനയേയും നക്ഷത്രയേയും സൂചിപ്പിക്കുന്ന പ്രതീകാത്മക ചിത്രങ്ങളാണ് ഇന്ദ്രജിത് തന്റെ കൈയില്‍ ടാറ്റൂ കുത്തിയിരിക്കുന്നത്.

”ഇത് കുറച്ച് കാലമായി ചെയ്തിട്ട്. മൂന്ന് നാല് വര്‍ഷമായി. ചുമ്മാ ഒരു ഹരത്തിന് വേണ്ടി ചെയ്തതാ. പക്ഷേ ഇപ്പൊ കഥാപാത്രങ്ങളൊക്കെ ചെയ്യുമ്പൊ ഇതിന്റെ മുകളില്‍ ഫൗണ്ടേഷന്‍ ഇടുകയാണ്.

ഒരു സിമ്പോളിക് ടാറ്റു ആണ്. ഒരു ഫുള്‍മൂണ്‍ ഉണ്ട്, പൂര്‍ണിമ, സ്റ്റാര്‍സ് ഉണ്ട്, നക്ഷത്ര,” താരം കൂട്ടിച്ചേര്‍ത്തു.

തിയേറ്ററില്‍ റിലീസ് ചെയ്ത ആഹാ മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറുകയാണ്. മനോജ് കെ. ജയന്‍, ശാന്തി ബാലകൃഷ്ണന്‍, അമിത് ചക്കാലക്കല്‍, അശ്വിന്‍ കുമാര്‍, സിദ്ധാര്‍ത്ഥ് ശിവ എന്നിവരാണ് ആഹായില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Indrajith shares experiences of Aaha movie