Film News
എന്നിലെ നടന്റെ പുതിയ മുഖം കാണിച്ചുതന്ന ചിത്രമായിരുന്നു അത്, ജീവിതത്തില്‍ ടേണിങ്ങ് പോയിന്റായ വ്യക്തി ഇവരാണ്: ഇന്ദ്രജിത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 May 31, 06:23 am
Tuesday, 31st May 2022, 11:53 am

കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ടും ഏത് കഥാപാത്രം ചെയ്യാനുള്ള ഫ്‌ളക്‌സിബിലിറ്റി കൊണ്ടും ശ്രദ്ധിക്കപ്പെട്ട നടനാണ് ഇന്ദ്രജിത്ത്. പലപ്പോഴും കഴിവിനനുസരിച്ചുള്ള അംഗീകാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടോ എന്ന സംശയം പ്രേക്ഷകര്‍ ഉന്നയിച്ചിട്ടുണ്ട്.

വില്ലന്‍ മുതല്‍ കോമഡി വരെ കൈകാര്യം ചെയ്തിട്ടുള്ള ഇന്ദ്രജിത്ത് തന്റെ ജീവിതത്തില്‍ ടേണിങ്ങ് പോയിന്റായ കഥാപാത്രത്തെ പറ്റി പറയുകയാണ്. സീരിയസ് കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടിരുന്ന തന്നിലെ നടന്റെ മറ്റൊരു മുഖം പ്രേക്ഷകര്‍ക്ക് കാണിച്ച് കൊടുത്ത കഥാപാത്രമായിരുന്നു ക്ലാസ്‌മേറ്റ്‌സിലെ പയസ് എന്ന് ഇന്ദ്രജിത്ത് പറയുന്നു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇന്ദ്രജിത്ത് ക്ലാസ്‌മേറ്റ്‌സ് ഉണ്ടാക്കിയ മാറ്റത്തെ പറ്റി പറഞ്ഞത്.

‘ക്ലാസ്‌മേറ്റ്‌സ് ലൈഫിലെ ഒരു ടേണിങ്ങ് പോയിന്റാണെന്ന് പറയാം. അതിന് മുമ്പ് ഒരുപാട് സീരിയസ് കഥാപാത്രങ്ങള്‍ ചെയ്തു. ആദ്യം ഹ്യൂമര്‍ ചെയ്യുന്നത് മുല്ലവള്ളിയും തേന്മാവും എന്ന സിനിമയിലാണ്. അതിന് ശേഷം ക്ലാസ്‌മേറ്റ്‌സിലെ പയസ് ഭയങ്കര ഹിറ്റായി. എന്റെ പുതിയൊരു മുഖം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് ക്ലാസ്‌മേറ്റ്‌സാണ്. അതിന് ശേഷം ഹാപ്പി ഹസ്‌ബെന്‍ഡ്‌സ് ചെയ്തു, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ ചെയ്തു, അമര്‍ അക്ബര്‍ അന്തോണി, കുറെ ഹ്യൂമര്‍ ക്യാരക്റ്ററുകള്‍ ചെയ്യാന്‍ പറ്റി. ഒരു നടന്‍ എന്ന നിലയില്‍ എന്റെ പുതിയ മുഖം പ്രേക്ഷകര്‍ക്ക് തുറന്ന് കാണിച്ച സിനിമ ആയിരുന്നു ക്ലാസ്‌മേറ്റ്‌സ്,’ ഇന്ദ്രജിത്ത് പറഞ്ഞു.

‘ജീവിതത്തില്‍ ടേണിങ്ങ് പോയിന്റായ വ്യക്തി പൂര്‍ണിമ തന്നെയാണ്. ഞങ്ങള്‍ തുടങ്ങിയത് ഒരുമിച്ചാണ്. 22 വയസിലാണ് കല്യാണം കഴിച്ചത്. എന്താണ് ചെയ്യേണ്ടതെന്നോ എങ്ങോട്ടാണ് പോവേണ്ടതെന്നോ ഒരു പിടീമില്ലായിരുന്നു. അവിടെ നിന്നും പടുത്തുയര്‍ത്തിയ ജീവിതമാണ് കഴിഞ്ഞ 20 വര്‍ഷത്തിലുണ്ടായിരുന്നത്.

ഒരുപാട് അപ്‌സ് ആന്‍ഡ് ഡൗണ്‍സിലൂടെ തന്നെയാണ് ഞങ്ങളുടെ മാര്യേജും കടന്നു പോയത്. ഒരു ഫാന്റസി മാര്യേജ് പോലെയോ പലരും പറയാറുള്ള പെര്‍ഫെക്റ്റ് കപ്പിളോ, അങ്ങനെയൊന്നുമല്ല. ചെറിയ വഴക്കുകളും പിണക്കങ്ങളും മിസ്അണ്ടര്‍സ്റ്റാന്റിങ്ങുകളും ഉണ്ടായിട്ടുണ്ട്. പക്ഷേ അറ്റ് ദി എന്‍ഡ് ഓഫ് ദി ഡേ ദേര്‍ ഈസ് ലവ്. ഞങ്ങള്‍ പരസ്പരം മനസിലാക്കും. അയാം താങ്ക്ഫുള്‍ ടു ഹെര്‍ ഫോര്‍ ദാറ്റ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്താം വളവാണ് ഒടുവില്‍ റിലീസ് ചെയ്ത ഇന്ദ്രജിത്തിന്റെ ചിത്രം. എം. പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും പ്രധാനകഥാപാത്രമായി എത്തിയിരുന്നു. രാജീവ് രവിയുടെ സംവിധാനത്തിലൊരുങ്ങിയ തുറമുഖമാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന ഇന്ദ്രജിത്തിന്റെ ചിത്രം. നിവിന്‍ പോളി നായകനാവുന്ന തുറമുഖം ജൂണ്‍ മൂന്നിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും പത്തിലേക്ക് മാറ്റിയിരുന്നു. സാന്റി ഗോപാലന്‍ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്.

ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, അര്‍ജുന്‍ അശോകന്‍, പൂര്‍ണിമ, ജോജു ജോര്‍ജ്, നിമിഷ സജയന്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണി നിരക്കുന്നത്.

Content Highlight: Indrajith says that Pius in Classmates was a character who showed the audience another face of his actor