Sports News
കപില്‍ ദേവോ സച്ചിനോ ധോണിയോ ഒന്നുമല്ല, അദ്ദേഹമാണെന്റെ റോള്‍ മോഡല്‍; അധികം പേര്‍ക്കും അറിയുക പോലുമില്ലാത്ത സൂപ്പര്‍ താരത്തെ കുറിച്ച് ഹര്‍ദിക് പാണ്ഡ്യ
സ്പോര്‍ട്സ് ഡെസ്‌ക്
2022 Jun 07, 02:23 pm
Tuesday, 7th June 2022, 7:53 pm

ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ചാമ്പ്യന്‍മാരാക്കിയതോടെ ഹര്‍ദിക് പാണ്ഡ്യ എന്ന ക്രിക്കറ്ററിന്റെ പുനര്‍ജന്‍മത്തിനായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് സാക്ഷ്യം വഹിച്ചിരിക്കുന്നത്.

ഏറെ കാലത്തിന് ശേഷം ഇന്ത്യന്‍ ജേഴ്‌സിയില്‍ മടങ്ങിയെത്തിയ താരം ഇന്ത്യയുടെ ഭാവി ക്യാപ്റ്റനായി പോലും വിലയിരുത്തപ്പെട്ടിരുന്നു.

ഇപ്പോഴിതാ തന്റെ ഇഷ്ടതാരത്തെ കുറിച്ച് മനസുതുറക്കുകയാണ് ഹര്‍ദിക് പാണ്ഡ്യ. ഇന്ത്യന്‍ മുന്‍ ഓപ്പണിംഗ് ബാറ്ററായ വസീം ജാഫറാണ് ക്രിക്കറ്റിലെ തന്റെ റോള്‍ മോഡല്‍ എന്നാണ് പാണ്ഡ്യ പറയുന്നത്.

എസ്.ജി പോഡ്കാസ്റ്റിലെ അഭിമുഖത്തിലായിരുന്നു പാണ്ഡ്യ ഇക്കാര്യം പറഞ്ഞത്.

ക്രിക്കറ്റിലെ എല്ലാ ഇതിഹാസങ്ങളേക്കാളും മുകളിലായാണ് വസീം ജാഫറിന് തന്റെ മനസില്‍ സ്ഥാനമെന്നും ഹര്‍ദിക് പറയുന്നു.

‘എല്ലാവരേയും പോലെ എനിക്കും ഇഷ്ടതാരങ്ങളുണ്ട്. ജാക് കാലീസിനെ എനിക്കിഷ്ടമാണ്. വിരാട് കോഹ്‌ലിയെയും സച്ചിന്‍ സാറെയും എനിക്കിഷ്ടമാണ്. എങ്കിലും എന്റെ ഏറ്റവും പ്രിയപ്പെട്ട താരം വസീം ജാഫറാണ്,’ ഹര്‍ദിക് പാണ്ഡ്യ പറയുന്നു.

ക്രിക്കറ്റ് അനലിസ്റ്റ് എന്ന നിലയിലും ‘ട്രോളന്‍’ എന്ന നിലയിലുമാണ് വസീം ജാഫര്‍ ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ സജീവമാവുന്നത്. ഐ.പി.എല്ലിലടക്കം ഓരോ മത്സരം കഴിയുമ്പോഴും രസകരമായ പല സംഭവങ്ങളേയും ട്രോളി അദ്ദേഹം രംഗത്തെത്തിയിരുന്നു.

ഇതിന് പുറമെ ഇന്ത്യയെയും ഇന്ത്യന്‍ ക്രിക്കറ്റിനെയും കളിയാക്കുന്ന മറ്റ് താരങ്ങളേയും വസീം ട്രോളിലൂടെ വിമര്‍ശിക്കാറുണ്ട്.

ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് ടെസ്റ്റ് മത്സരത്തില്‍ ഒരിന്നിംഗ്‌സില്‍ തന്നെ 17 വിക്കറ്റ് വീണതോടെ ഇംഗ്ലീഷ് ക്രിക്കറ്റ് ഇതിഹാസം മൈക്കല്‍ വോണിനെ വസീം ജാഫര്‍ എയറില്‍ കയറ്റിയിരുന്നു.

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം അഹമ്മദാബാദില്‍ നടന്നപ്പോള്‍ ഒരു ദിവസം തന്നെ 14 വിക്കറ്റ് വീണപ്പോള്‍ വോണ്‍ ഇന്ത്യന്‍ പിച്ചിനെ കളിയാക്കി രംഗത്തു വന്നിരുന്നു. ഇതിനുള്ള പ്രതികാരമായിരുന്നു വസീം കഴിഞ്ഞ ദിവസം വീട്ടിയത്.

 

Content Highlight: Indian Star All Rounder Hardik Pandya Names Wasim Jaffer as his Favorite Star